UPDATES

സിനിമാ വാര്‍ത്തകള്‍

ഒറ്റ ദിവസം കൊണ്ട് 122 കോടി; പല റെക്കോഡുകളും പഴങ്കഥയാക്കി ബാഹുബലി മുന്നേറുന്നു

ബോളിവുഡ് മാര്‍ക്കറ്റിലും ഹിന്ദി മേഖലയിലും നിന്നും മാത്രം ചിത്രം 40.75 കോടി നേടി

                       

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി സര്‍വ്വ കാല ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ആദ്യ ദിവസം തന്നെ 100 കോടി രൂപ സ്വന്തമാക്കിയ ചിത്രം എന്ന പേര് നേടിയിരിക്കുകയാണ്. പ്രഭാസും അനുഷ്ക ഷെട്ടിയും പ്രധാന വേഷം കൈക്കാര്യം ചെയ്തത് ബഹുഭാഷ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കണക്കുകള്‍ പ്രകാരം 122.03 കോടി രൂപ കളക്ട് ചെയ്തുവെന്നാണ്.

ബോളിവുഡ് മാര്‍ക്കറ്റിലും ഹിന്ദി മേഖലയിലും നിന്നും മാത്രം ചിത്രം 40.75 കോടി നേടി. കരണ്‍ ജോഹറാണ് ഈ മേഖലകളില്‍ ചിത്രത്തിന്റെ വിതരണമേറ്റെടുത്തത്. ബാക്കിയുള്ള മേഖലകളിലെ കണക്കുകള്‍ കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ആന്ധ്രപ്രദേശില്‍ നിന്നാണ് ചിത്രം ഏറ്റവുമധികം രൂപ കളക്ട് ചെയ്തിരിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് 81 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത് (ആന്ധ്ര, കര്‍ണാടക, കേരളം). തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കുറവ് കളക്ട് ചെയ്തത്. തമിഴ്നാട്ടിലും മറ്റ് മേഖലകളിലേത് പോലെ പുലര്‍ച്ചെ റിലീസിംഗ് പ്രഖ്യാപിച്ചിരുന്നെങ്കിലും പണമടയ്ക്കല്‍ പ്രശ്നം മൂലം റിലീസിംഗ് പതിനൊന്ന് മണിയിലേക്കാണ് നടന്നത്. ഇത് ഇവിടെ കളക്ഷനെ ബാധിച്ചു.

ബോളിവുഡ് മസില്‍ഖാന്‍ സല്‍മാന്‍ഖാന്റെ 2015-ലെ ‘പ്രേം രത്തന്‍ ധന്‍ പായോ ‘-യുടെ ആദ്യ ദിന കളക്ഷന്‍ റിക്കോഡാണ് ബാഹുബലി തകര്‍ത്തിരിക്കുന്നത്. 39.32 കോടി നേടി ഈ സല്‍മാന്‍ ചിത്രമായിരുന്നു രണ്ട് വര്‍ഷമായി മുന്നില്‍ നിന്നിരുന്നത്. മുമ്പ് രണ്ടാം സ്ഥാനത്ത് സല്‍മാന്റെ തന്നെ ചിത്രമായ ‘സുല്‍ത്താന്‍’ ആണ്. 36.59 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനത്ത് 36.31 കോടി നേടിയ ‘കിംഗ് ഖാന്‍’ ഷാരൂഖ് ഖാന്റെ ‘ഹാപ്പി ന്യൂ ഇയര്‍’ ആണ്. 32.48 കോടിയുമായി നാലാം സ്ഥാനത്ത് അമീര്‍ഖഖാന്റെ ‘ദൂം-3’ ആണ്. ഈ കണക്കുകളെയെല്ലാം വെള്ളിയാഴ്ച ഒറ്റദിവസം കൊണ്ട് ബാഹുബലി അപ്രസക്തമാക്കി കളഞ്ഞു. ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ കണ്ട് കരണ്‍ ജോഹര്‍ ശനിയാഴ്ച രാവിലെ പറഞ്ഞത്-‘ അചിന്ത്യനീയമാണ്, വിചരിച്ചതിലും അപ്പുറം ഏക്കാലത്തെയും കണക്കുകളെയും തകര്‍ത്തു.’ എന്നാണ്.

ബാഹുബലിക്ക് ഉഗ്രന്‍ തുടക്കമാണ് ലഭിച്ചിരിക്കുന്നതെന്നും അത് അവിശ്വസനീയവും ചിന്തിക്കാന്‍ കഴിയാത്തതുമാണെന്നും ചലച്ചിത്ര നിരൂപകന്‍ തരണ്‍ ആദര്‍ശിന്റെ അഭിപ്രായം. കളക്ഷന്റെ ചരിത്രത്തില്‍ ഈ ചിത്രം എല്ലാ റെക്കോഡുകളും തകര്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നു. വരും ദിവസങ്ങളിലെ കളക്ഷന്‍ നൂറ് കോടിയിലും വര്‍ദ്ധിക്കും. ഏറെ കാലത്തേക്ക് തകര്‍ക്കാനാകാത്ത റെക്കോഡായിരിക്കും ബാഹുബലി കളക്ഷനില്‍ സൃഷ്ടിക്കുകയെന്നും തരണ്‍ ആദര്‍ഷ് വ്യക്തമാക്കുന്നു.

ഉത്സവ സീസണിലല്ലാതെ ഒരു ചിത്രം ഇത്രയെറെ ഹിറ്റാവുന്നതും ബാഹുബലിക്കാണ്. വെള്ളിയാഴ്ച റിലീസ് ചെയ്ത ബാഹുബലിയെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട്ടില്‍ രജനീകാന്ത് ചിത്രങ്ങള്‍ക്ക് നല്‍കുന്ന വിധത്തില്‍ ആരാധകര്‍ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയത് കൗതുകമായി.

Share on

മറ്റുവാര്‍ത്തകള്‍