UPDATES

ബ്ലോഗ്

സിംഗപ്പൂരിലെങ്ങനെ നീല റോസാപ്പൂക്കളെത്തുന്നു? വാലന്റൈന്‍സ് ദിനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചെയ്തത്

‘സിംഗപ്പൂരില്‍ നീല റോസാ പൂക്കള്‍ ആണ് പ്രണയോപഹാരമായി നല്‍കുക. നീല നിറത്തില്‍ റോസാ പൂക്കള്‍ വിരിയാറില്ല. വെള്ള റോസാ പൂക്കളുടെ തണ്ടുകള്‍ നീല മഷിയുടെ കുപ്പിയില്‍ ആഴ്ത്തി വയ്ക്കും’

കെ.എ ഷാജി

കെ.എ ഷാജി

                       

ബാംഗ്ലൂരിനോട് ചേര്‍ന്ന് കിടക്കുന്ന തമിഴ് നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂര്‍ പൊതുവില്‍ ദേശീയ മാധ്യമങ്ങളില്‍ ഇടം പിടിയ്ക്കുക വാലന്റൈന്‍സ് ഡേയുടെ അവസരത്തിലാണ്. ലോകത്തിന്റെ പല ഭാഗത്തും പ്രണയിതാക്കള്‍ പരസ്പരം കൈമാറുന്ന ചുവന്ന റോസാ പുഷ്പങ്ങള്‍ ഇവിടെ കൃഷി ചെയ്തവയായിരിക്കും. പൂക്കള്‍ കൃഷി ചെയ്യുന്നവരും അവ ശേഖരിക്കുന്നവരും കയറ്റി അയക്കുന്നവരുമായ ആളുകള്‍ കൊല്ലത്തില്‍ ഒരു തവണ വരുന്ന ഈ ആഘോഷത്തെ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുക. കാലാവസ്ഥ, കൃഷി, വില, ഡിമാന്‍ഡ് തുടങ്ങിയ ഒട്ടും റൊമാന്റിക് അല്ലാത്ത കാര്യങ്ങള്‍ ആയിരിക്കും ഈ മനുഷ്യര്‍ക്ക് സംസാരിക്കാനും പങ്കുവയ്ക്കാനും ഉണ്ടാവുക. പ്രണയം അവര്‍ക്കു ഒരു സാധ്യതയാണ്. കാലങ്ങളായി തുടരുന്ന ഒരനുഷ്ടാന കല എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ അവിടുത്തെ പൂ കച്ചവടക്കാരെയും കയറ്റുമതിക്കാരേയും വിളിക്കും. കയറ്റുമതിയില്‍ കുറവുണ്ടായാലും കൂടുതലുണ്ടായാലും വാര്‍ത്തയാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ തിരിച്ചും മറിച്ചും. ചുവന്ന പൂക്കളുടെ ഒരു പടം കൂടിയായാല്‍ സംഗതി കലക്കും.

മുന്‍പ് ജോലി ചെയ്തിരുന്ന പത്രത്തിന്റെ കോയമ്പത്തൂര്‍ എഡിഷന്‍ തുടങ്ങിയത് ഒരു വാലന്റൈന്‍സ് ഡേയില്‍ ആയിരുന്നു. ആദ്യ ദിവസം ഒന്നാം പേജില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ തമിഴ് നാട്ടില്‍ നിന്നും വരേണ്ട വാര്‍ത്ത താന്‍ തന്നെ എഴുതുമെന്നും അവിടെ ഒരു മത്സരം പ്രതീക്ഷിക്കുന്നില്ല എന്നും അന്നത്തെ ബ്യുറോ ചീഫ് മാഡം പലവട്ടം സൂചിപ്പിച്ചിരുന്നതിനാല്‍ ആ വ്യാമോഹം പണ്ടേ മനസ്സില്‍ നിന്നും നീക്കിയിരുന്നു. എന്താണ് അവര്‍ എഴുതുന്ന എക്‌സ്‌ക്ലൂസിവ് എന്ന് പലവട്ടം ചോദിച്ചിട്ടും മാഡം വിട്ടു പറഞ്ഞുമില്ല. വരുമ്പോള്‍ കണ്ടാല്‍ മതി എന്ന പല്ലവി. പൂവിനു പകരം ഡ്രസ്സ് വാങ്ങി പ്രണയിതാക്കള്‍ക്ക് കൊടുത്ത് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്ന കുറച്ചു കോളജ് വിദ്യാര്‍ത്ഥികളെപ്പറ്റിയുള്ള ഒരു സ്റ്റോറി ആണ് മാഡം ഒന്നാം പേജിനു വച്ചിരിക്കുന്നത് എന്നും അതത്ര വലിയ സംഭവം ഒന്നുമല്ലെന്നും ഓഫിസില്‍ ഞങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ നടന്ന ആരോ കണ്ടെത്തി പറഞ്ഞു തരികയും ചെയ്തു. എഡിഷന്‍ തുടങ്ങുന്ന ദിവസം ഞാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് മാഡം അതി വേഗം മറുപടിയും തന്നു: “കാര്യമായി ഒന്നും ചെയ്യണമെന്നില്ല. എന്തേലും എമര്‍ജന്‍സി വന്നാല്‍ നോക്കിയാല്‍ മതി. നിര്‍ബന്ധം ആണെങ്കില്‍ ഹൊസൂരില്‍ വിളിച്ചു പൂക്കളുടെ കയറ്റുമതി സംബന്ധിച്ച വിവരങ്ങള്‍ എടുത്ത് എന്തേലും ചെയ്‌തോളൂ..” എല്ലാ പത്രത്തിലും എല്ലാ കൊല്ലവും വരുന്ന സ്ഥിരം വാര്‍ത്ത. മാഡം നല്ലൊരു പണി തന്നതാണ്.

