Continue reading “സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍”

" /> Continue reading “സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍”

">

UPDATES

സിനിമ

സ്വപ്നങ്ങളുടെ നോട്ടുപുസ്തകം മഞ്ജു വാര്യര്‍ വീണ്ടും തുറക്കുമ്പോള്‍

                       

റെജിന എം.കെ

Who decides the Expiry date of a Women’s Dream ?’

പാതി എഴുതി മടക്കി വെച്ച സ്വപ്നങ്ങളുടെ ഒരു കുഞ്ഞു നോട്ടു പുസ്തകം ഉണ്ടാവും, ഇത്തിരിപ്പോന്ന ചതുരങ്ങളെ ലോകമെന്ന് വിശ്വസിപ്പിച്ച്, അതിനുള്ളില്‍ സ്വയം തിരുകി വെക്കുന്ന മിക്കവാറും എല്ലാ സ്ത്രീകള്‍ക്കും. എഴുതാതെ ഒഴിച്ചിട്ട ആ പാതിഭാഗമാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമ ‘ഹൌ ഓള്‍ഡ് ആര്‍ യൂ ‘പൂരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മലയാളത്തിന്റെ തിരശ്ശീലയില്‍ പെണ്‍ജീവിതത്തിന്റെ ആഴിയും ആകാശവും കൊത്തിവെച്ച കഥാപാത്രങ്ങള്‍ക്കു ശേഷം കുടുംബ ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് മറഞ്ഞ്, പിന്നീടിപ്പോള്‍ നാടകീയമായി തിരിച്ചെത്തിയ മഞ്ജുവാര്യര്‍ എന്ന നടിയിലൂടെ പൂരിപ്പിക്കപ്പെടുന്നത്, ആ ഒഴിഞ്ഞ പാതിയിടം തന്നെയാണ്.

വെറുതെ ഒരു സിനിമ മാത്രമായി ഇതിനെ വായിക്കാനാവാത്തത് രണ്ടു കാരണങ്ങളാലാണ്. നമ്മുടെ കുടുംബ വ്യവസ്ഥയ്ക്കകത്തേക്ക് വലതുകാല്‍ വെച്ച് പ്രവേശിക്കുന്ന സ്ത്രീകളുടെ പില്‍ക്കാല ജീവിതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളാണ് ഒന്ന്. 14 വര്‍ഷം നീണ്ട (ഭ)വനവാസ കാലത്തിനുശേഷം സ്വന്തം പ്രതിഭയിലേക്ക് തിരിച്ചണഞ്ഞ മഞ്ജു വാര്യര്‍ എന്ന നടിയുടെ തിരശ്ശീലയിലേക്കുള്ള മടങ്ങി വരവാണ് അടുത്തത്. നിരുപമ എന്ന നായിക കഥാപാത്രത്തിന്റെ ജീവിതത്തിനൊപ്പം സമാന്തരമായി മഞ്ജുവിന്റെ ജീവിതവും നാം വായിച്ചെടുക്കേണ്ടി വരുന്നു. സിനിമ കാണാന്‍ തിയറ്ററില്‍ ഇരിക്കുന്ന സ്ത്രീ പ്രേക്ഷകരുടെ ജീവിതവും ഇതിനു സമാന്തരമായി കടന്നു വരുന്നു. ഇതെല്ലാം ചേരുമ്പോഴാണ്, സാധാരണമായ ഒരു ചിത്രം അസാധാരണമായ വിധത്തില്‍ നമ്മുടെ ഉള്ളില്‍ കൊത്തിവെയ്ക്കപ്പെടുന്നത്. ഉള്ളില്‍ ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നത്.

