UPDATES

വിപണി/സാമ്പത്തികം

ഇന്ത്യന്‍ കറന്‍സി അന്തര്‍ദേശീയ വിപണിക്ക് പ്രിയപ്പെട്ടതാകുമ്പോൾ നാം തിരിച്ചറിയാതെ പോകുന്നത്..

ലോകം പേപ്പര്‍ കറന്‍സിയിലും പ്ലാസ്റ്റിക്ക് കറന്‍സിയിലുമൊക്കെയുള്ള ഇടപാടുകളെ പിന്തള്ളി ഡിജിറ്റല്‍ കറന്‍സിയിലുള്ള ഇടപാടുകളിലേക്ക് ചേക്കേറുമ്പോള്‍, ലോകത്തിന് തന്നെ മാതൃകയാണ് നമ്മുടെ സ്വന്തം UPI

                       

നമ്മള്‍ ഇവിടെ അമിത് ഷായുടെ ഹിന്ദി ഭാഷ പ്രസ്താവനയെയും ട്രോളി ഇരിക്കുമ്പോള്‍, ആരും വലിയ ഗൗരവം കൊടുക്കാത്ത ഒരു വാര്‍ത്ത കൂടി വന്നിരുന്നു..

ഇന്ത്യന്‍ രൂപയുടെ ദൈനംദിന വിനിമയത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ സ്വന്തം ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ മറികടന്ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്ത്യന്‍ രൂപ ട്രേഡ് ചെയ്യുന്നതിനുള്ള പ്രിയപ്പെട്ട എക്‌സ്‌ചേഞ്ച് ആയി മാറി.

സ്റ്റോക്ക് മാര്‍ക്കറ്റ് എന്നാല്‍ എന്തെന്നും ഫോറെക്‌സ് ട്രേഡ് എന്നാല്‍ എന്തെന്നുമൊക്കെ നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. അറിയുന്നവരില്‍ ബഹിഭൂരിപക്ഷത്തിന്റെയും ധാരണ അതൊരു ചൂതാട്ടമാണ് എന്നാണ്. ഒരു രീതിയില്‍ ഏറെക്കുറേ അത് ശരിയാണ് താനും.

എന്നാലും മാര്‍ക്കറ്റ് അറിഞ്ഞ് വിനിമയം നടത്താന്‍ ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ പോലും നമുക്കില്ല എന്നത് ഒരു പോരായ്മയാണ്. ആ സാഹചര്യത്തില്‍ നമ്മുടെ സ്വന്തം രാജ്യത്തിന്റെ നാണയം മറ്റൊരു രാജ്യത്ത് ഏറ്റവും കൂടുതല്‍ വിനിമയം നടത്തപ്പെടുന്നതിന്റെ പ്രത്യാഘാതം എന്താണ് എന്ന് പോലും നാം തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല.

ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ലണ്ടനിലും യു കെയിലുമായി രൂപയുടെ ശരാശരി ദൈനംദിന വ്യാപാരം ഏപ്രിലില്‍ 46.8 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിഫ്റ്റിയും കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടക്കം ബാക്കിയുള്ള പ്രാദേശിക എക്‌സ്‌ചേഞ്ചുകള്‍ എല്ലാം ചേര്‍ന്ന് ഇന്ത്യയില്‍ വ്യാപാരം നടത്തിയത് 34.5 ബില്യണ്‍ ഡോളര്‍ മാത്രമാണ്. 2016ല്‍ വെറും 8.8 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു ലണ്ടനും യു കെയും ചേര്‍ന്ന് നടത്തിയിരുന്ന ഇന്ത്യന്‍ രൂപയുടെ ദൈനംദിന വിനിമയം. അവിടെ നിന്നും വെറും 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ഇരട്ടിയില്‍ അധികമാണ് യു കെയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയം വളര്‍ന്നത്.

