UPDATES

സിനിമാ വാര്‍ത്തകള്‍

വിഖ്യാത നടന്‍ ഡാനിയല്‍ ഡേ ലൂയിസ് അഭിനയം നിര്‍ത്തുന്നു

മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം മൂന്ന് തവണ നേടിയ ഒരേയൊരു നടനാണ് ഡാനിയല്‍ ഡേ ലൂയിസ്.

                       

ചലച്ചിത്ര അഭിനയ രംഗത്ത് നിന്ന് വിരമിക്കുന്നതായി വിഖ്യാത നടന്‍ ഡാനിയല്‍ ഡേ ലൂയിസ്. ലൂയിസിന്റെ വക്താവായ ലെസ്ലി ഡാര്‍ട്ടാണ് പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുന്നു. ഇത് തീര്‍ത്തും സ്വകാര്യമായ തീരുമാനമാണ്, ഡാനിയലോ അദ്ദേഹവുമായ ബന്ധപ്പെട്ട മറ്റാരെങ്കിലുമോ ഇനി ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല – ലെസ്ലി ഡാര്‍ട്ട് പറഞ്ഞു. യുഎസ് സിനിമാ മാഗസിനായ വെറൈറ്റിയും ന്യൂയോര്‍ക് ടൈംസും ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം മൂന്ന് തവണ നേടിയ ഒരേയൊരു നടനാണ് ഡാനിയല്‍ ഡേ ലൂയിസ് ( My Left Foot (1989), There Will Be Blood (2007) and Lincoln (2012) എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്‌)

പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ സംവിധാനം ചെയ്യുന്ന ഫാന്റം ത്രെഡ് എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാണ് അപ്രതീക്ഷിത പ്രഖ്യാപനം. 1980കളിലാണ് ഡാനിയല്‍ ഡേ ലൂയിസ് ഹോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. മൈ ബ്യൂട്ടിഫുള്‍ ലോണ്‍ഡ്രെറ്റെ (1985), മൈ ലെഫ്റ്റ് ഫൂട്ട് (1989) എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. 1997ല്‍ പുറത്തിറങ്ങിയ ബോക്‌സര്‍ എന്ന ചിത്രത്തിന് ശേഷം ഡാനിയല്‍ കുറച്ച് കാലത്തേയ്ക്ക് അപ്രത്യക്ഷനായി. മാര്‍ട്ടിന്‍ സ്‌കോര്‍സെസിന്റെ ഗ്യാംഗ്‌സ് ഓഫ് ന്യൂയോര്‍ക്ക് (2002) ഡാനിയലിന്റെ തിരിച്ചുവരവിന് കളമൊരുങ്ങി. ലിയനാഡോ ഡി കാപ്രിയോയ്ക്കും കാമറോണ്‍ ഡയാസിനുമൊപ്പം. അഞ്ച് വര്‍ഷത്തോളം ഇറ്റലിയില്‍ ഷൂ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. അക്കാലത്ത് എനിക്ക് സിനിമയില്‍ താല്‍പര്യമുണ്ടായിരുന്നില്ല. മറ്റെന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചു, പലപ്പോഴും എനിക്കിങ്ങനെ തോന്നാറുണ്ട് – ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഡാനിയല്‍ പറഞ്ഞു.

ലിങ്കണ്‍ (2012) എന്ന ചിത്രത്തില്‍ എബ്രഹാം ലിങ്കണ്‍ ആയി ഡാനിയല്‍ ഡേ ലൂയിസ്

ഹോളിവുഡ് താരങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും വിരമിക്കാറുണ്ട്. പല തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങള്‍കൊണ്ടും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമെല്ലാം. പലരും വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം തിരിച്ചുവന്ന ചരിത്രവുമുണ്ട്. 1967ല്‍ വെയ്റ്റ് അണ്‍ടില്‍ ഡാര്‍ക്ക് എന്ന ചിത്രത്തിന് ശേഷം ഓഡ്രി ഹെപ്‌ബേണ്‍ അഭിനയം നിര്‍ത്തിയിരുന്നു. ഒമ്പത് വര്‍ഷത്തിന് ശേഷം അവര്‍ റോബിന്‍ ആന്‍ഡ് മരിയന്‍ എന്ന ചിത്രത്തിലൂടെ അവര്‍ തിരിച്ചുവന്നു – സീന്‍ കോണറിക്കൊപ്പം. 1993ല്‍ മരിക്കുന്നത് വരെ നിരവധി ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു.

