2012 ജൂണിലാണ് സൗബിനെ ആദ്യം കാണുന്നത്. ആഷിഖ് അബു സംഘത്തിനൊപ്പം. 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് ആഷിഖിന്റെ ഒരു അഭിമുഖം അന്നു പ്രവര്‍ത്തിച്ചു വന്നിരുന്ന മാഗസിനു വേണ്ടി ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇന്റര്‍വ്യൂ വിത്ത് ഫോട്ടോ ഷൂട്ട് രീതിയിലായിരുന്നു അത് പ്ലാന്‍ ചെയ്തത്. കൊച്ചിയില്‍ ജോര്‍ജ് ഈഡന്‍ റോഡിലുള്ള, ഫോട്ടോഗ്രാഫര്‍ നിയാസ് മരിക്കാറുടെ വീട്ടിലാണ് ഷൂട്ട്. ഇന്റര്‍വ്യൂവും അവിടെ തന്നെ. അങ്ങോട്ട് എത്തിക്കോളാമെന്ന് ആഷിഖ് വാക്കുതന്നു. ഉച്ച കഴിഞ്ഞാണ് എത്താമെന്നു പറഞ്ഞിരുന്നത്. ഭക്ഷണം കഴിഞ്ഞ് സംവിധായകനെയും കാത്തിരിക്കുകയാണ്. രണ്ടു ചെറിയ കാറുകള്‍ വീടിനു മുന്നില്‍ വന്നു നിന്നു. അതൊരല്‍പ്പം അത്ഭുതമുണ്ടാക്കി. ആഷിഖിനെയും ഒപ്പം ശ്യാമിനെയും ദിലീഷിനെയും (22 എഫ് കെയുടെ രചയിതാക്കളായ ശ്യാം പുഷ്‌കരനും ദിലീഷ് നായരും) പ്രതീക്ഷിച്ചിരുന്നു. പക്ഷേ രണ്ടു വണ്ടി നിറയെ വരാന്‍ ആരൊക്കെ?
അന്നവര്‍ ഒമ്പതു പേരാണ് ഇറങ്ങിയത്. ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍, അഭിലാഷ് കുമാര്‍, ഷൈജു ഖാലിദ്, സന്ദീപ് നാരായണന്‍, സൗബിന്‍ ഷാഹിര്‍, മധു, വിഷ്ണു.
അഭിമുഖവുമായി ബന്ധപ്പെട്ട് സംസാരം കൂടുതല്‍ ആഷിഖിനോടും ദിലീഷിനോടും ശ്യാമിനോടുമായിരുന്നു. ഇടയില്‍ വീഴുന്ന ചെറു തമാശകള്‍ പോലും ആഘോഷമാക്കി മറ്റുള്ളവരെക്കെ കേട്ടും ഇടയില്‍ ചില അഭിപ്രായങ്ങളും പറഞ്ഞിരുന്നു. അഭിമുഖം അവസാനിപ്പിച്ച് ഫോട്ടോ ഷൂട്ടിനായി പോകുന്നിതിനിടയിലാണ് ആഷിഖ് പറയുന്നത്; ഞങ്ങളെല്ലാവരും ചേര്‍ന്ന് തുടങ്ങിയ ഒരു ചെറിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ഓപ്പണ്‍ യുവര്‍ മൗത്ത് അഥവ ഒപിഎം. ഡാ തടിയ എന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്. കൂടാതെ ഞങ്ങളുടെ സുഹൃത്ത് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ പ്രൊഡ്യൂസ് ചെയ്യുന്നുമുണ്ട്.
