UPDATES

ബ്ലോഗ്

ലോകത്ത് ഏറ്റവുമധികം സന്തോഷത്തോടെ ആളുകള്‍ ജീവിക്കുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ദൈവരഹിതമായിരിക്കുന്നത് എന്തുകൊണ്ട്?

രാജ്യത്തെ ബഹുഭൂരിപക്ഷം അവിശ്വാസികളും നാഷണല്‍ ചര്‍ച്ചിന്റെ നടത്തിപ്പിന് പരാതികളില്ലാതെ നികുതി കൊടുക്കുന്നവരും തങ്ങളുടെ വിവാഹത്തിനും ശവമടക്കിനും പള്ളിയെ ഉപയോഗിക്കുന്നവരുമാണ

                       

ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ലോകരാജ്യങ്ങളിലെ സാമൂഹിക ജീവിതഘടനകളെ ആധാരമാക്കി 2012മുതല്‍ പ്രസിദ്ധീകരിച്ചുവരുന്ന ഒന്നാണ് World happiness report.

വ്യവസായികവും സാമ്പത്തികവുമായ പുരോഗതി, പൗരജനങ്ങളുടെ ക്രിയാത്മകത, ശാസ്ത്രസാങ്കേതിക പരിജ്ഞാനം, ആശയവിനിമയം, സാമൂഹിക സുരക്ഷ, വ്യക്തിസ്വാതന്ത്ര്യം വൈകാരിക തലങ്ങള്‍, വിദ്യാഭ്യാസം, കുടുംബസംവിധാനങ്ങള്‍, ഭക്ഷ്യസുരക്ഷ, സര്‍ക്കാരുകളും നയങ്ങളും, നിയമവാഴ്ചയും കുറ്റകൃത്യവും, മതവും ധാര്‍മ്മികതയും, യാത്രാസംവിധാനങ്ങള്‍, തൊഴിലിടങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകത്തെ സന്തോഷകരമായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷവും ഈ പട്ടികയിലെ ആദ്യ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത് ഫിന്‍ലാന്‍ഡ്, നോര്‍വെ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ഐസ്ലാന്‍ഡ് തുടങ്ങിയ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളാണ്.

നൂറ്റിയമ്പതിലേറെ രാജ്യങ്ങളെ പിന്തള്ളി ലോകത്തെ ഏറ്റവും മുന്തിയ സമൂഹങ്ങളായി ഈ രാജ്യങ്ങള്‍ നില്‍ക്കുന്നത് എന്തുകൊണ്ട് എന്നത് പഠിക്കേണ്ട വിഷയമാണ്. പ്രത്യേകിച്ചും അവര്‍ മറ്റാരേക്കാളും മതവിമുഖരും ദൈവരഹിതരുമായ സമൂഹങ്ങളാണ് എന്നത് കൗതുകമുണര്‍ത്തുന്നു! മതവും ദൈവവുമില്ലെങ്കില്‍ മനുഷ്യന്‍ മൃഗമായിത്തീരുമെന്നും സമൂഹങ്ങള്‍ കുത്തഴിഞ്ഞുപോകുമെന്നും സംഘടിതമതങ്ങളും പൗരോഹിത്യങ്ങളും പ്രവാചകന്മാരും പണ്ഡിതന്മാരും കാലാകാലങ്ങളായി ലോകത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മതനിഷേധികളുടെ രാജ്യങ്ങളില്‍ ജയിലുകള്‍ ഒഴിഞ്ഞുകിടക്കുന്നു, ആളുകള്‍ ആഹ്ലാദത്തോടെ ജീവിക്കുന്നു എന്നത് അതിശയോക്തി തന്നെ!