 

അനന്യം എന്നോ സമാനതകള്‍ ഇല്ലാത്തത് എന്നോ വിശേഷിപ്പിക്കാവുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ഒന്നുമില്ല ഈ സിനിമയില്‍. താന്‍ എന്തായിരുന്നു എന്ന് പോലും മറന്ന് പോയി,ആവര്‍ത്തനങ്ങളില്‍ അടിഞ്ഞ് പോവുന്ന ഒരു സാധാരണ മിഡില്‍ ക്ലാസ് ഉദ്യോഗസ്ഥയായ വീട്ടമ്മയുടെ അതി സാധാരണ ദിവസങ്ങള്‍ കയ്യടക്കത്തോടെ മഞ്ജു അവതരിപ്പിക്കുന്നു. പലപ്പോഴും ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ശ്രീദേവി റിട്ടേണ്‍ സിനിമയെ ഹൌെ ഓള്‍ഡ് ആര്‍ യൂ ഓര്‍മ്മിപ്പിച്ചുവെങ്കിലും തിയറ്ററില്‍ കണ്ടത് നിര്‍ത്താത്ത കൈയടികളും ആവേശവുമായിരുന്നു. മഞ്ജുവിനെ വരവേല്‍ക്കുന്നതിന്റെതു മാത്രമായിരുന്നില്ല അത്. ക്യാമറ പലപ്പോഴും ചെന്നത് നമ്മുടെ പെണ്‍ജീവിതങ്ങളുടെ പച്ചയായ ഉള്ളകങ്ങളിലേക്ക് കൂടിയായിരുന്നു.

ഇനി മഞ്ജു വാര്യര്‍ എന്താവും എന്ന മുന്‍ വിധികള്‍ക്കും, ഇത് വരെ മഞ്ജു എന്തായിരുന്നു എന്നുമൊക്കെ ഉള്ള പതംപറച്ചിലുകള്‍ക്ക് ഒപ്പം നില്‍ക്കാതെ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി, കലാകാരി പാതി അടച്ച് വെച്ച് പോയ സ്വപ്നങ്ങളുടെ പുസ്തകം തുറക്കുമ്പോള്‍ അവര്‍ അടയാളം വെച്ച് പോയ ബുക്ക് മാര്‍ക്ക് അവിടെ തന്നെ ഉണ്ട്. ഒരു പേജില്‍ നിന്ന് മറ്റൊരു പേജിലേക്ക് പതിനാലു വര്‍ഷത്തിന്റെ ദൂരം.

കുടുംബജീവിതം എന്ന ക്യൂ
നമ്മുടെ കുടുംബവ്യവസ്ഥ സ്ത്രീജീവിതങ്ങളോട് ചെയ്യുന്നത് എന്താണ്? സ്ത്രീയുടെ സ്വപ്നങ്ങള്‍ മാത്രം തണലിടങ്ങളില്‍ വളരുന്ന അലങ്കാര ചെടികള്‍ പോലെ ആവുന്നത് എന്തു കൊണ്ടാണ്? പഠന കാലങ്ങളിലും യൌവനത്തിലും പ്രതിഭയുടെ തിളക്കങ്ങള്‍ കാഴ്ച വെച്ച പെണ്‍കുട്ടികള്‍ പോലും കുടുംബം നല്‍കുന്നുവെന്ന് പറയുന്ന തണലിടങ്ങളില്‍ വളര്‍ച്ച മുരടിച്ച് നിറം മങ്ങുന്നത് എന്തു കൊണ്ടാണ്?

‘ഹൌ ഓള്‍ഡ് ആര്‍ യൂ’ എന്ന ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ ഉള്ളില്‍ ബാക്കിയായത് ഈ ചോദ്യങ്ങളായിരുന്നു. പലപ്പോഴും ആലോചിച്ച കാര്യങ്ങള്‍. ഇരുതല മൂര്‍ച്ചയുള്ള വാള്‍ പോലെ തൊട്ടാല്‍ ചോര പൊടിയുന്ന ചോദ്യങ്ങള്‍.

