Continue reading “റേഷനില്‍ കൈയിട്ടു വാരി ഛത്തീസ്ഗഢ് രാഷ്ട്രീയ നേതാക്കള്‍”

" /> Continue reading “റേഷനില്‍ കൈയിട്ടു വാരി ഛത്തീസ്ഗഢ് രാഷ്ട്രീയ നേതാക്കള്‍”

"> Continue reading “റേഷനില്‍ കൈയിട്ടു വാരി ഛത്തീസ്ഗഢ് രാഷ്ട്രീയ നേതാക്കള്‍”

">

UPDATES

റേഷനില്‍ കൈയിട്ടു വാരി ഛത്തീസ്ഗഢ് രാഷ്ട്രീയ നേതാക്കള്‍

Avatar

ampuser ampuser

                       

മധ്യപ്രദേശിലെ ഞെട്ടിപ്പിക്കുന്ന വ്യാപം കുംഭകോണത്തിന് ശേഷം, അയല്‍ക്കാരായ ഛത്തീസ്ഗഡാണ് ഈ നിരയിലേക്ക് കടന്നുവരുന്നതെന്ന് തോന്നുന്നു. ഛത്തീസ്ഗഡിലെ രമണ്‍ സിംഗ് വലിയ കുഴപ്പങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ലഭ്യമാകുന്ന വിവരങ്ങളും അഴിമുഖത്തിന് ലഭിച്ച രേഖകളും, ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ പോകുന്ന ഇന്ത്യന്‍ പൊതുവിതരണ സമ്പ്രദായത്തിലെ ഇരുണ്ട രഹസ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സുപ്രീം കോടതി വാദം കേട്ടുതുടങ്ങുന്നതോടെ ഛത്തീസ്ഗഡ് പൊതുവിതരണ സമ്പ്രദായത്തിലെ ഒരു വലിയ കുംഭകോണമാണ് ദേശീയ തലക്കെട്ടുകളില്‍ സ്ഥാനം പിടിക്കാന്‍ പോകുന്നത്. പൊതുതാല്‍പര്യ ഹര്‍ജി രമണ്‍ സിംഗിനെ നേരിട്ട് ലക്ഷ്യമിടുന്നതാണ്. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന് എന്നത് പോലെ തന്നെ ഇവിടെ രമണ്‍ സിംഗിനും വലിയ ഒഴിവുകഴിവുകളൊന്നും പറയാന്‍ ഉണ്ടാവില്ല. കാരണം ലളിതമാണ്- ആയിരക്കണക്കിന് കോടികള്‍ വരുന്ന തട്ടിപ്പിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ രമണ്‍ സിംഗും അദ്ദേഹത്തിന്റെ കുടുംബവുമാണ്.

ആദിവാസി ഭൂരിപക്ഷ സംസ്ഥാനത്ത് അരി, ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് സബ്‌സിഡി നല്‍കി കൊണ്ട്, രാജ്യത്തെ ഏറ്റവും മാതൃകാപരമായ പൊതുവിതരണ സമ്പ്രദായമാണ് തങ്ങളുടേതെന്ന് ഛത്തീസ്ഗഡ് ഏറെ നാളുകളായി അവകാശപ്പെടുന്നുണ്ട്. പക്ഷെ ഇതില്‍ ഭൂരിപക്ഷം പരിപാടികളും തട്ടിപ്പാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ സൂചിപ്പിക്കുന്നത്.

