സിനിമ മേഖലയില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങളുടെ തുറന്നു പറച്ചിലുകള്‍ ഉടച്ചു കളഞ്ഞത് നിരവധി വിഗ്രഹങ്ങളാണ്. ഹോളിവുഡില്‍ തുടക്കം കുറച്ചമീ ടൂ കാമ്പയിന് വൈകിയാണ് ഇന്ത്യന്‍ സിനിമ ലോകത്ത് പ്രതികരണം ഉണ്ടായതെങ്കിലും തങ്ങള്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ വമ്പന്മാരെ പേരെടുത്ത് വെളിപ്പെടുത്താന്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള വനിത ചലച്ചിത്രപ്രവര്‍ത്തകര്‍ തയ്യാറായി. തനുശ്രീ ദത്ത നാന പടേക്കറിനെതിരേ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ പല പ്രമുഖരുടെയും തനിനിറം പുറത്തറിയിച്ച് സ്ത്രീകള്‍ മുന്നോട്ടു വന്നു. അതില്‍ ഒരാളായിരുന്നു സാജിദ് ഖാന്‍. ഹൗസ്ഫുള്‍ സീരിസിലുടെ ബോളിവുഡിലെ പ്രധാനിയായി മാറിയ സംജദ് ഖാന്‍. ഖാനിലെ ലൈംഗികാതിക്രമിയെ കുറിച്ച് തുറന്നു പറഞ്ഞ് വന്നത് ഒന്നിലധികം പേരാണ്. മന്ദന കരിമി, സലോനി ചോപ്ര, റേച്ചല്‍ വൈറ്റ്, സിമ്രാന്‍ സൂരി, മാധ്യമപ്രവര്‍ത്തകയായ കരിഷ്മ ഉപാധ്യായ എന്നിവര്‍ ഖാനെതിരേ രംഗത്തു വന്നു. മീ ടൂ മൂവ്‌മെന്റില്‍ ഏറ്റവുമധികം ആരോപണങ്ങള്‍ നേരിടേണ്ടി വന്ന ഒരാളായി സാജിദ് ഖാന്‍ മാറി.
ഖാനെതിരേയുള്ള ആരോപണങ്ങളോട് ബോളിവുഡ് എങ്ങനെ പ്രതികരിക്കുമെന്നായിരുന്നു അറിയേണ്ടത്. മീ ടു വെളിപ്പെടുത്തലുകള്‍ക്ക് പൊതു സമൂഹത്തില്‍ നിന്നും പിന്തുണ കിട്ടിയിരുന്നെങ്കിലും സിനിമ ലോകത്ത് നിന്ന് ഏതാനും പേരുടെതല്ലാതെ പൊതുവായൊരു പിന്തുണ ഇരകള്‍ക്ക് കിട്ടുന്നില്ല. അതുകൊണ്ട് തന്നെ സാജിദ് ഖാനെപോലൊരു വലിയ സംവിധായകനെതിരേ ഹിന്ദി സിനിമ ലോകം തിരിയുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. ആ സംശയം തെറ്റാണെന്ന് തെളിയാന്‍ അധികസമയം എടുത്തില്ല. വമ്പന്മാര്‍ തന്നെ ഖാനെതിരേ വന്നു. ആമിര്‍ ഖാന്‍, അക്ഷ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍ ഉള്‍പ്പെടെയാണ് സാജിദ് ഖാനെ തള്ളിപ്പറഞ്ഞത്. ഖാനൊപ്പം സിനിമകളില്‍ സഹകരിക്കാന്‍ തങ്ങള്‍ ഉണ്ടാവില്ലെന്നും ഈ നടന്മാര്‍ അറിയിച്ചതോടെ സംവിധായകന്റെ നിലനില്‍പ്പ് പരുങ്ങലിലായി. തൊട്ടുപിന്നാലെ ഹൗസ് ഫുള്‍ 4 ന്റെ സംവിധായക സ്ഥാനത്ത് നിന്നും സാജിദ് ഖാനെ പുറത്താക്കുയും ചെയ്തു. കുറ്റാരോപിതരായവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹൗസ് ഫുള്‍ 4 ന്റെ ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്നും അക്ഷയ് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. സാജിദിന്റെ അടുത്ത ബന്ധുകൂടിയായ ഫര്‍ഹാന്‍ അക്തറും കുറ്റാരോപിതനെതിരെയാണ് സംസാരിച്ചത്. തനിക്ക് സാജിദിന്റെ ഈ സ്വഭാവങ്ങളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും വെളിപ്പെടുത്തലുകള്‍ ഞെട്ടിച്ചുവെന്നുമായിരുന്നു ഫര്‍ഹാന്റെ വാക്കുകള്‍. മീ ടു മൂവ്‌മെന്റിന് താന്‍ പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും തന്റെ കുടുംബത്തില്‍ നിന്നുള്ളൊരാള്‍ക്കെതിരെയുള്ള പരാതികളില്‍ നിശബ്ദപാലിച്ചാല്‍ അത് ഇരട്ടത്താപ്പ് ആകുമെന്നും ഫര്‍ഹാന്‍ പറഞ്ഞു. ഇവര്‍ക്കൊക്കെ പിന്നാലെ നിരവധി പേര്‍ സിനിമ ലോകത്തു നിന്നും സാജിദിനെതിരെ വന്നു.
