UPDATES

ബ്ലോഗ്

രാജ്യത്ത് ഭൂരിഭാഗം ഹിന്ദുക്കളായതുകൊണ്ട് അവര്‍ ഹിന്ദുസ്‌നേഹം പറയുന്നു; അല്ലാതെ സ്വേച്ഛാധിപതികള്‍ക്കെന്ത് ജനസ്‌നേഹം!

ഇന്‍ഡ്യയില്‍ ഭൂരിഭാഗം ഹിന്ദുക്കളായതുകൊണ്ട് അവര്‍ ഹിന്ദുസ്‌നേഹം പറയുന്നു; അല്ലാതെ സ്വേച്ഛാധിപതികള്‍ക്കെന്ത് ജനസ്‌നേഹം!

                       

നാളെയാണാ ദിവസം. ജനം എന്ന, രൂപമില്ലാത്ത, അഡ്രസ്സില്ലാത്ത, ഞാനും നിങ്ങളും ഉള്‍പ്പെട്ട് പരന്നും ചിതറിയും കിടക്കുന്ന ജീവിയ്ക്ക് താന്‍ ജീവിയ്ക്കുന്ന നാടിന് മേല്‍ ആധിപത്യം പ്രകടിപ്പിക്കാനുള്ള അവസരം. അതുപയോഗിക്കണം.

മുന്നിലെന്താണ്? ‘എല്ലാവരും കണക്കാണ്’ എന്ന ഒറ്റ ഫയലില്‍ നാമെന്ന പൊതുജനം ഒതുക്കിയിരിക്കുന്ന കുറേ പാര്‍ട്ടികള്‍, പിന്നെ അവരുടെ സ്ഥാനാര്‍ത്ഥികള്‍. ‘ഒറ്റയെണ്ണവും ശരിയല്ല’ എന്നായിരിക്കും പലരും ചിന്തിക്കുന്നത്. വളരെ ശരിയാണ്. ഒറ്റയെണ്ണം ശരിയല്ല; പക്ഷേ ഞാനും നിങ്ങളും കൂടി അക്കൂട്ടത്തില്‍ പെടുമെന്നേയുള്ളൂ. നിയമങ്ങളോട് വിധേയത്വം ഇല്ലായ്മ, നമ്മുടെ താത്കാലിക വ്യക്തിയാവശ്യങ്ങള്‍ക്ക് വ്യക്തിബന്ധങ്ങളും ‘പിടിപാടുകളും’ ഉപയോഗിക്കുന്നതില്‍ വലിയ കുഴപ്പമില്ലെന്ന ചിന്ത, എന്നിങ്ങനെ അവരെയൊക്കെ കുഴപ്പക്കാരാക്കുന്ന അടിസ്ഥാന സവിശേഷതകളെല്ലാം നമ്മളും പങ്ക് വെയ്ക്കുന്നു എന്നതാണവിടത്തെ പ്രശ്‌നം. അതിന് പരിഹാരം വേണ്ടേ? വേണം, പക്ഷേ അതൊരു ബാലറ്റിലൂടെ നടക്കുന്ന കാര്യമല്ല. അത് സമൂഹത്തില്‍ പരക്കെ സംഭവിക്കേണ്ട, അതുകൊണ്ട് തന്നെ പതുക്കെ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മാറ്റമാണ്. ഇപ്പോ തത്കാലം അതിനെക്കാള്‍ അടിയന്തിരശ്രദ്ധ വേണ്ട വിഷയമാണ് മുന്നില്‍. നാളെ ഒരു മാറ്റം വരുത്താന്‍ സ്‌കോപ്പുള്ള, സ്ഥിരതയുള്ള ഒരു സമൂഹം/രാജ്യം നമുക്ക് മുന്നില്‍ ഉണ്ടാകുമോ എന്ന അതിഗൗരവകരമായ ഒരു ചോദ്യം നമുക്ക് മുന്നില്‍ ഉയര്‍ന്ന് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ, പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നന്നായിട്ട് മതി വോട്ട് ചെയ്യുന്നത് എന്ന ചിന്ത തത്കാലം ഒരു മണ്ടത്തരം തന്നെയായിരിക്കും. ‘എല്ലാവരും കണക്കാണെങ്കിലും, എല്ലാവരും ഒരുപോലെ കണക്കല്ല’ എന്നൊരു തിരിച്ചറിവാണ് ഇവിടെ പ്രധാനം. വോട്ട് ചെയ്യുക. താന്‍ ജീവിക്കുന്ന രാജ്യത്തിന്റെ ഭാവി തീരുമാനിക്കാനാണ് എന്ന ഗൗരവബോധത്തോടെ, ഉത്തരവാദിത്വത്തോടെ, നോക്കീം കണ്ടും അത് ചെയ്യുക.

