Continue reading “ആഴങ്ങളിലെ തങ്കമീനുകള്‍ – നിലപാടുറപ്പുകളുടെ സിനിമ”

" /> Continue reading “ആഴങ്ങളിലെ തങ്കമീനുകള്‍ – നിലപാടുറപ്പുകളുടെ സിനിമ”

"> Continue reading “ആഴങ്ങളിലെ തങ്കമീനുകള്‍ – നിലപാടുറപ്പുകളുടെ സിനിമ”

">

UPDATES

സിനിമ

ആഴങ്ങളിലെ തങ്കമീനുകള്‍ – നിലപാടുറപ്പുകളുടെ സിനിമ

                       

അമല്‍ ലാല്‍

തങ്കമീനുകള്‍ തമിഴ് സിനിമയിലെ ആഴങ്ങളില്‍ മാത്രം കാണുന്ന സ്വര്‍ണ്ണ മീന്‍ തന്നെയാണ്. വിദ്യാഭ്യാസ മേഖലയിലെ കൊള്ളക്കൊടുക്കലുകളെപ്പറ്റിയും അതിന്റെ വാണിജ്യവല്കരണത്തെ പറ്റിയും സമ്പത്തികമായ അന്തരങ്ങളെ പറ്റിയും സിനിമ സംസാരിക്കുമ്പോള്‍ സംവിധായകന്റെ രാഷ്ട്രീയ നിലപാടുറുപ്പകള്‍ക്ക് ആദ്യ കയ്യടി!

വ്യക്തമായി രാഷ്ട്രീയം പറയുമ്പോഴും ഹൃദയം കൊണ്ട് മാത്രം കണ്ടിരിക്കേണ്ടതും മനസ്സ് കൊണ്ട് തൊട്ടറിയാവുന്നതുമായ സിനിമയാണ് തങ്കമീങ്കള്‍.

Tamil MA എന്ന തന്റെ ആദ്യ സിനിമയില്‍ Angry young man രീതികളുമായി ഒരു വ്യവസ്ഥയെയും വ്യവസ്ഥാപിത പൊള്ളത്തരങ്ങളെയും നോക്കി കൊഞ്ഞനം കുത്തുന്ന സംവിധായകന്‍ തന്റെ രണ്ടാം സിനിമയിലും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നു.

അതെ, സിനിമാസംവിധാനവും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.

ആദ്യ സിനിമയില്‍ ആഗോളീകരണവും, സാമ്പത്തിക അസമത്വവും തുടര്‍ന്നുള്ള മാനസിക സംഘര്‍ഷങ്ങളും വിഷയമാവുമ്പോള്‍ പുത്തന്‍ വിദ്യാഭ്യാസ രീതികളുടെ നേര്‍ക്കാണ് രണ്ടാമത്തെ സിനിമ. വിദ്യാഭ്യാസത്തിലെ നിക്ഷേപം ലാഭമില്ലാത്ത പണിയാണ് എന്ന് ഭരണകൂടവും അത് ലാഭം കൊയ്യാന്‍ മാത്രമുള്ള പണിയാണ് എന്ന് മൊതലാളിമാരും ഒരുമിച്ചു വിധിയെഴുതുന്ന കമ്പോള വിദ്യാഭ്യാസകാലത്തെ കഥയാണിത്.

 

മണ്ണും, കൈക്കോട്ടും എന്താണ് എന്ന് പഠിക്കുക്കയും മണ്ണ് കിളയ്ക്കാന്‍ ഉള്ളതാണ് കൈക്കോട്ട് എന്ന് അറിയാതെ ഇരിക്കുക്കയും ചെയുന്ന വിദ്യാഭ്യാസം. നീന്താന്‍ അറിയുന്നവനെ കൊണ്ട് മരംകയറ്റി മാര്‍ക്ക് ഇടുന്ന വിദ്യാഭ്യാസം. ലോകബാങ്ക് അവിടെ നിന്നും പടച്ചു വിടുന്ന അതേ വിദ്യാഭ്യാസം.

