UPDATES

ബ്ലോഗ്

ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ആ ജനത ഒരു ചത്ത സമൂഹമാണ്

2014 മെയ് 26-ൽ തുടങ്ങി 1789 ദിവസം പിന്നിട്ട രണ്ടാം ബിജെപി സർക്കാരിലൂടെ ഒന്ന് കടന്നു പോകേണ്ടതുണ്ട്.

                       

ബിജെപി തുടരുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് 2019 തിരഞ്ഞെടുപ്പ്. തുടർന്നാൽ നമ്മൾ ഓരോരുത്തരും പരാജയപ്പെട്ടു എന്നു കൂടി അതിനു അർഥമുണ്ട്. അത് പറയാൻ, 2014 മെയ് 26-ൽ തുടങ്ങി 1789 ദിവസം പിന്നിട്ട രണ്ടാം ബിജെപി സർക്കാരിലൂടെ ഒന്ന് കടന്നു പോകേണ്ടതുണ്ട്. അവരുടെ കാലയളവിൽ വന്ന പദ്ധതികളെയും അവർ രൂപകൽപന ചെയ്ത കലാപങ്ങളെയും കുറിച്ച് അറിയേണ്ടതുണ്ട്.

പറ്റാത്തതേ പറയൂ!

2014-ലെ ഇലക്ഷൻ മാനിഫെസ്റ്റോയിലും തുടർന്നുള്ള വർഷങ്ങളിലെ ബഡ്ജെറ്റുകളിലും ബിജെപി പ്രഖ്യാപിച്ച പദ്ധതികൾ ആദ്യം വിലയിരുത്താം.

ആകെ 101 പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ അതിൽ ആറെണ്ണം മാത്രമാണ് നടപ്പിലാക്കിയിട്ടുള്ളത്.

● ലോക് അദാലത് – തർക്ക പരിഹാരത്തിനുള്ള ഇതര മാർഗങ്ങൾ
● കാലഹരണപ്പെട്ട നിയമങ്ങൾ കൃത്യമായ ഇടവേളയിൽ പരിശോധിക്കാനും പുതുക്കാനും തുടങ്ങി.
● ഇന്ത്യയ്ക്കു പുതിയ ആരോഗ്യ പദ്ധതി.
● ‘സ്വയം’ എന്ന പേരിൽ സൗജന്യമായി ഓൺലൈൻ കോഴ്‌സുകളും, വിർച്വൽ ക്ലാസ്സ്റൂമുകളും.
● തൊഴിൽ അധിഷ്ഠിത പഠനങ്ങൾക്കൊപ്പം വിദ്യാർത്ഥികൾക്ക് വരുമാന മാർഗ്ഗം
● വില നിയന്ത്രണത്തിനായുള്ള നിക്ഷേപം

നിലവിൽ പുരോഗതി ഉള്ള പദ്ധതികൾ പതിനാറ് എണ്ണമാണ്.

● മൊബൈൽ മണ്ണ് പരിശോധന ലാബുകൾ തുടങ്ങുക, മണ്ണിന് അനുസരിച്ചുള്ള കൃഷിയിറക്കുക.
● പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക – അവർക്കു വായ്‌പ്പ നൽകുക
● എസ്സ്.എം.ഇ ബാങ്കുകളെ വായ്‌പ്പാകേന്ദ്രങ്ങൾ ആയി മാറ്റുക
● കസ്റ്റം ക്ലിയറെൻസ് വ്യാപാര സൗഹൃദമാക്കുക
● ‘ഈ-നാം’ എന്ന രാജ്യാന്തര കാർഷിക ചന്ത എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.

ഇത് കൂടാതെ യാതൊരു പുരോഗതിയും ഇല്ലാത്തവ മുപ്പത്തഞ്ചാണ്.

● പ്രധാൻ മന്ത്രി ആവാസ് യോജന

ഈ പദ്ധതി പ്രകാരം 2022-ഓടെ എല്ലാവർക്കും വീട് പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നു. മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ ഡെവലപ്മെന്റിന്റെ കണക്കു പ്രകാരം പതിമൂന്നര ലക്ഷം വീടുകളാണ് നിലവിൽ പൂർത്തിയാക്കിയത്. ഇന്ത്യയിൽ വീടില്ലാത്തവരുടെ കണക്ക് 200 ലക്ഷം കവിയും അതായത് 6.75 ശതമാനം മാത്രമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. എഫ്.ഐ.സി.സി.ഐയുടെ കണക്കു പ്രകാരം നഗരങ്ങളിലെ താത്കാലിക പാർപ്പിടങ്ങളിൽ കഴിയുന്നവർ 2.6 കോടി മുതൽ 3.7 കോടിയോളം വരും. അങ്ങനെ വരുമ്പോൾ 3.64 ശതമാനം വീടില്ലാത്തവരിലേക്കേ ഈ പദ്ധതി ഏത്തിയിട്ടുള്ളു.

● എല്ലാവർക്കും ഇന്റർനെറ്റ്

ബ്രോഡ്ബാൻഡിലൂടെ ഇന്റർനെറ്റ് എല്ലാ ഗ്രാമങ്ങിലേക്കും എത്തിക്കുമെന്ന വാഗ്ദാനം 4.8 ശതമാനം ഗ്രാമ പഞ്ചായത്തിൽ മാത്രമായി ഒതുങ്ങി.

എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും കുറഞ്ഞത് 50 ശതമാനം ലാഭം ഏർപ്പെടുത്തുക, സർക്കാർ രേഖകളെ ഡിജിറ്റലൈസ് ചെയ്യുക, എല്ലാ സംസ്ഥാനങ്ങളിലും എയിംസ് മാത്രകയില്‍ ആശുപത്രികള്‍ തുടങ്ങുക, പ്രത്യേക ശേഷിയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പഠന പദ്ധതി എന്നിവയാണ് എങ്ങും എത്താതെ പോയവയിൽ ചിലത്.

