UPDATES

ബ്ലോഗ്

‘ഒരു വന്‍മരം വീഴുകയാവണം, അതതിന്റെ ശാഖകളെ ആദ്യം പൊഴിക്കുകയാവണം’

ചേട്ടാ, ചേച്ചീ എന്നല്ലാതെ സഖാവേ വിളിക്കാന്‍ ശേഷിയും ഉള്ളുറപ്പുമുള്ള സമരോത്സാഹം ബാക്കിയുണ്ടോ?

ഡോ. ആസാദ്‌

ഡോ. ആസാദ്‌

                       

കാമ്പസില്‍ രക്തംവീഴുമ്പോള്‍ മേധാവിക്ക് അഡ്മിഷ്യനില്‍ മുഴുകാം. അതറിഞ്ഞു മാധ്യമ പ്രവര്‍ത്തകരെത്തുന്നതുവരെ ഒന്നുമറിയാതെ അതു തുടര്‍ന്നുകൊണ്ടിരിക്കാം. ഒരു സംസ്ഥാനം മുഴുവന്‍, കുത്തേറ്റ ജീവന് എന്താശ്വാസമെന്ന് കണ്ണും കാതും കാമ്പസിലേക്കു തുറക്കുമ്പോള്‍ ഓഫീസില്‍നിന്നിറങ്ങുന്ന മേധാവി മാധ്യമ പ്രവര്‍ത്തകരെ ഓടിക്കാനാണ് മുതിരുന്നതെങ്കില്‍ ആ കൈകളിലും രക്തമുണ്ടെന്നു പറയാതെ വയ്യ.

കാമ്പസില്‍ രക്തം നീതിക്കു നിലവിളിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഓടിയൊളിക്കുന്നതെങ്ങനെ? അഥവാ എങ്ങോട്ട്? എല്ലാവരും ആരെയാണ് ഭയക്കുന്നത്? നഗരത്തില്‍ ഒരനീതി നടന്നാല്‍ അസ്തമനത്തിനു മുമ്പ് ആ നഗരം കത്തി ചാമ്പലാകുമെന്ന് യൂനിവേഴ്സിറ്റി കോളേജിന്റെ ചുമരില്‍ എണ്‍പതുകളിലാരോ കുറിച്ചിരുന്നു. അയാളിപ്പോള്‍ എവിടെയാകും? ആ വാക്കുകള്‍ക്ക് എന്തു പറ്റിക്കാണും? അതെഴുതിയ പ്രിയകവി ഇപ്പോഴെന്താവും കുറിക്കുക?

നീതിയുടെ വൃക്ഷം കടയറ്റു വീണിരിക്കണം. കവിത പൊടിഞ്ഞ മരച്ചുവടുകളില്‍ ദയനീയമായ മൗനം വിങ്ങിയിരിക്കണം. രക്തദാഹികളുടെ ഗോത്രം കൊടി പൊക്കിയിരിക്കണം. കുറ്റകൃത്യങ്ങള്‍ക്ക് ഒരു പഠനക്കളരിയെന്ന് ബോര്‍ഡ് തൂങ്ങിയിരിക്കണം. ആശയങ്ങള്‍ ആരെയും അസ്വസ്ഥമാക്കാത്ത കാലം പിറന്നിരിക്കണം. വിപ്ലവത്തിനു വന്ന അര്‍ത്ഥമാറ്റം ലക്ഷ്യത്തെയും തീണ്ടിയിരിക്കണം.

‘സ്വാതന്ത്ര്യം ഞങ്ങള്‍ക്കു പറക്കാനുള്ള ആകാശം. ദുര്‍ബ്ബലര്‍ ചിറകൊതുക്കുന്ന വഴക്കം. ജനാധിപത്യം ഞങ്ങള്‍ വിളയിക്കുന്ന സമ്മതി. സോഷ്യലിസം ഒരു പതാക മാത്രം പൂക്കുന്ന വസന്തം. നീതിയുടെ ക്ഷേത്രം പിറകില്‍. നീതിയുടെ മുഖ്യന്‍ മുന്നില്‍’. ആയുധംകൊണ്ട് അക്ഷരമെഴുതുകയാണ് പുതുകാല രാഷ്ട്രീയം. കണ്ണൂരിലും വിയൂരിലും പൂജപ്പുരയിലും ഗുരുകുലം. അവര്‍ക്കു ദക്ഷിണ ഇടനെഞ്ചിലെ ചോര.

എവിടെയുണ്ട് പൂതലില്ലാത്ത മരം? ഏതു ശാഖയിലുണ്ട് പച്ചില? സ്വാതന്ത്ര്യത്തിന്റെ ചുവന്ന നക്ഷത്രമുള്ള പൂമരമെങ്ങ്? ജനാധിപത്യം പകരുന്ന ആശ്ലേഷങ്ങളെങ്ങ്? ഏതു കാമ്പസിലുണ്ട് സര്‍ഗാത്മക സൗഹൃദങ്ങള്‍? അപരന്‍ ആദരിക്കപ്പെടുന്ന അറിവാനന്ദം എങ്ങുണ്ട്? ചേട്ടാ, ചേച്ചീ എന്നല്ലാതെ സഖാവേ വിളിക്കാന്‍ ശേഷിയും ഉള്ളുറപ്പുമുള്ള സമരോത്സാഹം ബാക്കിയുണ്ടോ?

ഒരു വന്‍മരം വീഴുകയാവണം. അതതിന്റെ ശാഖകളെ ആദ്യം പൊഴിക്കുകയാവണം. നീതിക്കു വേണ്ടിയുള്ള നിലവിളി ഇനിയൊരിക്കലും അതിന്റെ ഇലകളെ തുടുപ്പിക്കില്ലായിരിക്കും. ആ പതാകകള്‍ അവസാനത്തെ പൂക്കാലം രക്തത്തില്‍ പൊലിക്കുകയാവണം. ഞാനിതാ ഖേദത്തോടെ അവസാനത്തെ അഭിവാദ്യമര്‍പ്പിക്കുന്നു.

ആസാദ്
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ആസാദ്‌

ഡോ. ആസാദ്‌

നിരൂപകനും രാഷ്ട്രീയ നിരീക്ഷകനും മഞ്ചേരി എന്‍ എസ് എസ് കോളേജില്‍ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