 

നമുക്കറിയാം കുടുംബം എന്ന സ്ഥാപനത്തിലേക്കുള്ള സ്ത്രീയുടെ വരവിന്റെ കഥകള്‍. പ്രണയത്തിന്റെ കൈ പിടിച്ചായാലും മാട്രിമോണിയല്‍ സൈറ്റുകളുടേയോ ദല്ലാള്‍മാരുടേയോ കൈ പിടിച്ചായാലും അത് ചെന്നു ചേരുന്നത് ഒരേ കുത്തൊഴുക്കിലാണ്. പത്തു പതിനഞ്ചു വര്‍ഷം കഴിയാതെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഇട കിട്ടാത്ത ഒരു നീണ്ട ക്യൂ ആണത്.

ആ ക്യൂവില്‍ നില്‍ക്കുന്ന ആദ്യ കാലങ്ങള്‍ മധുവിധുവിന്റേതും സ്വപ്നങ്ങളുടേതും ഒക്കെയാവും. ചിലര്‍ക്ക് അതു പോലും സാധ്യമാവണമെന്നില്ല. അതു കഴിയുമ്പോള്‍ വരും ആശുപത്രിയിലേക്കുള്ള ക്യൂ. ഗര്‍ഭകാലം നല്‍കുന്ന അമ്പരപ്പിക്കുന്ന അപരജീവിതം, പ്രസവം, കുഞ്ഞിക്കാല്‍ നല്‍കുന്ന ശുഭപ്രതീക്ഷകള്‍. നാലഞ്ച് വര്‍ഷം കഴിയും, കുട്ടിയുടെ വളര്‍ച്ചയുടെ തീവ്രപരിചരണത്തില്‍ നിന്ന് ഒന്ന് ദീര്‍ഘനിശ്വാസം വിടാന്‍. അപ്പോഴേക്കും വരും, അടുത്ത കുഞ്ഞ്. വീണ്ടും ഒരഞ്ചു വര്‍ഷം. ഇതിനിടെ, ജീവിതത്തിന്റെ മണവും നിറവും സ്വപ്നങ്ങളുമൊക്കെ മാറിയിരിക്കും. പങ്കാളിയുടെ സ്വപ്നവും ജീവിതവും ഇതോടൊപ്പം മാറിയിരിക്കും. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഭക്ഷണം ഉണ്ടാക്കിയും അവരുടെ വസ്ത്രങ്ങള്‍ അലക്കി ഇസ്തിരിയിട്ടും നടുവേദനയും തലവേദനയും, അങ്ങനെയങ്ങിനെ ജീവിതം ഒഴുകിക്കൊണ്ടിരിക്കും. ജോലി ചെയ്യുന്ന സ്ത്രീകളാണെങ്കില്‍ അവസ്ഥ പിന്നെയും മാറും. എല്ലു മുറിയെ പണിയെടുത്ത് വീട്ടില്‍ വന്നാല്‍ അവിടെ ഉണ്ടാവും പിടിപ്പത് പണി. എല്ലാം കഴിഞ്ഞ് തളര്‍ന്നുറങ്ങുന്നത് പിറ്റേന്നത്തെ തിരക്കുകളിലേക്കായിരിക്കും. അതൊരു നദിയില്‍ ഇറങ്ങി നില്‍ക്കുന്നത് പോലെയാണ്. തിരിച്ചു കയറാനാവാത്ത ഒഴുക്ക്.