നിർത്തി വെച്ച ഒരേ ഒരു പദ്ധതി സുപ്രീം കോർട്ടിലെ ജഡ്ജിമാരെ നിയമിക്കാൻ നാഷണൽ ജുഡീഷ്യൽ കമ്മീഷൻ ഉണ്ടാക്കുക എന്നതായിരുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി അത് വിലക്കി.

പാലിക്കാതെ പോയ വാഗ്ദാനങ്ങളാണ് കണക്കിൽ കൂടുതൽ. ഇലക്ഷന്റെ സമയത്തു കൃത്യമായി ഉപയോഗിക്കുന്ന വർഗീയ കാർഡുകളിൽ ഒന്നായ രാമ ക്ഷേത്ര നിർമ്മാണം, രാഷ്ട്രീയകാർക്കെതിരെ ഉള്ള കേസുകൾ വേഗം അന്വേഷിച്ചു കുറ്റക്കാരെ പുറത്താക്കുക, ഇന്ത്യയിലെ കോടതികളുടെയും ജഡ്‌ജിമാരുടെയും എണ്ണം ഇരട്ടിക്കുക, രാജ്യത്തെ കോടതി സംവിധാനങ്ങൾ ഒറ്റ നെറ്റ്‌വർക്ക് ആക്കുക, പുതിയ വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കാൻ കമ്മീഷനെ വയ്ക്കുക, യുജിസിയെ ഒഴിവാക്കി ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ കൊണ്ട് വരിക. അങ്ങനെ ഗവൺമെന്റ് തന്നെ മറന്നു പോയവ 43 എണ്ണം വരും. ഇതില്‍ തന്നെ ജനവിരുദ്ധമായവയും ഉണ്ട് എന്നതാണു ശ്രദ്ധേയം- ഉദാഹരണം യുജിസിയെ തകര്‍ക്കല്‍.

അഞ്ച് വർഷത്തെ ഇത്രയും പ്രവർത്തനങ്ങളെ ആളുകളിലേക്ക് എത്തിക്കാൻ ബിജെപി സർക്കാർ പരസ്യ വിഭാഗത്തിൽ ചിലവഴിച്ചത് 4,880 കോടി രൂപയാണ്.

പേരിടലിന്റെ രാഷ്ട്രീയം

പേര് മാറ്റുന്നതാണ് ബി.ജ.പിയുടെ അടുത്ത കാലത്തെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. അതിപ്പോൾ സ്ഥലങ്ങളുടെ പേര് മാറ്റി തങ്ങളുടേതാക്കി എടുക്കുന്നതായാലും, യുപിഎയുടെ പദ്ധതികള്‍ പേരു മാറ്റിയെടുക്കുന്നത് ആയാലും. സ്ഥലങ്ങളുടെ പേര് മാറ്റുന്നതില്‍ പരസ്യമായ ഇസ്ലാം വിരുദ്ധത തുറന്നു കിടക്കുന്ന പോലെ, തങ്ങള്‍ എന്തെങ്കിലും ചെയ്തെന്നു വരുത്തി തീര്‍ക്കാനുള്ള ദയനീയമായ ശ്രമമാണ് രണ്ടാമത്തേത്. പേര് മാറ്റിയ പദ്ധതികളുടെ എണ്ണം 19 എണ്ണമാണ്. അതില്‍ ചിലത്

● സ്വച് ഭാരത് അഭിയാന്‍ – നിര്‍മല്‍ ഭാരത് അഭിയാന്‍
● അടല്‍ പെന്‍ഷന്‍ യോജന – സ്വവലംബന്‍ യോജന
● ദീന്‍ ദയാല്‍ ഉപധ്യായ് ഗ്രാമീണ്‍ കൌശല്‍ യോജന – നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍
● പ്രധാന്‍മന്ത്രി ആവാസ് യോജന – ഇന്ദിര ആവാസ് യോജന
● ബേട്ടി ബജാവോ, ബേട്ടി പഠാവോ യോജന – നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ പ്രോഗ്രാം
● മേക്ക് ഇന്‍ ഇന്ത്യ – നാഷണല്‍ മാനുഫാക്ട്ചുറിംഗ് പോളിസി

ഇരിക്കുന്നതിനു മുൻപ് ഇൻഷ്വറൻസ്

സർക്കാർ മുന്നോട്ട് വച്ച ആരോഗ്യ പദ്ധതികളായ ആയുഷ്മാൻ ഭാരതും, എൻ.എച്ച്.പി.എസ്സും വിദഗ്ധരുടെ വിമർശനത്തിനു വഴി വച്ചു. പ്രധാനമായും അതിനുവേണ്ടി മാറ്റി വച്ച കുറഞ്ഞ ഫണ്ടുകളുടെ പേരിലായിരുന്നു അത്. കൂടാതെ മൂന്നാം ഘട്ടത്തിലേക്ക് കടന്നുള്ള ഇൻഷ്വറൻസിനു പകരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനാണ് സർക്കാർ പണം ചിലവഴിക്കേണ്ടതെന്നു അവർ ചൂണ്ടിക്കാട്ടുന്നു. ഇൻഷ്വറൻസിന്റെ പ്രശ്നം എന്തെന്നു വച്ചാൽ ഇന്ത്യയിൽ എഴുപതു ശതമാനം ചികിത്സാ ചിലവും ഔട്ട് ഓഫ് പോക്കറ്റാണ്. എന്നു വച്ചാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാത്ത ടെസ്റ്റുകളും, മരുന്നുകളുമൊക്കെ. ആരോഗ്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളുടെ തകർച്ചയും തുടർ കഥയാണ്.

