UPDATES

ബ്ലോഗ്

നിങ്ങള്‍ വിനിയോഗിക്കാത്ത വോട്ടവകാശം നേടുവാനായി കഠിനശ്രമം നടത്തുന്നൊരു ജനതയും ഈ രാജ്യത്തുണ്ട്

ഈ ഇലക്ഷനില്‍ ഞാന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിക്കണമെന്നില്ല: ആദ്യ വോട്ട് ചെയ്യാനൊരുങ്ങുന്ന ട്രാന്‍സ്ജന്‍ഡര്‍ സുകന്യ കൃഷ്ണ പറയുന്നു

                       

സുകന്യ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ഐഡന്റിറ്റിയില്‍ ആദ്യ വോട്ട് ചെയ്യാനൊരുങ്ങുകയാണ് ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ സുകന്യ കൃഷ്ണ. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സുകന്യ വോട്ടവകാശം നേടിയെടുത്തത്. മുമ്പ് വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടായിരുന്നെങ്കിലും ട്രാന്‍സ്‌ജെന്‍ഡറായതോടെ വീട്ടുകാര്‍ ഇവര്‍ ജീവിച്ചിരിപ്പില്ലെന്ന് പറഞ്ഞ് രേഖകളില്‍ നിന്നും പേര് നീക്കം ചെയ്യുകയായിരുന്നു. സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

ഈ ഇലക്ഷനില്‍ ഞാന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥി ജയിക്കണമെന്നില്ല… പക്ഷേ, ഒരു വ്യക്തി എന്ന നിലയില്‍ എന്റെ വലിയ വിജയമാണിന്ന്… എന്തെന്നല്ലേ?

വോട്ടവകാശം ഉള്‍പ്പെടെ എന്റെ അവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇങ്ങനെ ഒരു വ്യക്തി ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നു എന്ന് തന്നെ തെളിയിക്കാന്‍ യാതൊരു രേഖകളും ഇല്ലാതിരുന്ന ഒരു കാലം. ജനിച്ചു വളര്‍ന്ന രാജ്യത്ത് തന്നെ ഒരു പൗരത്വം ഇല്ലാത്ത അവസ്ഥ ഭയാനകമാണ്. അവകാശങ്ങള്‍ക്കായി പോരാടുവാന്‍ പോലും കഴിയാത്ത ഒരുതരം മരവിച്ച അവസ്ഥ. നിയമപരമായി രേഖകള്‍ നേടിയെടുക്കാന്‍ വര്‍ഷങ്ങളെടുത്തു. കയറി ഇറങ്ങാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളില്ല എന്ന് തന്നെ പറയാം… സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമല്ല, ആശുപത്രികള്‍, യൂറോളജിസ്റ്റും എന്‍ഡോക്രൈനോളജിസ്റ്റും, ഗൈനക്കോളജിസ്റ്റും, കൗണ്‍സലിങ്ങും എന്തിനധികം പറയുന്നു… സൈക്കാര്‍ട്ടിസ്റ്റും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും തുടങ്ങി ഒരുവിധം എല്ലാ തരം ഡോക്ടറുമാരുടെയും പരിശോധനകളും സര്‍ട്ടിഫിക്കറ്റുകളും… അര ഡസനോളം ശസ്ത്രക്രിയകളും കോടതികളും സത്യവാങ്മൂലങ്ങളും പോലീസ് വെരിഫിക്കേഷനുകളും ഒക്കെ കഴിഞ്ഞു ഐഡന്റിറ്റി മാറ്റി കിട്ടിയ ശേഷം ഒരു ഓട്ടമായിരുന്നു. നേരത്തെ ലഭിച്ച രേഖകള്‍ മാറ്റാനും പുതിയവ നേടാനും ഒക്കെ… ഒടുവില്‍ ഒക്കെ നേടിയെടുത്തു…

