കണ്ടിറങ്ങുമ്പോൾ നെരൂദയുടെ എഴുതാതെ പോയ ഏതോ ഒരു വിഷാദ-പ്രണയഗാനം ബാക്കിയാവുന്നു. ഒരു നോവായി ഉള്ളിൽ.
നാം ജീവിക്കുന്ന കാലത്തിന്റെ മഹാസമുദ്രത്തിലേക്ക് ഒഴുകിവന്നു ചേരുന്ന ജീവിതത്തിന്റെ ഒരു കഥാനദി, ചിലപ്പോൾ ശാന്തവും മറ്റു ചിലപ്പോൾ അശാന്തവും. അങ്ങനെ പ്രണയവും അതിജീവന സാഹസങ്ങളുമൊക്കെയായി സമകാലിക യൗവനത്തിന്റെ ചില മുഖങ്ങളും അവരുടെ പരിചിതമായ വൈകാരികതകളുമൊക്കെയാണ് ആഷിഖ് അബു, ശ്യാം പുഷ്ക്കരൻ, ദിലീഷ് നായർ, ഐശ്വര്യ ലക്ഷ്മി-ടൊവിനോ തോമസ് ചിത്രം മായാനദി.
പരിചിത ജീവിതങ്ങളെ, അവരുടെ മാറിമറിയുന്ന വൈകാരിക നിമിഷങ്ങളെ, എല്ലാം തികഞ്ഞ സ്വാഭാവികതയോടെ ശ്യാമും ദിലീഷും തിരക്കഥയാക്കുകയും സാധ്യമായ എല്ലാ സാങ്കേതികതകളെയും സമർത്ഥമായി ഒപ്പം ചേർത്ത് ആഷിഖ് അതിനു ജീവൻ പകരുകയും ചെയ്തതാണ് മായാനദിയെന്ന മികച്ച ചിത്രത്തിന്റെ ആത്മാവും ശരീരവും.
പുതിയകാലത്തിന്റെ യൗവനവും, ആ ജീവിതത്തിന്റെ തട്ടും തടവും ഒഴുക്കുമെല്ലാം അനുഭവിച്ചറിഞ്ഞ രണ്ടുപേരാണ് ടോവിനോയും ഐശ്വര്യലക്ഷ്മിയും. അതുകൊണ്ടു തന്നെ മാത്തനും അപുവിനും ജീവൻ നൽകാൻ അവർക്ക് സ്വന്തം പ്രതിഭയെ അവരുടെ ജീവിതത്തോട് ഒന്ന് ചേർത്തുവെച്ചാൽ മതിയാകും. അതിൽ അവർ ഇരുവരും മികച്ചതാവുകയും ചെയ്തിട്ടുണ്ട്.
യാത്രയുടെ ഒഴുക്ക് രണ്ടുതരത്തിലാണ് ചിത്രത്തിൽ. ഒന്ന് പ്രണയിച്ച കാലത്തു മാത്തൻ അപുവുമൊന്നിച്ചു നടത്തിയ കുഞ്ഞു കറക്കങ്ങൾ, പിന്നെ അപുവിനെയും പഴയ ആ പ്രണയകാലവും തേടി തിരികെ വന്ന മാത്തൻ അവൾക്കൊപ്പം നടത്തുന്ന യാത്ര. രണ്ടാമത്തേത് പോലീസിനെ വെട്ടിച്ചും ഒടുവിൽ പിടിക്കപ്പെട്ടു അവർക്കൊപ്പവും നടത്തുന്ന യാത്രകൾ. പലപല മാനസികാവസ്ഥകളും വൈകാരിക തലങ്ങളുമാണ് ഈ യാത്രകളിലൊക്കെയുമെങ്കിലും ആഗ്രഹിക്കുന്ന ഒരു ജീവിതമെന്ന സ്വപ്നത്തെ കൈയെത്തി പിടിക്കാനുള്ള സാഹസങ്ങളാണൊക്കെയും.
‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടേ..’; മായാനദിക്കെതിരായ പ്രചരണത്തെക്കുറിച്ച് ആഷിഖ് അബു
ഈ സാഹസിക സഞ്ചാരങ്ങൾക്കൊപ്പം, അതിന്റെ ഇരുളിനും വെളിച്ചത്തിനുമൊപ്പം, അതറിഞ്ഞു സഞ്ചരിക്കുന്ന ഒരു ഛായാഗ്രാഹകനും സംഗീതജ്ഞനും ഈ ചിത്രത്തെ അവരുടെകൂടി കൈയൊപ്പുള്ള ഒന്നാക്കിയിട്ടുണ്ട്. ജയേഷ് മോഹനെന്ന ഛായാഗ്രാഹകനും റെക്സ് വിജയനെന്ന സംഗീതകാരനും.