ആര്‍ക്ക് വോട്ട് ചെയ്യണം എന്നതിന് എനിയ്ക്ക് വ്യക്തിപരമായ സജഷനുകളില്ല. പക്ഷേ ആര്‍ക്ക് ചെയ്യരുത് എന്നതിന് സംശയലേശമില്ലാത്ത, ഉറച്ച ഉത്തരമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭരണം എന്ന പേരില്‍ ഇന്‍ഡ്യയെ വെട്ടിക്കീറി, കുടലും പണ്ടവും പറിച്ച്, പൊളിച്ചിട്ടിരിക്കുന്ന എന്‍.ഡി.എ എന്ന സംഘപരിവാര്‍ നിയന്ത്രിത സര്‍ക്കാര്‍ ഇനി ഉണ്ടാകരുത്. ഉണ്ടായാല്‍, പിന്നെ ആ തെറ്റായ തീരുമാനം തിരുത്താന്‍ പറ്റാത്ത ഒരവസ്ഥയിലേയ്ക്ക് ഈ രാജ്യം പോകും. അഞ്ച് കൊല്ലത്തെ ഭരണാഭാസം കഴിഞ്ഞ് തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍, എടുത്ത് പറയാന്‍ നേട്ടമായി മിലിട്ടറി ഓപ്പറേഷനും, ഉറപ്പ് തരാന്‍ വാഗ്ദാനമായി ആ പഴയ അമ്പലം പണിയലും അല്ലാതെ ഒന്നുമില്ല എങ്കില്‍ അവര്‍ക്ക് തന്നെ അവരുടെ ഭരണത്തെ കുറിച്ചുള്ള വിലയിരുത്തല്‍ വ്യക്തമാണ്. കേരളത്തില്‍ ശൗചാലയത്തിന്റെ എണ്ണവും, വിശ്വാസസംരക്ഷണവും പറഞ്ഞ് വോട്ട് ചോദിക്കേണ്ട ഗതികേടുള്ള അതിന്റെ സംസ്ഥാനഘടകവും അതേ ആത്മപരിശോധന അടിവരയിടുന്നു. ഈ സര്‍ക്കാരിന്റെ കൈയിലിരുപ്പ് ഒരു അന്തപുര രഹസ്യമൊന്നുമല്ല. അവര്‍ പറഞ്ഞ അച്ഛാ ദിന്‍ എങ്ങനെയിരിക്കുമെന്ന് ഓരോ പൗരനും നേരിട്ട് അനുഭവമുണ്ട്.