കഴിഞ്ഞ മാസം ആദ്യം ഇലക്ഷന്‍ സംബന്ധമായ ഒരു ചര്‍ച്ചയില്‍ എന്റെ അഭിപ്രായങ്ങള്‍ ആരായുകയുണ്ടായി. അന്ന് ഞാന്‍ പറഞ്ഞത്, ഈ ഇലക്ഷനില്‍ എനിക്ക് വോട്ട് ചെയ്യുവാന്‍ സാധിക്കുമോ എന്ന് അറിയില്ല എന്നായിരുന്നു. അത്രയ്ക്ക് കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. നേരത്തെ വോട്ടര്‍ പട്ടികയില്‍ എന്റെ പേരുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ജീവനോടെയില്ല എന്ന് പറഞ്ഞു പ്രിയപ്പെട്ടവര്‍ എന്റെ പേര് നീക്കം ചെയ്തു. അതുകൊണ്ട് തന്നെ എന്റെ ഇപ്പോഴത്തെ വിലാസത്തിലെ വോട്ടര്‍ പട്ടികയിലേക്ക് പേര് മാറ്റുക എന്നത് വലിയ ഒരു പ്രശ്‌നമായി മാറിയിരുന്നു. ഒടുവില്‍ ഇലക്ഷന്‍ കമ്മീഷനുമായി തന്നെ നേരിട്ട് ബന്ധപ്പെട്ടു. അവിടുന്ന് കിട്ടിയ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ ചെയ്തു. ദൈവാനുഗ്രഹം പോലെ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ട അവസാന ദിവസം (ഒരുപക്ഷേ അവസാന നിമിഷങ്ങളില്‍) ഒരു അത്ഭുതം പോലെ എല്ലാ കടമ്പകളും കടന്ന് വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുവാനുള്ള അപേക്ഷ നല്‍കി. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ പേരും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. ഇന്നും ഒരു അത്ഭുതം പോലെയാണ് എനിക്ക് ആ ശ്രമവും അതിന്റെ വിജയവും.

സങ്കടപ്പെടുത്തുന്ന ഒരു വസ്തുത കൂടിയുണ്ട്… ഈ അടുത്ത് ഒരു മാധ്യമ സ്ഥാപനം പുറത്തുവിട്ട അനൗദ്യോഗിക കണക്കുകള്‍ പ്രകാരം, ട്രാന്‍സ്ജെന്റര്‍ സമൂഹത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വോട്ടവകാശം ഉള്ളവര്‍ എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. എനിക്ക് നേടാന്‍ സാധിച്ച വിജയം, എന്റെ സമൂഹത്തിലടക്കം ഈ രാജ്യത്ത് എല്ലാവരും നേടണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. അതിനാല്‍ തന്നെ രേഖകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കാന്‍ ഒരു സംരംഭവും കഴിഞ്ഞ വര്‍ഷം തുടങ്ങിയിരുന്നു. ഓടി ഓടി ഏകദേശം എല്ലാ നിയമവശങ്ങളും പഠിച്ചു എന്ന് തന്നെ പറയാല്ലോ… ആ ഉദ്യമത്തിന്റെ ഭാഗമായി 7 പേര്‍ക്ക് കൂടി അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുവാനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കുവാനായി എന്ന സന്തോഷം കൂടി ഈ അവസരത്തില്‍ അഭിമാനപൂര്‍വം പങ്കുവെയ്ക്കുന്നു.

വോട്ടവകാശം ഉണ്ടായിട്ടും വോട്ട് ചെയ്യുവാന്‍ താത്പര്യമില്ലാത്തവരോടായി ഒന്നേ പറയാനുള്ളൂ… നിങ്ങള്‍ വിനിയോഗിക്കാത്ത വോട്ടവകാശം നേടുവാനായി കഠിനശ്രമം നടത്തുന്നൊരു ജനതയും ഈ രാജ്യത്തുണ്ട്. അവര്‍ക്ക് ലഭിക്കാത്ത ഭാഗ്യമാണ് നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. അത് തീര്‍ച്ചയായും വിനിയോഗിക്കുക.

സുകന്യ കൃഷ്ണ

സുകന്യ കൃഷ്ണ

എഴുത്തുകാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുമാണ് സുകന്യ കൃഷ്ണ

More Posts

Share on

മറ്റുവാര്‍ത്തകള്‍