UPDATES

സിനിമ

‘സൂപ്പര്‍സ്റ്റാര്‍ സിനിമകളെ കുറിച്ചുള്ള ആശങ്കകളില്ല.. എന്‍ വഴി തനി വഴി’: സംവിധായകന്‍ ലിയോ തദ്ദേവൂസ് / അഭിമുഖം

പല സിനിമകള്‍ പരിസരങ്ങളില്‍ ഉണ്ടാകും. പക്ഷെ നമ്മള്‍ നമ്മുടെ സിനിമയിലും ഓഡിയന്‍സിലും വിശ്വാസവും സ്‌നേഹവും വെച്ചു പുലര്‍ത്തുക എന്നെ ഒള്ളു. – ലിയോ തദ്ദേവൂസ്

                       

പച്ചമരത്തണലില്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിയോ തദ്ദേവൂസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ലോനപ്പന്റെ മാമോദീസ. ജയറാം നായകനായി എത്തിയ ചിത്രത്തില്‍ അന്ന രേഷ്മ രാജനാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ ലിയോ തദ്ദേവൂസ് അനു ചന്ദ്രയുമായി പങ്കു വയ്ക്കുന്നു.

‘ലോനപ്പന്റെ മാമോദീസ’.. എന്താണ് ഇങ്ങനെയൊരു പേര്‌?

മാമോദീസ എന്നു പറയുന്നത് rebirth എന്ന ഒരു കോണ്‍സപ്റ്റ് ആണ്. അതായത് വീണ്ടും ജനനം എന്നാണ് ഉദ്ദേശിക്കുന്നത്. ജയറാം ചെയ്യുന്ന കഥാപാത്രമായ ലോനപ്പന്‍ എന്നു പറയുന്ന വ്യക്തിയുടെ rebirthനെ സൂചിപ്പിക്കുന്നത് കൊണ്ടാണ് ‘ലോനപ്പന്റെ മാമോദീസ’ എന്ന വാക്ക് നമ്മള്‍ ഈ സിനിമയുടെ പേരായി കൊടുത്തത്.

കുറച്ചു കാലമായി നഷ്ടപ്പെട്ടു പോയ ജയറാമിന്റെ നാട്ടിന്‍പുറത്തുക്കാരന്‍ എന്ന ഇമേജ് തിരിച്ചുപിടിക്കാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചല്ലോ?

നാട്ടിന്‍പുറത്തുകാരന്‍ കഥാപാത്രങ്ങളും ആ ഒരു ഇമേജുകളുമാണ് ജയറാമിനെ നമുക്കൊക്കെ വളരെ ഇഷ്ടപ്പെട്ടത്്. പിന്നെ ഈ സിനിമയില്‍ അത്തരം ഒരു നാട്ടിന്‍പുറത്തുകാരനായി ആളുകളിലേക്ക് എളുപ്പത്തില്‍ ലിങ്ക് ചെയ്യാനാകുന്ന കഥാപാത്രം ചെയ്യാന്‍ കഴിയുന്ന നിലവിലെ നടന്‍ എന്നു പറയുന്നത് ജയറമേട്ടന്‍ തന്നെയാണ്. അതില്‍ സംശയം ഇല്ല. അത്തരത്തില്‍ നമുക്കിടയില്‍ ഉള്ള ഒരാള്‍ എന്ന് തോന്നുന്ന ഒരു നടനെയാണ് നമുക്ക് ആവശ്യവും. മാത്രമല്ല തൃശൂര്‍ ശൈലിയിലുള്ള ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ ഒക്കെ കഴിയുന്ന ഒരു നടനെന്ന രീതിയില്‍ ജയറാമേട്ടന് അപ്പുറത്തേക്ക് മറ്റൊരാളെപ്പറ്റി ചിന്തിക്കേണ്ടി വന്നില്ല. ലോനപ്പന്റെ ഒരു ഹിഡന്‍ ടാലന്റിനെ ചുറ്റിപ്പറ്റിയാണ് ഈ കഥ പോകുന്നത്. അങ്ങനെ പറയത്തക്ക അമാനുഷികമായിട്ടുള്ള ചിന്തകള്‍ ഒന്നുമില്ലാത്ത ഒരു സിനിമയാണ് ഇത്. ജീവിത പ്രാരാബദ്ധങ്ങള്‍ക്കിടയില്‍ സ്വന്തം കഴിവ് ഒതുക്കി വയ്‌ക്കേണ്ടി വന്ന ലോനപ്പന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മുന്‍പ് പഠിച്ച ഒരു സ്‌കൂളില്‍ വച്ച് ഗെറ്റുഗതറില്‍ പങ്കെടുക്കുകയും, അവിടെവെച്ച് അയാളില്‍ ഒളിഞ്ഞു കിടന്ന ഒരു കഴിവിനെ പുറത്തുകൊണ്ടുവരികയുമാണ്. അതൊക്കെ ജയറാമേട്ടന്റെ കൈയില്‍ വഴങ്ങും എന്നുള്ള ബോധ്യം എനിക്കുണ്ടായിരുന്നു. ലോനപ്പന്റെ പൂര്‍വ്വകാല സുഹൃത്ത് കുഞ്ഞൂട്ടനായി ദിലീഷ് പോത്തനും എത്തുന്നുണ്ട് ഈ സിനിമയില്‍.

