UPDATES

വീഡിയോ

ഭക്തി, ലഹരി, ധാര്‍മ്മികത: അന്വേഷണങ്ങളുമായി ഒരു ഹ്രസ്വചിത്രം

ദീപക് ശശികുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്.

                       

ഭക്തി ശരീരത്തിലാണോ മനസിലാണോ വേണ്ടത് എന്ന പ്രസക്തമായ ചോദ്യം ചോദിക്കുന്നതായി അവകാശപ്പെടുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ പേരും ഭക്തി എന്ന് തന്നെയാണ്. ദീപക് ശശികുമാറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. സ്റ്റഡി ലീവിന് നാട്ടിലെത്തുന്ന വിദ്യാര്‍ഥിനിയായ യുവതി അമ്മയോടൊപ്പം ക്ഷേത്ര സന്ദര്‍ശനം നടത്തുമ്പോളും തുടര്‍ന്ന്‍ വീട്ടിലെത്തുമ്പോളും സംഭവിക്കുന്ന കാര്യങ്ങളാണ് വളരെ സ്വാഭാവികതയോടെ ചിത്രീകരിച്ചിരിക്കുന്നത്.

അമ്മയോടൊപ്പം ക്ഷേത്രത്തില്‍ പോയി തൊഴുത് മടങ്ങുന്ന യുവതി കടയില്‍ നിന്നും ജാസ്മിന്‍ ഫ്‌ളേവറിലുള്ള ചന്ദനത്തിരി തന്നെ ചോദിച്ച് വാങ്ങുന്നു. വീട്ടിലെത്തിയ ശേഷം അച്ഛനുമായി ചെറിയ കുശലാന്വേഷണം നടത്തിയ ശേഷം പഠിക്കാനെന്ന് പറഞ്ഞ് മുറിയില്‍ കയറിയ യുവതി ചന്ദനത്തിരി കത്തിക്കുന്നു. ശിവന്റെ ഫോട്ടോയ്ക്ക് പുറകിലുള്ള പെട്ടിയില്‍ കഞ്ചാവുണ്ട്. അത് കത്തിച്ച് വലിക്കുന്നതോടെ ചിത്രം പൂര്‍ണമാകുന്നു.

ഭക്തിയും ലഹരിയും തമ്മിലുള്ള അന്തരം പരിശോധിക്കുകയല്ല ഈ ചിത്രം. കഞ്ചാവ് നിയമവിരുദ്ധമായ വസ്തുവാണെങ്കിലും യഥാര്‍ത്ഥത്തില്‍ ഭക്തി, വിശ്വാസം തുടങ്ങിയവയെ ധാര്‍മ്മിക മൂല്യങ്ങളുമായി ബന്ധിപ്പിക്കുകയും ലഹരി ഉപയോഗത്തെ ഇതിന് വിരുദ്ധമായ അധാര്‍മ്മിക പ്രവൃത്തിയായി ചിത്രീകരിക്കുകയുമാണ് ഈ ഹ്രസ്വ ചിത്രം ചെയ്യുന്നത്. ഇതില്‍ നിന്നാണ് പുറമേയ്ക്ക് ഭക്തി പ്രകടിപ്പിച്ച് വിശുദ്ധ പരിവേഷത്തില്‍ നടക്കുന്ന വ്യക്തി, പ്രത്യേകിച്ച് ലഹരി ഉപയോഗിച്ച് അകമേയ്ക്ക്, അധാര്‍മ്മികതയില്‍ സഞ്ചരിക്കുന്നു എന്ന സന്ദേശം നല്‍കുന്നത്. ഭക്തിയുടെ പേരിലുള്ള കാപട്യങ്ങള്‍ തുറന്ന് കാട്ടുന്നു എന്ന് വേണമെങ്കില്‍ പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ മദ്ധ്യവര്‍ഗ ധാര്‍മ്മിക ബോധത്തിന്റെയും സദാചാര പൊലീസിംഗിന്റേയും കണ്ണടയിലൂടെയാണ് ചിത്രം വ്യക്തി ജീവിതത്തെ നോക്കി കാണുന്നത്.

ഏതായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രം. മൂന്ന് ലക്ഷത്തിലധികം പേരാണ് യൂടൂബില്‍ ഇതുവരെ ചിത്രം കണ്ടത്. എഡിറ്റിംഗിലും ദൃശ്യങ്ങളിലും തരക്കേടില്ലാത്ത വിധം ചിത്രം മികവ് പുലര്‍ത്തുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനവും സ്വാഭാവികമാണ്. ശബ്ദമിശ്രണവും മോശമല്ലാതെ കൈകാര്യം ചെയ്തിരിക്കുന്നു. യുവതിയുടെ അമ്മയായി അഭിനയിച്ചിരിക്കുന്നത് സിനിമ – സീരിയല്‍ നടി നീന കുറുപ്പാണ്. മകള്‍ അമൃതയായി ദര്‍ശന ശിവദാസും.

വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