പക്ഷേ… -അതൊരു വലിയ പക്ഷേയാണ്- മതവും ജാതിയും നോക്കുമ്പോള്‍ ‘നമ്മുടെ ആള്’ എന്ന തോന്നല്‍ വരുന്നത് കൊണ്ട്, അതുകൊണ്ട് മാത്രം, അവര്‍ക്ക് തന്നെ വോട്ടുകുത്തിയേക്കാം എന്ന് നമ്മളില്‍ പലരും ചിന്തിക്കുന്നു. അതുകൊണ്ട് തന്നെ അവരുടെ വോട്ട് ചോദിക്കലും ‘നിങ്ങളുടെ ആള്‍’ എന്നവകാശപ്പെട്ടുകൊണ്ടാണ്. നോട്ടുനിരോധനസമയത്ത് അത് കാരണം വലിയ സാമ്പത്തികനഷ്ടം ഉണ്ടായി എന്ന് തുറന്നുപറയുകയും അതേസമയം ‘മോദി സംഭവമാണ്’ എന്നവകാശപ്പെടുകയും ചെയ്യുന്ന ഒരുപാട് പേരെ പരിചയമുണ്ട്. അവര്‍ക്കെല്ലാം പൊതുവായി ‘മുസ്ലീങ്ങള്‍ ഈ രാജ്യം നശിപ്പിക്കും’ എന്നൊരു ചിന്താഗതി കൂടി സ്വന്തമായിട്ടുണ്ടായിരുന്നു. അതാണ് തുറുപ്പ്! അത് എത്ര വലിയൊരു കെണിയാണെന്ന് തിരിച്ചറിയണമെങ്കില്‍ ഇത്തരം വര്‍ഗീയവികാരം കൊണ്ട് ഭരിയ്ക്കപ്പെടുന്ന രാജ്യങ്ങളിലേയ്ക്ക് നോക്കിയാല്‍ മതി. ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളായി കൊല്ലപ്പെടുന്നതില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ തന്നെയാണ്. ജാതിമതങ്ങള്‍ അധികാരത്തിലെത്താന്‍ വേണ്ടിയാണ്, അധികാരത്തിലെത്തിയാല്‍ പിന്നെ അതുണ്ടാവില്ല. ശബരിമലവിഷയം ഉയര്‍ത്തിക്കാട്ടി, വിശ്വാസസംരക്ഷണം എന്ന ഒറ്റ അജണ്ട വെച്ച് വോട്ട് ചോദിക്കുന്ന ബി.ജെ.പി. അവരുടെ കൈയിലിരുന്ന അധികാരം ഉപയോഗിച്ച് അക്കാര്യത്തില്‍ എന്ത് ചെയ്തു എന്ന് മാത്രം പരിശോധിച്ചാല്‍ മതി അത് മനസിലാക്കാന്‍. നിന്നനില്പില്‍ നോട്ടുനിരോധനം നടപ്പിലാക്കിയവര്‍, ഈ വിഷയത്തില്‍ ഒരു നിയമനിര്‍മാണത്തിന് ശ്രമിച്ചിരുന്നോ? കുറഞ്ഞത് പുനഃപരിശോധനാ ഹര്‍ജി നല്‍കിയവരുടെ കൂട്ടത്തിലെങ്കിലും അവരെ നിങ്ങള്‍ കണ്ടിരുന്നോ? അത്രേ ഉള്ളൂ, സംഘപരിവാറിന്റെ ഹിന്ദുസ്‌നേഹം. ഇന്‍ഡ്യയില്‍ ഭൂരിഭാഗം ഹിന്ദുക്കളായതുകൊണ്ട് അവര്‍ ഹിന്ദുസ്‌നേഹം പറയുന്നു. ഭൂരിപക്ഷം ഡിങ്കോയ്സ്റ്റുകള്‍ക്കായിരുന്നെങ്കില്‍ അവര്‍ ഡിങ്കസംരക്ഷണം പ്രസംഗിച്ചേനെ. അല്ലാതെ സ്വേച്ഛാധിപതികള്‍ക്കെന്ത് ജനസ്‌നേഹം!