2013ലെ വേള്‍ഡ് ഹാപ്പി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ നൂറ്റിപതിനെട്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ 2018ലെ റിപ്പോര്‍ട്ടില്‍ നൂറ്റിമുപ്പത്തിമൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും നമ്മുടെ അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും ബംഗ്ലാദേശുമൊക്കെ ലോകറാങ്കിങ്ങില്‍ നമ്മളേക്കാള്‍ വളരെ മുകളിലാണ് എന്നതും ഇവിടെ ഓര്‍ക്കണം. മതപ്രബോധനങ്ങള്‍ക്കും ദൈവങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇന്ത്യ ഉള്‍പ്പടെ ലോകത്തെ എല്ലാ രാജ്യങ്ങളെയും അസൂയപ്പെടുത്തുന്നുണ്ട് സാമൂഹിക ശരാശരിയില്‍ ആദ്യറാങ്കുകള്‍ നേടുന്ന സ്‌കാന്ഡിനേവിയ.

ദൈവനിഷേധികളുടെ ഈ സമൂഹങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു പഠനത്തെക്കുറിച്ച് ഇതോടൊപ്പം പറയാതെപോകാനാകില്ല. വിവിധ മതഫാസിസങ്ങളും രാഷ്ട്രീയവും മതവും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുംകൊണ്ട് പൊറുതിമുട്ടിയ ഇന്ത്യന്‍ സമൂഹങ്ങളില്‍ ഇത്തരം പഠനങ്ങള്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ മതേതരമെന്ന് പറയുമ്പോഴും നാം അത്രമാത്രം മതാത്മകസമൂഹങ്ങളും നമ്മുടെ സാമൂഹിക വ്യക്തിത്വങ്ങളില്‍ സംഘടിത മതങ്ങള്‍ ഏല്‍പ്പിക്കുന്ന പരുക്കുകള്‍ അത്രമാത്രം പ്രകടവുമാണ്! വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ തട്ടകങ്ങളില്‍ മതമെന്നത് ഒരു വില്‍പനച്ചരക്കാകുമ്പോള്‍ നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മ്മികതകള്‍ സോ കോള്‍ഡ് മതധാര്‍മ്മിതകള്‍ക്ക് നാം പണയം വയ്ക്കുന്ന അനല്‍പമായ കാഴ്ചകളും സംഭവങ്ങളും നമുക്ക് ചുറ്റും സുലഭമാണ്. ഈ സാഹചര്യത്തില്‍ക്കൂടിയാണ് സ്‌കാന്ഡിനേവിയയിലെ മതേതര സമൂഹം നമ്മുടെ മുന്നില്‍ പ്രസക്തമാകേണ്ടത്

കാലിഫോര്‍ണിയയിലെ പിട്‌സര്‍ (Pitzer) സര്‍വ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അധ്യാപകനാണ് പ്രൊഫ: ഫില്‍ സുക്കര്‍മാന്‍ (Phil Zuckerman). അദ്ദേഹം ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനുംകൂടിയാണ്. സോഷ്യോളജിയില്‍ ബിരുദ-ബിരുദാനന്തരങ്ങളും ഡോക്ടറേറ്റുമുള്ള സുക്കര്‍മാന് മതേതരസമൂഹങ്ങളിലെ മനുഷ്യജീവിതങ്ങള്‍ എന്നും പഠനവിഷയമാണ്; ഈ വിഷയത്തിലുള്ള താല്പര്യവും അധ്വാനവും ട്രിനിറ്റി കോളേജില്‍ ആദ്യമായി മതേതരസമൂഹത്തെ ഒരു പ്രത്യേകപാഠ്യവിഷയമാക്കി ഒരു കോഴ്‌സ് (Institute for the Study of Secularism in Society and Culture) തുടങ്ങുന്നതിന് അദ്ദേഹത്തെ സഹായിച്ചു. അതിനു പ്രചോദനമായതാകട്ടെ ഡന്മാര്‍ക്ക്, സ്വീഡന്‍ പോലെയുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ മതേതരസമൂഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളും നിരീക്ഷണങ്ങളും. 2005-06 വര്‍ഷങ്ങളില്‍ സ്വീഡനിലും ഡന്മാര്‍ക്കിലും പതിന്നാല് മാസങ്ങള്‍ താമസിച്ച തന്റെ അനുഭവങ്ങള്‍ സുക്കര്‍മാന്‍ വര്‍ണ്ണിച്ചപ്പോള്‍ ലോകം അത് കൌതുകത്തോടെ കേട്ടിരുന്നു. ഏതാണ്ട് നൂറ്റിയമ്പതോളം ഡച്ച്/സ്വീഡന്‍ പൌരന്മാരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും അഭിമുഖങ്ങളും കോര്‍ത്തിണക്കിയ ദൈവരഹിതസമൂഹം (Society without God-Published on 2008) എന്ന പുസ്തകം സുക്കര്‍മാനെ വളരെയധികം പ്രശസ്തനാക്കി. Fore Word Magazineന്റെ silver book of the year award നേടിയ ഈ കൃതി ‘ബെസ്റ്റ്‌സെല്ലര്‍’ പട്ടികയിലാണ്;