എല്ലാം കഴിഞ്ഞ്, കുട്ടികള്‍ വളര്‍ന്ന്, അവരുടെ വഴിക്കു നടത്തം തുടങ്ങും. അവര്‍ സ്വന്തം ജീവിതങ്ങളിലേക്ക് പതിയെ ഇറങ്ങുമ്പോള്‍, അന്തം വിട്ടു പോവുന്ന ഒരു ശൂന്യതയിലേക്ക് വീട്ടമ്മയുടെ വേഷത്തില്‍നിന്ന് എടുത്തെറിയപ്പെടും. അപ്പോഴായിരിക്കും ആ തിരിഞ്ഞു നോട്ടം. ആരായിരുന്നു താനെന്നും പാട്ടും എഴുത്തും സ്വപ്നങ്ങളും കലയും സിനിമയുമൊക്കെയുള്ള ഒരു ജീവിതം തനിക്കുമുണ്ടായിരുന്നു എന്നുമുള്ള തിരിച്ചറിവ്. എവിടെയായിരുന്നു ഇത്ര കാലമെന്ന അമ്പരപ്പ്. അടഞ്ഞു പോയ സ്വപ്നങ്ങളുടെ വഴി മടുപ്പും മടിയും ചേര്‍ന്ന് അടച്ചുവെയ്ക്കുമ്പോഴും, അറിയാതെ വിങ്ങിപ്പോവും. അത്തരമൊരു വഴിത്തിരിവില്‍ ഒരു സ്ത്രീ എത്തിപ്പെടുക പല സാധ്യതകളിലേക്കാണ്. സ്റ്റാറ്റസ്കോ നിലനിര്‍ത്തി എന്നേക്കുമായുള്ള അടഞ്ഞുപോവല്‍, സ്വപ്നങ്ങള്‍ തിരിച്ചെടുക്കാനുള്ള ആഗ്രഹങ്ങള്‍, അതിനുവേണ്ടി സമര്‍പ്പിക്കാനുള്ള മനസ്സൊരുക്കം അങ്ങിനെ പല വഴികള്‍. കുടുംബത്തിന്റെ അന്തരീക്ഷത്തില്‍ പലപ്പോഴും അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ തീവ്രമായിരിക്കും. അതിന്റെ സമ്മര്‍ദ്ദത്തില്‍ ചിലപ്പോള്‍ എല്ലാം മടക്കി വെയ്ക്കാന്‍ തോന്നും. വിഷാദത്തിലേക്കോ മടുപ്പിലേക്കോ ചെന്നു വീഴാം. ചിലര്‍ മാത്രം അതില്‍നിന്നു ഊര്‍ജം നേടി ഫീനിക്‌സ് പക്ഷികളാവും. സ്വന്തം പ്രതിഭയെയും സാധ്യതകളെയും തിരിച്ചറിയും. അവര്‍ക്കു നേരിടാന്‍ ഉണ്ടാവുക ഒട്ടും നല്ല കാര്യങ്ങള്‍ അല്ലെങ്കിലും.

ഈ യാഥാര്‍ത്ഥ്യം മാറാത്തിടത്തോളം മഞ്ജുവാരിയര്‍മാര്‍ക്ക് സിനിമയിലേക്ക് തിരിച്ചു വരാതിരിക്കാന്‍ കഴിയില്ല. നിരുപമമാര്‍ക്ക് അവരുടെ ജീവിതത്തെ വീണ്ടെടുക്കാതിരിക്കാന്‍ കഴിയില്ല. അത്തരം സാഹചര്യം നിലനില്‍ക്കുന്നിടത്തോളം നമ്മുടെ വീട്ടകങ്ങളിലെ സ്ത്രീകള്‍ക്ക് മുഖം നോക്കാനാവുന്ന കണ്ണാടിയായി ഈ ചിത്രം മാറാതിരിക്കില്ല.

മനസ്സിലാവാത്ത ഭാഷ
ഓഷോ പറയുന്നുണ്ട്. ‘നിങ്ങള്‍ ഒരേ ഭാഷ സംസാരിക്കുകയാവാം. എന്നാല്‍ ഒരു ഭാഷയില്‍ തന്നെ പല ഭാഷകളുണ്ട് .ഒരു ഭാഷയ്ക്കുള്ളില്‍ മറ്റൊന്ന്. കവിയുടെ ഭാഷ ആവില്ല ശാസ്ത്രജ്ഞന്റേത്’. നമ്മുടെ വീടകങ്ങളിലെ നേര്‍ക്കാഴ്ചയും ഇത് തന്നെ. ഭാഷാപരമായി ഒരേ ഭാഷ സംസാരിക്കുമ്പോഴും പരസ്പരം മനസ്സിലാകാത്ത അടഞ്ഞ മുറികളാവുന്ന ബന്ധങ്ങള്‍. അങ്ങനെ ഒരു മടുപ്പിന്റെ, മനസ്സിലാവാത്ത ഭാഷ ആണ് നിരുപമയ്ക്കും രാജീവിനും ഇടയ്ക്ക് കനക്കുന്നത് .

