UPDATES

സിനിമ

‘ഒരു കുപ്രസിദ്ധ പയ്യന്‍’ നമ്മുടെ നാട്ടില്‍ നടന്ന കൊലപാതക കഥ’ : സംവിധായകൻ മധുപാൽ സംസാരിക്കുന്നു

” നമ്മുടെ നാട്ടില്‍ ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’- സിനിമ രൂപപ്പെട്ടത് ”

                       

ടൊവീനോ തോമസിനെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’- ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്.  നിമിഷ സജയന്‍, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, അലന്‍സിയര്‍, സിദ്ദിഖ്, സുധീര്‍ കരമന, സുജിത്ത് ശങ്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജീവന്‍ ജോബ് തോമസിന്റേതാണ്.

ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. എഡിറ്റിങ് വി സാജന്‍. തലപ്പാവ്, ഒഴിമുറി തുടങ്ങിയ സിനിമകള്‍ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പുതിയ കാലത്തെ സമൂഹവും അവരുടെ മനോഭാവങ്ങളെ കുറിച്ചും പറയുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ ല്‍ സമൂഹത്തിന് മുന്നില്‍ താന്‍ മോശക്കാരനല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട അവസ്ഥകളെ കുറിച്ചുള്ള കഥയാണ് പറയുന്നത്. സമൂഹത്തില്‍ ഓരോരുത്തരും സ്വന്തം മനസ്സാക്ഷിയോടു ചോദിക്കേണ്ട ചില ചോദ്യങ്ങളാണ് ഈ കഥയിലൂടെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് മധുപാല്‍ പറയുന്നു.

ചിത്രത്തെ കുറിച്ച് സംവിധായകൻ മധുപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കു വെച്ച ചില പ്രതികരണങ്ങൾ

എന്താണ് കുപ്രസിദ്ധ പയ്യനിലൂടെ പറയുന്നത് ?

നമുക്ക് പരിചിതമായ നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന കഥതന്നെയാണ് കുപ്രസിദ്ധ പയ്യന്‍. ഇതിലെ സംഭവങ്ങള്‍ അല്ലെങ്കില്‍ ഇതിലെ കഥ നടന്നിട്ടുണ്ട്, നടന്നുകൊണ്ടിരിക്കുന്നുണ്ട് ഇനിയും നടക്കുകയും ചെയ്യും. ഇതില്‍ കൊലപാതകം ഉണ്ട്, അന്വേഷണം ഉണ്ട്, മിസ്റ്ററിയും ഉണ്ട്. എന്നാല്‍ അതേസമയം ഇമോഷന്‍സും ഉണ്ട്. നമുക്ക് പരിചിതമായ ജീവിതം പറയുന്ന സിനിമയാണിത്. ജീവിതത്തില്‍ നടക്കാത്തതായി ഒന്നുമില്ല. ഇതിലെ സംഭവങ്ങളെല്ലാം നിത്യജീവിതത്തിലെ ഭാഗം തന്നെയാണ്. അങ്ങനെയുളള കാഴ്ചകള്‍ തന്നെയാണ് സിനിമയിലേക്ക് വരുന്നത്.

ഈ സിനിമ കാണുമ്പോള്‍ ഒരാള്‍ മനസ്സിലാകുന്ന ചില കാര്യങ്ങള്‍ ഉണ്ടാകും. ഒരാള്‍ക്ക് മറ്റൊരാളെ എപ്പോള്‍വേണമെങ്കിലും ഏത് ആള്‍ക്കൂട്ടത്തില്‍ വച്ചും മോശക്കാരനാക്കാന്‍ സാധിക്കും. അതാണ് നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ കണ്ടു വരുന്ന സ്വഭാവം. ഒരു നിമിഷം കൊണ്ട് ലോകത്തെ തന്നെ മാറ്റിമറിക്കുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഈയൊരു അവസ്ഥ എന്റെ സിനിമയില്‍ വളരെ കൃത്യമായി പ്രതിപാദിക്കുന്നു.

നിലവിലെ സാമൂഹ്യ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുകയാണോ എന്ന ചോദ്യത്തിന് താന്‍ ആത്യന്തികമായി നിയമവ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നായിരുന്നു സംവിധായകന്റെ മറുപടി. ജുഡിഷ്യറി നമ്മെ സഹായിക്കുന്നതിനുളള സംവിധാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ഇവിടത്തെ നിയമ വ്യവസ്ഥ തന്നെയാണ്. ഈ നിയമ വ്യവസ്ഥയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ ആരംഭിക്കുമ്പോഴാണ് കലാപം ഉണ്ടാകുന്നത്. അതോടെ നമ്മുടെ സാമൂഹിക വ്യവസ്ഥിതിയുടെ താളംതെറ്റും.

ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണല്ലോ പുതിയ ചിത്രവുമായി എത്തുന്നത് എന്ന ചോദ്യത്തിന് മധുപാൽ ഇങ്ങനെ പ്രതികരിച്ചു – സിനിമയുടെ കാര്യത്തില്‍ ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ കാലമത്രയും ഞാന്‍ പല ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ആന്തോളജിയുടെ ഭാഗമായി ഒരു സിനിമ ചെയ്തു. ടെലിവിഷനില്‍ ജോലി ചെയ്തു. എഴുതുന്നുണ്ടായിരുന്നു യാത്രകള്‍ ചെയ്തു. നിലവില്‍ എന്റെ കൈയ്യില്‍ മൂന്നു സ്‌ക്രിപ്റ്റ് ഉണ്ട്