മതഭീകരതകള്‍കൊണ്ട് പൊറുതിമുട്ടുന്ന ലോകത്ത് മതസമൂഹങ്ങളിലെയും മതേതരസമൂഹങ്ങളിലെയും ജീവിതങ്ങളെക്കുറിച്ചുള്ള താരതമ്യപഠനങ്ങള്‍ എത്രയോ പ്രസക്തമാണ്. ഈ പുസ്തകത്തിന്റെ പ്രസക്തിയാകട്ടെ ആ മേഖലയ്ക്കുള്ള മഹത്തായൊരു സംഭാവന എന്ന നിലയ്ക്ക് മാത്രമല്ല, മതേതരസമൂഹങ്ങളിലെ ജനങ്ങളുടെ ഉയര്‍ന്നജീവിതനിലവാരവും കുറ്റകൃത്യങ്ങളിലെ തുലോം തുച്ഛമായ കണക്കും ആരുടേയും കണ്ണുതുറപ്പിക്കേണ്ടതാണ്. മതകഥാപുസ്തകങ്ങളില്‍ വീണുകിടന്ന് ജീവിതത്തെ യാന്ത്രികവും
നിരര്‍ത്ഥകവുമാക്കുന്നവര്‍ തങ്ങളുടെ കണ്ണുകള്‍ക്ക് മുന്നില്‍ ഒരു സമൂഹം എങ്ങനെ ആനന്ദത്തോടെ-ആഘോഷത്തോടെ-ആരോഗ്യത്തോടെ ജീവിക്കുന്നു എന്നത് പഠിക്കേണ്ട വിഷയം തന്നെ. ധാര്‍മ്മികതയുടെ മൊത്തവിതരണക്കാരായ മതപൗരോഹിത്യങ്ങള്‍ അടക്കിഭരിക്കുന്ന സമൂഹങ്ങളാകട്ടെ അത്രമാത്രം അക്രമോത്സുകവും അടിച്ചമര്‍ത്തപ്പെട്ടവരുമാണ്.

സ്‌കാന്‍ഡിനേവിയന്‍ രാജ്യളിലേക്ക് ഒരു നിമിഷം നോക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്; വിദ്യാലയങ്ങള്‍, രാഷ്ട്രീയം, മാധ്യമങ്ങള്‍ തുടങ്ങി ഒരു സമൂഹത്തിന്റെ ഗതിനിര്‍ണ്ണായക കേന്ദ്രങ്ങളിലെല്ലാം ദൈവരഹിതമസ്തിഷ്‌കങ്ങള്‍ എത്രമാത്രം പുരോഗമനപരമായും ക്രിയാത്മകമായും പ്രവര്‍ത്തിക്കുന്നു എന്നതും മതാതിഷ്ഠിതസമൂഹങ്ങളിലെ അഴുക്കുചാലുകളില്‍ മേല്‍ പറഞ്ഞവ പ്രവര്‍ത്തിക്കുന്നതും മനസിലാക്കുക എന്നത് വളരെ പ്രധാനമാണ്; പൂര്‍ണ്ണ അവിശാസികള്‍/അല്‍പവിശ്വാസികള്‍ /പൂര്‍ണ്ണവിശ്വാസികള്‍ എന്നിങ്ങനെ മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും തരംതിരിച്ച് തന്നെ അറിയേണ്ടതുണ്ട്.