ഓഷ്യന്‍സ് ഇലവന്‍, എറിന്‍ ബ്രോകോവിച്ച്, ചെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് 2013ല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഹോളിവുഡ് തന്നെ മടുപ്പിക്കുന്നതായും ഇവിടെ നിന്ന് പോവുകയാണെന്നുമാണ് സോഡര്‍ബര്‍ഗ് അന്ന് പറഞ്ഞത്. ഇപ്പോള്‍ ലോഗന്‍ ലക്കി എന്ന സിനിമയുടെ പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം. ജാക്ക് നിക്കോള്‍സണ്‍ വിരമിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹത്തിന്റെ സുഹൃത്ത് പീറ്റര്‍ ഫോണ്ട, പേജ് സിക്‌സിനോട് പറഞ്ഞിരുന്നു. 2010ന് ശേഷം ഒരു ചിത്രത്തില്‍ പോലും അദ്ദേഹം അഭിനയിച്ചിട്ടില്ല. എന്നാല്‍ ടോണി എര്‍ഡ്മാന്റെ റീ മേക്കില്‍ നിക്കോള്‍സണ്‍ അഭിനയിക്കാന്‍ പോകുന്നതയാണ് പാരമൗണ്ട് അറിയിച്ചത്.

ഗാംഗ്സ് ഓഫ് ന്യൂയോര്‍ക് (2002) എന്ന ചിത്രത്തില്‍ കാമറോണ്‍ ഡയാസിനൊപ്പം

ഇത്തരമൊരു തീരുമാനം എടുക്കാന്‍ ഡാനിയല്‍ ഡേ ലൂയിസിനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ല. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ഡബ്ലിനിലേയ്ക്ക് പോവുകയാണെന്ന് ഡാനിയല്‍ ചില സൂഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. 1957ല്‍ ലണ്ടനിലാണ് ഡാനിയല്‍ ഡേ ലൂയിസ് ജനിച്ചത്. എഴുത്തുകാരിയും സംവിധായികയും പ്രശസ്ത എഴുത്തുകാരന്‍ ആര്‍തര്‍ മില്ലറിന്റെ മകളുമായ റബേക്ക മില്ലറാണ് ഡാനിയലിന്റെ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ആദ്യ ജീവിതപങ്കാളി ഇസബെല്ല അഡ്ജാനിയിലും ഒരു മകനുണ്ട്.

2012ല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ലിങ്കണ്‍ എന്ന ചിത്രത്തില്‍ എബ്രഹാം ലിങ്കണായി വേഷമിട്ടതിന് ശേഷം ഡാനിയലിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. നേരത്തെ ഇടവേളകള്‍ ഉണ്ടായപ്പോളൊന്നും
ഡാനിയല്‍ ഇത്തരത്തിലൊരു വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നില്ല. ലിങ്കണിലെ ഡാനിയലിന്റെ പ്രകടനത്തെ കുറിച്ച്‌ ന്യൂയോര്‍ക്ക് ടൈംസില്‍ എ ഒ സ്‌കോട്ട് ഇങ്ങനെ എഴുതിയിരുന്നു: “വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കോട്ട് എടുത്തിടുന്നത് പോലെയാണ് ഡാനിയല്‍ ഡേ ലൂയിസ് ഒരു ചരിത്രപുരുഷനെ അവതരിപ്പിക്കുന്നത്”.

Share on

മറ്റുവാര്‍ത്തകള്‍