പരീക്ഷയില്‍ ജയിക്കുന്നവനും ജീവിതത്തില്‍ തോല്‍ക്കാത്തവാനുമാണ് കേമന്‍ എന്നത് ഒരു മുതലാളിത്ത ലോകത്തെ ഉപദേശമാണ്. എത്രത്തോളം നിങ്ങള്‍ മറ്റുള്ളവരെ പിന്നിലാക്കി ഓടുന്നവോ അവനാണ് വിജയി എന്ന പുതിയ പാഠം. ചുറ്റുമുള്ള ലോകം കാണാതെ ലക്ഷ്യം മാത്രം നോക്കണം എന്ന പഴയ ദ്രോണരുടെ പാഠം. അര്‍ജുനനെ ജയിപ്പിച്ച, ഏകലവ്യന്‍ തോറ്റ അതെ വിദ്യഭ്യാസ രീതി തന്നെയാണ് ഇന്നും. അവസാനം ഓടി തളരുമ്പോള്‍, എന്ത് നേടി എന്ന് ചിന്തിക്കേണ്ടി വരുമ്പോള്‍ അര്‍ഥം ഇല്ലാത്ത ഒരു ജീവിതം എന്ന് ഉത്തരം എഴുതേണ്ടി വരുന്നു; ഈ തുടരെ ജയിക്കുന്ന വര്‍ഗത്തിന്!

ഇത്തരത്തില്‍ വിജയി എന്നും, മിടുക്കന്‍ എന്നും, കേമന്‍ എന്നുമുള്ള മുതലാളിത്ത അര്‍ഥങ്ങളെ മാറ്റി എഴുതുക കൂടിയാണ് ഈ സിനിമ.
ഈ തെറ്റാ മുതാളിത്തപാഠങ്ങളെ , പ്രൈവറ്റ് സ്‌കൂള്‍ എ ബി സി ഡികളെ തീര്‍ത്തും തള്ളിക്കളയുകയും പരീക്ഷയ്ക്ക് പോകാതെ കളിക്കാന്‍ പറയുകയും ചെയ്യുന്നിടത്ത് സിനിമ സ്‌നേഹത്തിന്റെ പക്ഷം പിടിക്കുന്നു.

എന്റെ മകളെ വച്ച് വില പേശാത്തിടത്തേയ്ക്ക് മാത്രമേ ഇനി അവളെ പഠിക്കാന്‍ പറഞ്ഞയക്കുന്നുള്ളൂ എന്ന നിലപാടുറപ്പ് ഒരു വിദ്യാഭ്യാസ രീതിയോടുള്ള വെല്ലുവിളികൂടിയാണ്. സി ബി എസ് സിയും ഐ സി എസ് സിയും സര്‍ക്കാര്‍ സ്‌കൂളുകളും കുട്ടികളെ പലതരത്തില്‍ വര്‍ഗങ്ങളാക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടത് സ്‌നേഹമാണ് എന്നും, തലോടലാണ് എന്നും അത് സ്വാതന്ത്ര്യത്തില്‍ കൂടിയും നിരീക്ഷണത്തില്‍ കൂടിയും ഉണ്ടാവേണ്ടുന്ന ഒന്നാണ് എന്ന് കൂടിയാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്.

പൊട്ടിയ ഡസ്‌കും, കാലില്ലാത്ത ബഞ്ചും ചോക്ക് പൊടിയുടെ മണവും നിറഞ്ഞ ക്ലാസ്സ് റൂമുകളാണെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്നും എവിടെയോ മൂല്യവും സ്‌നേഹവും ബാക്കിയാവുന്നുണ്ട് എന്ന പാഠം കൂടിയാണ് ഈ സ്വര്‍ണ്ണ മീനുകള്‍ പറഞ്ഞു വക്കുന്നത്.
Elvita ടീച്ചര്‍മ്മാര്‍ ഇന്നും ബാക്കിയാവുന്നത് അത്തരം സ്‌കൂളുകളില്‍ ആണ്.

എന്തു കാണണം, എന്തു കാണാതിരിക്കണം എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ കണ്‍കെട്ടു വിദ്യയില്‍ നിലനിര്‍ത്തുകയാണ് വാസ്തവത്തില്‍ എപ്പോഴും മുതിര്‍ന്നവര്‍ ചെയ്യുന്നത്. കുട്ടികളുടെ കണ്ണ് കെട്ടുന്ന, തെളിച്ചവഴിയെ അവരെ നടത്തുന്ന വ്യവസ്ഥയോട് തിരുത്താവശ്യപ്പെടുക കൂടിയാണ് ഈ സിനിമ.

