UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമ സമരം ക്ലൈമാക്‌സിലേക്ക്‌!

നിര്‍മ്മാതാക്കളും തിയേറ്ററുടമകളും തമ്മിലുള്ള തര്‍ക്കം സിനിമാ മേഖലയ്ക്ക് 30 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് കണക്ക്

                       

നിര്‍മ്മാതാക്കളും തിയേറ്ററുടമകളും തമ്മിലുള്ള തര്‍ക്കം സിനിമാ മേഖലയ്ക്ക് 30 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് കണക്ക്. ലക്ഷക്കണക്കിന് വരുന്ന മലയാള സിനിമാപ്രേമികള്‍ക്ക് ഇത്തവണത്തെ ക്രിസ്മസിനും ന്യൂയറിനും നിരാശരാകാനായിരുന്നു വിധി. സിനിമാ നിര്‍മ്മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള, വരുമാനം വീതം വെപ്പിനെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ മലയാള സിനിമകളുടെ റിലീസിങ്ങിന് തടസമായതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

ചേര്‍ത്തലക്കാരന്‍ അരുണ്‍ മോഹന്‍ലാല്‍ ഫാനാണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘എന്ന ലാല്‍ ചിത്രത്തിനായി ക്രിസ്മസ് നാള്‍ മുതല്‍ കാത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ഇതുപ്പോലെ പല ആരാധകരും സിനിമാപ്രേമികള്‍കളും മലയാള സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഒരു മാസാമാകാറായിട്ടും പുതിയ മലയാള ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിന്റെ റീലുകള്‍ നീളുകയാണ്. ചിലര്‍ അന്യഭാഷാചിത്രങ്ങളില്‍ അഭയം തേടി ആശ്വാസം കണ്ടിരിക്കുകയാണ്.

റിലീസ് മുടങ്ങിയതിനാല്‍ ക്രിസ്മസ് കാലത്ത് മാത്രം 20 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് 150 കോടി ക്ലബിലെത്തിയ പുലി മുരുകനും കട്ടപ്പനയിലെ ഹൃതിക് റോഷനും സമരത്തെ തുടര്‍ന്ന് പിന്‍വലിച്ചു. ഇനിയും ഒട്ടേറെ പ്രേക്ഷകര്‍ ഈ സിനിമകള്‍ കാണാനുണ്ടായിരുന്നു. ഈയിനത്തിലും നഷ്ടങ്ങളുണ്ടായി. സമരം കടുപ്പിക്കാനായി എ ക്ളാസ് തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ 10-ന് ചേര്‍ന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ യോഗം തീരുമാനിച്ചു കഴിഞ്ഞു. ജനുവരി 12 മുതല്‍ ബി ക്ളാസ് തിയേറ്ററുകളില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ മലയാള സിനിമാ സ്റ്റണ്ട് ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്.

സാറ്റലൈറ്റ് വിഷയം മൂലം പുതുമുഖങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ചെറു സിനിമകളുടെ തള്ളിക്കയറ്റം കുറഞ്ഞു വരികയാണ്. നേരത്തെ സിനിമാ റിലീസിന് മുമ്പ് തന്നെ ചാനലുകാര്‍ സിനിമകളുടെ സാറ്റലൈറ്റ് അവകാശം നേടുമായിരുന്നു. ഇതു മൂലം പടം പൊട്ടിയാലും നിര്‍മ്മാതാക്കള്‍ക്ക് മുടക്കുമുതല്‍ കിട്ടിയിരുന്നു.എന്നാലിപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ മാത്രമാണ് റിലീസിന് മുമ്പേ സാറ്റലൈറ്റ് അവകാശം വിറ്റ് പോകുന്നുള്ളൂ. സാറ്റലൈറ്റ് വിഷയം നിലനില്‍ക്കുന്നതിനോടൊപ്പം സമരം കൂടി വന്നതോടെ ചെറുചിത്രങ്ങള്‍ എടുത്ത നിര്‍മ്മാതാക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്.