മായാനദിയെ മികച്ചതാക്കിയ ആഷിഖ് അബുവിന്റെ തീരുമാനങ്ങളിലൊന്ന് സിങ്ക് സൗണ്ടാണ്. തത്സമയ ശബ്ദലേഖനം ഒരുകൂട്ടം ഉള്ളടക്കമുള്ള അഭിനേതാക്കളുടെ ശബ്‌ദാഭിനയത്തെയും അവരുടെ ജീവിത പരിസരങ്ങളിലെ സ്വാഭാവിക ശബ്ദങ്ങളെയും അതെ ജീവനോടെ തീയേറ്ററുകളിൽ എത്തിച്ചു.അതും ചിത്രത്തിന് മിഴിവും മികവുമായി.
പോയവർഷം ശബ്ദലേഖനത്തിനും ശബ്ദസംവിധാനത്തിനും ദേശീയ പുരസ്‌കാരങ്ങൾ നേടിയ മലയാളി-ബോളിവുഡ് സൗണ്ട് റെക്കോർഡിസ്റ് ജയദേവൻ ചക്കാടത്താണ് ഇതിന്റെയും ശബ്ദലേഖനത്തിനും ശബ്ദസംവിധാനത്തിനും പിന്നിൽ.
തപസ് നായിക്കെന്ന പ്രതിഭ ചിത്രത്തിന്റെ എല്ലാ ശബ്ദഭാവങ്ങളെയും (സംഭാഷണം, സംഗീതം, ചുറ്റുപാടുകളിലെ സ്വാഭാവിക ശബ്ദങ്ങൾ) സന്ദർഭങ്ങൾ ആവശ്യപ്പെടും വിധം മിശ്രണം ചെയ്തിട്ടുമുണ്ട്.
ആഷിക്ക് അബുവിന് ഒരു കത്ത് (മായാനദി കാണാത്ത ഒരു പ്രേക്ഷക/അമ്മ/സ്ത്രീ)
ദൃശ്യങ്ങൾ ആവശ്യത്തിനുമാത്രം, ആവശ്യമുള്ളിടങ്ങളിൽ മാത്രം ചേർത്തുവെച്ച കഥാനദിക്കുള്ള കൈയടി എഡിറ്റർ സൈജു ശ്രീധരനുള്ളതാണ്. സമീറയുടെ വസ്ത്രാലങ്കാരവും മികച്ചതുതന്നെ.
പറഞ്ഞവസാനിപ്പിക്കുമ്പോൾ പറയേണ്ടത് ആഷിഖ് അബുവിനേയും ജനാധിപത്യ ഉത്കണ്ഠകളെയും കുറിച്ചാണെന്നു തോന്നുന്നു. ആഷിഖ് അബുവിനെക്കുറിച്ചു പറയാനുള്ളത് അയാളുടെ മേക്കിങ് ശൈലിയിലുള്ള മാറ്റത്തെക്കുറിച്ചാണ്. ആഷിഖ് അബുവെന്ന സാമൂഹ്യ മനുഷ്യനും അയാളിലെ സിനിമക്കാരനും ഒടുവിലൊരിടത്തു, ഒരു നദിയോരത്തുവെച്ചു കണ്ടുമുട്ടി. അവരൊരുമിച്ചു നടക്കാൻ തീരുമാനിച്ചു.ആ നദിയുടെ പേര് ‘മായാനദി’ എന്നായതും നല്ല സിനിമയെ സ്‌നേഹിക്കുന്ന മനുഷ്യരൊന്നാകെ തിയേറ്ററുകളിലേക്ക് ഒഴുകി അതിനെ കാഴ്ച്ചയുടെ ഒരു മഹാനദിയാക്കുന്നതും ഒരുപക്ഷെ ഈ കാലം അതൊക്കെക്കൂടി ചേർന്നതായതുകൊണ്ടാവും!
കണ്ടിറങ്ങുമ്പോൾ നെരൂദയുടെ എഴുതാതെ പോയ ഏതോ ഒരു വിഷാദ-പ്രണയഗാനം ബാക്കിയാവുന്നു. ഒരു നോവായി ഉള്ളിൽ.
ജനാധിപത്യ ഉത്കണ്ഠ, ആൾക്കൂട്ടത്തെക്കുറിച്ചു തന്നെയാണ്. സ്വന്തം വിവേകവും വിവേചനബോധവും എന്നോ വഴിയിലുപേക്ഷിച്ചവരുടെ കൂട്ടം വല്ലാതെ വളരുന്നു. അവർ ഇരുൾവീണ അധികാര കോട്ടകൾക്കായി ആർപ്പുവിളിക്കുകയും പ്രതീക്ഷയുടെ പ്രകാശകിരണങ്ങൾക്ക് മറതീർക്കാൻ മണ്ടൻ ശ്രമങ്ങൾ തുടരുകയും ചെയ്യും. അവർ വളരുന്ന കാലത്ത്, വോട്ടുചെയ്യുകയെന്നപോലെ ഒരു രാഷ്ട്രീയപ്രവർത്തനമാണ്, സാംസ്‌കാരിക മുന്നേറ്റമാണ്, നല്ല സിനിമകാണുകയെന്നതും.