ഒരിക്കലും പിരിഞ്ഞുപോകില്ലെന്ന വാശിപോലെ മുഖത്ത് വന്നിരിക്കുന്ന ചിരിയുമായി, അത്രനേരവും നിശബ്ദനായി നിന്ന ആ ചെറുപ്പക്കാരനെ കൂടുതലായി ശ്രദ്ധിക്കുന്നത് അപ്പോഴാണ്; സൗബിന്‍. അന്നത്തെ സംഗമത്തിനുശേഷം തന്റെ സിനിമയുമായി വരുന്ന സംവിധായകനെ പ്രതീക്ഷിച്ചെങ്കിലും സൗബിനെ വീണ്ടും കാണുന്നത് അന്നയും റസൂലും എന്ന ചിത്രത്തിലാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരാളെ പെട്ടെന്നു കണ്ടറിയുന്നതുപോലെ ആ സിനിമയില്‍ സൗബിനെ പെട്ടെന്നു മനസിലായതും ഒരു വര്‍ഷം മുന്‍പത്തെ ആ കൂടിക്കാഴ്ച മനസില്‍ ഉണ്ടായിരുന്നതുകൊണ്ടാണ്.
കാമറയ്ക്കു പിന്നില്‍ നില്‍ക്കേണ്ടയാള്‍ അതിനു മുന്നിലേക്ക് വന്നതിനു കാരണം എന്തായിരിക്കും എന്നാലോചിച്ചാല്‍ അതിനു കിട്ടുന്ന ഉത്തരം കൊച്ചിയിലെ ഒരു കൂട്ടം സിനിമാക്കാരുടെ വിശേഷങ്ങളിലേക്ക് എത്തിക്കും. കൊച്ചിയിലെ സിനിമക്കാര്‍ എന്നു പറഞ്ഞാല്‍ അതൊരു വലിയ ശൃംഖലയാണ്. മദ്രാസില്‍ നിന്നും തിരുവനന്തപുരത്തു നിന്നുമെല്ലാം കൊച്ചിയില്‍ വന്ന് മലയാള സിനിമ കൂടുകൂട്ടിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നല്ലോ, പിന്നെയേതാ എടുത്തു പറയുന്ന ആ ഒരു കൂട്ടര്‍ എന്നാണെങ്കില്‍ അവരെ, ഒന്നുകൂടി ചുരുക്കി മഹാരാജാസിലെ സിനിമാക്കാര്‍ എന്നും വിളിക്കാം. രാജീവ് രവി, പിന്നാലെ അമല്‍ നീരദ്, തുടര്‍ന്ന് അന്‍വര്‍ റഷീദ്, വിനോദ് വിജയന്‍, ആഷിഖ് അങ്ങനെ ഒരു ചെയിന്‍പോലെ നില്‍ക്കുന്ന സിനിമാക്കാര്‍.
90-കള്‍ക്ക് ഇപ്പുറത്തേക്ക് മലയാള സിനിമയെ എപ്പോഴും ഒരു സുഹൃദ് സംഘം നിയന്ത്രിച്ചിരുന്നു. ഒരിക്കല്‍ പ്രബലരായിരുന്നവര്‍ തിരുവനന്തപുരത്തുകാരായിരുന്നു. ഇവര്‍ക്കു ബദലായി കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു സംഘം രൂപപ്പെട്ടു വന്നെങ്കിലും ഒന്നും ചെയ്യാന്‍ പറ്റിയില്ല. പിന്നീട് സിനിമ കൊച്ചിയില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് സ്ഥലനാമങ്ങള്‍ മാറി… വ്യക്തിനാമങ്ങളായി. അതേക്കുറിച്ചൊന്നും കൂടുതലായി വിശദീകരിക്കേണ്ടതില്ലല്ലോ. ഇങ്ങനെയെല്ലാം മലയാള സിനിമ പോകുന്നതിനിടയിലാണ്, ഒറ്റയ്‌ക്കൊറ്റയ്ക്ക് തുടങ്ങുകയും പിന്നീട് ഒറ്റക്കാലില്‍ നില്‍ക്കാന്‍ ഓരോരുത്തരും പ്രാപ്തരായപ്പോള്‍ ഒരുമിച്ചു കൂടിയും തങ്ങളുടെതായൊരു സിനിമ സംസ്‌കാരം ഒരു കൂട്ടര്‍ മലയാള സിനിമയില്‍ പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയത്. അവരാണ് മേല്‍പ്പറഞ്ഞ സിനിമാക്കാര്‍.
