July 12, 2025 |
ലക്ഷ്മി പി.
ലക്ഷ്മി പി.
Share on

അപര്‍ണ, പ്രിയ, സിമി, പല്ലവി; പൈസയായാലും വിശ്വാസമായാലും നഷ്ടപ്പെട്ടവർക്ക് അത് തിരിച്ചുപിടിച്ചേ പറ്റൂ

ഈ സ്ത്രീകൾ തൊഴിലെടുക്കുന്നവരാണ്. ലാഭത്തെയും നഷ്ടത്തെയും കുറിച്ച് സംസാരിക്കുന്നവരാണ്. പൈസ നല്ല വൃത്തിയായി എണ്ണി ബാഗിലിടുന്നവരാണ്.

മലയാളസിനിമയിൽ അടുത്തകാലത്ത്, (രണ്ടു വർഷത്തിനിടയിൽ) ഇറങ്ങിയ നാല് സിനിമകളുണ്ട്. പല കാരണങ്ങളാലും  ഇഷ്ടപ്പെടാതിരിക്കുകയും അതേസമയം പല കാരണങ്ങളാലും പ്രസക്തമാണെന്ന് കരുതുന്നതുമായ സിനിമകളാണ് അവ. സ്ത്രീപക്ഷവായനകൾ എല്ലാം ഈ നാല് സിനിമകളെ സംബന്ധിച്ചും ധാരാളമായി വന്നുകഴിഞ്ഞതാണ്. ഈ നാലു സിനിമകളെയും ഒന്നിച്ച് ഒരു കൂട്ടമായി കാണാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരു സവിശേഷത ഇവയ്ക്കുണ്ട്. ഈ സിനിമകളിൽ നാലിലും റിലേഷൻഷിപ്പുകൾക്കുള്ളിൽ നിർണായകമായ ചില തീരുമാനങ്ങളെടുക്കുന്നത് സ്ത്രീകളാണ്. ഈ സ്ത്രീകൾ തൊഴിലെടുക്കുന്നവരാണ്. ലാഭത്തെയും നഷ്ടത്തെയും കുറിച്ച് സംസാരിക്കുന്നവരാണ്. പൈസ നല്ല വൃത്തിയായി എണ്ണി ബാഗിലിടുന്നവരാണ്.