സുക്കര്‍മാന്‍ തന്റെ പഠനത്തിനായി തിരഞ്ഞെടുത്ത ഡച്ച്/സ്വീഡന്‍ പൌരന്മാരില്‍ പലതരം വിദ്യാഭ്യാസയോഗ്യതയുള്ളവരും പലപ്രായക്കാരും ഉണ്ടായിരുന്നു; മതപാതകളില്ലാതെ ജീവിതയാത്രചെയ്യുന്ന അവരുടെ ഹൃദയം തുറന്നുകാണുവാന്‍ അദ്ദേഹം ഉത്സുകനായി. അന്തസ്സായി ജീവിക്കുന്നതില്‍, കുട്ടികളെ വളര്‍ത്തുന്നതില്‍, പഠിക്കുന്നതില്‍, ജോലി നേടുന്നതില്‍, ജീവിതം നല്‍കുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ ദൈവാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കാത്ത അനേകം പേരുടെ സമൂഹം അദ്ദേഹത്തില്‍ ആവേശമുണ്ടാക്കി; സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഒരു നല്ല സമൂഹം! അതായിരുന്നു ഡെന്മാര്‍ക്ക്; അതിന്റെ സാമൂഹികഘടന, ലിംഗസമത്വം, ആരോഗ്യം, ശുചിത്വം, ജീവിതത്തെക്കുറിച്ചുള്ള ആളുകളുടെ പ്രത്യാശകള്‍, കുറ്റകൃത്യങ്ങളുടെ അഭാവം, സാമൂഹികസുരക്ഷിതത്വം, അങ്ങനെ എത്രയോ തലങ്ങളില്‍ മുന്നിലാണവര്‍; അതിന്റെ സൌന്ദര്യം അത്രമാത്രം പ്രചോദനാതമകവുമാണ്;

കണ്ടുമുട്ടിയവരോട്, ഫില്‍ അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചു; മരണത്തെക്കുറിച്ചും മരണാനന്തരത്തെക്കുറിച്ചും ചോദിച്ചു; അവരുടെ ഉത്തരങ്ങള്‍ അത്രമേല്‍ ലളിതവും അകൃത്രിമവുമായിരുന്നു; നമ്മെ അസൂയപ്പെടുത്തിക്കൊണ്ട് ജീവിക്കുമ്പോഴും ജീവിതത്തിന് പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ലെന്നു അവര്‍ ചിരിച്ചു കൊണ്ട് പറയും; മരണമാകട്ടെ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗവും! മരണാനന്തരമെന്നതോ അവര്‍ക്ക് നിരര്‍ത്ഥകമായ ഒരു ചോദ്യം മാത്രം! മതം, ദൈവം, ജീവിതലക്ഷ്യം, മരണാനന്തരം, പാപം, പുണ്യം, നരകം, സ്വര്‍ഗ്ഗം തുടങ്ങിയ പദങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ അത്ര പ്രധാന്യമില്ല;

