UPDATES

ഓഫ് ബീറ്റ്

ക്രിസ്തുവിന്റെ ജന്മദിനം ഒരോര്‍മപ്പെടുത്തലാണ്; അസഹിഷ്ണുക്കളായി മാറുന്ന ബിഷപ്പുമാര്‍ക്കും അനുയായികള്‍ക്കും

ക്രിസ്തുമസ് ദിനത്തില്‍ നമ്മുടെ ഉള്ളില്‍ യഹൂദമതത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനായി മാറിയ ദിവ്യശിശു ജനിക്കട്ടെ. അനുഷ്ഠാനത്തിന്റെ കെട്ടുപാടുകളില്‍ നിന്നും ആഘോഷങ്ങളുടെ വിശാലതയില്‍ നമുക്ക് മാനവികതയുടെ മഹാപ്രവാചകന്റെ ജന്മദിനത്തെ അടയാളപ്പെടുത്താം.

                       

എല്ലാ ആഘോഷങ്ങളും ഏറ്റവും പ്രിയങ്കരമാവുന്നത് കുട്ടിക്കാലത്താണ്.

ഒരു ഉള്‍നാടന്‍ മലയോര ഗ്രാമത്തില്‍  പിന്നിട്ട ബാല്യം ഇത്തിരി ആര്‍ഭാടങ്ങളണിയുന്നത് ആഘോഷവേളകളില്‍ മാത്രമായിരുന്നു.

പരമദരിദ്രമായിരുന്നു പുല്‍ക്കൂടു പോലും. ഉണ്ണിപ്പുല്ലെന്നു പറയുന്ന ക്രിസ്തുമസ് കാലത്ത് വളരുന്ന പുല്ലുകൊണ്ട് കൊച്ചു കൂടൊരുക്കി ആരോ സമ്മാനിച്ച തിരുക്കടുംബ രൂപം വച്ച് മുറ്റത്തെ ചെടിത്തലപ്പുകള്‍ കുത്തി വച്ച് സിഗററ്റു പാക്കറ്റിലെ വെള്ളിക്കടലാസുകൊണ്ട് ഒരു കൊച്ചു നക്ഷത്രം തൂക്കിയാല്‍ പുല്‍ക്കൂടായി. മെഴുകുതിരി കൊളുത്തി വച്ച് സന്ധ്യാപ്രാര്‍ത്ഥന നടത്തുമ്പോള്‍ തൃപ്തിയായി… പടക്കം പൊട്ടിക്കലൊക്കെ മരുന്നിനു മാത്രം ഉണ്ടാവും. ചാച്ചയുടെ നേതൃത്വത്തില്‍ പാതിര കുര്‍ബ്ബാനക്കു പോക്കാണ് അടുത്ത ഇനം.. തിരിച്ചെത്തി പുലരുന്ന പ്രഭാതത്തിന് അപ്പത്തിന്റെയും ഇറച്ചിയുടെയും മദ്യത്തിന്റെയും മണമുണ്ടാവും. കേക്ക് അന്നിത്ര വ്യാപകമായിട്ടില്ല…

മരങ്ങളില്‍ ശ്രേഷ്ഠം ‘റബ്ബ’യെന്നും മനുഷ്യരില്‍ ശ്രേഷ്ഠര്‍ ക്രിസ്ത്യാനികളെന്നും മാത്രം കരുതാന്‍ പോന്ന  ഇടുങ്ങിയ പരിതസ്ഥിതിയിലായിരുന്നു ജീവിതം. കാരണം മറ്റു മതസ്ഥര്‍ മഹാ ന്യൂനപക്ഷമായിരുന്നു.. കരോള്‍ സംഘമൊക്കെ ഇടവകയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്…

എന്നാല്‍ കടുത്ത മതാത്മകതയെ ചെറുക്കാനുള്ള കരുക്കള്‍ ബൈബിളില്‍ നിന്നു തന്നെ കണ്ടെടുക്കാന്‍ ചെറുപ്പത്തിലേ കഴിഞ്ഞിരുന്നു.

