UPDATES

സിനിമ

ബാഫ്ത അവാർഡുകൾ പ്രഖ്യാപിച്ചു; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി “ദി ഫേവറിറ്റ്”, പക്ഷെ മികച്ച ചിത്രം “റോമാ”

ഒലിവിയ കോൾമനാണ് മികച്ച നടി.

                       

‘ബാഫ്ത  2019’  ലെ പ്രധാന പന്ത്രണ്ട് ഇന അവാർഡുകളിൽ ഏഴും  സ്വന്തമാക്കി ‘ദി ഫേവറിറ്റ്’ തിളങ്ങി നിന്നെങ്കിലും മികച്ച ചിത്രമായി ജൂറി തെരഞ്ഞെടുത്തത് അൽഫോൻസോ കയ്‌റോണിന്റെ “റോമ ” എന്ന ചിത്രത്തെയായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരവും ‘റോമ’യ്ക്കു തന്നെയാണ് ലഭിച്ചത്. മികച്ച നടി, മികച്ച തിരക്കഥ,മികച്ച വസ്ത്രാലങ്കാരം തുടങ്ങി പ്രധാന അവാർഡുകളൊക്കെയും ദി ഫേവറേറ്റിന് തന്നെ ലഭിച്ചുവെങ്കിലും മികച്ച സംവിധായകനുള്ള പുരസ്‌കാരം അൽഫോൻസോ കെയ്‌റോണിന് വിട്ടു കൊടുക്കേണ്ടി വന്നു. ഫേവറേറ്റിലെ ക്വീൻ ആനിയെ  അവിസ്മരണീയമാക്കി തീർത്ത ഒലീവിയ കോൾമനാണ് മികച്ച നടി.” സന്തോഷം കൊണ്ട് എനിക്ക് കാലുറപ്പിച്ച് നിക്കാൻ പോലുമാകുന്നില്ല.”, പ്രൗഢഗംഭീരമായ അവാർഡ് നിശയിൽ പുരസ്കാരമേറ്റു വാങ്ങിക്കൊണ്ട് ആവേശമടക്കാനാകാതെ ഒലിവിയ പറഞ്ഞു.

ബൊഹീമിയൻ റാപ്പിസോഡി എന്ന ചിത്രത്തിലെ പ്രകടനത്തിന് റാമി മലേക്ക് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്രയും പ്രഗത്ഭരായ നടന്മാരോടൊപ്പം താൻ ഈ ഒരു വേദി പങ്കിടുന്നു എന്നത് തന്നെ വലിയ അത്ഭുതമായി കരുതുന്നുവെന്നാണ് മലേക്ക് മറുപടി പ്രസംഗത്തിൽ സൂചിപ്പിക്കുന്നത്.

എ സ്റ്റാർ ഈസ് ബോൺ എന്ന ചിത്രവും അവാർഡ് നിശയിൽ മികച്ച പ്രതികരണങ്ങൾ നേടി.  ഗ്രീൻ ബുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് മഹേർസല അലിയെ മികച്ച സഹനടനായി ജൂറി അംഗങ്ങൾ തിരഞ്ഞെടുത്തു. ദി ഫേവറേറ്റിലെ അഭിനയത്തിന് റേച്ചൽ വെയ്‌സ് ആണ് മികച്ച സഹനടി. സ്പൈഡർ മാൻ : ഇൻ ടു ദി സ്പൈഡർ ആണ് മികച്ച അനിമേഷൻ ചിത്രം.

Share on

മറ്റുവാര്‍ത്തകള്‍