‘ബാബുമൊശായ് ബന്ദൂക്ബാസ്’ എന്ന ചിത്രത്തിലെ കാസ്റ്റിംഗ് ഡയറക്ടര്‍ സഞ്ജയ് ചൗഹാന്‍ ഡെക്കാണ്‍ ക്രോണിക്കിളുമായി പങ്കുവച്ച ഒരു അഭിപ്രായമാണ് വിവാദമായത്.
“നീ നല്ല വെളുത്ത് തുടുത്ത്, ഉയരമുള്ള സുന്ദരനല്ലേ ബോളിവുഡിലൊക്കെ ഒന്ന് ട്രൈ ചെയ്തൂടേ” എന്നൊക്കെയുള്ള ചോദ്യങ്ങള്‍, തൊലിവെളുപ്പുള്ളവരും ഉയരമുള്ളവരുമായ പല യുവാക്കളും അവരുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മറ്റും കേട്ടിട്ടുണ്ടാകും. പലര്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടാകും. എന്നാല്‍ തൊലികറുത്തവരും ഇരുണ്ട നിറമുള്ളവരും ഉയരം കുറഞ്ഞവരുമായ എത്ര പേര്‍ ഇങ്ങനെ ആളുകളില്‍ നിന്ന് കേട്ടിട്ടുണ്ടാകും. കാര്യമായി ഉണ്ടാകില്ല. ബോളിവുഡില്‍ ടിഎഫ്എച്ച് (ടോള്‍, ഫെയര്‍, ഹാന്‍ഡ്‌സം) വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് കൂടുതലായും നായികമാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നത്. നിങ്ങളുടെ ബാഹ്യരൂപത്തിനാണ് പ്രാധാന്യം. വ്യക്തിത്വവും സ്വഭാവവുമെല്ലാം രണ്ടാമതേ പരിഗണിക്കപ്പെടൂ. ബോളിവുഡില്‍ വംശീയതയും വര്‍ണവിവേചനവുമുണ്ടോ തീര്‍ച്ചയായും ഉണ്ട്. അത് ബി ടൗണിന്റേയും അവിടെ നിന്ന് പുറത്തിറങ്ങുന്ന സിനിമകളുടേയും എക്കാലത്തേയും സ്വഭാവമാണ്.
ഈ വിവേചനത്തെ പറ്റി തന്റെ അനുഭവത്തില്‍ നിന്ന് തന്നെ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ള നടനാണ് നവാസുദീന്‍ സിദ്ദിഖി. ബോളിവുഡിലെ പഴയ സിനിമകളിലെ മരംചുറ്റി പ്രേമത്തെ പരിഹസിച്ച് നവാസുദീന്‍ സംസാരിച്ചപ്പോള്‍ അത് നിങ്ങള്‍ക്ക് അത്തരത്തില്‍ അഭിനയിക്കാനുള്ള സൗന്ദര്യമില്ലാത്തത് കൊണ്ടും ഇത്തരത്തില്‍ പ്രേമം അഭിനയിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്നും പറഞ്ഞ് ഋഷി കപൂര്‍ പരിഹസിച്ചിരുന്നു. പക്ഷെ മുമ്പൊരിക്കന്‍ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദ്യം വന്നപ്പോള്‍ ബോളിവുഡില്‍ അങ്ങനെയൊരു പ്രശ്‌നമില്ലെന്നും പ്രതിഭ മാത്രമാണ് നോക്കുന്നതെന്നുമാണ് നവാസുദീന്‍ പറഞ്ഞത്. ഇപ്പോള്‍ വീണ്ടും ബോളിവുഡിലെ വര്‍ണവിവേചനവും വംശീയതയും അംഗീകരിക്കുകയാണ് അദ്ദേഹം.
കുശന്‍ നന്ദി സംവിധാനം ചെയ്യുന്ന ‘ബാബുമൊശായ് ബന്ദൂക്ബാസ്’ എന്ന ചിത്രത്തിലെ കാസ്റ്റിംഗ് ഡയറക്ടര്‍ സഞ്ജയ് ചൗഹാന്‍ ഡെക്കാണ്‍ ക്രോണിക്കിളുമായി പങ്കുവച്ച ഒരു അഭിപ്രായമാണ് വിവാദമായത്. നവാസ് ഇരുണ്ട നിറമുള്ള ആളായതിനാല്‍ നായികയായി കൂടെ അഭിനയിക്കുന്നവര്‍ വെളുത്ത് ഉയരവും സൗന്ദര്യവുമുള്ളവരായാല്‍ ശരിയാവില്ലെന്നാണ് സഞ്ജയ് ചൗഹാന്‍ പറഞ്ഞത്. ചിത്രാംഗദ സിംഗ് ആയിരുന്നു, നവാസുദിന്റെ പെയര്‍ ആയി അഭിനയിക്കെണ്ടിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറി. പിന്നീട് ബിദിത ബാഗ് ആണ് ഈ വേഷം ചെയ്തത്. ഇരുണ്ട നിറമുള്ള ധാരാളം അഭിനേതാക്കള്‍ ബോളിവുഡില്‍ ഉണ്ടെങ്കിലും പരമ്പരാഗത നായകസങ്കല്‍പ്പത്തില്‍ ഇത്തരത്തില്‍ തൊലിനിറമുള്ളവരെ പ്രതിഷ്ഠിക്കാന്‍ ബോളിവുഡിന് ഇപ്പോഴും വൈമുഖ്യമുണ്ട്. ഏതായാലും സഞ്ജയ് ചൗഹാന് നവാസുദീന്‍ കൊടുത്ത മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. “ഞാന്‍ ഇരുണ്ട നിറമുള്ളവനും കാണാന്‍ കൊള്ളാത്തവനും ആയതുകൊണ്ട് വെളുത്തവരും സൗന്ദര്യമുള്ളവരും ആയവരുടെ ജോഡിയാകാന്‍ കൊള്ളില്ലെന്ന് എനിക്ക് തിരിച്ചറിവുണ്ടാക്കിയതിന് നന്ദി. പക്ഷെ ഞാന്‍ അത് കാര്യമാക്കുന്നില്ല” – ഇതായിരുന്നു ട്വീറ്റ്. നവാസുദീനെ പിന്തുണച്ച് നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്ത് വന്നിരിക്കുന്നത്.
നവാസുദീന്‍ സിദ്ദിഖിയുടെ ട്വീറ്റ്:
Thank U 4 making me realise dat I cannot b paired along wid d fair & handsome bcz I m dark & not good looking, but I never focus on that.
— Nawazuddin Siddiqui (@Nawazuddin_S) July 17, 2017