UPDATES

സിനിമ

ബോളിവുഡ് ആരാധന മൂത്ത് എത്തിയ ‘ദ സ്‌കോര്‍പ്പിയോണ്‍ കിംഗ്’ സംവിധായകന്റെ കാട്.. ആന.. അടി; വിദ്യുത് ജാംവാലിന്റെ ‘ജംഗലീ’

ചക്ക് റസ്സല്‍ ഇന്ത്യന്‍ സിനിമകളില്‍ പണ്ടേ താത്പര്യമുള്ളയാളും ബോളിവുഡ് ഡയറക്ടര്‍മാരോട് അസൂയയാണെന്നു തുറന്ന് പറഞ്ഞിട്ടുള്ള ആളുമാണത്രെ.. ആഗ്രഹമൊക്കെ കൊള്ളാം. ബട്ട് ഇത് നിങ്ങക്ക് പറഞ്ഞ പണിയല്ല മച്ചാനേ..

ശൈലന്‍

ശൈലന്‍

                       

വിദ്യുത് ജാംവാലിന്റെ പോസ്റ്റര്‍ കണ്ടാണ് ഇന്ന് റിലീസായ ജംഗലീ എന്ന ബോളിവുഡ് സിനിമയ്ക്ക് കയറിയത്. വിദ്യുത് നല്ല അടിക്കാരനാണ്. തുപ്പാക്കിയിലും കമാന്‍ഡോയിലും മറ്റുമൊക്കെ അത് കണ്ടതാണ്. നായകനായി വന്നപ്പോഴത്തെതിനെക്കാളും ടിയാന്‍ തിളങ്ങിയത് തുപ്പാക്കിയില്‍ വിജയിന്റെ വില്ലന്‍ ആയിരുന്നപ്പോള്‍ ആയിരുന്നു എന്നതാണ് സത്യം..

തിയേറ്ററില്‍ കേറി സീറ്റില്‍ ഇരുന്നപ്പോഴാണ് മനസിലായത് പടം ഡയറക്ട് ചെയ്തിരിക്കുന്നത് ചില്ലറക്കാരനല്ല എന്ന്.. ചക്ക് റസ്സല്‍ ഫ്രം യുണൈറ്റഡ് സ്റ്റേറ്റ്സ്. കണ്ട ആപ്പാ ഊപ്പാ പടമൊന്നും ചെയ്ത് കോളിവുഡ് ഡയറക്ടര്‍ എന്ന് ബോര്‍ഡ് വച്ച ആളല്ല. ദി മാസ്‌ക്, scorpion king തുടങ്ങി ലോകമെങ്ങും ആള് കേട്ടാല്‍ അറിയുന്ന ഒരുപിടി ഹോളിവുഡ് മൂവീസ് എടുത്ത ആളാണ്..

പേര് സൂചിപ്പിക്കുമ്പോലെ തന്നെ ജംഗലീ കാടിന്റെ കഥയാണ്. അല്ലെങ്കില്‍ കാട്ടില്‍ നടക്കുന്ന സില്‍മ. സിനിമ നിര്‍മ്മിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പേരും ജംഗലീ പ്രൊഡക്ഷന്‍സ് എന്നു തന്നെ. ആകെ മൊത്തം കാടും പ്രകൃതിയും വന്യജീവിസംരക്ഷണവും തലയ്ക്ക് പിടിച്ച് സിനിമയെടുക്കാന്‍ ഇറങ്ങിയ ടീമാണ് എന്ന് അര്‍ത്ഥം. എന്നുവച്ച് മലയത്തിപ്പെണ്ണ്, കാനനസുന്ദരി, ടാര്‍സന്‍ മോഡല്‍ ഐറ്റം പ്രതീക്ഷിച്ച് ഒരു കുബുദ്ധിയും ആ വഴി ചെല്ലണ്ട. ക്യാരക്ട്‌ടേഴ്സ് എല്ലാവരും വെല്‍ ഡ്രസ്ഡ് ആണ്.

