UPDATES

സിനിമാ വാര്‍ത്തകള്‍

രാജമൗലി അപമാനിച്ചു; ബാഹുബലിക്കെതിരേ ജാതി സംഘടനയുടെ പരാതി

കടിക സമുദായമാണ് പരാതിയുമായി പൊലീസിനേയും സെന്‍സര്‍ബോര്‍ഡിനെയും സമീപിച്ചത്

                       

ബാഹുബലി 2 നെതിരേ ജാതി സംഘടനയുടെ പരാതി. പൊലീസിനും സെന്‍സര്‍ബോര്‍ഡിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. അരേകടിക പോരാട്ട സമിതിയാണ് ചിത്രത്തിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. തങ്ങളുടെ സമുദായത്തെ കളങ്കപ്പെടുത്തി എന്നതാണു പരാതിയിലെ കാരണം.

ബഞ്ചാര ഹില്‍സ് പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത് ബാഹുബലിയിലെ ഒരു രംഗത്തില്‍ കട്ടപ്പ എന്ന കഥാപാത്രം പറയുന്ന ഡയലോഗിലൂടെ രാജമൗലി ചെയ്തിരിക്കുന്നത് കടിക സമുദായത്തിന്റെ വികാരം വൃണപ്പെടുത്തിയിരിക്കുന്നൂവെന്നാണ്.

ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ കടിക സമുദായം ക്രൂരന്മാരാണെന്ന ധ്വനിയില്‍ കട്ടപ്പ പറയുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇതുമൂലം തങ്ങളെ കുറിച്ച് മോശമായൊരു കാഴ്ചപ്പാട് എല്ലാവരിലും ഉണ്ടാകുമെന്നും പരാതിയില്‍ ആരോപിക്കുന്നു.

കശാപ്പ് ശാല നടത്തുന്നവരാണ് സമുദായത്തില്‍ ഏറെയും.ആട്,കോഴി എന്നിവയുടെ മാംസം വിറ്റാണു ഞങ്ങള്‍ ജീവിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന് ഉതകുന്ന ഭക്ഷണം വില്‍ക്കുന്നവര്‍ മാത്രമാണ് ഞങ്ങള്‍. ഇതാണു ഞങ്ങളുടെ ജീവിതമാര്‍ഗവും. നിഷ്ഠൂരന്മാരോ, മനുഷ്യത്വമില്ലാത്തവരോ സാമൂഹ്യവിരുദ്ധരോ അല്ല കടിക സമുദായക്കാര്‍,, പക്ഷേ സിനിമ ആ തരത്തിലാണു ഞങ്ങളെ അടയാളപ്പെടുത്തുന്നത്- അരെകടിക പോരാട്ട സമിതി പ്രവവര്‍ത്തകര്‍ പറയുന്നു. ഒരുതരത്തിലുള്ള സാമൂഹ്യവിരുദ്ധപ്രവര്‍ത്തനവും ഞങ്ങള്‍ നടത്തുന്നില്ല. പക്ഷേ കോളേജിലും സ്‌കൂളുകളിലുമെല്ലാം ഞങ്ങളുടെ കുട്ടികള്‍ മറ്റൊരു രീതിയിലുള്ള ദുഷ്‌കീര്‍ത്തികള്‍ പേറുകയാണ്.

തെലുങ്കാനയിലും ആന്ധ്രയിലുമായി ജീവിക്കുന്ന കടികകള്‍ ഒബിസി വിഭാഗത്തില്‍ പെടുന്നവരാണ്.

അതേസമയം പൊലീസ് ഇവരുടെ പരാതി സ്വീകരിച്ചെങ്കിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. നിയമവശം അന്വേഷിച്ചായിരിക്കും നടപടിയെടുക്കുന്നതെന്നു പൊലീസ് അറിയിച്ചു.

തങ്ങളെ അപമാനിക്കുന്ന രംഗം ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമിതി പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡിലും പരാതി നല്‍കിയിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