പൈസ എണ്ണുന്നവരാണ് എന്ന് പറഞ്ഞത് വെറുതെ ആലങ്കാരികമായല്ല. ഒരു രാത്രി, ഏതോ കല്യാണറിസപ്ഷന്റെ വേദിക്കു പുറകിൽ നിന്ന് പൈസ എണ്ണി നോക്കുന്ന അപർണയെയാണ് മായാനദിയിൽ എനിക്കാദ്യം ഓർമ വരിക. റിസപ്ഷനുകളിലും മറ്റും അവതാരകയായി ജോലി ചെയ്ത് പൈസ ഉണ്ടാക്കിയാണ് കാമുകൻ വരുത്തിവെച്ച കടം താൻ വീട്ടിയതെന്ന് അവൾക്കോർമ്മയുണ്ട്. അല്ലെങ്കിലും പൈസയായാലും വിശ്വാസമായാലും നഷ്ടപ്പെട്ടവർക്ക് അത് തിരിച്ചുപിടിച്ചേ പറ്റൂ. നഷ്ടം വരുത്തിവെച്ചവർക്ക് മാത്രമാണ് കാല്പനികതകൾ അവശേഷിക്കുന്നത്. നഷ്ടം വരുത്തിയത് മാത്തനാണ്. അപ്പുവിന്റെ പൈസ മാത്രമല്ല വിശ്വാസവും അതോടൊപ്പം അയാൾക്ക് നഷ്ടമാകുന്നു. വിശ്വാസങ്ങളെ, വികാരങ്ങളെ, ബന്ധങ്ങളെ എല്ലാം പൈസ കൊണ്ടുവരികയും കൊന്നുകളയുകയും ചെയ്യും. കാല്പനികതയുടെ പുതപ്പുകളിൽ ചുരുണ്ടുകൂടി പ്രേമത്തെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കാൻ, ജീവിച്ചുപോകാൻ നിൽക്കക്കള്ളിയില്ലാത്തവർക്കാകണമെന്നില്ല. സ്വന്തമായി അധ്വാനിച്ച് പൈസ ഉണ്ടാക്കുന്നവളാണ് അപർണ. തനിക്ക് ‘ബെറ്റർ ലൈഫ്’ വേണമെന്നത് അവളുടെ വാശിയാണ്. അവൾ അവൾക്കു നൽകുന്ന വാഗ്ദാനമാണ് ആ ബെറ്റർ ലൈഫ്. കൂട്ടുകാരി ഉപയോഗിച്ചുപേക്ഷിക്കുന്ന ഡ്രസ് ഇടേണ്ടിവരാത്ത, പ്രതിഫലം കൂടുതൽ കിട്ടാൻ ബാംഗ്ലൂർ മോഡലാണെന്ന് കളവുപറയേണ്ടതില്ലാത്ത ഒരു ജീവിതം. സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ അതിൽ നായികയായിത്തന്നെ വേണമെന്ന് അവൾ സ്വയം നിർബന്ധിച്ചുകൊണ്ടിരിക്കുന്നത് ആ ബെറ്റർ ലൈഫിലേക്കെത്താനാണ്. അത്രയും നിശ്ചയദാർഢ്യമുള്ള കാമുകിക്കു മുന്നിൽ വന്നുനിൽക്കാൻ ആ കാമുകന്‌ ശക്തി വരുന്നതോ കുറേ കളളപ്പണം കൈയ്യിൽ വരുമ്പോൾ മാത്രമാണ്. അതുവരെ അപർണയുടെ ഇൻസ്റ്റഗ്രാം ഫോട്ടോസ് പ്രണയപൂർവ്വം നോക്കിക്കൊണ്ടിരിക്കാനുള്ള ധൈര്യമേ അയാൾക്കുള്ളൂ. അവളെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കാനും “എന്നോട് ഒരു തരി സ്നേഹം പോലും തോന്നുന്നില്ലേ” എന്നു ചോദിക്കാനും അവളുടെ കൺമുന്നിൽ വന്നുനിൽക്കാൻ പോലും മാത്തന് സാധിക്കുന്നത്, തനിക്കർഹതയില്ലാത്ത പണപ്പെട്ടിയുടെ ഭാരം കൊണ്ടാണ്. അല്ലാതെ ദിവസേന നൂറ് പുഷ് അപ് എടുത്തുണ്ടാക്കിയെടുത്ത ഭാരിച്ച ശരീരം അവനൊരിക്കലും ഒരു ബലമാകുന്നതേയില്ല.

വരത്തനിലും പ്രിയക്കും എബിക്കും ഇടയിൽ ജോലിയും പൈസയും കടന്നുവരുന്ന രംഗങ്ങളുണ്ട്. ജോലി നഷ്ടപ്പെട്ട, നഷ്ടപ്പെട്ട ജോലിയുടെ പേരിൽ ഭാര്യവീട്ടുകാരുടെ കുത്തുവാക്കു കേൾക്കേണ്ടി വരുന്ന എബിക്ക് പ്രിയയുടെ മുന്നിൽ അനുഭവിക്കേണ്ടി വരുന്ന ആത്മവിശ്വാസക്കുറവുകളാണ് അവിടെ നിറയുന്നത്. പരമാവധി പ്രശ്നങ്ങളിൽ നിന്നൊഴിഞ്ഞ്, റിസ്കുകളേറ്റെടുക്കാതെ, ഹെഡ്ഫോണുകൾ ചെവിയിൽ തിരുകി, പുറംലോകത്തിന്റെ ശബ്ദങ്ങളെയവഗണിച്ച് ജീവിക്കാനയാളെ പ്രേരിപ്പിക്കുന്നത് അയാളുടെ അതേ ആത്മവിശ്വാസക്കുറവാണ്. പ്രിയക്ക് തനിക്ക് ജീവിക്കേണ്ട ജീവിതത്തെ പ്രതി, തന്റെ സ്വാതന്ത്ര്യങ്ങളെ പ്രതി വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. (അവസാനഭാഗത്ത് സിനിമ വെറും ആൺബോധങ്ങളിലാണ് പ്രവർത്തിക്കുന്നതെങ്കിലും) തന്റെ ജീവിതത്തിൽ, ഇനി അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് പങ്കാളിയോട് തുറന്നുപറയുന്ന പ്രിയയുടെ ബലം അവളുടെ സാമ്പത്തിക പ്രിവിലേജു തന്നെയാണെന്ന് ഞാൻ കരുതുന്നു.