പുറംതോടില്‍ മറഞ്ഞുകിടക്കുന്ന തട്ടിപ്പ് ഇതാണ്: അരി മില്ലുടകളില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കൈക്കൂലിയായി നൂറ് കോടിക്കണക്കിന് രൂപ പിരിക്കുന്നു. ഈ മില്ലുടമകളാണ് കോര്‍പ്പറേഷന് അരി വിതരണം ചെയ്യുന്നത്. മാത്രമല്ല, മറ്റ് സ്രോതസുകളില്‍ നിന്നും പണപ്പിരിവ് നടക്കുന്നു. ഏകദേശം നൂറോളം വരുന്ന കോര്‍പ്പറേഷന്റെ ഡിപ്പോ മാനേജര്‍മാര്‍ എല്ലാ മാസവും ഇതില്‍ നിന്നു ഒരു വിഹിതമായി ഏതാനും കോടികള്‍ റയ്പൂരിലേക്ക് അയയ്ക്കുന്നു. ഈ കള്ളപ്പണമെല്ലാം കോര്‍പ്പറേഷനിലെ ചില വിശ്വസ്തരായ ആളുകള്‍ ശേഖരിക്കുകയും മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിന്റെ ഒരു മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ക്കായി വിതരണം ചെയ്യുന്നു.
നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തേക്കും ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്കും മാവോയിസ്റ്റുകള്‍ക്കും ഈ പണത്തിന്റെ പങ്ക് ലഭിക്കുന്നു എന്നതാണ് ഈ കുംഭകോണത്തിന്റെ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഘടകം. എല്ലാ കക്ഷികളും ഈ കുംഭകോണത്തിന്റെ ഗുണഭോക്താക്കളാണ്. ഈ കുംഭകോണത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാനത്തെ അഴിമതി വിരുദ്ധ യൂണിറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ബോധപൂര്‍വം മറച്ചുവെക്കപ്പെടുകയാണെന്ന് സുപ്രീം കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണ സമയത്ത് നടത്തിയ റെയ്ഡില്‍, പ്രധാന പ്രതിയുടെ പക്കല്‍ നിന്നും നിരവധി പെന്‍ഡ്രൈവുകളും ഡയറികളും വലിയ അളവില്‍ പണവും അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിരുന്നു. ജയിന്‍ ഹവാല ഡയറി പോലെ, ഈ കുറിപ്പുകള്‍ സംഘടിത ഗൂഢാലോചനയിലേക്കാണ് വെളിച്ചം വീശുന്നത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന അനില്‍ ടുടേജയുടെ പിഎ ആയിരുന്ന ഒരു ഗിരീഷ് ശര്‍മയില്‍ നിന്നും ബ്യൂറോ ഉദ്യോഗസ്ഥര്‍ 20 ലക്ഷം രൂപയും ഒരു പെന്‍ഡ്രൈവും ഇടപാടുകള്‍ രേഖപ്പെടുത്തിയിരുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങളും കണ്ടെടുത്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജില്ല മാനേജര്‍ (ഹെഡ് ഓഫീസ്) ശിവ ശങ്കര്‍ ഭട്ടിന്റെ പക്കല്‍ നിന്നും 3000 കോടി രൂപയോളം വരുന്ന അഴിമതി പണത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ 113 പേജുള്ള ഡയറിയും 1,62,97,500 രൂപ പണവും പിടിച്ചെടുത്തു.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയുടെ സ്റ്റെനോ അരവിന്ദ് ദ്രുവിന്റെ പക്കല്‍ നിന്നും മറ്റൊരു ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും 127 പേജ് വരുന്ന രേഖകളുടെ പ്രിന്റ് ഔട്ട് ലഭിച്ചിട്ടുണ്ട്. കൂടാതെ കുംഭകോണത്തില്‍ പങ്കുള്ള മറ്റൊരു സ്റ്റെനോ കം കൊറിയര്‍ ആയ കെകെ ബാരികിന്റെ പക്കല്‍ നിന്നും പെന്‍ഡ്രൈവുകളും കണ്ടെടുത്തിട്ടുണ്ട്.

‘എന്നാല്‍ ഇടപാടില്‍ പങ്കുള്ള ഉന്നതരെ രക്ഷപ്പെടുത്തുന്നതിനായി മാത്രം അവരെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉള്ള പേജുകള്‍ മാറ്റുകയും ഡയറിയുടെ ചില ഭാഗങ്ങളും ചെല്ലാന്‍ രസീതും മാത്രം ബോധപൂര്‍വം തിരഞ്ഞെടുക്കുകയാണ്,’ അഴിമതി വിരുദ്ധ ബ്യൂറോ ചെയ്യുന്നതെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. ‘മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പകല്‍ പോലെ വ്യക്തമായിട്ടും ഉന്നതര്‍ക്കെതിരെ ഒരു അന്വേഷണവും നടത്താതെ അവരെ മനഃപൂര്‍വം രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണ് എസിബി നടത്തുന്നത്,’ എന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഉദാഹരണത്തിന് ഗിരീഷ് ശര്‍മയുടെ ഡയറിയില്‍ നിരവധി പേജുകള്‍ ഉണ്ടായിട്ടും അതില്‍ മൂന്ന് പേജ് മാത്രം ഫയല്‍ ചെയ്യാനേ എസിബി തയ്യാറായിട്ടുള്ളു. ഈ മൂന്ന് പേജുകളില്‍ നിന്ന് തന്നെ മുഖ്യമന്ത്രിയുടെ ഭാര്യയുടേയും അവരുടെ സഹോദരിയുടേയും പങ്ക് വ്യക്തമാണ്.

മുഖ്യമന്ത്രിയുടെ ഭാര്യയുടെ സഹോദരി താമസിക്കുന്ന ‘ഐശ്വര്യ റസിഡന്‍സി’ എന്ന സ്ഥലത്തേക്ക് 3,00,000 രൂപ നല്‍കിയതായി രേഖകളില്‍ കാണുന്നു. 03.12.14 ല്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു കണക്കനുസരിച്ച് പണത്തിന്റെ ഒരു ഭാഗം ഒരു ചന്ദ്രശേഖര്‍ ‘സിഎം മാഡത്തിന്’ നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നു. ‘ഡോക്ടര്‍ സാഹിബിനെയും’ (മുഖ്യമന്ത്രി), അദ്ദേഹത്തിന്റെ ഭാര്യ ‘സിഎംഎം’ (ചീഫ് മിനിസ്റ്റര്‍ മാഡം) ആവര്‍ത്തിച്ചുള്ള പരാമാര്‍ശങ്ങള്‍ രേഖകളിലുടനീളം ഉണ്ട്.
ഈ വര്‍ഷം ആദ്യം ഈ കുംഭകോണത്തെ കുറിച്ച് എസിബി അന്വേഷണം നടത്തിയിരുന്നെങ്കിലും അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ല. അതുകൊണ്ട് തന്നെ കേസ് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോടതിയുടെ തീരുമാനം എന്ത് തന്നെയായാലും അടുത്തത് രമണ്‍ സിംഗിന്റെ ഊഴമാണെന്ന് ഏകദേശം ഉറപ്പിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Share on

മറ്റുവാര്‍ത്തകള്‍