കാർഷിക മേഖലയുടെ തകർച്ചയും, തുടരെയുള്ള കർഷക സമരങ്ങളും

തന്‍റെ ഉറ്റവരുടെ തലയോട്ടി കഴുത്തില്‍ തൂക്കി, എലികളെ കടിച്ചു പിടിച്ചു കരയുന്ന സാലി പരിമാള്‍ എന്ന തൃച്ചിക്കാരനെയും, അയാള്‍ വിശപ്പിനെ കുറിച്ച് പറഞ്ഞതും നമ്മള്‍ മറക്കാന്‍ ഇടയില്ല. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മാര്‍ച്ചുകള്‍ നടന്നത് ബിജപി ഗവൺമെന്റിന്റെ അഞ്ചു വര്‍ഷങ്ങള്‍ക്ക് ഇടയിലാണ്. കഴിഞ്ഞ വർഷം തന്നെ മൂന്നു വലിയ മാര്‍ച്ചുകള്‍ ഇടതു പക്ഷ സംഘടനകള്‍ രാജ്യത്ത് സംഘടിപ്പിച്ചു. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്തതനുസരിച്ച് കര്‍ഷകരുടെ സാമ്പത്തിക വളര്‍ച്ച 14 വര്‍ഷത്തില്‍ ഏറ്റവും കുറവ് 2018 ഒക്ടോബറിനും ഡിസംബറിനും ഇടയിലായിരുന്നു. കൂടാതെ കാര്‍ഷിക മേഖലയില്‍ ഉള്ള സര്‍ക്കാര്‍ നിക്ഷേപം 18.8 ശതമാനമായി കുറഞ്ഞു. മുന്‍പത്തെക്കാള്‍ ഏറെ കുറഞ്ഞ നിരക്കാണിത്. 1980-’81 കാലഘട്ടത്തില്‍ പോലും 43.2 ശതമാനം ആയിരുന്നു നിക്ഷേപം.

സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ പഠന പ്രകാരം 76 ശതമാനം ഇന്ത്യന്‍ കര്‍ഷകര്‍ അവരുടെ ജോലി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. അങ്ങനെ ഒരു സ്ഥിതിയിലേക്ക് അവര്‍ എത്തിയിട്ടുണ്ടെങ്കില്‍ മുന്‍പ് വന്നിട്ടുള്ള സർക്കാരുകളേക്കാള്‍ ഉപരി അതിനുത്തരവാദിത്വം ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനുണ്ട്.

നാഷണല്‍ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ രേഖകള്‍ അനുസരിച്ച് 2015ല്‍ 5650 കര്‍ഷകരും, 6710 കൃഷി അനുബന്ധ തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്തത്. പിന്നീടുള്ള വര്‍ഷങ്ങളിലെ കണക്കുകൾ ഒന്നും പുറത്തു വിട്ടിട്ടുമില്ല. ആ ഒരു സാഹചര്യത്തിലും ഇന്ത്യ 2.7 മില്യണ്‍ ടണ്‍ ഗോതമ്പാണ് ഇറക്കുമതി ചെയ്തത്. അത് ആരെ സഹായിക്കാന്‍ ആയിരുന്നു എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

ഈശ്വര്‍ ചന്ദ് ശര്‍മ എന്ന ഹരിദ്വാറിലെ ദാധികി ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ ഈ ഏപ്രില്‍ ഒന്‍പതാം തീയതി ആത്മഹത്യ ചെയ്തു. അയാള്‍ തന്‍റെ ആത്മഹത്യാ കുറിപ്പില്‍ എഴുതിയത് ഇത്ര മാത്രം, “ആരും ബിജെപിക്ക് വോട്ട് ചെയ്യരുത്, കഴിഞ്ഞ അഞ്ചു വര്‍ഷമാണ്‌ ഞങ്ങളെ ഈ ഗതിയിലാക്കിയത്” എന്ന്. എം.പി. നാരായണപ്പിള്ള എഴുതിയതു പോലെ, “പരീക്ഷയിൽ തോറ്റതു കൊണ്ടോ പ്രേമ നൈരാശ്യം കൊണ്ടോ ബുദ്ധിയുറയ്ക്കാത്ത കുട്ടികൾ കടുംകൈ ചെയ്യുന്നതു പോലെയല്ല രാപ്പകൽ അധ്വാനിക്കുന്ന കൃഷിക്കാരൻ ആത്മഹത്യ ചെയ്യുന്നത്. അത് നാട് കുട്ടിച്ചോറാവുന്നതിന്റെ ലക്ഷണമാണ്. നേതാക്കന്മാരില്ലെങ്കിലും ഉദ്യോഗസ്ഥന്മാരില്ലെങ്കിലും വ്യവസായമില്ലെങ്കിലും കയറ്റുമതിയില്ലെങ്കിലും രാഷ്ട്രം നിലനിൽക്കും. കൃഷിക്കാരനില്ലെങ്കിൽ അന്ന് ലോകാവസാനമാണ്. ഇതാണ് യഥാർത്ഥ സാമ്പത്തിക ശാസ്ത്രം.”