ബൈബിള്‍ എനിക്കു കാണിച്ചു തന്നത് അനുഷ്ഠാനങ്ങളുടെ കെട്ടുപാടിനപ്പുറം നില്‍ക്കുന്ന നിഷേധിയായ, സ്‌നേഹരൂപനായ ഭാവനാസമ്പന്നനായ ക്രിസ്തുവിനെയാണ്.. പില്‍ക്കാല വായന സമ്മാനിച്ചതും യേശുവെന്ന നാമത്തിന്റെ ഭിന്ന രൂപങ്ങള്‍ തന്നെ…

അനുഷ്ഠാനങ്ങളുടെ കെട്ടുപാടുകളെ വിട്ടൊഴിഞ്ഞ് ജീവിച്ച കാല്‍ നൂറ്റാണ്ടിനിടയിലൊരിക്കലും ക്രിസ്തു എനിക്കൊരു ബാധ്യത ആയിട്ടില്ല.. ഗതകാല സ്മൃതികള്‍ വേട്ടയാടിയിട്ടുമില്ല. ഇന്നലകള്‍ സുന്ദരവും ശുദ്ധവുംഎന്നും ഓര്‍മ്മകള്‍ അതിമധുരതരമെന്നും പറയാന്‍ മാത്രം ഒന്നും എന്നില്‍ അവശേഷിച്ചിട്ടുമില്ല…

മതം അനുഷ്ഠാനങ്ങളുടെ ഒരു നീണ്ട നിര മാത്രമാണെന്നേ തോന്നിയിട്ടുള്ളൂ.. ആഘോഷത്തിനു മതം തടസ്സമല്ലെന്നും.

ജാതി വെളിപ്പെടുത്തുന്ന പേരു പല കാലങ്ങളില്‍ പല പ്രകാരങ്ങളില്‍ ചില്ലറ പ്രശ്‌നം സൃഷ്ടിച്ചപ്പോഴും ചെറുചിരിയോടെ തമാശയോടെ അതിനെ അതിജീവിച്ചിട്ടുമുണ്ട്…

എന്നാല്‍ സമീപകാലം പല അനുഭവങ്ങളാല്‍ ജാതിയും മതവുമൊക്കെ ജന്മത്തിന്റെ ബാധ്യത ആണെന്നു എന്നെ ബോധിപ്പിച്ചു കൊണ്ടേയിരിക്കുന്നു…

സോഷ്യല്‍ മീഡിയയില്‍ ജാതിഗ്രൂപ്പുകള്‍ ശക്തമാണെന്നറിഞ്ഞത് ഇടുക്കി ബിഷപ്പിനെ വിമര്‍ശിച്ചപ്പോഴാണ്… എടീ, നീ.. എന്നൊക്കെ വിളിച്ച് ഇടയന്റെ കിങ്കരന്മാര്‍ രംഗത്തുവന്നു…

2014 നവംബര്‍ അവസാനം സ്റ്റാഫ് സൊസൈറ്റിയുടെ പ്രസിഡന്റായ ശേഷം അംഗങ്ങള്‍ക്ക് ഭരണസമിതി പുതുവര്‍ഷ സമ്മാനം നല്‍കിയപ്പോള്‍ ‘ഇതെന്താ സൊസൈറ്റി ഇപ്പോള്‍ ക്രിസ്ത്യനായോ? ഓണത്തിനു തന്നിരുന്ന ഗിഫ്റ്റ് ക്രിസ്മസിനാക്കിയല്ലോ??’ എന്നു തൊട്ടടുത്തിരിക്കുന്ന സഹപ്രവര്‍ത്തക തട്ടി മൂളിച്ചപ്പോള്‍ തമാശയായേ കരുതിയുള്ളൂ.. ‘ ഓണത്തിനു കിട്ടാതിരുന്നപ്പോള്‍ കുഴപ്പമില്ല.. ന്യൂ ഇയറിനു തന്നതാ പ്രശ്‌നം അല്ലേ… ”എന്നു ചോദിച്ച് ആ വികാരത്തെ മുളയിലേ നുള്ളി എന്നങ്ങു കരുതി. ആ മുളകരിഞ്ഞില്ലെന്നും ഏതവസരത്തിലും തളിര്‍ക്കുമെന്നും പില്‍ക്കാലം പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു..!