അവര്‍ക്കിടയിലെ മടുപ്പിലും വിരസതയിലും നമ്മള്‍ ഓരോരുത്തരും ഉണ്ടെന്നതാണ് വാസ്തവം. ആ ചെടിപ്പില്‍ നിന്ന് രാജീവ് മകളുമൊത്ത് രക്ഷപ്പെടുന്ന വഴിക്കിടയില്‍ ആണ് തിരിച്ചറിവിന്റെ കളഞ്ഞ് പോയ താക്കോല്‍ നിരുപമയ്ക്ക് കിട്ടുന്നത്. ആ തിരിച്ചറിവിന്റെ താക്കോല്‍ കൊണ്ട് തുറക്കുമ്പോള്‍ കിട്ടുന്നതാവട്ടെ ആത്മവിശ്വാസത്തിന്റെ ഒരാകാശവും. ഒപ്പം നടക്കാന്‍ ഒരു ലോകവും. രാജീവനും നിരുപമയ്ക്കും ഇടയില്‍ കനക്കുന്ന ഫ്രസ്‌റ്റേഷന്റെ തീയില്‍ നിന്ന് നിരുപമയ്‌ക്കൊപ്പം അഭിമാനത്തോടെ നില്‍ക്കുന്ന രാജീവിലേക്ക് എത്തുമ്പോള്‍ എവിടെയൊക്കെയോ പാതി മുറിഞ്ഞുപോയ പെണ്‍സ്വപ്നങ്ങളുണ്ട്. അതു തുറക്കാനുള്ള താക്കോലും ഉണ്ട്!

 

ഒഴുകിപ്പോയ ഒരു കാലം ഉണ്ടാവും മിക്കവര്‍ക്കും ഇത് പോലൊക്കെ. ആ സ്ത്രീമനസ്സിലേക്കാണ് റോഷന്‍ ആന്‍ഡ്രൂസ് സൂം ഇന്‍ ചെയ്യുന്നത്. ഈ ചെറു ചിത്രം ഓരോ മിഡില്‍ ക്ലാസ് കുടുംബത്തിന്റെയും അകത്തളത്തിലേക്കാണ് കണ്ണ് തുറന്ന് വെക്കുന്നത്. മുറിഞ്ഞുപോയ സ്വപ്നങ്ങളെ തിരിച്ചുപിടിക്കാന്‍ ഓരോ സ്ത്രീയ്ക്കും ഉള്ള പ്രാപ്തിയിലേക്കാണ് ശുഭപ്രതീക്ഷയോടെ അത് വിരല്‍ ചൂണ്ടുന്നത്.

പറയാന്‍ ഏറെ സന്ദര്‍ഭങ്ങളുണ്ട്. പോസിറ്റീവ് എനര്‍ജി ഉള്ളില്‍ നിറയ്ക്കുന്ന രംഗങ്ങള്‍. എന്നാല്‍, അതിലേക്ക് വരുമ്പോള്‍, സിനിമയുടെ കഥപറച്ചില്‍ മാത്രമായി ചുരുങ്ങും. അതിലേക്ക് പോവാതിരിക്കാന്‍ അതുണ്ടാക്കുന്ന ഫീല്‍ പകര്‍ത്തുകയോ വഴിയുള്ളൂ.