തൊഴില്‍ ഇല്ലായ്മ ആറു ശതമാനത്തിലേക്കു വളർന്നു

ഓക്സ്ഫാം റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ തൊഴില്‍ ഇല്ലായ്മ 6 ശതമാനമാണ്. കഴിഞ്ഞ നാല്പത്തഞ്ചു വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണിത്. നഗരങ്ങളില്‍ 60 ശതമാനത്തോളം പേരാണ് തൊഴിലില്ലായ്മയോ തൊഴില്‍ അസ്ഥിരതയോ നേരിടുന്നത്. 15-29-നും ഇടയില്‍ പ്രായമുള്ള 27.2 ശതമാനം സ്ത്രീകളും 18.7 ശതമാനം പുരുഷന്മാരും തൊഴില്‍രഹിതരാണ്‌. കൂടാതെ അസീം പ്രേംജി സര്‍വ്വകലാശാല പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019’ റിപ്പോർട്ടിലെ സര്‍വ്വേയില്‍ 2016ല്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം രണ്ടു വര്‍ഷം കൊണ്ട് അമ്പത് ലക്ഷം പേരുടെ തൊഴില്‍ നഷ്ടമാക്കിയെന്നു പറയുന്നു. ഇക്കാലയളവില്‍ ഉന്നതവിദ്യാഭ്യാസമുള്ളവരിലെ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. തൊഴില്‍ ലഭ്യതയില്ലാതെ വലഞ്ഞവരില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെയേറെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആർക്കാണ് സാമ്പത്തിക വളർച്ച?

ഇന്ത്യ സാമ്പത്തികമായി ഏറെ മുന്നിലെത്തി എന്നാണ് ബിജെപിയുടെ വാദം. അത് തെളിയിക്കുന്നത് 7 ശതമാനത്തിനു മുകളില്‍ ഉള്ള ജി.ഡി.പി നിരക്ക് കാണിച്ചും. അമര്‍ത്യാ സെന്‍ പറയുന്നത്, “ഹിന്ദുത്വ രാഷ്ട്രീയത്തിന് കീഴില്‍ പുരോഗതി എന്നു പറയുന്നത് ചിലരുടെ മാത്രമാണ്, മറ്റുള്ളവര്‍ അതില്‍ ഉള്‍കൊള്ളുന്നില്ല. ആ വളര്‍ച്ചയില്‍ മതത്തിന്‍റെ ഒരു അംശം ഉണ്ട്” എന്നാണ്.

തോമസ്‌ പിക്കെറ്റിയുടെ അന്വേഷണത്തില്‍ ഇന്ത്യയുടെ 75 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകളുടെ കയ്യിലാണ്. ആ ഒരു ശതമാനത്തിലാണ് അംബാനിയും, മിത്തലും, ദിലീപ് ശാങ്വിയുമൊക്കെ ഉള്‍ക്കൊള്ളുന്നത്. ഇന്ത്യയില്‍ 5 ശതമാനം എസ്.ടി വിഭാഗവും, 10 ശതമാനം എസ്.സിയും, 16 ശതമാനം ഒ.ബി.സിയും, 17 ശതമാനം മുസ്ലീങ്ങളും മാത്രമാണ് സമ്പന്നര്‍. എന്നാല്‍ 50 ശതമാനം ബ്രഹ്മണരും 57 ശതമാനം കായസ്തരും 44 ശതമാനം ബനിയകളും സമ്പന്നരാണ്. ഈ ജാതിയമായ സാമ്പത്തിക അസമത്വം 45 ശതമാനത്തില്‍ നിന്നും 68 ശതമാനത്തിലേക്കു അടുത്ത കാലത്ത് ഉയര്‍ന്നു. യു.എന്‍.ഡി.പി പ്രസിദ്ധീകരിച്ച ഹ്യൂമന്‍ ഡെവലപ്പ്മെന്റ് ഇൻഡെക്സില്‍ 189 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 130 ആണ്. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്, ആര്‍ക്കാണ് പുരോഗതി എന്നത്.

സ്വാതന്ത്ര്യം ഇല്ലാത്ത ജീവിതം

ഇന്ത്യയുടെ പ്രസ്സ് ഫ്രീഡം ഇൻഡെക്സ് റാങ്ക് 138 ആയി ചുരുങ്ങി. എത്ര പേരാണ് കൊല്ലപ്പെട്ടത്, എത്ര പേരെയാണ് കാണാതായത്, എത്ര പെരുമാള്‍ മുരുഗന്മാര്‍ എഴുത്ത് നിര്‍ത്തി. സിനിമകള്‍ക്കും കലാകാരന്മാര്‍ക്കും ഒക്കെ നേരിടേണ്ടി വന്ന സ്റ്റേറ്റിന്റെയും സംഘപരിവാറിന്റെയും ആക്രമണങ്ങള്‍ നമ്മൾ കണ്ടതാണ്. സംസാരിക്കാനുള്ള, ചിന്തിക്കാനുള്ള, എഴുതാനുള്ള അവകാശങ്ങളെ ഹിന്ദുത്വ സംഘടനകള്‍ തോക്ക് കൊണ്ട് നേരിട്ട് കൊണ്ടേയിരിക്കുന്നു. എവിടെ നജീബ് എന്നത് നമ്മളോരോരുത്തരും ചോദിക്കണം, എന്തിനു കൽബുര്‍ഗിയെയും പൻസാരെയേയും ധബോൽക്കറേയും ഗൗരി ലങ്കേഷിനെയും കൊന്നു എന്ന് ചോദിക്കണം. എന്ത് തെളിവ് ഉണ്ടായിട്ടാണ് സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചതെന്നു ചോദിക്കണം.