ഇത്തരം വാക്കുകള്‍ ആരും പറയാറോ ശ്രദ്ധിക്കാറോ ഇല്ല; ഒരു ഡേ-കേയര്‍ സ്‌കൂളിലെ 24-കാരിയായ മെറ്റി എന്ന ടീച്ചറോട് സംസാരിക്കുമ്പോള്‍ സുക്കര്‍മാന്‍ ചോദിച്ചു, എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്രമാത്രം മതവിമുഖതയുള്ളവര്‍ ആയിരിക്കുന്നത്; അവളുടെ ഉത്തരം വളരെ ലളിതമായിരുന്നു: ”I don’t know, because… we just don’t care.’ ഇതായിരുന്നു താന്‍ കണ്ടുമുട്ടിയ ഭൂരിപക്ഷം ആളുകളുടെയും നിലപാട്; മതവിഷയങ്ങളോടുള്ള അവരുടെ ഈ നിഷേധാത്മക അത്രമേല്‍ സ്വാഭാവികമായിരുന്നു; വിശ്വാസികളെയും അദ്ദേഹം കണ്ടുമുട്ടി, അവരാകട്ടെ വിശ്വാസത്തെ കേവലസ്വകാര്യതയായി കൊണ്ടുനടക്കുന്നവരാണ്; അവര്‍ വിശ്വാസികളാണ് എന്ന് അറിയുകപോലും സാധ്യമല്ല! രസകരമായ വിശേഷം രാജ്യത്തെ ബഹുഭൂരിപക്ഷം അവിശ്വാസികള്‍ നാഷണല്‍ ചര്‍ച്ചിന്റെ നടത്തിപ്പിന് പരാതികളില്ലാതെ നികുതി കൊടുക്കുന്നവരും തങ്ങളുടെ വിവാഹത്തിനും ശവമടക്കിനും പള്ളിയെ ഉപയോഗിക്കുന്നവരുമാണ്. പള്ളിയോടുള്ള ഈ ബന്ധം ഇന്‍ഷുറന്‍സ് പോളിസി പോലെ മാത്രമാണ് എന്നാണ് സുക്കര്‍മാന്‍ ഇതിനെക്കുറിച്ച് പറയുന്നത്; പള്ളിയിലെ അംഗത്വത്തിനു ‘ദൈവിക’കാരണങ്ങള്‍ ഒന്നും തന്നെ അവര്‍ക്കില്ല!

സ്‌കാന്‍ഡിനേവിയ മതേതരമായിരിക്കുന്നതിലേക്കുള്ള മൂന്നു വഴികളെക്കുറിച്ച് ഫില്‍ പറയുന്നു, ഒന്ന്, മതത്തോടുള്ള വിമുഖതയും (reluctance) മിതഭാഷിത്വവും (reticence), രണ്ട്, ആരോഗ്യകരമായ നിഷ്പക്ഷത (benign indifference), മൂന്ന്, പൂര്‍ണ്ണമായ വിസ്മരണത്വം (utter obliviousness); താന്‍ കണ്ടുമുട്ടിയ ആളുകള്‍ ഈ മൂന്നുവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ആദ്യകൂട്ടര്‍ മതത്തെക്കുറിച്ച് സംസാരിക്കാന്‍ അത്രത്തോളം തയ്യാറാവാറില്ല; സംസാരിച്ചാല്‍ തന്നെ അത് നീണ്ടുപോകാറുമില്ല! ബഹുഭൂരിപക്ഷം വരുന്ന രണ്ടാമത്തെ നിഷ്പക്ഷ ഗ്രൂപ്പുകളാകട്ടെ, വ്യക്തിപരമായി മതാത്മകതയില്ലാത്തവരെങ്കിലും മതപുസ്തകങ്ങളിലെ കഥകളെക്കുറിച്ചൊക്കെ പോസിറ്റീവായി പറയുന്നതില്‍ അത്രബുദ്ധിമുട്ടുകളില്ലാത്തവരാണ്; മൂന്നാമത്തെ ചെറിയ ഗ്രൂപ്പാകട്ടെ, ഇത്തരം കാര്യങ്ങള്‍ കേള്‍ക്കാനും പറയാനും യാതൊരു താല്‍പര്യവും കാണിക്കാത്തവരും തങ്ങള്‍ അതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല എന്ന് തുറന്നുപറയുന്നവരുമാണ്.