കുമ്പളങ്ങി നൈറ്റ്സ് എന്നെ സംബന്ധിച്ച് തുടർച്ചയായി ബൈനറികളെ അവതരിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഒരു കഥയാണ്. ബേബി മോൾക്ക് തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാൻ, ധൈര്യപൂർവ്വം തീരുമാനങ്ങളെടുക്കാൻ, വീട്ടുകാർക്കു മുന്നിൽ സ്വന്തം അഭിപ്രായങ്ങളിലുറച്ചു നിൽക്കാനെല്ലാം സാധിക്കുകയും സിമിക്ക് അവസാനരംഗമാകും വരെ അത്തരമൊരു ധൈര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നു. ബേബി മോളെ എടീ പോടീന്ന് വിളിക്കരുതെന്ന വാചകം പറഞ്ഞുകഴിഞ്ഞപ്പോഴായിരിക്കാം അത്തരമൊരു ശബ്ദവും തനിക്കുണ്ടെന്ന് സിമി തിരിച്ചറിയുന്നത്. ബേബി വീടിനു പുറത്തിറങ്ങി ജോലി ചെയ്തു സമ്പാദിക്കുന്നവളാകുകയും സിമി വീട്ടിനകത്ത് പണിയെടുത്ത് തളരുന്നവൾ മാത്രമാകുകയും ചെയ്യുന്നു. സ്വന്തം കാലിൽ നിൽക്കുന്ന ബേബിക്ക് കാമുകനോട് താൻ “ഊളയെ പ്രേമിച്ച പെൺകുട്ടി”യാണെന്ന് വിളിച്ചുപറയാം. തൊഴിൽരഹിതയായ സിമിക്ക് “അകത്ത് കേറ്, വെയിലു കൊള്ളണ്ട” എന്ന് ഭർത്താവ് പറയുമ്പോൾ വീട്ടിനകത്തേക്ക് കയറുകയുമാകാം. ആ വീടിനകത്തുനിന്നുകൊണ്ട് ശബ്ദിച്ചു തുടങ്ങിയ സിമിയെ സിനിമ കാണിച്ചു എന്നതാണ് വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ട സംഗതി. സിമി പിന്നീട് വീടിനു പുറത്തിറങ്ങിയോയെന്ന് നമുക്കറിയില്ലയെങ്കിലും. (അതുവരെ കണ്ട കാമുകനല്ല ബോബി പിന്നീട്. സ്വന്തമായി പൈസയൊന്നുമില്ലാതിരുന്ന കാലത്ത് ബേബി തീരുമാനിക്കുന്നതയാൾക്ക് അംഗീകരിച്ചേ പറ്റുമായിരുന്നുള്ളൂ. ഒരു ‘ഏട്ട’ന്റെ നിയന്ത്രണങ്ങളിൽ നിന്നിറങ്ങി ഒന്നിലേറെ ‘ഏട്ടന്മാരുടെ’ നിയന്ത്രണങ്ങളിലേക്ക് കയറിച്ചെന്നതു പോലെയാണ് ബേബിയുടെ കഥയെ ഞാൻ കണ്ടത്. തനിക്ക് കുട്ടിയുണ്ടാകണമോ വേണ്ടയോ എന്നെല്ലാം ഭർത്താവിന്റെ സഹോദരന്മാർ തീരുമാനിക്കുമ്പോൾ മതി എന്നു കരുതുന്നതിൽ വലിയ പ്രശ്നമൊന്നും തോന്നാത്ത മാനസികാവസ്ഥയൊക്കെയേ ബേബിമോൾക്കും ഉള്ളൂ)

