ഏറെ പ്രതീക്ഷയോടെയാണ് പുതിയ കഥാകാരനായ മഹേഷ് വെട്ടിയാറിന്റെ ‘എന്റേതായ കഥകൾ’ വായിച്ചു തുടങ്ങിയത്. കഥകളെ കുറിച്ചുള്ള നോവലിസ്റ്റ് വി ജെ ജെയിമ്സിന്റെ അവതാരികയും പ്രത്യേകതയുള്ള കവറുമാണ് എന്നെ ആകർഷിച്ചത്.
മനസ്സിൽ നിന്ന് പിരിഞ്ഞു പോവാൻ മടിക്കുന്ന കഥകൾ, പതിയെ നമ്മുടേതായി മാറുന്നവ; എന്റേതായ കഥകളെക്കുറിച്ചു ഏറ്റവും ചുരുക്കി പറയാൻ കഴിയുന്നത് ഇങ്ങനെയായിരിക്കും. വളരെ ചുരുക്കം വാക്കുകളിൽ, വലിയ കാര്യങ്ങൾ രസകരമായി ഒളിപ്പിച്ച കഥകൾ.
മൈക്കൽ സാറിനെ പോലെ പലരും നമുക്കിടയിൽ കൂടെ നടന്നു പോയവരോ, കണ്ടോ മറന്നവരോ ആണ്, വാർദ്ധക്യം എന്ന സത്യം മനസ്സിന്റേതു മാത്രമാണ് എന്ന് ജീവിതം കൊണ്ട് പറയാൻ ശ്രമിച്ച ഒരാൾ. കഥാകാരൻ അദ്ദേഹത്തെ നോക്കികാണുന്നത് മറ്റുള്ളവരുടെ ആകുലതകളിലൂടെയാണ്, അസൂയയിലൂടെയും. അമ്പതുകളിൽ, ഔദ്യോഗിക ജീവിതത്തോട് കൂടി അവസാനിക്കുന്ന ശരാശരി മലയാളി ജീവിതങ്ങളോടുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ കഥ.
സോഷ്യൽ മീഡിയകളിലെ വിരൽത്തുമ്പുകളിലേക്കു ചേക്കേറും മുൻപ് നമുക്കെല്ലാം ചുറ്റുമുള്ള ജീവിതങ്ങളും, തമാശകളും പ്രകൃതിയും ഉണ്ടായിരുന്നു എന്നോർമിപ്പിക്കുന്ന ഒന്നിലേറെ കഥകൾ ഈ ചെറിയ സമാഹാരത്തിലുണ്ട്. ഇരട്ട ചങ്കൻ, വാച്ചിന്റെ ആയുസ്സ്, പുസ്തകം എന്നിവയെല്ലാം ഈ ഗണത്തിൽ പെടും. സോഷ്യൽ മീഡിയയിലെ താരമാവാൻ പുറപ്പെട്ട വൈറൽ എന്ന കഥയിലെ പ്രകാശൻ നമ്മളിലാരോ ആണ് എന്നത് കൊണ്ടാണ് സമൂഹത്തിന് നന്മ ചെയ്യാൻ പോയ അയാളുടെ ദുര്യോഗം ചിരിപ്പിച്ചെങ്കിലും ചിന്തിപ്പിക്കുന്നത്.
അമ്പല കമ്മിറ്റി എന്ന കഥ എല്ലാ മതവിശ്വാസികൾക്കും ഉള്ളതാണ്, വിശ്വാസത്തിന്റെ ഇരിപ്പിടങ്ങളിലെ കച്ചവട രഹസ്യങ്ങളിലേക്കു വിരൽ ചൂണ്ടുന്നതാണ് ആക്ഷേപ ഹാസ്യം ആവോളം നിറച്ച ഈ കഥ.
പോർട്രൈറ് ഗാലറി പോലെ വല്ലാതെ മനസ്സിനെ അലട്ടുന്ന ചില കഥകളും ഈ സമാഹാരത്തിലുണ്ട്. കുറ്റപ്പെടുത്തലുകളില്ലാതെ, ജീവിച്ചിരിക്കുമ്പോൾ സ്നേഹം കിട്ടാതെ മരണപ്പെട്ടു പോയ ചിലരുടെ കഥ പേരില്ലാത്ത ചിത്രകാരൻ പറയുന്നത് ഓരോ വായനക്കാരോടുമാണ്. ഗോദയും, കുമ്പിളിമലയിലെ കെടാപന്തങ്ങളും രണ്ടു തരം ജീവിതങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്, കെട്ടു പോയ സമൂഹത്തിന്റെ കാണാ കാഴ്ചകൾ എന്ന് വേണമെങ്കിൽ പറയാവുന്നവ.
വാക്കുകൾ കൊണ്ട് നിറയെ ചിത്രങ്ങൾ മനസ്സിൽ കോറിയിട്ടാണ് കഥാകാരൻ ഓരോ കഥയും സമ്മാനിക്കുന്നത്. ചടുലമായ ഭാഷ പ്രയോഗങ്ങളിൽ നർമ്മം നിറയെയുണ്ട്, സമൂഹത്തിലേക്കു തിരിച്ചു പിടിച്ച ഒരു കണ്ണാടിയും എന്റെതായ കഥകളിൽ ഉടനീളം കാണാം.
പുതിയ എഴുത്തുകാരെ വായിക്കാൻ ഇഷ്ടപ്പെടുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഈ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് തൃശൂർ കറന്റ് ബുക്‌സാണ്, വില 115 രൂപ.
https://www.azhimukham.com/books-culture-unknown-land-ct-abdurahim-autobiography-chendamangallur-part-3/