പശു രാഷ്ട്രീയവും, ദളിത്-മുസ്ലിം ആക്രമണങ്ങളും

കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്‍റില്‍ നല്‍കിയ വിശദീകരണ പ്രകാരം മതവുമായി ബന്ധപ്പെട്ട 3000 അക്രമണങ്ങളാണ് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌, അതില്‍ ഒന്‍പതിനായിരം ആളുകള്‍ക്ക് പരിക്കേൽക്കുകയും 400 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയ്ക്കു പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ 44-ഉം പരിക്കേറ്റവര്‍ 124-മാണ്. അതില്‍ 86 ശതമാനം മുസ്ലീങ്ങളായിരുന്നു. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് യു.പിയിലും (10). ഈ മാസം ആദ്യമാണ് യോഗി ആദിത്യനാഥിന്റെ ഇലക്ഷൻ റാലിയിൽ ദാദ്രിയില്‍ മുഹമ്മദ്‌ അഖ്ലാക്കിനെ കൊന്നവരെ മുന്‍ നിരയില്‍ ഇരുത്തുകയും ന്യായീകരിക്കുകയും ചെയ്തത്. അഖ്ലാക്കിനെ കൊന്നവർക്കു തന്നെയാണ് എന്‍.ടി.പി.സി പ്ലാന്റില്‍ യു.പി സര്‍ക്കാര്‍ ജോലി നല്‍കിയത്. എന്നാല്‍ അഖ്ലാക്കിന്റെ അനിയന്‍ ജന്‍ മുഹമ്മദിനും കുടുംബത്തിനും ആ നാട് തന്നെ വിട്ടു പോരേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷമാണ്‌ ഭീമ കൊരെഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടു നടന്ന ആഘോഷത്തിൽ‍ മഹര്‍ വിഭാഗത്തെ ഉയര്‍ന്ന ജാതിയെന്ന് പറയപ്പെടുന്നവർ‍ അക്രമിക്കുകയും 30 ആളുകള്‍ക്ക് പരിക്കേൽക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തത്. അതിൽ ഒടുവിൽ അടി കിട്ടിയവരെ നക്സലുകളാക്കുകയും കേസെടുക്കുകയും ചെയ്തു.
ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവം തീരെ ചെറിയൊരു പ്രശ്‌നമാണെന്നാണ് അന്നത്തെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവീന്ദര്‍ ഗുപ്ത പറഞ്ഞത്. ഗുജ്ജാർ, ബകർവാൽ എന്നീ മുസ്ലിം ആദിവാസി വിഭാഗങ്ങളെ ഓടിക്കാനായിരുന്നു ആ കുഞ്ഞിനെ ബലാത്സംഗം ചെയ്തത്. ഇങ്ങനെ ജീവിക്കാന്‍ അനുവദിക്കാതെ പലായനം ചെയ്യേണ്ടി വരുന്നവര്‍ രാജ്യത്ത് എവിടെയെല്ലാം ഉണ്ടാകും. നമ്മൾ അറിയാതെ പോകുന്ന എത്ര എത്ര സംഭവങ്ങൾ. തോംസൺ റോയിറ്റേഴ്സ് നടത്തിയ സർവ്വേയിൽ സ്ത്രീസുരക്ഷ ഇല്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.

ബിജെപി എത്ര കണ്ടു ശ്രമിച്ചിട്ടും വേരിരക്കാന്‍ ആകാത്ത ഭൂമിയാരുന്നു കേരളം. അതിലേക്കാണ് ശബരിമല സ്ത്രീ പ്രവേശനം വന്നെത്തിയത്. അതവര്‍ നന്നായി ഉപയോഗിച്ചു. ജാതീയവും മതപരവുമായി വേര്‍തിരിച്ചു, അക്രമം അഴിച്ചു വിട്ടു, റോഡിൽ വിളക്കു കത്തിച്ചു. കോടതി വിധിയെ വിശ്വാസികൾക്കെതിരായ ഇടതുപക്ഷ അജണ്ടയായി പടർത്തി. തനിക്ക് ആര്‍ത്തവം ഉള്ളതു കൊണ്ട് അശുദ്ധയാണെന്നു പറഞ്ഞു സ്ത്രീകള്‍ തെരുവില്‍ ഇറങ്ങി. ഇടതുപക്ഷം മാത്രമാണ് ഈ വിഷ രാഷ്ട്രീയത്തെ നേരിട്ട് എതിര്‍ത്തത്. സുനില്‍ പി. ഇളയിടവും സണ്ണി എം. കപിക്കാടുമൊക്കെ രണ്ടു മാസത്തോളം നിരന്തരം ഈ അപകട രാഷ്ട്രീയത്തെ കുറിച്ച് കേരളം മുഴുവന്‍ സംസാരിച്ചു നടന്നു. അസമത്വത്തിനും ജാതീയതയ്ക്കുമെതിരെയുള്ള രണ്ടാം നവോത്ഥാനമായി ആ ചർച്ചകൾ മാറി.

2015-’18ന് ഇടയിൽ മാത്രം 383 കാശ്മീരികളാണ് അവിടെ കൊല്ലപ്പെട്ടത്. ഇത് കൂടാതെ 2018ൽ മാത്രം 267 പേരെ സംശയത്തിന്റെ പേരില്‍ വെടിവെച്ചു കൊന്നു. യു.എന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പ്രകാരം 2016-’18 ഇടയില്‍ 6000 ആളുകളാണ് കശ്മീരില്‍ പെല്ലെറ്റ് അക്രമണം നേരിടേണ്ടി വന്നത്. അതില്‍ 3000 ആളുകള്‍ക്ക് കാഴ്ച നഷ്ടമായി. നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടിട്ടുള്ള ആയുധമാണ് പെല്ലെറ്റ് ഗണ്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കാശ്മീരിനെ ഇത്രയധികം ഒറ്റപ്പെടുത്തിയ മറ്റൊരു ഗവൺമെന്റുണ്ടായിട്ടില്ല.

ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്‌ പ്രകാരം 2014-’18നിടയില്‍ 93 ശതമാനത്തിലധികം പട്ടാളക്കാരാണ് ജമ്മു കാശ്മീരില്‍ കൊല്ലപ്പെട്ടത്‌. യുദ്ധം യുദ്ധം എന്നു അലമുറ കൊള്ളുന്ന ആ നേതാക്കള്‍ക്ക്‌ ഈ മരണമെങ്ങനെ വോട്ടാക്കാണമെന്നേ ചിന്തയുള്ളൂ, അതെങ്ങനെ ഒഴിവാക്കണമെന്നില്ല എന്ന് ആളുകള്‍ നിരന്തരം വിമര്‍ശിച്ചു കൊണ്ടിരിക്കുന്നു.

തകർക്കപ്പെടുന്ന ഇൻസ്റ്റിറ്റ്യൂഷൻസ്

ബിജെപിയുടെ ഭരണം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന് ഭരണഘടനാ സ്ഥാപനങ്ങളും നിയമ സ്ഥാപനങ്ങളും തകർന്നു എന്നതാണ്. ഈ ജനുവരിയിലാണ് നാല് സുപ്രീം കോടതി ജഡ്ജിമാർ മുന്‍പെങ്ങും ഇല്ലാത്ത പോലെ ചീഫ് ജസ്റ്റിസ്സിന്റെ പക്ഷപാതത്തിനെതിരെ പ്രസ്സ് കോണ്‍ഫെറന്‍സ് വിളിച്ചത്. ജനാധിപത്യത്തിന്റെ പ്രധാന തൂണുകളിലൊന്നിന്റെ സുതാര്യതയും ഉത്തരവാദിത്വവും നഷ്ടപ്പെടുന്നതിനെ കുറിച്ചാണ് ജസ്റ്റിസ്‌ കുര്യന്‍ ജോസഫും, ജസ്റ്റിസ്‌ ചെല്ലമേശ്വറും, ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയിയും, ജസ്റ്റിസ്‌ മദന്‍ ബി ലോക്കൂറും അന്ന് പറഞ്ഞത്.

റിസർവ്വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിൽ കൈകടത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരല്‍ ആചാര്യ മുംബൈയിലെ ഒരു കോളേജില്‍ നടന്ന ലക്ച്ചറിൽ തുറന്നടിച്ചിരുന്നു. ആര്‍എസ്സ്എസ്സ് അനുഭാവിയായ ഗുരുമുർത്തിയെ ഈ കാലയളവിൽ റിസര്‍വ് ബാങ്ക് ബോര്‍ഡിലേക്ക് നിയമിച്ചു. 86 ശതമാനം കറന്‍സിയും പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐയുടെ നിയമാനുസൃതമായ അനുമതിയോട് കൂടി അല്ലെന്ന് കോണ്‍ഗ്രസ്സ്‌ പുറത്തു വിട്ട ആർ.റ്റി.ഐ രേഖയിലൂടെ തെളിഞ്ഞതാണ്‌. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 99.3 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ആ ഏഴു ശതമാനത്തിനു വേണ്ടിയാണോ നിങ്ങള്‍ 100 മനുഷ്യരെ കൊന്നത്? ആരാണ് നിങ്ങളോട് പറഞ്ഞത് കള്ളപ്പണം നോട്ടിന്റെ രൂപത്തില്‍ മാത്രമാണ് സൂക്ഷിക്കുന്നതെന്ന്? ആദിത്യനാഥ് ജയിച്ച 2017 യു.പി ഇലക്ഷനു രണ്ടു മാസം മുന്‍പായിരുന്നു നോട്ട് നിരോധനം എന്നതും ഓര്‍ക്കേണ്ടതാണ്.

സിബിഐയെ ബിജെപിയുടെ അന്വേഷണ ഏജന്‍സിയായി മാറ്റിയ കാലമാണിത്. സിബിഐ നേതൃത്വത്തിലെ തമ്മിലടിയും, രാഷ്ട്രീയ പ്രതിയോഗികളെ ഉപദ്രവിക്കാനും കള്ളക്കേസുകളില്‍ കുടുക്കാനുമൊക്കെയുള്ള ഒരു സംഘമാക്കി സി.ബി.ഐയെ ഉപഗോഗിച്ചതുമൊക്കെ അതിന്റെ നിലവാരം തകര്‍ത്തു.

ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയതും, സുപ്രീം കോടതി അത് വിലക്കിയതും പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പറഞ്ഞിട്ടും വോട്ടിംഗ് മെഷീന്‍ വിദഗ്ദ്ധരെ കൊണ്ട് പരിശോധിക്കാൻ അനുവദിക്കാതിരുന്നതും, ഇപ്പോള്‍ നടക്കുന്ന പക്ഷപാതപരമായ തീരുമാനങ്ങളുമെല്ലാം ഇലക്ഷൻ കമ്മീഷന്‍റെയും വിശ്വാസ്യത തകര്‍ത്തു.

ഭേദഗതികള്‍ വഴി ആര്‍ടിഐയെ തകര്‍ക്കാന്‍ ശ്രമിക്കുകയും, നിര റാഡിയ കേസിലും, മോയിന്‍ ഖുറേഷി കേസിലും പങ്കുണ്ടെന്ന് ആരോപണമുള്ള, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിശ്വസ്തനായ കെ.വി ചൗധരിയെ പോലൊരാളെ വിജിലന്‍സ് കമ്മീഷണറായി നിയമിക്കുകയും ചെയ്തു.