ഇപ്പോഴിതാ സംവിധായകരുടെ സംഘടനയില്‍ നിന്നും സാജിദിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍( ഐ എഫ് ടി ഡി എ) ഒരു വര്‍ഷത്തേക്കാണ് സാജിദിനെ സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നത്. സാജിദ് ഖാനെതിരേയുള്ള ലൈംഗിതാതിക്രമ പരാതികള്‍ ശരിയാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഐ എഫ് ടി ഡി എ പറയുന്നു. സംഘടന ചുമതലപ്പെടുത്തിയ ഒരു കമ്മിറ്റി ഖാനെതിരേയുള്ള പരാതികളില്‍ അന്വേഷണം നടത്തിയിരുന്നു. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായുള്ള പോഷ് ആക്ട് പ്രകാരം നടത്തിയ അന്വേഷണത്തില്‍ സാജിദിനെതിരേയുള്ള ആരോപണങ്ങളില്‍ വാസ്തവമുണ്ടെന്നു കമ്മിറ്റി കണ്ടെത്തുകയായിരുന്നു. തന്റെ ഭാഗം വിശദീകരിക്കാനും ഐ എഫ് ടി ഡി എ സാജിദിന് അവസരം നല്‍കിയിരുന്നെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സംഘടന പറയുന്നു.
ബോളിവുഡിലെ മീ ടു മൂവ്‌മെന്റിന്റെ വിജയമായി സാജിദിനെതിരേയുള്ള നടപടിയെ കാണുമ്പോഴാണ് മലയാള സിനിമയില്‍ എത്ര പ്രതിലോമകരമായാണ് സ്ത്രീകളുടെ പരാതികളോടും പ്രശ്‌നങ്ങളോടും ഇവിടുത്തെ സിനിമ സംഘടനകള്‍ പ്രതികരിക്കുന്നതെന്ന് വ്യക്തമാകുന്നത്. തമിഴ് സിനിമ ലോകത്തും വെളിപ്പെടുത്തലുകളുമായി വരുന്ന സ്ത്രീകള്‍ക്ക് പിന്തുണയുമായി കമല്‍ ഹാസന്‍, രജനി കാന്ത്, സിദ്ധാര്‍ത്ഥ് തുടങ്ങിയ പ്രമുഖര്‍ മുന്നോട്ടു വരുമ്പോഴും മലയാളത്തില്‍ പരാതി ഉന്നയിച്ചവരെ പരാമാവധി അധിക്ഷേപിക്കാനും പരിഹസിക്കാനും അവരെ കുറ്റക്കാരാക്കി മാറ്റാനുമൊക്കെയാണ് സംഘടനകളും അതിനു നേതൃത്വം കൊടുക്കുന്നവരായ സിനിമ ലോകത്തെ പ്രധാനികളും തയ്യാറായത്. മറ്റേത് സിനിമ മേഖലയിലും നടന്നിട്ടില്ലാത്ത വിധം അതിക്രൂരമായ ലൈംഗികാക്രമണം ഒരു നടിക്കെതിരെ നടന്നത് മലയാളത്തിലാണ്. ആ സംഭവത്തില്‍ പോലും താരസംഘടനയായ എഎംഎംഎ ഉള്‍പ്പെടെയുള്ള വിവിധ സിനിമ സംഘടനകള്‍ സ്വീകരിച്ച നിലപാടുകള്‍ പ്രതിയ്ക്കനുകൂലമായിട്ടായിരുന്നു. പൊതുസമൂഹം ഉള്‍പ്പെടെ ചേര്‍ന്ന് നടത്തിയ പോരാട്ടങ്ങളും വിമര്‍ശനങ്ങളുമെല്ലാം ചേര്‍ന്നാണ് ഒടുവില്‍ നടി ആക്രമണ കേസിലെ കുറ്റാരോപിതനായ വ്യക്തിക്കെതിരേ നടപടിയെടുക്കാന്‍ എഎംഎംഎ തയ്യറായത്. അപ്പോള്‍ പോലും സംഘടനയ്ക്കുള്ളില്‍ ഇത് വലിയ ബഹളത്തിന് കാരണമായി. കുറ്റാരോപിതനായ നടനെ പരസ്യമായി പിന്തുണച്ച് പ്രമുഖരായ നടീനടന്മാര്‍ രംഗത്തു വന്നു. ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന അഭിനേത്രികള്‍ക്ക് ജോലി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുന്നു, അവരെ പൊതുമധ്യത്തില്‍ പരിഹാസ്യരാക്കുന്നു. വാര്‍ത്ത സമ്മേളനം വിളിച്ച് കുറ്റാരോപിതനെ വെള്ളപൂശുന്നു, നീതി തേടുന്നവരെ കുറ്റവാളികളാക്കുന്നു…