പരസ്യങ്ങള്‍ കാണിക്കുമ്പോള്‍ അതില്‍ പണക്കാര്‍ക്ക് ഉള്ളത്, പാവപ്പെട്ടവര്‍ക്ക് ഉള്ളത് എന്നെഴുതി വയ്ക്കാറുണ്ടോ എന്ന ഈ സിനിമയിലെ ചോദ്യം പുത്തന്‍ സാമ്പത്തിക നയങ്ങളോടാണ്. പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്ന മൂല്യങ്ങളെയും, ശരികളെയും, സൗന്ദര്യ സങ്കല്‍പ്പങ്ങളെയും പിന്‍പറ്റാന്‍ പറ്റാതെ ഓരങ്ങളോട് ചേരുന്നവരെ പറ്റിക്കൂടി സിനിമ പറയാതെ പറഞ്ഞു വയ്ക്കുന്നു. സിനിമയില്‍ ചെല്ലമ്മയുടെ അമ്മ കഥാപത്രം പറയുന്നത് പോലെ ”പണം ഇല്ലാതെ ജീവിക്കാന്‍ അല്ല പ്രയാസം; മറിച്ച് പണം ഉള്ളവരുടെ ഇടയില്‍ പണം ഇല്ലാതെ ജീവിക്കാന്‍ തന്നെയാണ് പ്രയാസം”.

ഇത്ര നേരവും ബുദ്ധി കൊണ്ട് വിലയിരുത്തിയെങ്കില്‍ ഇനി കുറച്ച് ഹൃദയ ഭാഗത്തോട് ചേര്‍ത്ത് കാണാം.

അച്ഛന്‍ പാളങ്ങള്‍ക്കപ്പുറം ആണെന്ന് പറയുമ്പോള്‍, റെയില്‍വെ പാളത്തില്‍ അച്ഛനായി കാതോര്‍ത്ത് കിടക്കുന്ന ചെല്ലമ്മയെ കാണുമ്പോള്‍ കണ്ണുള്ളവര്‍ക്കും കണ്ണില്‍ കണ്ണീര്‍ ഉള്ളവര്‍ക്കും കരച്ചില്‍ വരും. അച്ഛനും മകളും തമ്മിലെ സ്‌നേഹത്തെ ഇത്രകണ്ടു ആഴത്തിലും വ്യക്തമായും വരച്ചുവച്ച സിനിമ അടുത്ത കാലത്തൊന്നും വന്നിട്ടില്ല.

Life is beautiful എന്നാ ഇറ്റാലിയന്‍ ചിത്രത്തില്‍ Roberto Benigni ചെയ്ത അച്ഛന്‍ കഥാപത്രത്തോട് എവിടെ ഒക്കെയോ സാമ്യം വരുന്നുണ്ട് കല്യാണി എന്നാ റാം അവതരിപ്പിച്ച കഥാപത്രത്തിന്. രണ്ടു പേരും അതാതു സിനിമയുടെ സംവിധായകര്‍ കൂടി ആയിരുന്നു എന്നത് രസകരമായ മറ്റൊരു വസ്തുത. ഒരു പക്ഷെ അച്ഛന്‍ – മക്കള്‍ ബന്ധം സാര്‍വത്രികമായ ഒന്നാവുകയും അവരുടെ സ്‌നേഹത്തിന് ഒരു ഭാഷയാവുകയും ചെയ്തതാവാം ഇവടെ ഈ സാമ്യത്തിനു കാരണം. എന്നിരുന്നാലും സംവിധായകന്‍ കൂടിയായ റാമും, ചെല്ലമ്മയായി ജീവിച്ച ബേബി സദനയും മനസ്സ് കീഴടക്കുന്നു.

ഇനി പറയാനുള്ളത് കുറച്ച് സ്വകാര്യ ഇഷ്ടങ്ങളെ പറ്റിയാണ്!

”മരണം ന്നു പറഞ്ഞാല്‍ എന്താ?
അപ്പൊ എല്ലാരും മരിയ്‌ക്കോ?
ന്നാലും അച്ഛന്‍ മരിയ്ക്കില്ലാ ന്നു സത്യം ചെയ്യണം” എന്ന് സിനിമയിലെ ഒരു സീനില്‍ ഈ പെണ്‍കുട്ടി പറയുമ്പോ മനസ്സ് നിറയുന്നത് ഒരു ‘ചരിത്രപരമായ’ കാരണം കൊണ്ട് കൂടിയാണ്. പണ്ടൊക്കെ അച്ഛന്‍ വരാന്‍ ഇത്തിരി നേരം വൈകിയാല്‍ പോലും വാവിട്ട് കരഞ്ഞു തളര്‍ന്നു പോവുന്ന ഒരു ഞാന്‍ ഉണ്ടായിരുന്നു.

