UPDATES

സിനിമാ വാര്‍ത്തകള്‍

പുറത്തിറങ്ങുന്നതിന് മുമ്പ് വാരിയത് 500 കോടി: ബാഹുബലി രണ്ട് ചരിത്രം കുറിക്കുന്നു

ഇന്ത്യയിലെ വിതരണത്തിലൂടെ 356.97 കോടി രൂപയാണ് നേടിയിരിക്കുന്നത്.

                       

റിലീസിന് ഏഴ് ദിവസം ബാക്കിയുള്ളപ്പോള്‍ തന്നെ ബാഹുബലിയുടെ രണ്ടാം ഭാഗം നേടിയത് 500 കോടിയിലധികം രൂപ. സാറ്റലൈറ്റ് റൈറ്റ്‌സ്, ഡൊമസ്റ്റിക് ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ്, നോര്‍ത്ത് അമേരിക്ക ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്‌സ് ഇതെല്ലാം ചേര്‍ത്താണ് 500 കോടിയിലധികം വരുമാനം. ഇന്ത്യയിലെ വിതരണത്തിലൂടെ 356.97 കോടി രൂപയാണ് നേടിയിരിക്കുന്നത്. വിദേശത്തെ വിതരണത്തിലൂടെ 45 കോടി, തെലുങ്ക് സാറ്റലൈറ്റ് റൈറ്റ് 26 കോടി, ഹിന്ദി സാറ്റലൈറ്റ് റൈറ്റ് 51 കോടി, തമിഴ് – മലയാളം സാറ്റലൈറ്റ് റൈറ്റ് 13 കോടി എന്നിങ്ങനെയാണ് വരുമാനം ലഭിച്ചിരിക്കുന്നത്.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ഹിന്ദി പതിപ്പ് വിതരണം ചെയ്യുന്നത്. പേ ടി എം മൂവീസിന്റെ കണക്കനുസരിച്ച് മുന്‍കൂര്‍ ബുക്കിംഗിന്റെ കാര്യത്തില്‍ റെക്കോഡ് ഇട്ടിരിക്കുകയാണ് ബാഹുബലി 2. ഏപ്രില്‍ 28ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 4000 സ്്ക്രീനുകളിലാണ് ബാഹുബലി 2 പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യ ആഴ്ചയിലെ കളക്ഷനില്‍ 25 ശതമാനവും ഈ മുന്‍കൂര്‍ ബുക്കിംഗിലൂടെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. 180 കോടി രൂപ മുതല്‍ മുടക്കില്‍ പുറത്തിറക്കിയ ബാഹുബലി ആദ്യ ഭാഗം ബോക്‌സ് ഓഫീസില്‍ 650 കോടി രൂപ വാരിയിരുന്നു.

ഏപ്രില്‍ ഏഴിന് 1000 സ്‌ക്രീനുകളില്‍ ബാഹുബലി വീണ്ടും ഇറങ്ങിയിരുന്നു. ഇന്ത്യയില്‍ ഒരു ചിത്രത്തിന്റെ ഏറ്റവും വലിയ റീ റിലീസായിരുന്നു ബാഹുബലിയുടേതെന്ന് കരണ്‍ ജോഹര്‍ പറയുന്നു. ബാഹുബലി – ദ ലോസ്റ്റ് ലെജന്റ്‌സ് ന്നെ പേരിലുള്ള അനിമേറ്റഡ് ചിത്രം വീണ്ടും പുറത്തിറങ്ങിയിരുന്നു. ബാഹുബലിയുടെ അമ്മ ശിവകാമിയെ കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള പുസ്തകം ആനന്ദ് നീലകണ്ഠന്‍ തയ്യാറാക്കിയിരുന്നു. ബാഹുബലി ഒന്നാം ഭാഗത്തിന്റേത് പോലെ തന്നെ ശക്തമായ സോഷ്യല്‍ മീഡീയ പ്രചാരണമാണ് ഇത്തവണയും വന്നിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