സിനിമാ ടിക്കറ്റ് വിറ്റു കിട്ടുന്ന തുകയെച്ചൊല്ലി 2016 ഡിസംബര്‍ 16 മുതലാണ് തര്‍ക്കം ഉടലെടുത്തത്. വരുമാനത്തിന്റെ 60 ശതമാനം നിര്‍മ്മാതാക്കളും 40 ശതമാനം തിയേറ്ററുടമകളും വീതിച്ചെടുക്കുന്നതായിരുന്നു നിലവിലെ രീതി. എന്നാല്‍ വരുമാനം 50:50 എന്ന അനുപാതത്തില്‍ തുല്യമായി വീതിക്കണമെന്ന് തീയേറ്ററുടമകള്‍ ആവശ്യപ്പെട്ടു.ഇത് അംഗീകരിക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറായില്ല. തല്‍സ്ഥിതി തുടരാന്‍ സംസ്ഥാന സര്‍ക്കാരും നിര്‍ദ്ദേശിച്ചു. എന്നാല്‍ തിയേറ്ററുടമകള്‍ ഇത് തള്ളി. പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന നിലപാടില്‍ തിയേറ്ററുടമകള്‍ ഉറച്ചു നിന്നു. ഇതോടെ ഈ സീസണില്‍ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, പൃഥിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി തുടങ്ങിയ ചിത്രങ്ങള്‍ പെട്ടിയിലായി.

അതേസമയം 12 മുതല്‍ ബി ക്ലാസ് തിയേറ്ററുകള്‍, ചലച്ചിത്ര വികസന കോര്‍പറേഷന്റെ തീയറ്ററുകള്‍, മള്‍ട്ടിപ്ലെക്സുകള്‍ എന്നിവിടങ്ങളില്‍ സിനിമകള്‍ റിലീസ് ചെയ്ത് തുടങ്ങുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നേതാവ് എം.രഞ്ജിത് പറഞ്ഞു. 12-ന് ഭൈരവിയും 13-ന് കാംബോജിയും റിലീസ് ചെയ്യും. 19-ന് എസ്രയുമെത്തും. പിന്നാലെ മറ്റു സിനിമകളും. സിനിമപ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത തിയേറ്ററുകള്‍ക്ക് കുറേക്കാലം സിനിമകള്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും പിടിവാശിയാണ് പ്രശ്നം ഇത്രയും വഷളാക്കിയതെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നു. തിയേറ്റര്‍ വിഹിതം തുല്യമായി വീതിക്കാമെന്ന് സമ്മതിച്ചാല്‍ മാത്രമേ എ ക്ലാസ് തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കൂ. കേരളമൊട്ടാകെ 350-ല്‍ പരം എ ക്ലാസ് തിയേറ്ററുകളുണ്ട്.

സിനിമാ പ്രതിസന്ധിയില്‍ കാണികള്‍ക്കും ചിലത് പറയാനുണ്ട്. തിയേറ്ററുടമകളുടെ ആവശ്യം ന്യായീകരിക്കാനാവില്ലെന്ന് സിനിമാപ്രേമിയായ രാഹുല്‍ പറയുന്നു. ‘മുടക്കുമുതല്‍ കിട്ടുമോയെന്ന് പോലും ഉറപ്പില്ലാതെ സിനിമയ്ക്കായി പണം മുടക്കുന്നവരാണ് നിര്‍മ്മാതാക്കള്‍. അതു കൊണ്ട് വരുമാനത്തിന്റെ ഏറിയ പങ്കും അവര്‍ക്ക് തന്നെയാണ് ലഭിക്കേണ്ടത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകാര്‍ പാതി വരുമാനം ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല’ രാഹുല്‍ പറഞ്ഞു.

അതേ സമയം ബി ക്ലാസ് തിയേറ്ററില്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് എത്രത്തോളം വിജയകരമാകുമെന്ന കാര്യത്തിലും കാണികള്‍ക്ക് ആശങ്കയുണ്ട്. തിയേറ്ററുകളിലെ ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത തന്നെ കാരണം. എന്നാല്‍, ഷോപ്പിങ് മാളുകളില്‍ ഉള്‍പ്പെടയുള്ള മള്‍ട്ടിപ്ലെക്സുകളിലും സര്‍ക്കാര്‍ സംവിധാനത്തിലുള്ള കൈരളി, ശ്രീ തിയേറ്ററുകളിലും പുതിയ സിനിമ എത്തുന്നത് ആശ്വാസകരമാണ്.

Share on

മറ്റുവാര്‍ത്തകള്‍