എന്തായാലും ഹൊസൂരിലെ കര്‍ഷകരെ വിളിച്ചു. സംസാരിച്ച കൂട്ടത്തില്‍ ട്രാന്‍സ്ഫ്‌ലോറ എന്ന ഫാമിന്റെ മാനേജിങ് ഡയറക്ടര്‍ നജീബ് അഹമ്മദ് പറഞ്ഞ ഒരു പോയിന്റില്‍ ശ്രദ്ധിച്ചു. ആ കൊല്ലം ചുകന്ന റോസാ പൂക്കള്‍ മാത്രമല്ല കുറച്ചധികം വെള്ള റോസാ പൂക്കളും കയറ്റുമതി ചെയ്തിട്ടുണ്ട്. എന്തിനാണ് വെള്ള റോസാ പൂക്കള്‍ എന്ന ചോദ്യത്തിന് അയാളുടെ മറുപടി രസകരമായിരുന്നു: “സിംഗപ്പൂരില്‍ നീല റോസാ പൂക്കള്‍ ആണ് പ്രണയോപഹാരമായി നല്‍കുക. നീല നിറത്തില്‍ റോസാ പൂക്കള്‍ വിരിയാറില്ല. അവര്‍ ഇവിടെ നിന്നും വാങ്ങുന്ന വെള്ള റോസാ പൂക്കളുടെ തണ്ടുകള്‍ നീല മഷിയുടെ കുപ്പിയില്‍ ആഴ്ത്തി വയ്ക്കും. അങ്ങനെ അവ നീല നിറമാകും.”

വിരസമായ വില്‍പ്പന കണക്കുകള്‍ തത്കാലം മാറ്റി വച്ചു. അല്പം പൈങ്കിളി ആയി തന്നെ വാര്‍ത്ത എഴുതി. “സിംഗപ്പൂരില്‍ പ്രണയത്തിന്റെ നിറം നീലയാണ്. നീല പൂക്കള്‍ ഇല്ലാത്തതിനാല്‍ അവരുടെ പ്രണയങ്ങള്‍ പുഷ്പിക്കുന്നത് ഇല്ലാതാകുന്നത് ഒഴിവാക്കാന്‍ ഹൊസൂരിലെ കര്‍ഷകര്‍ വെളുത്ത പൂക്കള്‍ കൃഷി ചെയ്യുന്നു. ഹൊസൂരിലെ വെളുത്ത പൂക്കള്‍ സിംഗപ്പൂരിലെ നീല മഷികുപ്പികളില്‍ പ്രണയ പുഷ്പങ്ങളായി വിടരുന്നു.’‘ വാര്‍ത്ത എഴുതി മാഡത്തിനെ തന്നെ ആദ്യം കാണിച്ചു. മാഡം എത്ര മറയ്ക്കാന്‍ ശ്രമിച്ചിട്ടും മുഖത്ത് ഭാവപ്പകര്‍ച്ച ദൃശ്യമായിരുന്നു. പിറ്റേന്ന് പത്രം നോക്കുമ്പോള്‍ നീല പൂവിന്റെ വാര്‍ത്ത ഉള്‍പ്പേജില്‍ ആണ്. മാഡത്തിന്റെ വാര്‍ത്ത ഒന്നാം പേജിലുമുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ എഡിറ്റര്‍ വിളിച്ചു: “കോയമ്പത്തൂര്‍ എഡിഷനില്‍ മാത്രമാണ് മാഡത്തിന്റെ സ്റ്റോറി ഒന്നാം പേജില്‍ ഉള്ളത്. ബാക്കി എല്ലാ എഡിഷനുകളിലും നിങ്ങളുടെ നീല പ്രണയ പുഷ്പങ്ങള്‍ ഒന്നാം പേജ് ആണ്.’‘ അത് നന്നായി എന്ന് ഞാനും പറഞ്ഞു.

ആ വാര്‍ത്തയുടെ ലിങ്ക് ഇന്ന് നോക്കിയിട്ടു കാണുന്നില്ല. തലക്കെട്ടും തുടക്കവും പക്ഷെ ഇങ്ങനെ ആയിരുന്നു:

All for love! White roses turn blue
………………………………………………………..

Hosur (Krishnagiri): While Valentine’s Day is all about fragrant red roses everywhere else, in Singapore the colour of love is blue. So, more than two lakh white Dutch roses from this cut-flower hub will turn blue in Singapore on Monday. Since blue roses are not found naturally, white roses are procured and dyed blue.

(ഫേസ്ബുക്ക് പോസ്റ്റ്‌)

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