മുന്‍പ് തിരുവനന്തപുരത്തും കോഴിക്കോടും പിന്നീട് കൊച്ചിയിലുമൊക്കെ ഓരോ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നുവെന്നു പറഞ്ഞല്ലോ, അവരൊക്കെ നന്നായി ഗ്രൂപ്പിസം കളിച്ചിരുന്നവര്‍ തന്നെയാണ്. സഹായിക്കുന്നതിനെക്കാള്‍ ഒഴിവാക്കുന്നതിലായിരുന്നു അവര്‍ക്ക് രസം. മതവും ജാതിയുമെല്ലാം അതിനവര്‍ക്കു കാരണമായിരുന്നു. പിന്നീട് ഈ ഗ്രൂപ്പുകളി എത്രത്തോളം വലുതായെന്നും സിനിമയെ അതെത്രമാത്രം ദ്രോഹിച്ചെന്നുമൊക്കെ സമീപകാല സംഭവങ്ങളില്‍ നിന്നുമൊക്കെ മനസിലാക്കിയെടുക്കാവുന്നതാണ്. ഇത്തരം വിധ്വസംകപ്രവര്‍ത്തനങ്ങള്‍ സിനിമയ്ക്കുള്ളില്‍ തന്നെ നടക്കുമ്പോഴാണ് കൊച്ചിക്കാരായ കൂട്ടുകാര്‍ ഇതിനെല്ലാം അപവാദമായി സിനിമയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നത്. ആദ്യമെല്ലാം അതിനവര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു; നിലയുറപ്പിക്കാന്‍.
രാജീവും അമലുമൊക്കെ ബോളിവുഡിലായിരുന്നു ആ സമയം. അന്‍വറും ആഷിഖും വിനോദ് വിജയനുമെല്ലാം തങ്ങളുടേതായ ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു. അന്‍വര്‍ റഷീദിന്റെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നില്ലേ എന്നു ചോദിക്കാം. അതേ, സൂപ്പര്‍മെഗാ ഹിറ്റ് തന്നെയായിരുന്നു. അതുകൊണ്ട് സംവിധായകനും അതേ പദവയിലേക്ക് വരണമെന്നില്ലല്ലോ. ഇന്നും അന്‍വര്‍ ചിത്രങ്ങള്‍ ഓടിച്ചു ലാഭം കൊയ്യുന്നുണ്ട് ചാനലുകള്‍; അദ്ദേഹത്തിനു പക്ഷേ അതിന്റെ മെച്ചമൊന്നും കിട്ടിയതുമില്ല. റെയില്‍വേ ഫിറ്ററായിരുന്ന അബ്ദുള്‍ റഷീദിന്റെ മകന്‍ സിനിമയില്‍ വന്നത് സമ്പന്നനാകാന്‍ ആയിരുന്നില്ലെന്നതിനാല്‍ കിട്ടാതെ പോയ കാശിനെക്കുറിച്ചൊന്നുമോര്‍ത്ത് വേവലാതിപ്പെട്ടിരുന്നില്ലായിരിക്കാം. പക്ഷേ രാജമാണിക്യം, അണ്ണന്‍ തമ്പി, ഛോട്ടാ മുംബൈ ഒക്കെയെടുത്ത സംവിധായകന്റെ മനസിലെ യഥാര്‍ത്ഥ സിനിമ അതൊന്നുമല്ലെന്ന് കേരള കഫെ എന്ന സിനിമാ കൂട്ടത്തിലെ ബ്രിഡ്ജ് കണ്ടപ്പോഴാണ് പ്രേക്ഷകര്‍ക്ക് മനസിലായത്. ആഗ്രഹംപോലെ സിനിമയെടുക്കാന്‍ താന്‍ ആയിട്ടില്ലെന്ന്, അനുവദിച്ചതിലും അധികം തുക ബ്രിഡ്ജ് ഒരുക്കാന്‍ ചെലവായപ്പോള്‍ അന്‍വറിനും മനസിലായി.
ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ റിലീസ് ചെയ്ത സമയമായിരുന്നു അത്, എറണാകുളം കത്രിക്കടവിലെ ഫ്ലാറ്റില്‍വച്ച് ഒരിക്കല്‍ പറയുകയുമുണ്ടായി. ഇതുപോലൊരു സിനിമ മലയാളത്തില്‍ എനിക്ക് എടുക്കണമെങ്കില്‍ ഇനിയൊരു പത്തുവര്‍ഷം വേണമെന്ന്… പക്ഷേ അത്രയും കാലം കാത്തിരിക്കാതെ തന്നെ ഉസ്താദ് ഹോട്ടല്‍ ഒരുക്കി അന്‍വര്‍. ഇപ്പോള്‍ അദ്ദേഹം തന്നില്‍ തന്നെ സംതൃപ്തനായി തുടങ്ങിയ സംവിധായകനായി മാറിയിട്ടുണ്ടായിരിക്കണം. അതുപോലെ ആഷിഖും. അയാള്‍ പ്രേക്ഷകനു പുതുരുചികള്‍ സമ്മാനിക്കുകയാണ്. രാജീവ് തിരികെയെത്തി മലയാളത്തില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കി. ബോളിവുഡിലെ ഹൈപെയ്ഡ് ഛായാഗ്രാഹകനായി നിന്നു പണവും പ്രശസ്തിയും വാങ്ങിക്കൂട്ടാമായിരുന്നു. ഹിന്ദി പടങ്ങളും ചെയ്തു സുഖമായി ജീവിച്ചൂടേ, മണ്ടത്തരം കാണിക്കണോ എന്നു ചോദിച്ചാല്‍, ഞാന്‍ മണ്ടനാണെങ്കില്‍ അങ്ങനെ വിളിച്ചോളൂ, സന്തോഷമേയുള്ളൂവെന്നു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് അയാള്‍ പച്ചമനുഷ്യരെക്കുറിച്ച് സിനിമയെടുക്കുന്നത്.
അമല്‍ നീരദ് അയാള്‍ക്ക് മാത്രം കഴിയുന്നതെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ എടുക്കുന്നു. ഈ കൂട്ടത്തില്‍ ഏറ്റവും നല്ല ക്രാഫ്റ്റ്മാന്‍ എന്നു പറയാവുന്ന വിനോദ് വിജയന്‍ മാത്രം ഒന്നു പിറകിലേക്കു പോയതില്‍ പ്രേക്ഷകര്‍ക്കാണ് നഷ്ടം. വിനോദിന്റെ ആദ്യ സിനിമയായ ക്വട്ടേഷന് കാമറ ചലിപ്പിച്ചത് രാജീവ് രവിയായിരുന്നു. സഹായിയായി അമലും ഉണ്ടായിരുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു അന്‍വര്‍. ഒരു നല്ല തിരക്കഥയിലൂടെ, ഈ സുഹൃത്തുക്കളുടെ സഹായത്തോടെ വിനോദ് മടങ്ങി വരുമെന്നു തന്നെയാണ് വിശ്വാസം. മറ്റൊരാള്‍ വിനു ജോസഫ് ആണ്. നവംബര്‍ റെയ്ന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍. വിനുവും മികച്ചൊരു ചിത്രവുമായി വരുമെന്നു തന്നെയാണ് പ്രതീക്ഷ. അതുപോലെ, ഛായാഗ്രാഹകനെന്ന നിലയില്‍ അന്യഭാഷകളിലും മികവു തെളിയിച്ച, മലയാളത്തിനു പുതുഭാവുകത്വങ്ങള്‍ നല്‍കിയ സിനിമകള്‍ സംവിധാനം ചെയ്ത സമീര്‍ താഹിര്‍, ഛായാഗ്രഹകനെന്ന നിലയില്‍ ഒന്നാംനിരയില്‍ നില്‍ക്കുന്നതിനൊപ്പം നല്ല സിനിമകള്‍ക്കായി നിര്‍മാതാവാകാനും തയ്യാറായ ഷൈജു ഖാലിദിനെ പോലുള്ളവരും ഈ കൂട്ടത്തില്‍ നിന്നും പറന്നുവന്ന് സിനിമയുടെ ചില്ലയില്‍ ഇരിപ്പുണ്ട്. അങ്ങനെയങ്ങനെയാണ് ഈ കൊച്ചിക്കാര്‍ അവരുടേതായൊരു സിനിമാക്കൂട്ടം ഉണ്ടാക്കിയത്. ഇപ്പോഴവര്‍ക്ക് സിനിമയില്‍ ഇടപെടാന്‍ കഴിവുണ്ട്. അടിക്കുന്നവരെ തിരിച്ചടിക്കാനും. കാരണം അവര്‍ ഔദാര്യങ്ങള്‍ പറ്റുന്നില്ല. അവര്‍ സൗഹൃദങ്ങളിലാണ് വിശ്വസിക്കുന്നത്. കോടികളുടെ ബാങ്ക് ബാലന്‍സോ ദശലക്ഷങ്ങളുടെ വരുമാനോ ഇല്ലാതിരുന്നിട്ടും അവര്‍ വിതരണക്കാരും നിര്‍മാതാക്കളുമൊക്കെയായത് അവനവനു വേണ്ടിയല്ല, സുഹൃത്തുക്കള്‍ക്കു വേണ്ടിയാണ്. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ഇപ്പോഴിതാ പറവയുമൊക്കെ പ്രേക്ഷകര്‍ക്ക് കിട്ടിയതും അതൊക്കെ കൊണ്ടാണ്.
പറഞ്ഞുവന്നത് സൗബിനെ കുറിച്ചായിരുന്നല്ലോ. സംവിധായകനായി വരുന്നതും കാത്തിരുന്നയാള്‍ നടനായി മാറുന്നതും പിന്നീട് തിരക്കേറിയ താരമായി തീരുന്നതുമെല്ലാം എങ്ങനെയാണ് സംഭവിച്ചതെന്നു മേല്‍പ്പറഞ്ഞ വിശദീകരണമൊന്നുമില്ലാതെ തന്നെ ഒറ്റവാക്കിലുള്ള ഉത്തരമായി പറയാം; സൗഹൃദം, അതുതന്നെ. സംവിധായകനാകേണ്ട സൗബിനെ നടനായി പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോഴും അയാള്‍ ചെയ്യേണ്ട സിനിമയെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് ബോധ്യമുണ്ടായിരുന്നിരിക്കണം. പറവ പറന്നുയരുമ്പോള്‍ അന്‍വറും ആഷിഖുമെല്ലാം പങ്കുവയ്ക്കുന്ന ആഹ്ലാദമാണ് അതിന്റെ തെളിവ്. അത്ഭുതത്തോടെയാണെങ്കിലും അതിലിപ്പോള്‍ പ്രേക്ഷകരും പങ്കെടുക്കുകയാണ്.
സൗബിനെ കുറിച്ച് പറയാന്‍ വന്ന് അയാളുടെ കൂട്ടുകാരെ കുറിച്ച് പറഞ്ഞുതീര്‍ക്കുന്നതുപോലെ തോന്നിയെങ്കില്‍, അവരില്‍ ആരെക്കുറിച്ച് പറയാനിരുന്നാലും ഇങ്ങനെയെ സംഭവിക്കൂ. ഇനിയിപ്പം സൗബിനെക്കുറിച്ച് കൂടുതലായി പറയണമെന്നാണെങ്കില്‍ ആഷിഖ് അബു ഇന്നിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ധാരാളം; ചെയ്യുന്ന കാര്യങ്ങളോടും പറയുന്ന വാക്കുകളോടും അപാരമായ സത്യന്ധത പുലര്‍ത്തുന്നവരാണ് കൊച്ചിക്കാര്‍. അവരിലൊരാളാണ് സൗബിന്‍ ഷാഹിര്‍. അതുപോലൊന്നാണ് പറവയും…