ഒരു നടിക്കെതിരേ ഉണ്ടായ ക്രൂരതമാത്രമല്ല, തങ്ങളില്‍ പലരും ശാരീരികവും മാനസികവുമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ടെന്നു വെളിപ്പെടുത്തിയ നടിമാരെ പിന്തുണയ്ക്കാനോ കുറ്റാരോപിതരായവര്‍ക്കെതിരേ വാക്കാല്‍ പോലും ഒരു നടപടി സ്വീകരിക്കാനോ മലയാള സിനിമയിലെ സംഘടനകളും ഉന്നത വ്യക്തിത്വങ്ങളും തയ്യാറായില്ല. പരാതികളും ആരോപണങ്ങളും ഉയര്‍ത്തുന്നവരെ സിനിമയില്‍ നിന്നും അപ്രത്യക്ഷരാക്കാനുള്ള ശ്രമങ്ങളാണ് പകരം നടത്തുന്നത്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാന്‍ ആഭ്യന്തര സമിതി രൂപീകരിക്കണമെന്ന ആവശ്യം പോലും സംഘടന അംഗീകരിച്ചില്ല. ഒടുവില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടിമാര്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ടി വന്നു. അതിനുശേഷമാണ് കണ്ണില്‍പ്പൊടിയിടാനെന്ന പോലെ ഒരു സമിതി രൂപീകരിച്ചതുപോലും. ഏറ്റവും ഒടുവിലായി എഎംഎംഎയുടെ പ്രസിഡന്റും ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടനെന്നു വാഴ്ത്തപ്പെടുകയും ചെയ്യുന്ന മോഹന്‍ലാല്‍ മീ ടു മൂവ്‌മെന്റ് വെറും ഫാഷന്‍ ആണെന്നു പരിഹസിച്ച് അതിനെ തള്ളിക്കളയുകയുമാണ് ഉണ്ടായത്. ‘മീ ടൂ താത്കാലിക പ്രതിഭാസമാണ്. അതിനെ ഒരു മൂവ്‌മെന്റ് എന്ന് വിളിച്ചുകൂടാ. അത് ഫാഷനായി മാറി കൊണ്ടിരിക്കുകയാണ്. അത് അല്‍പകാലം തുടരും. പിന്നീട് അവസാനിക്കും. മലയാള സിനിമയ്ക്ക് അത് മൂലം ദോഷമുണ്ടാവുകയില്ല.’ എന്നായിരുന്നു സ്ത്രീകള്‍ കൂടി ഉള്‍പ്പെടുന്നൊരു സംഘടനയെ നയിക്കുന്ന ആള്‍ക്കൂടിയായ മോഹന്‍ലാലിന്റെ നിസാരവത്കരണം. ഒരു സിനിമ ലോകം അതിലെ സ്ത്രീകളോട് എത്ര വിവേചനപരമായും അടിമത്ത മനോഭാവത്തോടെയുമാണ് പെരുമാറുന്നതെന്നതിന് മാതൃകയായി മലയാള സിനിമ ലോകം മാറിയിരിക്കുമ്പോഴാണ്, ആഢംബരത്തിന്റെയും അധോലോക ബന്ധങ്ങളുടെയുമെല്ലാം പേരില്‍ വിമര്‍ശിക്കപ്പെടുന്ന ബോളിവുഡ് സിനിമ ലോകം അതിലെ സ്ത്രീകള്‍ക്ക് വേണ്ടി ചെറിയ രീതിയിലെങ്കിലും പിന്തുണയുമായി നില്‍ക്കുന്നത്, കുറ്റാരോപിതനെ മാറ്റി നിര്‍ത്തുന്നത്. ബോളിവുഡിനെ അനുകരിക്കുമ്പോള്‍ ഇങ്ങനെയുള്ള ചില കാര്യങ്ങളും കൂടി അനുകരിക്കാന്‍ മലയാള സിനിമ തയ്യറായാല്‍ എത്ര നന്നായിരിക്കും!