ഇന്ത്യയില്‍ ഇന്ത്യന്‍ രൂപ വിപണനം ചെയ്യുന്നതില്‍ കൂടുതല്‍ മറ്റൊരു രാജ്യത്ത് വിപണനം ചെയ്യുന്ന അവസ്ഥ നമ്മുടെ കാര്യക്ഷമത ഇല്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. ലോകത്തിന് വിശ്വാസമുള്ള ഒരു കറന്‍സിയായി നമ്മുടെ ഇന്ത്യന്‍ രൂപ മാറുന്നു എന്നത് എത്ര വലിയ കാര്യമാണ് എന്നത് ഇവിടുത്തെ ഭരണവര്‍ഗം ചിന്തിക്കുന്നില്ല എന്ന് തന്നെ പറയണം. അങ്ങ് റഷ്യയിലും ഉഗാണ്ടയിലുമൊക്കെ നടന്ന വിപ്ലവങ്ങളെക്കുറിച്ച് നമ്മുടെ വിദ്യാഭ്യാസ രീതി നമ്മെ പഠിപ്പിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളുടെ അടിസ്ഥാന വിദ്യാഭ്യാസം പോലും നമുക്ക് അനുവദിച്ച് തരുന്നില്ല എന്നത് എത്ര വലിയ ഒരു വിരോധാഭാസമാണ്?

മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചും ഇന്‍ഷുറന്‍സിനെ കുറിച്ചുമൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം നമ്മുടെ രാജ്യത്തെ ചാനലുകളില്‍ പരസ്യങ്ങള്‍ വരാറുണ്ട്. പക്ഷേ, ഇവയൊക്കെ എങ്ങനെ ട്രേഡ് ചെയ്യണം എന്ന ചെറുവിവരങ്ങളുടെ ബോധവല്‍ക്കരണം പോലും നമ്മുടെ രാജ്യത്ത് സംഭവിക്കുന്നില്ല. ഇന്‍ഷുറന്‍സ് എന്നാല്‍ ഇന്നും നമുക്ക്, ‘അപകടം/ആപത്ത് പറ്റുമ്പോള്‍ കിട്ടുന്ന പൈസ’ ആയി മാത്രം ചിന്തയില്‍ ഒതുങ്ങി പോകുന്നതും അതൊക്കെ കൊണ്ട് തന്നെയാണ്.

ഇന്ത്യന്‍ രൂപയുടെ വ്യാപാരത്തിന് എത്രത്തോളം വിപണി സാധ്യത ഉണ്ടെന്ന് മനസ്സിലാക്കി തരുന്ന സൂചനകളാണ് ലണ്ടനില്‍ നിന്നും നാസ്ഡാക്കില്‍ നിന്നും ഡൗ ജോണ്‍സില്‍ നിന്നുമെല്ലാം വരുന്നത്. പക്ഷേ, നാം ആ വാര്‍ത്ത പോലും കാണുന്നില്ല, അല്ലെങ്കില്‍ ഇതൊക്കെ വാര്‍ത്താ പ്രാധാന്യമുള്ള ഒരു വിവരമാണ് എന്ന് പോലും നമ്മുടെ മാധ്യമങ്ങള്‍ പരിഗണിക്കുന്നില്ല എന്നത് തന്നെ ഈ വിഷയത്തിലുള്ള നമ്മുടെ അജ്ഞതയുടെ ദൃഷ്ടാന്തങ്ങളാണ്.

വെറും ഡെബ്റ്റ് കറന്‍സിയായ ഡോളര്‍ ആണ് ഇന്ന് ലോകം ഭരിക്കുന്നതെങ്കിലും, സാമ്പത്തികമാന്ദ്യത്തിന് ശേഷം ബെയറര്‍ കറന്‍സികളിലേക്ക് ലോകത്തിന്റെ വിശ്വാസ്യത മാറിത്തുടങ്ങി എന്നതിന്റെ തെളിവുകള്‍ കൂടിയാണ് ഈ മാറ്റങ്ങള്‍. ആഗോള സാമ്പത്തിക ശക്തി ആയി മാറുവാനുള്ള ശക്തമായ ഒരു അവസരം ഇന്ന് നമ്മുടെ രാജ്യത്തിന് മുന്നില്‍ ഉണ്ട്.

