UPDATES

സിനിമാ വാര്‍ത്തകള്‍

‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോഡിനോട് ഫിലിം ട്രൈബ്യൂണല്‍

സ്ത്രീ കേന്ദ്രീകൃത പ്രമേയമെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു.

                       

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോഡിന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലറ്റ് ട്രൈബ്യൂണലിന്റെ (എഫ് സി എ ടി) നിര്‍ദ്ദേശം. പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സംവിധായിക അലംകൃത ശ്രീവാസ്തവയും നിര്‍മ്മാതാവ് പ്രകാശ് ഝായുമാണ്‌ ട്രൈബ്യൂണലിനെ സമീപിച്ചത്. സ്ത്രീ കേന്ദ്രീകൃത പ്രമേയമെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. ലൈംഗികബന്ധ രംഗങ്ങളുടെ ദൈര്‍ഘ്യം വെട്ടിക്കുറച്ച് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദ്ദേശം. ചിത്രത്തിനെതിരായ സെന്‍സര്‍ ബോഡിന്റെ വാദങ്ങളെല്ലാം ട്രൈബ്യൂണല്‍ തള്ളി.

സ്ത്രീ കേന്ദ്രീകൃതമായത് കൊണ്ടോ സെക്ഷ്വല്‍ ഫാന്റസികള്‍ ചിത്രീകരിക്കുന്നത് കൊണ്ടോ സ്്ത്രീകളുടെ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് കൊണ്ടോ ഒരു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാവായ സംവിധായകന്‍ പ്രകാശ് ഝായ്ക്ക് അയച്ച കത്തിലാണ് സെന്‍സര്‍ ബോഡ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനുള്ള കാരണങ്ങള്‍ പറഞ്ഞിരുന്നത്. ഓഡിയോ പോണോഗ്രഫി, അസഭ്യ പദങ്ങളുടെ അതിപ്രസരം, തുടര്‍ച്ചയായ ലൈംഗിക രംഗങ്ങള്‍, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന തുടങ്ങിയ ആരോപണങ്ങള്‍ സെന്‍സര്‍ ബോഡ് ഉന്നയിച്ചിരുന്നു. ഈ വാദങ്ങളെല്ലാം ഫിലിം ട്രൈബ്യൂണല്‍ തള്ളി.

കൊങ്കണ സെന്‍ ശര്‍മ്മയും രത്‌ന പഥക് ഷായും അടക്കമുള്ളവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാമി ചലച്ചിത്രമേളയില്‍ സ്പിരിറ്റ് ഓഫ് ഏഷ്യ പുരസ്‌കാരവും ലിംഗ സമത്വം സംബന്ധിച്ച മികച്ച ചിത്രത്തിനുള്ള ഓക്‌സ്ഫാം പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