സംവിധായകന്‍ അമേരിക്കന്‍ ആണെങ്കിലും സിനിമ ഹിന്ദി ആണെങ്കിലും വിദ്യുതിന്റെ നായക കഥാപാത്രത്തിന്റെ പേര് രാജ് നായര്‍ എന്നാണ്. പുള്ളിയുടെ അപ്പന്‍ ദീപാങ്കുരന്‍ നായര്‍. മലയാളികള്‍ ആണെന്നുതന്നെ സങ്കല്പിക്കേണ്ടിയിരിക്കുന്നു. വെറ്റിനറി ഡോക്ടര്‍ ആയ രാജ് നായര്‍ അപ്പനുമായുള്ള പത്തുകൊല്ലത്തെ അഭിപ്രായഭിന്നതികള്‍ക്ക് ശേഷം കാട്ടില്‍ താമസിയ്ക്കുന്ന മൂപ്പരെ തേടിച്ചെല്ലുന്നതായാണ് ജംഗലീയുടെ ആരംഭം.

ദീപാങ്കുരന്‍ നായര്‍ ബാബ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന യോഗീതുല്യനും തലൈവാസല്‍ വിജയും ആണ്. പോരാത്തതിന് ചന്ദ്രിക എന്ന പേരില്‍ ഒരു എലിഫന്റ് sanctuary നടത്തുന്നുമുണ്ട്. ആനകളിങ്ങനെ അവിടെയെങ്ങും സര്‍വത്ര മേഞ്ഞ് നടക്കുകയാണ്. മകന്‍ വന്ന് സെറ്റായി അധികം കഴിയും മുന്‍പ് തന്നെ ആനക്കൊമ്പ് വേട്ടക്കാരുമായുള്ള പോരാട്ടത്തില്‍ ബാബ കൊല്ലപ്പെടുന്നു. പോലീസുകാരുടെ സഹായവും ആനവേട്ടക്കാര്‍ക്ക് ഉണ്ട്. സ്വാഭാവികമായും രാജ് നായര്‍ സകലരെയും അടിച്ച് നിരത്തി പ്രതികാരം ചെയ്യും. എലിഫന്റ് sanctuary യുടെ ചുമതല ഏറ്റെടുത്തു കാട്ടില്‍ താമസമാക്കുകയും ചെയ്യും. അത്രേള്ളൂ ഐറ്റം.

ജാംവാല്‍ വല്യ അടിക്കാരനാണ് എന്ന് പറയുന്നത് സാധൂകരിക്കുന്ന ഒരു ഫൈറ്റ് പോലീസ് സ്റ്റേഷനില്‍ നടക്കുന്നുണ്ട്. പടത്തിനായി കൊടുത്ത മൂലധനത്തില്‍ തിരിച്ചുകിട്ടുന്ന അറ്റാദായം എന്നുപറയുന്നത് അത് അത് മാത്രമാണ്. കൊള്ളക്കാരുമായുള്ള അടിയൊക്കെ ശുദ്ധപാഴ്. ഇതിനൊന്നും വിദ്യുത് ജംവാലിന്റെ ആവശ്യമില്ല. ഇക്കാ ചെയ്തിട്ടില്ലേ മാസ്റ്റര്‍പീസിലും പുത്തന്‍പണത്തിലും ഇജ്ജാതി..

അതുല്‍ കുല്‍ക്കര്‍ണിയെ പോലൊരു മികച്ച നടനെ ചക്ക് റസ്സല്‍ ഉപയോഗിച്ചിരിക്കുന്നത് കണ്ടാല്‍ മോന്ത പിടിച്ച് റോട്ടില്‍ ഒരയ്ക്കാന്‍ തോന്നും.. മകരന്ദ ദേശ്പാണ്ഡേയുടെ കാര്യവും അങ്ങനെ തന്നെ. പൂജാ സാവന്ത്, ആശാ ഭട്ട് എന്നിങ്ങനെ രണ്ട് പുതുമുഖ നായികമാരുണ്ട്. അതും വെയിസ്റ്റ്.

ചക്ക് റസ്സല്‍ ഇന്ത്യന്‍ സിനിമകളില്‍ പണ്ടേ താത്പര്യമുള്ളയാളും ബോളിവുഡ് ഡയറക്ടര്‍മാരോട് അസൂയയാണെന്നു തുറന്ന് പറഞ്ഞിട്ടുള്ള ആളുമാണത്രെ.. ആഗ്രഹമൊക്കെ കൊള്ളാം. ബട്ട് ഇത് നിങ്ങക്ക് പറഞ്ഞ പണിയല്ല മച്ചാനേ.. വെടിപ്പായി അത് ചെയ്യാന്‍ ഇവിടെ ഇഷ്ടം പോലെ ആളിരിക്കുന്നു. 115മിനിറ്റ് മാത്രമേ ദൈര്‍ഘ്യമുള്ളൂ എന്നത് ഒരു മികച്ച ഹൈലൈറ്റ്.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