മഞ്ജു വാരിയര്‍ക്ക് ഒരുമ്മ!
സ്‌കൂള്‍ യുവജനോത്സവ വേദികളില്‍നിന്ന് ചിരിച്ചുകയറി വന്ന, കത്തിച്ച നിലവിളക്കിന്റെ തെളിച്ചമുള്ള കുട്ടി ആയിരുന്നു മഞ്ജു വാര്യര്‍ നമുക്ക്. മൂന്നു വര്‍ഷവും മുപ്പതോളം സിനിമകളും കൊണ്ട് മലയാള സിനിമയില്‍ ഒരിടം സ്വന്തമായി ഉണ്ടാക്കി അവര്‍. താരരാജാക്കന്മാര്‍ക്കൊപ്പം ഈ സാധാരണ പെണ്‍കുട്ടിക്ക് വേണ്ടി സിനിമയുടെ അകത്തളങ്ങളില്‍ കഥ ഒരുങ്ങി. ആ കഥകളില്‍ കണ്ണെഴുതി പൊട്ടുംതൊട്ട് അവര്‍ ജ്വലിച്ച് നിന്നു. വിവാഹത്തിന് ശേഷം അഭിനയത്തിന്റെ വാതിലുകള്‍ അടച്ചുവെച്ച് വീടിന്റെ പൂമുഖത്തേയ്ക്ക് അവര്‍ നിലവിളക്ക് കൊളുത്തി കയറിയപ്പോഴും മലയാളി സ്വന്തം വീട്ടിലെ കുട്ടി എന്നവണ്ണം സന്തോഷിച്ചു. ആകെ മാറിപ്പോയ മീഡിയ തരംഗത്തിനിടയ്ക്കും ആളുകള്‍ക്കിടയില്‍ വരാതെ കാത്ത സ്വകാര്യജീവിതമാണ് കുച്ചിപ്പുടിയുടെ ദ്രുതതാളത്തിനൊപ്പം വീണ്ടും തിരിച്ചുവന്നത്. ഒപ്പം കേരളം ഒരുപാട് ചര്‍ച്ച ചെയ്ത അവരുടെ സ്വകാര്യ പ്രശ്‌നങ്ങളും. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങള്‍ എന്ന് വേണമെങ്കില്‍ ചേര്‍ത്ത് വായിക്കാവുന്ന ‘ഹൌെ ഓള്‍ഡ് ആര്‍ യു’വുമായി മഞ്ജു തിരികെ എത്തുമ്പോള്‍ പ്രേക്ഷകര്‍ അതേ സ്‌നേഹം തന്നെ ആണ് കരുതിവെയ്ക്കുന്നത്.

ഓരോ വര്‍ഷവും വരുന്ന പുത്തന്‍ താരോദയങ്ങളില്‍ മലയാളികള്‍ തേടിയിരുന്നു, ‘മഞ്ജുവിനെ പോലൊരാളെ’. പതിനാലു വര്‍ഷവും ഒഴിഞ്ഞു കിടന്ന ആ ഇടത്തിലേക്ക് പ്രായത്തിന്റെ ആകുലതകള്‍ ഇല്ലാതെ അവര്‍ തിരിച്ചുവരികയാണ് ഈ ചിത്രത്തിലൂടെ. കണ്ണെഴുതി പൊട്ടും തൊട്ടും കന്‍മദവും സമ്മര്‍ ഇന്‍ ബേത്ലേഹെമും തന്നുപോയ ഇഷ്ടം അത് പോലെ ബാക്കി ഉള്ളതിനാലാവും, മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ ഇല്ലാത്ത ഈ വരവേല്‍പ്പ് അവര്‍ക്ക് ലഭിക്കുന്നത്.

സന്തോഷമാണ് ഈ സിനിമ ബാക്കിവെക്കുന്ന ഭാവം. ഉള്ളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍, മറന്ന പാട്ടുകള്‍ മൂളാന്‍, മറന്ന സ്വപ്നങ്ങളെ ഓര്‍ത്തെടുക്കാന്‍, ലോകത്തെ സന്തോഷത്തോടെ സ്വീകരിക്കാന്‍ കരുത്തു തരുന്ന ഒരു പോസിറ്റീവ് എനര്‍ജി എന്ന് അതിനെ വിശദീകരിക്കാം. ആ സന്തോഷത്തില്‍, പ്രിയപ്പെട്ട മഞ്ജു വാരിയര്‍ക്ക് ഒരുമ്മ!

Share on

മറ്റുവാര്‍ത്തകള്‍