താങ്കള്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന സംവിധായകനല്ല. ഒരു നിശ്ചിത ഗ്യാപ്പ് എടുക്കുന്നുണ്ട് ഓരോ സിനിമ കഴിയുമ്പോഴും.. കാരണം?

എനിക്ക് എല്ലാ ജോണറിലുമുള്ള സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. ഒരേ ജോണറിലായി സിനിമകളെടുക്കുന്ന സംവിധായകനായി ഒതുങ്ങാന്‍ ഇഷ്ടമല്ല. പച്ചമരത്തണല്‍, പയ്യന്‍സ്, ഒരു സിനിമാക്കാരന്‍ തുടങ്ങിയ സിനിമകളെല്ലാം വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളാണ്. പിന്നെ സിനിമകള്‍ പ്രേക്ഷകരെ ഇംപ്രസ് ചെയ്യിക്കുക എന്നതിലുപരി ആദ്യം ആ സിനിമ എന്നെ ഇംപ്രസ് ചെയ്യണം അല്ലെങ്കില്‍ എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തണം. അതാണ് നമ്മള്‍ നോക്കുന്നത്. അത്തരം കഥകളിലേക്കാണ് നമ്മള്‍ കടക്കുന്നതിനും മറ്റും അതിന് അതിന്റെതായ സമയം എടുക്കുന്നു എന്നെ ഒള്ളു.

തൃശ്ശൂര്‍ക്കാരന്റെ കഥ പറയുന്ന ‘ലോനപ്പന്റെ മാമോദീസ’ താങ്കളില്‍ അത് എത്ര മാത്രം വഴങ്ങി?

ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണ്. അത്‌കൊണ്ട് തന്നെ തൃശ്ശൂര്‍ പശ്ചാത്തലമായി ഒരു സിനിമ എടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പമായിരുന്നു. ഞാന്‍ ജനിച്ചുവളര്‍ന്നത് എല്ലാം തൃശൂരില്‍ ആയതുകൊണ്ട് ഈ പറയുന്ന പശ്ചാത്തലം എല്ലാം എന്നെ സംബന്ധിച്ചിടത്തോളം വളരെ സുപരിചിതമാണ്. ഭാഷ, കള്‍ച്ചര്‍, ആര്‍ട്ടിസ്റ്റുകളുടെ ബോഡി ലാംഗ്വേജ് വരെ പറഞ്ഞുകൊടുക്കാന്‍ വളരെ എളുപ്പമായിരുന്നു. പിന്നെ വളരെ ഡീറ്റെയില്‍ഡ് ആയി എല്ലാം പകര്‍ത്താന്‍ വരെ എനിക്ക് സാധിച്ചിരുന്നു.

ജയറാമുമൊത്തുള്ള നിമിഷങ്ങള്‍ ?

ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഒരു കഥാപാത്രത്തിനായി വളരെയധികം സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്ന ആളാണ് ജയറാം. അദ്ദേഹത്തിന് വ്യക്തതയില്ലാത്ത കാര്യത്തെ കുറിച്ച് അദ്ദേഹം വളരെ വിശദമായി ചോദിച്ചു മനസ്സിലാക്കും നമ്മളോട്. അതിലൊക്കെ ഉപരിയായി ഒരു പ്രോജക്ടിനോടൊപ്പം പൂര്‍ണമായി നില്‍ക്കുക എന്ന മനസ്സ് അദ്ദേഹത്തിന് ഉണ്ട്. താന്‍ ചെയ്യുന്ന പ്രവര്‍ത്തിയോട് 100% നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. അഭിനയിക്കാനായി വളരെ ഗംഭീരമായി സഹകരിക്കുന്ന ഒരു നടനാണ് ജയറാം. പിന്നെ ജയറാം ഒക്കെ ഒരുപാട് ലോനപ്പന്മാരെ കണ്ടിട്ടുള്ളത് കൊണ്ടൊക്കെയാകാം അദ്ദേഹം വളരെ അനായാസമായി ആ കഥാപാത്രം കൈകാര്യം ചെയ്തത്.

പേരന്‍മ്പ് പോലെ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമക്കിടയില്‍ ലോനപ്പന്റെ മാമോദീസ വരുമ്പോള്‍ ആശങ്ക ഉണ്ടായിരുന്നോ?

എനിക്ക് അത്തരത്തില്‍ ഉള്ള ആശങ്കകള്‍ ഒന്നും ഇല്ല. രജനീകാന്ത് പറയുന്ന പോലെ ‘എന്‍ വഴി തനി വഴി’. അത്രേ ഒള്ളു. അതായത് നമുക്ക് നമ്മുടേതായിട്ടുള്ള വഴി, നമുക്ക് നമ്മുടേതായിട്ടുള്ള ഓഡിയന്‍സ് എന്നൊക്കെ ഒള്ളു. പല സിനിമകള്‍ പരിസരങ്ങളില്‍ ഉണ്ടാകും. പക്ഷെ നമ്മള്‍ നമ്മുടെ സിനിമയിലും ഓഡിയന്‍സിലും വിശ്വാസവും സ്‌നേഹവും വെച്ചു പുലര്‍ത്തുക എന്നെ ഒള്ളു.

വെറുമൊരു കണ്ണീര്‍ക്കഥയല്ല, ഉള്ളുലയ്ക്കുന്ന രാഷ്ട്രീയ ബോധ്യമാണ് പേരന്‍പ്

പേരൻപ്; മമ്മൂക്കയുടെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്

 

Share on

മറ്റുവാര്‍ത്തകള്‍