UPDATES

വിപണി/സാമ്പത്തികം

അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ; ഉപഭോക്താക്കളെ കൊള്ളയടിച്ച് എസ്ബിഐ

ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ, അര്‍ദ്ധ നഗരങ്ങളില്‍ 2000 രൂപ, നഗരങ്ങളില്‍ 3000 രൂപ, മെട്രോകളില്‍ 5000 രൂപ എന്നിങ്ങനെയാണ് മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത്

                       

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവരില്‍ നിന്നും പിഴയീടാക്കുമെന്ന് എസ്ബിഐ. മിനിമം ബാലന്‍സ് നിലനിര്‍ത്തിയിട്ടില്ലാത്ത ഉപഭോക്താക്കളില്‍ നിന്നും നൂറ് രൂപ പിഴയീടാക്കും. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ, അര്‍ദ്ധ നഗരങ്ങളില്‍ 2000 രൂപ, നഗരങ്ങളില്‍ 3000 രൂപ, മെട്രോകളില്‍ 5000 രൂപ എന്നിങ്ങനെയാണ് മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് എസ്ബിഐ മിനിമം ബാലന്‍സിന്റെ പേരില്‍ പിഴയീടാക്കാനൊരുങ്ങുന്നത്.

ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. എസ്ബിഐയില്‍ ലയിച്ച എസ്ബിടി ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ക്കും ഇത് ബാധകമാണ്. അതേസമയം ലയനത്തിന്റെ മറവില്‍ വന്‍തോതില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള നീക്കമാണ് എസ്ബിഐ നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ജന്‍ധന്‍ അക്കൗണ്ടുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തനത്തിനുള്ള ചെലവ് കണ്ടെത്തുന്നതിനായാണ് മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയതെന്നാണ് എസ്ബിഐയുടെ വാദം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ 3000 രൂപ മിനിമം ബാലന്‍സില്ലെങ്കില്‍ 40 മുതല്‍ 80 രൂപ വരെ ഈടാക്കും. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ ബാലന്‍സ് ഇല്ലെങ്കില്‍ 20 മുതല്‍ 50 രൂപ വരെയാകും ഈടാക്കുക. ഇതിനിടെ എടിഎമ്മില്‍ തുക പിന്‍വലിക്കുന്നതിലും എസ്ബിഐ നിബന്ധന വച്ചിട്ടുണ്ട്. എസ്ബിഐ ഉപഭോക്താക്കള്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും ഒരുമാസം അഞ്ചിലേറെ തവണ പണം പിന്‍വലിച്ചാല്‍ ഈടാക്കുന്ന തുക അഞ്ചില്‍ നിന്നും പത്ത് ആയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മറ്റുബാങ്കുകളുടെ എടിഎമ്മില്‍ നിന്നാണെങ്കില്‍ 20 രൂപ ഈടാക്കും. പണരഹിത ഇടപാടുകള്‍ക്ക് ഇത് യഥാക്രമം അഞ്ചു രൂപയും എട്ട് രൂപയുമായിരിക്കും. പിഴയീടാക്കുന്നതിനെല്ലാം 14.5 ശതമാനം സേവന നികുതിയും അടയ്‌ക്കേണ്ടി വരും.

നിലവില്‍ മൂന്ന് തവണയില്‍ കൂടുതല്‍ ബാങ്ക് വഴി പണമടച്ചാലോ പരിധിയില്‍ കൂടുതല്‍ എടിഎം ഇടപാട് നടത്തിയാലോ പിഴ ഈടാക്കാറുണ്ട്. എന്നാല്‍ 25,000 രൂപയില്‍ തഴെ ബാലന്‍സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് ശാഖയില്‍ നിന്നും രണ്ട് തവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കൂ. ഇതില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ 50 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും. നാല് തവണ സൗജന്യസേവനം നല്‍കിയതാണ് ഇത്തരത്തില്‍ കുത്തനെ വര്‍ദ്ധിപ്പിച്ചത്. മൂന്ന് തവണയിലേറെ പണം നിക്ഷേപിത്താവും സര്‍വീസ് ചാര്‍ജ്ജ് 50 രൂപ ഈടാക്കും. ജന്‍ധന്‍ അക്കൗണ്ടുകളുടെയും എടിഎമ്മുകളുടെയും പ്രവര്‍ത്തന ചെലവിന് പണം കണ്ടെത്തുക എന്നതാണ് ഈ ചാര്‍ജ്ജുകള്‍ ഈടാക്കുന്നതിനും എസ്ബിഐ പറയുന്ന ന്യായം.

ഇതിനെല്ലാം പുറമേയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന് ആരോപിച്ച് പിഴ ചുമത്താനുള്ള എസ്ബിഐ നീക്കം. ബാങ്ക് ഉപഭോക്താക്കളെ പിഴിയുന്ന സര്‍വീസ് ചാര്‍ജ്ജ് നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കാനുള്ള എസ്ബിഐയുടെ നടപടിക്കെതിരെ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. നീക്കം പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 12ന് അവകാശ ദിനമായി പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു.

Share on

മറ്റുവാര്‍ത്തകള്‍