UPDATES

സിനിമ

പെരുമഴ പെയ്ത് തോര്‍ന്ന ശേഷം വരുന്ന ഒരു ഈറന്‍ കാറ്റിന്റെ സുഖമുണ്ട് ‘ജൂലൈ കാറ്റ്രില്‍’

ഡിമല്‍ സേവിയര്‍ എഡ്വേര്‍ഡ് എന്ന ഛായാഗ്രാഹകന്‍ അന്യായമായ മനോഹാരിതയോടെ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിവച്ചിരിക്കുന്നത്.

ശൈലന്‍

ശൈലന്‍

                       

ശ്രീലങ്കന്‍ വനമേഖലയിലെ നുവിലിയ എന്നോ മറ്റോ പേരുള്ള ഒരു bird sanctuary-യില്‍ വച്ചാണ് ജൂലൈ കാറ്റ്രിലിന്റെ അവസാന ഭാഗങ്ങളുടെ ലൊക്കേഷന്‍. ഡിമല്‍ സേവിയര്‍ എഡ്വേര്‍ഡ് എന്ന ഛായാഗ്രാഹകന്‍ അന്യായമായ മനോഹാരിതയോടെ ആണ് അത് പകര്‍ത്തിവച്ചിരിക്കുന്നത്. ഈ പോര്‍ഷന്‍ എന്നല്ല പടത്തിന് മൊത്തത്തില്‍ തന്നെ അസാധ്യമായ ദൃശ്യഭംഗി ഉണ്ട്. അതിനാല്‍ തന്നെ തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ അതൊരു നഷ്ടക്കച്ചവടമായി തോന്നുകയേയില്ല..

മലയാളത്തിലെ ഒരു പുതുമുഖ സംവിധായകനായ പ്രകാശ് കുഞ്ഞന്‍ മൂരായില്‍ സംവിധാനം ചെയ്ത പ്രണയകഥയായ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ബാലിശമായ സിനിമാനുഭവത്തിന്ന് സാക്ഷിയായതിന്നു ശേഷമാണ് ഞാന്‍ ജൂലൈ കാറ്റ്രിലിനു കയറുന്നത്. ഇതിന്റെയും സംവിധായകന്‍ പുതുമുഖം തന്നെ, കെ സി സുന്ദരം. പക്ഷെ തമിഴല്‍ വേറെയാണ്.

അന്തരിച്ച പ്രമുഖ ഛായാഗ്രാഹകനും സംവിധായകന്‍ ആയ ജീവയുടെ അസിസ്റ്റന്റ് ആയിരുന്ന സുന്ദരം, ജീവയുടെ ‘ഉന്നാലെ ഉന്നാലെ’ എന്ന സിനിമയിലെ ഹിറ്റായ പാട്ടില്‍ നിന്ന് ഒരുവരിയെടുത്തതാണ് തന്റെ ആദ്യ സിനിമയ്ക്ക് ടൈറ്റില്‍ ഇട്ടിരിക്കുന്നത്. ആ പേരില്‍ തന്നെ ഒരു കാവ്യഭംഗി ഉണ്ട്..

രാജീവ് എന്നൊരു വെല്‍ സെറ്റില്‍ഡ് ആയിട്ടുള്ള യുവാവിന്റെ ചില സ്ത്രീകളുമായുള്ള സൗഹൃദ പ്രണയബന്ധങ്ങളും അത് അയാളുടെ മനോനിലയില്‍ വരുത്തുന്ന പുരോഗതികളും മറ്റുമാണ് അധികം നാടകീയമോ സഭവബഹുലമോ അല്ലാത്ത സിനിമയുടെ ഉള്ളടക്കം. തിന്നത് എല്ലിനിടയില്‍ കുത്തുമ്പോള്‍ തോന്നുന്ന തരം അര്‍ബന്‍ ലവ് എന്നൊക്കെ പറഞ്ഞ് വേണമെങ്കില്‍ തള്ളിക്കളയാവുന്ന വിഷയമാണെങ്കിലും അതിനെ കെസി സുന്ദരം മനോഹരമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്.


രാജീവ് ആദ്യം പരിചയത്തിലാവുന്നത് ശ്വേതയുമായിട്ടാണ്. സ്‌കൂളിലെ സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ ആയ അവളുമായുള്ള ബന്ധത്തില്‍ ഒരു ഗുമ്മുകിട്ടാതെ അയാള്‍ രേവതിക്ക് പിറകെ പോവുന്നു. രേവതിയവട്ടെ അയാളുടെ റേഞ്ചിന്ന് മേലെ ആയിരുന്നു. പിന്നെയും ഒന്നുരണ്ട് റിലേഷന്‍സൊക്കെ വന്നപ്പോള്‍ ആണ് അയാള്‍ക്ക് ശ്വേതയിലേക്ക് തിരികെ പോവാന്‍ തോന്നുന്നത്..

ശ്വേതയെ തേടി ശ്രീലങ്കയിലെ പക്ഷിനിരീക്ഷണ കേന്ദ്രത്തിലൊക്കെ പോവുന്നുണ്ടെങ്കിലും ക്ലീഷേയായി സിനിമയെ അവസാനിപ്പിക്കാതിരിക്കാന്‍ സംവിധായകന്‍ മനസുവച്ചിരിക്കുന്നു.. unstable ആയ രാജീവിന്റെ മനസികാവസ്ഥകളെ നായകനായ അനന്തനാഗ് മനോഹരമായി കൈകാര്യം ചെയ്യുന്നു..

അനന്തനാഗ് എന്ന് പറയുമ്പോള്‍ കന്നഡയിലെ മറ്റേ വെറ്ററന്‍ ആക്ടര്‍ അല്ല. യുവനടനാണ്. ആളെ നമ്മള്‍ക്കറിയാം.. പ്രേമത്തില്‍ മലര്‍ മിസ്സിനെ കോടയ്ക്കാനാലിലേക്ക് കൂട്ടിക്കൊണ്ടുപോയി ജോര്‍ജിന്റെ കഞ്ഞിയില്‍ പൂഴിവാരിയിടുന്ന മച്ചാന്‍ അറിവഴകനായി വരുന്ന പുള്ളിയാണ്. ചുള്ളന്‍ നായകനായി കിടു മേക്ക് ഓവറില്‍ ആണ്.

നായികമാരായ ശ്വേതയും രേവതിയും മലയാളനടിമാര്‍ തന്നെ.. അഞ്ജു കുര്യന്‍, സംയുക്ത മേനോന്‍ എന്നിവരാണ് യഥാക്രമം അവര്‍. കോമഡി ലേബലില്‍ സതീഷ് ഉണ്ടെങ്കിലും പാഴാണ്. അതേസമയം പേരറിയാത്ത ചില പെണ്‍കിടാങ്ങള്‍ മനസില്‍ കേറി വരികയും ചെയ്യുന്നുണ്ട്..

ഏതായാലും ജൂലൈമാസത്തില്‍ പെരുമഴ പെയ്ത് തോര്‍ന്ന ശേഷം വരുന്ന ഒരു ഈറന്‍ കാറ്റിന്റെ സുഖമുണ്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍..

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

Share on

മറ്റുവാര്‍ത്തകള്‍