ഏറ്റവുമവസാനം ഉയരെയിൽ ഗോവിന്ദിന് ‘കൊള്ളാവുന്ന’ ഒരു ജോലിയില്ല. പല്ലവിക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന ഒരു ജോലി ലഭിക്കുന്നു. അവന്റെ ഭാഷയിൽ പറഞ്ഞാൽ അവൾ സെറ്റിൽഡാവുന്നു. സേഫാകുന്നു. അതാണ് പ്രധാന പ്രശ്നം. അല്ലെങ്കിൽ അതൊരു പ്രധാനപ്രശ്നം തന്നെയാണ്. അച്ഛൻ ജോലി ചെയ്യുകയും അമ്മ വീട്ടിലിരിക്കുകയും ചെയ്തിരുന്ന ഒരു ഗാർഹികാന്തരീക്ഷത്തിൽ നിന്നാണ് ഗോവിന്ദ് വരുന്നത്. താൻ നല്ല നിലയിലെത്തുമെന്ന് അയാൾക്കൊരു പ്രതീക്ഷയുമില്ല. അഥവാ ഇൻറർവ്യൂവിൽ തനിക്ക് ജോലി കിട്ടിയാൽ അതയാൾക്കൊരു ‘മഹാത്ഭുതം’ ആയിരിക്കും. പല്ലവിക്ക് താൻ ആഗ്രഹിച്ച ജോലി ഒരു മഹാത്ഭുതമല്ല. അത് യാഥാർത്ഥ്യമാകാൻ വേണ്ടി അവൾ ആഗ്രഹിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടിട്ടുണ്ട്. താൻ വീട്ടുകാർക്ക് ഒരു ഭാരമാവരുതെന്ന് അവൾക്ക് നിർബന്ധമുണ്ട്. ആസിഡ് വീണു മുഖം പൊള്ളിയിട്ടും കമ്പനി സെക്രട്ടറി കോച്ചിങിനു പോകാനവൾ പരിശ്രമിക്കുന്നെങ്കിലുമുണ്ട്. ജോലിയുള്ള, പരിശ്രമിശാലിയായ പല്ലവിക്കാണ് “എന്റെ ജീവിതത്തിൽ നിന്ന് പോ” എന്ന് ഗോവിന്ദിനോട് പറയാൻ പറ്റുന്നത്. ഒരു ബാഗ് വാങ്ങണമെങ്കിൽ അച്ഛന് പൈസ തികയുമോ എന്ന് സംശയിക്കേണ്ടിയിരുന്ന പ്രായത്തിൽ പല്ലവിയിൽ ഡിസിഷൻ മേക്കിങ്ങ് പവർ ഇത്രത്തോളം ശക്തമായിരുന്നില്ല.

ഉയരെയിലും ഉണ്ട് ബൈനറികൾ. പല്ലവിയുടെ അച്ഛനും ഗോവിന്ദിന്റെ അച്ഛനും, അല്ലെങ്കിൽ വിശാലിന്റെ അച്ഛനും പല്ലവിയുടെ അച്ഛനും മാത്രമല്ല ഈ ബൈനറി. നിശ്ചയദാർഢ്യമുള്ള പല്ലവിയും ഭാവിയെക്കുറിച്ച് ഉദാസീനനായ ഗോവിന്ദും മാത്രമല്ല ഈ ബൈനറിയിൽ ഉള്ളത്. പല്ലവിയും പല്ലവിയുടെ ചേച്ചിയും പ്രധാനപ്പെട്ട ബൈനറികളാണ്. തൊഴിൽരഹിതയായ ചേച്ചിക്ക് ഒന്നിലുമൊരഭിപ്രായവുമില്ല. ഉള്ളത് കുറേ ആശങ്കകൾ മാത്രം. ഒരേ വീട്ടിൽ നിന്ന് വന്നിട്ടും, കോളേജ് വിദ്യാഭ്യാസം നേടിയിട്ടും ഭർത്തൃവീട്ടുകാരുടെ സൗകര്യം നോക്കി മാത്രം സഞ്ചരിക്കാനാകുന്ന ചേച്ചിയും എന്തു പ്രതിബന്ധങ്ങളെയും മറികടന്ന് പറക്കണമെന്ന് തീരുമാനിക്കുന്ന പല്ലവിയും സ്ത്രീയുടെ ഡിസിഷൻ മേക്കിങ് പവറിൽ സാമ്പത്തികഭദ്രതക്ക്, സ്വാശ്രയത്വത്തിന് എത്ര വലിയ സ്ഥാനമാണുള്ളതെന്ന് വ്യക്തമാക്കുന്നു.

ബൈ ദുബായ്, സ്കോളർഷിപ് ഒന്നു വന്നിരുന്നെങ്കിൽ ഒരു ഷാർജാ ഷെയ്ക്ക് വാങ്ങിക്കുടിക്കാമായിരുന്നു.
ഹാ!

(ലക്ഷ്മി ഫേസ്ബുക്കില്‍ എഴുതിയത്)

ലക്ഷ്മി പി.

ലക്ഷ്മി പി.

ഗവേഷക, എഴുത്തുകാരി

More Posts

Follow Me:Add me on Facebook

Leave a Reply

Your email address will not be published. Required fields are marked *

×