ഇപ്പറഞ്ഞത് തലപ്പത്തുള്ളവരുടെ കാര്യമാണ്. ഇതിന് താഴെയുള്ള വാലുകള്‍ പല വിഭാഗത്തില്‍ പെടും. ഉദാഹരണത്തിന് മൂക്കില്ലാ രാജ്യത്തേയ്ക്ക് നോക്കുമ്പോള്‍ മുറിമൂക്കന്‍ കാണുന്ന ഒരു സാധ്യതയുണ്ട്. കണ്ണന്താനം, കെ. എസ്. രാധാകൃഷ്ണന്‍, തുടങ്ങിയ ആളുകള്‍ ആ സാധ്യത കണ്ടുപിടിച്ച ആളുകളാണ്. അധികാരത്തോട് ഒട്ടുമ്പോള്‍ കിട്ടുന്ന ഡിവിഡെന്റും, മസ്തിഷ്‌ക ക്ഷാമമുള്ളിടത്ത് അരബുദ്ധി വെച്ച് കിട്ടാവുന്ന ബുദ്ധിജീവിപ്പട്ടവും ഉള്‍പ്പടെ ആകര്‍ഷണങ്ങള്‍ പലതുണ്ട്. നല്ലൊരു വിഭാഗം ‘ഞാന്‍ ഹിന്ദുവാണ്, മുസ്ലീങ്ങളെ എനിക്കിഷ്ടമില്ല, ഞങ്ങടെ ബി.ജെ.പി വന്നാല്‍ ഹിന്ദുക്കളെ ഉദ്ധരിയ്ക്കും, മുസ്ലീങ്ങളെ അടിച്ചൊതുക്കും’ എന്നൊക്കെ സ്വപ്നം കാണുന്ന നിഷ്‌കുരാഷ്ട്രീയക്കാരാണ്. നേരം വെളുക്കാന്‍ ഇത്തിരി വൈകും.

ഇക്കൂട്ടര്‍ ചെയ്തുവച്ച ഡാമേജ് വേറൊരു സര്‍ക്കാര്‍ വന്നാല്‍ നേരെയാക്കാനാകുമെന്നൊന്നും പ്രതീക്ഷയില്ല. പമ്പും ജനറേറ്ററും കേടായെങ്കിലും ടാങ്കില്‍ അല്പം വെള്ളം ബാക്കി കിടപ്പുണ്ട്. അതാണ് ഇന്ന് ഇന്‍ഡ്യയില്‍ നമ്മള്‍ കാണുന്നത്. ഒരിയ്ക്കല്‍ കൂടി ഇവരെ കയറ്റിവിട്ടാല്‍ ആ ടാങ്ക് കൂടി കുത്തിത്തുരക്കുമെന്നതില്‍ സംശയം വേണ്ട. കാരണം അവര്‍ക്കറിയാവുന്ന ഒരേയൊരു പണി അതാണ്. ഒരിയ്ക്കല്‍ കൂടി തെരെഞ്ഞെടുക്കപ്പെട്ടാല്‍ ഇനിയൊരു തെരെഞ്ഞെടുപ്പുണ്ടാവില്ല എന്ന് അവര്‍ നേരിട്ട് പറഞ്ഞുകഴിഞ്ഞു. ഇനിയും അപകടം മനസിലാവാതെ ‘നമ്മുടെ ആളിന്’ വോട്ടുകൊടുത്തേക്കാം എന്നാണ് തീരുമാനമെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വിദേശജോലി ചെയ്തുകൊണ്ട്, ഹിന്ദുസ്‌നേഹം തിളപ്പിയ്ക്കുന്ന മോദിഭക്തരുണ്ട്; സെയ്ഫ് സോണിലിരുന്നുള്ള ഗീര്‍വാണമടിയുടെ സുഖമാസ്വദിക്കുന്നവര്‍. അത് സ്വാഭാവികം. പക്ഷേ ഇവിടെത്തന്നെ ആജീവനാന്തം ജീവിക്കാന്‍ പോകുന്ന മോദിഭക്തരെ കാണുമ്പോഴാണ് സഹതാപം. വോട്ട് ആഞ്ഞുകുത്തി മോദിജിയെ മുകളില്‍ കയറ്റിയിരുത്തിക്കോ മിത്രമേ, ജി അപ്പിയിടുമ്പോള്‍ കൃത്യം തലയില്‍ തന്നെ വീഴട്ടെ.

വൈശാഖന്‍ തമ്പി

വൈശാഖന്‍ തമ്പി

സയന്‍സ് റൈറ്റര്‍, അധ്യാപകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