അത്തപ്പൂക്കളം നല്ലതാണ്. കുട്ടികളുടെ ഒത്തൊരുമയുടെ ചിഹ്നമാണ്. എന്നാല്‍ അത്തപ്പൂക്കള മത്സരം ഒഴിവാക്കേണ്ടതാണെന്ന നിലപാടിനെ ചിലര്‍ വ്യാഖ്യാനിച്ചത് ഹൈന്ദവാഘോഷമായ ഓണത്തിനു തുരങ്കം വയ്ക്കാനുള്ള ശ്രമം എന്ന രീതിയിലാണ്…

last-supper

രസകരമായ മറ്റൊരനുഭവം ഈയിടെ ഉണ്ടായി. ഭാഷാപോഷിണിയിലെ വിവാദ ചിത്രകോലാഹലത്തോടനുബന്ധിച്ച്… മനോരമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം പല കേന്ദ്രങ്ങളിലും നിന്നുവന്നു കൊണ്ടിരുന്നു. പലതും മത സംഘടനകളുടെ പ്രവര്‍ത്തകരാണ്. അതു കൊണ്ട് ഞാനവ അവഗണിച്ച. കോളേജധ്യാപകരുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആ ചിത്രത്തിന്റെ പശ്ചാത്തലത്തെ വിവരിക്കുകയും അതില്‍ ഇത്ര അസഹിഷ്ണുത ആവശ്യമില്ലെന്നും ഡാവിഞ്ചിയുടെ അന്ത്യാത്താഴം എന്ന ചിത്രത്തിന്റെ രീതിയില്‍ ഇനിയൊരു ചിത്രം ഉണ്ടാവരുത് എന്നു പറയാന്‍ കേരളസഭയിലെ മെത്രാന്മാര്‍ക്ക് അധികാരമില്ലെന്നും സ്ഥാപിക്കുന്ന ഒരു കുറിപ്പ് ഞാനിട്ടു. ഗ്രൂപ്പില്‍ എല്ലാ ജാതി മതസ്ഥരും ഉണ്ട്. ഒരു ക്രിസ്ത്യന്‍ തീവ്രവാദി’ പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം’? എന്ന മട്ടില്‍ ഈ ഗ്രൂപ്പില്‍ ഈ പോസ്റ്റിനെന്തു പ്രസക്തി എന്ന ചോദ്യമുയര്‍ത്തി. ബാക്കി എല്ലാവരും തന്ത്രപരമായ നിശബ്ദത പാലിച്ചു. കോളേജധ്യാപകരല്ലേ, പൊതു വിഷയങ്ങളും വിവാദങ്ങളുമൊന്നും അവര്‍ക്ക് പഥ്യമല്ലല്ലോ?

അവയിലൊന്നും ഇടപെടാതെ സാംസ്‌കാരിക ജീവിതം നയിക്കാന്‍ അവര്‍ എന്നേ പഠിച്ചു കഴിഞ്ഞു..!

പെട്ടന്ന് അതേ തീവ്രവാദി എന്റെ പേഴ്‌സണല്‍ ചാറ്റിലേക്ക് കടന്നു വന്നു.