നാം നമ്മുടെ പണം പിന്‍വലിക്കാനും POS ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കുമൊക്കെ ATM എന്ന സംവിധാനത്തെ ഉപയോഗപ്പെടുത്തുമ്പോള്‍, അതില്‍ പോലും ഏറ്റവും വലിയ പേയ്‌മെന്റ്/ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ മൂന്ന് പേര്‍ അമേരിക്കക്കാരാണ്. ഇന്ത്യയുടെ സ്വന്തം Rupay സംവിധാനം ഉണ്ടായിട്ട് കൂടിയാണ് ആ ‘വരത്തന്മാര്‍’ നമ്മുടെ ബാങ്കുകള്‍ക്ക് പ്രിയപ്പെട്ടവരായി നിലകൊള്ളുന്നത്. Rupayയെക്കാളും പതിറ്റാണ്ടുകള്‍ മുന്നേ നമ്മുടെ രാജ്യത്ത് എത്തി ആധിപത്യം സ്ഥാപിച്ചവരെങ്കിലും, വിസയും മാസ്റ്റര്‍ക്കാര്‍ഡും അമേരിക്കന്‍ എക്‌സ്‌പ്രെസ്സുമെല്ലാം വളരെ പെട്ടെന്നാണ് നമ്മുടെ സ്വന്തം UPIയുടെ മുന്നില്‍ പരാജയം സമ്മതിച്ച് തുടങ്ങിയത്.

ലോകം പേപ്പര്‍ കറന്‍സിയിലും പ്ലാസ്റ്റിക്ക് കറന്‍സിയിലുമൊക്കെയുള്ള ഇടപാടുകളെ പിന്തള്ളി ഡിജിറ്റല്‍ കറന്‍സിയിലുള്ള ഇടപാടുകളിലേക്ക് ചേക്കേറുമ്പോള്‍, ലോകത്തിന് തന്നെ മാതൃകയാണ് നമ്മുടെ സ്വന്തം UPI. പക്ഷേ അതിനെപ്പോലും അന്താരാഷ്ട്ര തലത്തിലേക്ക് നാം ഉയര്‍ത്തുന്നില്ല എന്നത് നമ്മുടെ സാധ്യതകളെ നാം തന്നെ തള്ളിക്കളയുകയാണ് എന്നതിന്റെ ഉത്തമോദാഹരണമാണ്. ഇവയിലൊക്കെ നമ്മുടെ സ്വന്തം സംവിധാനങ്ങള്‍ മുന്നേറുമ്പോള്‍ അതോടൊപ്പം നമ്മുടെ രൂപയിലും മുന്നേറ്റം ഉണ്ടാകും എന്ന് നമ്മുടെ രാഷ്ട്രത്തലവന്മാര്‍ ചിന്തിക്കാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ദേശീയമായി മാത്രം ചിന്തിക്കാതെ അന്തര്‍ദേശീയമായി കൂടി ചില സാഹചര്യങ്ങളില്‍ ചിന്തിക്കേണ്ടതുണ്ട് എന്ന് അവര്‍ പലപ്പോഴും മറക്കുന്നു.

ലളിതമായി പറഞ്ഞാല്‍ എണ്ണ വ്യാപാരത്തിനും അന്താരാഷ്ട്ര ഇടപാടുകള്‍ക്കും സ്റ്റോക്ക് വ്യാപാരത്തിനും ആസ്ഥാന കറന്‍സിയായി ഡോളര്‍ ഉപയോഗിക്കപ്പെടുന്നത് എന്ന് മാറുന്നോ, അന്ന് തീരും അമേരിക്കയുടെ ആധിപത്യം. അത് അറിയുന്നത് കൊണ്ടാണ് അവര്‍ ഇന്നും ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി തുടരുന്നതും ലോകത്തെ അവരുടെ കറന്‍സിയില്‍ വിപണനത്തിന് പ്രോത്സാഹിപ്പിക്കുന്നതും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

also read:ഒ ടി പി നമ്പര്‍ പറഞ്ഞുകൊടുത്ത് കുസാറ്റ് മുന്‍ വിസിക്ക് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവം: അന്വേഷണം കേരളത്തിന് പുറത്തേക്ക്

സുകന്യ കൃഷ്ണ

സുകന്യ കൃഷ്ണ

എഴുത്തുകാരിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുമാണ് സുകന്യ കൃഷ്ണ

More Posts

Share on

മറ്റുവാര്‍ത്തകള്‍