UPDATES

വിദേശം

പാക് നിയന്ത്രണത്തിലുള്ള ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ തര്‍ക്കത്തില്‍ ഇന്ത്യക്ക് അനുകൂലമായി ബ്രിട്ടീഷ് പാര്‍ലമെന്റ്

ഔദ്യോഗികമായി ഇന്ത്യയുടെയും യുദ്ധാനന്തരം പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളതുമായ പ്രദേശമാണിത്‌

                       

പാക്കിസ്ഥാന്‍ നിയന്ത്രണത്തിലുള്ള ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ തര്‍ക്കത്തില്‍ ഇന്ത്യക്ക് അനുകൂലമായി നിലപാട് എടുത്ത് ബ്രിട്ടീഷ് പാര്‍ലമെന്റ്. ഗില്‍ജിത്-ബാള്‍ട്ടിസ്ഥാനെ അഞ്ചാം പ്രവിശ്യയായി മാറ്റാനുള്ള നടപടി പാക്കിസ്ഥാന്‍ തുടങ്ങിയിരുന്നു. ഇത് അത്യന്തം പ്രകോപനപരമാണെന്നാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് അപലപിച്ചിരിക്കുന്നത്. നിയമപരമായി ഇന്ത്യക്ക് അവകാശപ്പെട്ട മേഖലയാണെന്ന നിലപാട് അംഗീകരിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ്.

തങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലാത്ത മേഖല കൈവശപ്പെടുത്താനുള്ള ശ്രമമാണ് പാക്കിസ്ഥാന്‍ നടത്തുന്നതെന്നാണ് മാര്‍ച്ച് 23-ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് ബോബ് ബ്ലാക്മന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്. ഔദ്യോഗികമായി ഇന്ത്യയുടെയും യുദ്ധാനന്തരം പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളതുമാണ് മുമ്പ് വടക്കന്‍ പ്രദേശങ്ങള്‍ എന്ന് അറിയപ്പെട്ടിരുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് നേതൃത്വം വഹിക്കുന്ന കമ്മിറ്റി ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖല പാക്കിസ്ഥാന്റെ അഞ്ചാമത് പ്രവിശ്യയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, കൈബര്‍ പഷ്തുണ്‍ഖ്വാ എന്നീ നാല് പ്രവിശ്യകളാണ് പാക്കിസ്ഥാനുള്ളത്.   ശക്തമായ പാക് വിരുദ്ധ വികാരം നിലനില്‍ക്കുന്ന  മേഖലകളാണ് ഗില്‍ജിത്, ബലൂചിസ്ഥാന്‍ പ്രദേശങ്ങള്‍.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ചൈനയും ഇന്ത്യയുമൊക്കെ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍. തെക്ക് പാക് അധിനിവേശ കശ്മീരുമായും പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഷ്തുണ്‍ഖ്വാ പ്രവിശ്യയുമായും വടക്ക് അഫ്ഗാനിസ്ഥാനിലെ വാഖാന്‍ ഇടനാഴിയുമായും വടക്കു-കിഴക്ക് ചൈനയിലെ സ്വയംഭരണപ്രദേശമായ സിന്‍ജിയാങ്ങുമായും ഇന്ത്യയുടെ ജമ്മു-കശ്മീരുമായിട്ടുമാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ അതിര്‍ത്തി പങ്കുവെക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് പ്രതിരോധത്തിലും അല്ലാതെയും നിര്‍ണായകമായ ഒരു പ്രദേശമാണിവിടം.

Share on

മറ്റുവാര്‍ത്തകള്‍