ആഗോള തലത്തിലേക്ക് ഇന്ത്യയിലെ വിദ്യാഭ്യാസത്തെ രൂപകല്പന ചെയ്യുമെന്നൊക്കെ വാഗ്ദാനം നല്‍കിയ ബിജെപി, പക്ഷേ ചെയ്തത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകർക്കുകയാണ്. നിലവില്‍ ഏതു കേന്ദ്ര സര്‍വ്വകലാശാലയുടെ തലപ്പത്താണ് അതിനു യോഗ്യത ഉള്ള ഒരാള്‍ ഇരിക്കുന്നത്? എല്ലാ സംവിധാനങ്ങളും ആർഎസ്സ്എസ്സിന്റെയോ അനുബന്ധ സംഘടനകളുടെയോ അനുഭാവികൾ നിയന്ത്രിക്കാൻ തുടങ്ങി.

ഒന്‍പതാം ക്ലാസ്സിലെ എന്‍.സി.ഇ.ആര്‍.ടി പുസ്തകത്തില്‍ നിന്നും ജനാധിപത്യത്തെ കുറിച്ചുള്ള പാഠം എടുത്തു കളഞ്ഞു. ഇന്ത്യന്‍ ചരിത്രത്തെ, ചരിത്രമില്ലാത്ത ആര്‍എസ്സ്എസ്സിന്റെ ചരിത്രമാക്കാനുള്ള ശ്രമങ്ങള്‍ പല രീതിയിൽ അക്കാഡമിക്സിലേക്കു കടക്കാൻ തുടങ്ങിയിരിക്കുന്നു.

മുംബൈയിലെ ഒരു ആശുപത്രിയില്‍ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി ഡോക്ടർമാരോടായി പറഞ്ഞത്, പ്ലാസ്റ്റിക്‌ സര്‍ജറി ഇന്ത്യയില്‍ എത്രയോ കാലം മുന്‍പേ ഉണ്ട് എന്നാണ്. അതിനുദാഹരണമായ് പറഞ്ഞത് പുരാണ കഥയിലെ ആനയുടെ തലയുള്ള ഗണപതിയെയും. കൂടാതെ കര്‍ണ്ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല ഉണ്ടായത്, ജനിതക ശാസ്ത്രത്തിലൂടെ ആണെന്നാണ്. പ്രധാനമന്ത്രിയെ കൂടാതെ കൂട്ട് കക്ഷികള്‍ ഓരോരുത്തരും ലോകം കണ്ട വലിയ കണ്ടുപിടുത്തങ്ങളെയൊക്കെ ഹനുമാന്റെയും സുഗ്രീവന്റെയുമൊക്കെ തലയിൽ താങ്ങി ഇന്ത്യക്കാരുടേതാക്കുന്നത് തുടരുന്നുണ്ട്.

ഇതൊക്കെ കൂടാതെ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില നന്നേ കുറഞ്ഞു നിന്നപ്പോഴും കൊള്ള ലാഭത്തില്‍ ഇന്ധനം വിറ്റതും, ബി.എസ്സ്.എന്‍.എല്‍ പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ത്ത് ജിയോ പോലുള്ള കുത്തകകള്‍ക്ക് ഒത്താശ ചെയ്തതും മറന്നു കൂടാ.

2013 നവംബര്‍ 07-ന് ചത്തീസ്ഗഡിലെ കാൻകറില്‍ നടന്ന റാലിയിൽ മോദി പറയുക ഉണ്ടായി വിദേശത്തുള്ള കള്ളപ്പണം പിടിച്ചെടുത്താല്‍ പാവപ്പെട്ട ഇന്ത്യക്കാര്‍ക്ക് ഓരോരുത്തർക്കും 15-20 ലക്ഷം വരെ വീതിച്ചു നൽകാന്‍ ഉണ്ടാകും എന്ന്. വീതിച്ചു നല്‍കുന്നത് പോകട്ടെ, എവിടെയാണ് തിരികെ കൊണ്ട് വരുമെന്ന് പറഞ്ഞ പണം? പനാമ പേപ്പറില്‍ പേരുണ്ടായിരുന്ന ഗൗതം അദാനിയെയും ഐശ്വര്യാ റായിയെയും അമിതാഭ് ബച്ചനെയും നിങ്ങള്‍ എന്ത് ചെയ്തു? കോടികള്‍ കടം എടുത്ത് രാജ്യം വിട്ടത് വിജയ്‌ മല്ല്യയും, ലളിത് മോഡിയും, നീരവ് മോഡിയും, മെഹുല്‍ ചോക്സിയും മാത്രമല്ല അവരെ കൂടാതെ 36 ബിസിനസ്സുകാരാണ് കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ രാജ്യം വിട്ടത്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ ലോക്സഭയിലെ അറ്റന്‍ഡന്‍സ് 14 മണിക്കൂറും രാജ്യസഭയിലേത് 10 മണിക്കൂറും മാത്രമാണ്.

ഇലക്ഷന്റെ അവസാന ഘട്ടം അടുക്കുമ്പോൾ കഴിഞ്ഞ വട്ടത്തെപ്പോലെ തന്നെ, താന്‍ പിന്നോക്കക്കാരന്‍ ആണെന്നും, ചായ വിറ്റിട്ടുണ്ടെന്നും പറഞ്ഞു വോട്ട് ചോദിക്കാന്‍ തുടങ്ങിരിക്കുന്നു മോദി. താങ്കളോട് പറയാനുള്ളത് ഞാന്‍ ജീവിക്കുന്ന ഈ നാട്ടിലും അങ്ങനൊരു നേതാവുണ്ട്, ഒരു പഴയ മുഖ്യമന്ത്രി. ബീഡി തെറുത്തു വിൽക്കുന്നതയിരുന്നു അയാളുടെ തൊഴിൽ. പിന്നോക്കകാരനുമായിരുന്നു. എന്നാല്‍ അയാള്‍ ഒരിക്കലും അത് പറഞ്ഞു വോട്ട് ചോദിച്ചിട്ടില്ല. അയാള്‍ തന്‍റെ പാർട്ടി ചെയ്ത വികസനങ്ങൾ പറഞ്ഞാണ് വോട്ട് ചോദിച്ചത്. താൻ വിശ്വസിക്കുന്ന ഐഡിയോളജി പറഞ്ഞാണ് വോട്ട് ചോദിച്ചത്. അയാളുടെ പേര് വേലിക്കകത്തു വീട്ടില്‍ ശങ്കരന്‍ അച്യുതാനന്ദന്‍ എന്നായിരുന്നു. നിങ്ങള്‍ ചെത്തുകാരന്റെ മോന്‍ എന്നൊക്കെ പറഞ്ഞു കളിയാക്കുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും, ഒരിക്കലും തന്‍റെ പാരമ്പര്യ തൊഴിലോ ജാതിയോ പറഞ്ഞു വോട്ട് ചോദിച്ചിട്ടില്ല.