ആളുകള്‍ മതങ്ങള്‍ക്കായി ഹാര്‍ഡ്വെയര്‍ ചെയ്യപ്പെട്ടവരാണ് എന്ന അമേരിക്കന്‍ അക്കാഡമിക് നിരീക്ഷണങ്ങളെ നിരൂപാധികം നിഷേധിക്കുന്ന നിഗമനങ്ങളിലേക്കാണ് ഇത്തരം സംഭാഷണങ്ങള്‍ സുക്കര്‍മാനെ കൊണ്ടെത്തിച്ചത്; ജീവശാസ്ത്രപരമായ സ്വാഭാവികതയല്ല, മറിച്ച് സാംസ്‌കാരികം, സാമൂഹികം, മന:ശാസ്ത്രപരം, സാമ്പത്തികം, താത്വികം, രാഷ്ട്രീയം തുടങ്ങി പലതുമാവാം മതവിശ്വാസങ്ങളുടെ കാരണം എന്ന് അദ്ദേഹം അടിവരയിട്ട് കുറിക്കുന്നു!

‘ദൈവരഹിതസമൂഹം’ എന്ന പുസ്തകം ഒരു എഴുത്തുകാരന്റെ ഭാവനയല്ല; ഒരു ഗവേഷകന്റെ സിദ്ധാന്തങ്ങളല്ല; ഒരു യുക്തിവാദിയുടെ ആശയങ്ങളുമല്ല; കണ്ണുകള്‍കൊണ്ട്, ഹൃദയംകൊണ്ട് ഒരാള്‍ തൊട്ടറിഞ്ഞതിന്റെ പ്രതിബിംബമാണ് അതിലെ വാക്കുകള്‍; ഭൗതികയാഥാര്‍ത്ഥ്യങ്ങളാണ് അതിലെ ചിത്രങ്ങള്‍!; ആ സമൂഹം നമ്മില്‍ അസൂയയുണര്‍ത്തും; മതവിശ്വാസങ്ങളാകുന്ന പാരമ്പര്യ രോഗങ്ങളാല്‍ ദുര്‍ബലമാക്കപ്പെട്ട നമ്മുടെ സ്വന്തം സമൂഹങ്ങളെക്കുറിച്ച് അസ്വസ്ഥമായ ഓര്‍മ്മകള്‍ ഉണ്ടാക്കും; വെട്ടിനുറുക്കപ്പെട്ട പച്ചമാംസങ്ങള്‍ക്കും കെട്ടിക്കിടക്കുന്ന ചോരക്കളങ്ങള്‍ക്കുമരികില്‍ അരയും തലയും മുറുക്കി വിശ്വാസങ്ങള്‍ക്ക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്ന ഇരുകാലികളെ എങ്ങനെ മാറ്റിയെടുക്കും എന്ന വിഷമവൃത്തത്തിലേക്ക് നാം വീണുരുകും! സ്‌കാന്‍ഡിനേവിയിലേക്കുള്ള നമ്മുടെ ദൂരം അത്രമേല്‍ അപാരവും സങ്കീര്‍ണ്ണവുമാണെന്നാവും നാം തിരിച്ചറിയുക.

read more: പ്രളയം തകര്‍ത്തെറിഞ്ഞിട്ടും കുറിച്യാര്‍മല സ്കൂളിലെ കുരുന്നുകള്‍ ഹാപ്പിയാണ്; ഇനിയവര്‍ക്ക് ഓടിക്കളിക്കാനൊരു സ്കൂള്‍ വേണം

രജീഷ് പാലവിള

രജീഷ് പാലവിള

എഴുത്തുകാരന്‍, കവി, വിവര്‍ത്തകന്‍, യാത്രികന്‍, രാഷ്ട്രീയ നിരീക്ഷകന്‍. കൊല്ലം സ്വദേശി. 2014 മുതല്‍ തായ്‌ലാന്‍ഡില്‍ ജോലി ചെയ്യുന്നു. Websites: http://vedhandam.blogspot.com/

More Posts

Share on

മറ്റുവാര്‍ത്തകള്‍