ആശയപരമായ സംവാദം എന്നതാണ് ചാറ്റിന്റെ തുടക്കത്തിലെ നിലപാട്. ആവിഷ്‌കാരസ്വാതന്ത്ര്യം ആരെയും നോവിക്കുന്നതാവരുത് എന്നതാണ് വാദം. ഇയാള്‍ രാഷ്ട്രീയ നേതാക്കളെയും ഹിന്ദു മുസ്ലീം തീവ്രന്മാരെയും കളിയാക്കുന്ന ട്രോളുകള്‍ നിരന്തരം പോസ്റ്റുന്നയാളാണ്. എല്ലാ ഗ്രൂപ്പിലും. ട്രോളും ആവിഷ്‌കാരമാണ്. അവിടെ ഈ വികാരമില്ലേ എന്നു ചോദിച്ചപ്പോള്‍ അതവന്മാരെ അല്ലേ? എന്നായി ചോദ്യം. അവന്മാരെക്കാള്‍ വിഡ്ഢിയായ ഇടുക്കി ബിഷപ്പിനെ ട്രോളരുത് എന്നു പറയുന്നതില്‍ വല്ലാത്ത പൊരുത്തക്കേടുണ്ടെന്നു പറഞ്ഞപ്പോള്‍ കക്ഷി ആകെ ചൂടായി. മെത്രാന്‍ ക്രിസ്ത്യാനികളുടെ അതിജീവനത്തിനു വേണ്ടി നിലകൊള്ളുന്നു. ക്രിസ്തീയ സമുദായം 24% ല്‍ നിന്നും 18% ല്‍ എത്തിയിരിക്കുന്നു. എന്നെല്ലാം ചില കണക്കുകള്‍. മറ്റു മതസ്ഥര്‍ ഉള്ള ഗ്രൂപ്പില്‍ സഭാ നേതാക്കന്മാരെ വിമര്‍ശിച്ചതു ശരിയായില്ല എന്നതാണു പ്രശ്‌നം. പറഞ്ഞു ശരിയാക്കാനാവില്ല എന്നതിനാല്‍ ഞാനാ തീവ്രവാദിയെ ബ്ലോക്കുചെയ്തു.

സ്വന്തം മതം ഒഴികെ എല്ലാ മതങ്ങളെയും വിമര്‍ശിക്കുകയും പരിഹസിക്കുമാവാം എന്നൊരു കടുത്ത നിലപാട് മതങ്ങളില്‍ അടുത്ത കാലത്ത് വേരോടിയിട്ടുണ്ട്. മത വിമര്‍ശകരെ വേട്ടയാടല്‍ ക്രിസ്തുമതത്തിന്റെ എക്കാലത്തെയും നയത്തിന്റെ ഭാഗവുമാണ്.

സെമറ്റിക് മതങ്ങളുടെ കേഡര്‍ സ്വഭാവത്തിലേക്ക് ഹിന്ദുമതത്തെ എത്തിക്കാനുള്ള ശ്രമമാണു നവ ഹൈന്ദവ വാദികളുടേത്. കല്‍ബുര്‍ഗി മുതല്‍ പെരുമാള്‍ മുരുകന്‍ വരെ അതിന്റെ തെളിവാണ്.
അതു കൊണ്ട് ക്രിസ്തുമസ് ദിനത്തില്‍ നമ്മുടെ ഉള്ളില്‍ യഹൂദമതത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനായി മാറിയ ദിവ്യശിശു ജനിക്കട്ടെ. അനുഷ്ഠാനത്തിന്റെ കെട്ടുപാടുകളില്‍ നിന്നും ആഘോഷങ്ങളുടെ വിശാലതയില്‍ നമുക്ക് മാനവികതയുടെ മഹാപ്രവാചകന്റെ ജന്മദിനത്തെ അടയാളപ്പെടുത്താം.

(എഴുത്തുകാരിയും നിരൂപകയും പ്രഭാഷകയുമായ ഡോ. ബെറ്റിമോള്‍ മാത്യു നിറമണ്‍കര എന്‍എസ്എസ് കോളേജിലെ മലയാളം വിഭാഗം അസി. പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ഡോ. ബെറ്റിമോള്‍ മാത്യു

എഴുത്തുകാരിയും നിരൂപകയും പ്രഭാഷകയുമായ ഡോ. ബെറ്റിമോള്‍ മാത്യു നിറമണ്‍കര എന്‍എസ്എസ് കോളേജിലെ മലയാളം വിഭാഗം അസി. പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു

More Posts

Share on

മറ്റുവാര്‍ത്തകള്‍