ജീവിതത്തിന്റെ എല്ലാ മേഖലയിലും ആധാര്‍ ലിങ്ക് ചെയ്യിച്ചു, ഒടുവില്‍ അത് നിര്‍ബന്ധമില്ലെന്നു വന്നു. നിങ്ങൾക്കെതിരെ സംസാരിക്കുന്നത്, നിങ്ങള്‍ രാജ്യത്തിനെതിരെ എന്നാക്കി, അങ്ങനെ കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ 165 പേരെയാണ് അറസ്റ്റ് ചെയ്തത്തിനിയും ശക്തമാക്കുമെന്നാണ് രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞത്.

കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരില്‍ വോട്ട് ചോദിച്ചു നാട് നീളെ നടക്കുന്ന ഒരു നേതാവ് വേറെ എവിടെയുണ്ട്? മീൻ തല നോക്കി ഇരിക്കുന്ന പൂച്ചയെ പോലെ, അവര്‍ നമ്മുടെ അടുക്കളയിലേക്കും നോക്കി ഇരിക്കുന്നു. നമ്മുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യുന്നു. പ്രണയിക്കുന്നവരെ സംസ്കാരം പറഞ്ഞു ചൂരലിനടിക്കുന്നു, ചിലരെ അപ്പോൾ തന്നെ വിവാഹം കഴിപ്പിക്കുന്നു. രോഹിത് വെമുലയെ പോലെ ഒരുപാട് ചെറുപ്പക്കാരെയും അവരുടെ സ്വപ്നങ്ങളെയും കൊന്നു കളയുന്നു.

ഇത്രയുമൊക്കെ സംഭവിച്ചിട്ടും തിരഞ്ഞെടുപ്പ് ഇല്ലാതാക്കുമെന്നു പറഞ്ഞിട്ടും, ഓരോ ദിവസവും വരുന്ന സർവ്വേകൾ ഭരണത്തുടർച്ച ഉറപ്പിക്കുന്നു. ആളുകൾ ആ നേതാവിന്റെ പോരാട്ട വീര്യത്തെ കുറിച്ച് വീമ്പു പറയുന്നു. ഒന്നുകിൽ തന്റെ വീട്ടു പടിക്കൽ അവർ കുറുവടിയുമായി എത്തും വരെ തനിക്കൊന്നും പ്രശ്നമല്ല എന്ന സ്വാർത്ഥതയാകാം, അല്ലെങ്കിൽ ഈ രാജ്യത്ത് എന്തു നടക്കുന്നു എന്ന അജ്ഞതയാകാം ജനം ഭരണത്തുടര്‍ച്ച നല്‍കുന്നു എങ്കില്‍ കാരണം. അങ്ങനെയെങ്കിൽ വൈകിയിട്ടില്ല, ഇനിയും മണിക്കൂറുകളുണ്ട്. നമ്മൾ ഓരോരുത്തരും സംസാരിക്കണം, ഓരോ കാര്യങ്ങളെയും എണ്ണമിട്ടു പറയണം. അല്ലെങ്കിൽ ഈ സമയത്ത് നമ്മൾ ഒന്നും ചെയ്യാതെ ജീവിച്ചിരുന്നു എന്നതിൽ നാളെ ലജ്ജിക്കേണ്ടി വരും.

അതുകൊണ്ട് അവർക്കെതിരെ സംസാരിച്ചതിന് നാളെ ആരെയും കാണാതാവാതിരിക്കാൻ, നജീബിന്റെ ഉമ്മയെ പോലെ ഇനിയാരും ഉണ്ടാകാതിരിക്കാന്‍, ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും അത്മഭിമാനത്തോടെ ജീവിക്കാന്‍, നമ്മളെ തമ്മില്‍ പിരിക്കാതിരിക്കാന്‍, നമ്മുടെ ഭരണഘടന തിരുത്തുമെന്ന് പറയുന്നവരെ വോട്ട് ചെയ്തു പുറത്താക്കുക. ജനാധിപത്യം തന്നെയാണ് നമ്മളുടെ ഉത്തരം. കൊല്ലപ്പെട്ടവരെ ഓര്‍ത്ത്, കാണാതായവരെ ഓര്‍ത്ത്, പലായനം ചെയ്തവരെ ഓര്‍ത്തു വോട്ട് ചെയ്യുക. ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ ജനാധിപത്യത്തിലൂടെ നാം തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ആ ജനത ഒരു ചത്ത സമൂഹമാണ്.

(ഫേസ്ബുക്കില്‍ എഴുതിയത്)

((Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ദേവനാരായണന്‍ പ്രസാദ്

കോട്ടയം സി.എം.എസ്സ് കോളേജ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി

More Posts

Share on

മറ്റുവാര്‍ത്തകള്‍