‘പൊലീസിനെയും ജുഡീഷ്യറിയെയും ഭയക്കുന്നു ‘

രണ്ടു കാര്യങ്ങളെ ഞാനിപ്പോഴും ഭയക്കുന്നു, പൊലീസിനെയും ജുഡീഷ്യറിയെയും. ജുഡിഷ്യറിയെ വെല്ലുവിളിക്കാന്‍ നമുക്ക് അവകാശമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്ന ജുഡിഷ്യറിക്ക് കീഴ്‌പ്പെട്ടാണ് നമ്മള്‍ ജീവിക്കുന്നത്. ഭരണഘടനയടക്കമുള്ള നിയമങ്ങളെല്ലാം സമൂഹത്തിന്റെ സമാധാനപരമായ ആരോഗ്യകരമായ നിലനില്‍പ്പിനായി ഉണ്ടാക്കിയിട്ടുള്ളതാണ്. ഇത് തിരിച്ചറിയാതെ പോകുമ്പോഴാണ് കലാപം ഉണ്ടാകുന്നത്. എന്റെ ആദ്യസിനിമയിലും ഞാന്‍ ഇതു പറഞ്ഞിട്ടുണ്ട്.

ജുഡിഷ്യറിയെ വെല്ലുവിളിക്കുമ്പോള്‍ കലാപത്തിനുള്ള ആഹ്വാനം ഉണ്ടാകുന്നു. അതാണ് ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും മറ്റൊരാളെ പ്രതിയാക്കാമെന്ന്. അത്തരമൊരു പ്രതിയാക്കലില്‍ നിന്നും നാമെല്ലാവരും നമ്മുടെ സമൂഹവും രക്ഷപ്പെടണം എന്ന ആഗ്രഹമാണ് ഈ സിനിമയില്‍ ഞാന്‍ കൊണ്ടുവന്നിട്ടുള്ളത്. ആളുകളുടെ മനസ്സാണ് ഈ സിനിമയില്‍ ഞാന്‍ കാണിക്കുന്നത്. കൗശലത്തിന്റേയും കൃത്രിമത്തിന്റേയും ലോകത്താണ് നാം ജീവിക്കുന്നത്. ഇതെല്ലാം നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു കൂടിയാണ് ഈ സിനിമ പറയുന്നത്.

സിനിമയുടെ പിറവിയെ കുറിച്ച് ?

നമ്മുടെ നാട്ടില്‍ ഉണ്ടായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’- സിനിമ രൂപപ്പെട്ടത്. തിരക്കഥയെഴുതിയ ജീവന്‍ജോബ് തോമസുമായി നിരവധി കഥകള്‍ ചര്‍ച്ച ചെയ്തിരുന്നു. ശാസ്ത്ര ലേഖകന്‍ കൂടിയായ ജീവന്റെ ഒരു ലേഖനം ആ സമയത്ത് വായിക്കാനിടയായി. നാട്ടില്‍ നടന്ന ഒരു കൊലപാതകത്തെ അടിസ്ഥാനമാക്കിയുള്ള ലേഖനമായിരുന്നു അത്. മനുഷ്യാവകാശ പ്രശ്നമാണ് ജീവന്‍ ആ ലേഖനത്തില്‍ കൈകാര്യം ചെയ്തത്. ഒരു മനുഷ്യനെ എപ്പോള്‍ വേണമെങ്കിലും ഏത് സാഹചര്യത്തിലും തെറ്റ്കാരനാക്കാം എന്ന ഒരവസ്ഥ നിലനില്‍ക്കുന്നുണ്ട്. പത്തുപേര്‍ ചേര്‍ന്നാള്‍ ഒരാളെ കൊലപാതകിയാക്കാം, കള്ളനാക്കാം, കുറ്റക്കാരനാക്കാം. നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ നമുക്കിടയില്‍ ഉണ്ടാകുന്നുണ്ട്. ഇങ്ങനെ ഒരു കൊലപാതകത്തിന് പ്രതിയാകേണ്ടിവന്ന ഒരു ചെറുപ്പക്കാരനെ ജീവന്‍ കാണുകയും അയാളുമായി സംസാരിക്കുകയും ഒക്കെ ചെയ്ത ശേഷം കേരളത്തില്‍ നടന്ന മറ്റു കൊലപാതകങ്ങളില്‍ എങ്ങിനെയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന അന്വേഷണം കൂടിയായിരുന്നു ആ ലേഖനം. ആ ചിന്തയില്‍ നിന്നാണ് ഈ സിനിമയുടെ പിറവി. ഒരുപാട് കൊലപാതകകേസുകളുടേയും ക്രൈം സ്റ്റോറീസിന്റെയും പുറകെ യാത്ര ചെയ്താണ് ഒരു കുപ്രസിദ്ധ പയ്യനില്‍ എത്തിയത്.

കുപ്രസിദ്ധ പയ്യനെ താങ്കളുടെ മറ്റു സിനിമകളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ?

തലപ്പാവിലും ഒഴിമുറിയിലുമെല്ലാം മൂന്നോ നാലോ പ്രധാന നടീനടന്മാരും ബാക്കിയെല്ലാവരും പുതുമുഖങ്ങളുമായിരുന്നു. എന്നാല്‍ ഈ സിനിമയുടെ ക്യാന്‍വാസ് കുേറക്കൂടി വിശാലമാണ്. ഒറ്റ സീനീല്‍ വന്നുപോകുന്ന കഥാപാത്രം പോലും സിനിമയുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഒട്ടുമിക്ക കഥാപാത്രങ്ങളേയും അവതരിപ്പിച്ചത് പ്രശസ്ത നടീനടന്മാരാണ്. 40 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്ന നെടുമുടി വേണുച്ചേട്ടന്റെ വേറിട്ടൊരു മുഖമാണ് ഇതില്‍ കാണുക. സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങി എല്ലാവരും ഇതുവരെ അവര്‍ ചെയ്തതില്‍ നിന്നും ഏറെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