അച്ഛന്‍ ഒരു ട്രെയിന്‍ പാളം ദൂരെയായത് കൊണ്ട് പാളത്തില്‍ ചെവി വെച്ച് അച്ഛനെ കേള്‍ക്കാന്‍ ശ്രമിക്കുന്ന ഈ മോളെ മനസ്സിലാക്കാന്‍ അധിക ദൂരമൊന്നും എനിക്കും പോവണ്ടാ. ഇന്നലെകളില്‍ തന്നെ ഇങ്ങനെയൊരു ഞാന്‍ ഉണ്ട്. അല്ല ഇന്നുള്ള ഞാനും ഇതുപോലെയൊക്കെ തന്നെയാണ്.

സര്‍ക്കാര്‍ സ്‌കൂളില്‍ എന്നെ പഠിപ്പിച്ചാല്‍ മതി എന്ന് തീരുമാനിച്ച, എന്റെ ജാതിയും മതവും ചോദിച്ച കള്ളികളില്‍ സെക്യുലര്‍ എന്നെഴുതിപൂരിപ്പിച്ച, ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാന്‍ ഒരു പേര് വേണം എന്നായപ്പോള്‍ ഒരുപാട് പേരുകള്‍ തന്നിട്ട് എനിക്കിഷ്ടള്ള പേര് തന്നെ എനിക്ക് തരുകയും ടെക്‌നിക്കല്‍ സ്‌കൂളില്‍ +2 കഴിഞ്ഞിട്ടും, കൂട്ടുകാരൊക്കെ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് സീറ്റും കണ്ടു പിടിച്ചിരുന്നപ്പോഴും എനിക്കിഷ്ടം ലിറ്ററേച്ചര്‍ ആണെന്നും അറിയാത്ത വിഷയം ഇംഗ്ലീഷ് ആയോണ്ട് അത് തന്നെ പഠിക്കണം ന്നു ഞാന്‍ പറഞ്ഞപ്പോ എതിര് ഒന്നും പറയാത്ത, എന്നെയും എന്റെ കൂട്ടുക്കാരെയും ഞങ്ങളുടെ വട്ടുകളെയും എന്നും വിശ്വസിച്ച, മനസ്സിലാക്കിയ ഒരു അച്ഛന്‍ എനിക്കുമുണ്ട്.

ഒരു പക്ഷെ ഈ സിനിമയില്‍ അച്ഛനും മോളും മത്സരിച്ചു സ്‌നേഹിക്കുമ്പോ, സ്‌നേഹം കൊണ്ട് മനസ്സില്‍ കോറിയിടുമ്പോള്‍ നെഞ്ച് പിടയുന്നതും ഒപ്പം കരയുന്നതും ഇതു കൊണ്ട് ഒക്കെ തന്നെയാണ്. 

ഈ സിനിമ മനസ്സില് ഇടം പിടിക്കുന്നതും, അവിടെ സ്‌നേഹത്തിന്റെ ഒരു പാടായി അവശേഷിക്കുന്നതും സംവിധായകനോട് സ്‌നേഹവും ആദരവും മാത്രം തോന്നുന്നതും ഈ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ.

ആഴങ്ങളില്‍ തങ്കമീനുകളെ ഞാനും കാത്തിരിക്കുന്നുണ്ട്! ഞാനും സ്വപ്നം കാണുന്നുണ്ട്!

(അമല്‍ ലാല്‍ – പാലക്കാട് ജില്ലയില്‍ ചാലിശേരിയാണ് വീട്. തൃശൂര്‍ കേരളവര്‍മ്മയില്‍ ബി.എ ഇംഗ്ലീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി. Godot Films എന്ന സ്വതന്ത്ര ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ Creative head ആയി പ്രവര്‍ത്തിക്കുന്നു. ”അക്വേറിയം മീനുകള്‍ക്ക് പറയാനുള്ളത്” എന്ന ഷോര്‍ട്ട് ഡോക്യു-ഫിക്ഷന്‍റെ സംവിധായകരില്‍ ഒരാള്‍ കൂടി ആയിരുന്നു.)

Share on

മറ്റുവാര്‍ത്തകള്‍