UPDATES

വായിച്ചോ‌

അയിത്തം: ദലിതര്‍ക്ക് ഒരു വര്‍ഷത്തിലേറെയായി മുടിവെട്ടാന്‍ പോലും സാധിക്കുന്നില്ല

തങ്ങള്‍ മുടിവെട്ടുന്നിടത്ത് ദലിതരുടെ മുടിവെട്ടാനാകില്ലെന്ന് പറഞ്ഞ് ഈ ഗ്രാമത്തിലെ മൂന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ സവര്‍ണര്‍ അടച്ചിട്ടിരിക്കുന്നെന്നാണ് പരാതി

                       

ഉയര്‍ന്ന ജാതിക്കാര്‍ കല്‍പ്പിച്ചിരിക്കുന്ന അയിത്തം മൂലം ദലിത് വിഭാഗക്കാര്‍ക്ക് ഒരുവര്‍ഷത്തിലേറെയായി മുടിവെട്ടാന്‍ പോലും സാധിക്കുന്നില്ലെന്ന് പരാതി. കര്‍ണാടകയിലെ ചിക്കബല്ലാപൂരിലുള്ള മന്‍ചനബേലെ ഗ്രാമത്തിലാണ് സംഭവം. തങ്ങള്‍ മുടിവെട്ടുന്നിടത്ത് ദലിതരുടെ മുടിവെട്ടാനാകില്ലെന്ന് പറഞ്ഞ് ഈ ഗ്രാമത്തിലെ മൂന്ന് ബാര്‍ബര്‍ ഷോപ്പുകള്‍ സവര്‍ണര്‍ അടച്ചിട്ടിരിക്കുന്നതാണ് കാരണം.

ഈ പ്രദേശത്തെ സലൂണുകളില്‍ ദലിതരുടെ മുടിവെട്ടാന്‍ അനുവദിക്കില്ലെന്ന് ഇവിടുത്തെ ഉയര്‍ന്ന ജാതിക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. അത് ഏകദേശം അറുന്നൂറോളം വരുന്ന ദലിതരും നാലായിരത്തോളം വരുന്ന ഉയര്‍ന്ന ജാതിക്കാരും തമ്മിലുള്ള കലാപത്തിലേക്ക് നയിക്കുകയും ചെയ്തു. ഇതോടെയാണ് ഗ്രാമത്തിലെ സലൂണുകള്‍ അടച്ചുപൂട്ടിയത്.

2015 ഓഗസ്റ്റിലാണ് ഈ സംഭവങ്ങളെല്ലാം ഉണ്ടായത്. പിന്നീട് നിരവധി സമാധാന ചര്‍ച്ചകളെല്ലാം നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ ഗ്രാമത്തില്‍ പോയാലുടന്‍ സ്ഥിതിഗതികള്‍ പഴയതുപോലെയാകുമെന്ന് ദലിത് യുവാവായ പ്രകാശ് പറയുന്നു.

അതേസമയം ഉയര്‍ന്നസമുദായക്കാര്‍ പറയുന്നത് ഈ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ്. ഈ ഗ്രാമം സന്തോഷഭരിതമാണെന്നും ദലിതര്‍ക്ക് സ്‌കൂളില്‍ പോകാനും വഴിയോര ഭക്ഷണം കഴിക്കുന്നതിനുമുള്‍പ്പെടെയുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ഉന്നത സമുദായമായ വൊക്കലിഗയിലെ ദേവ്‌രാജ് പറയുന്നു. പഞ്ചായത്ത് ചെയര്‍മാന്‍ പോലും ദലിതനായിട്ടും ദലിതര്‍ ഇവിടെ അയിത്തം ആരോപിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

തങ്ങളുടെ സമുദായത്തിലെ മുതര്‍ന്നവര്‍ പോലും തങ്ങളെ പിന്തുണയ്ക്കില്ലെന്നാണ് പ്രകാശ് പറയുന്നത്. പ്രകാശും സുഹൃത്തുക്കളും തങ്ങള്‍ക്ക് തുല്യത വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. തങ്ങളുടെ കച്ചവടം നഷ്ടമാകുമെന്ന് ഭയന്ന് ഗ്രാമത്തിലെ ബാര്‍ബര്‍മാരും ഉയര്‍ന്ന സമുദായക്കാര്‍ക്കൊപ്പമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

അതേസമയം ബാര്‍ബര്‍മാര്‍ പറയുന്നത് മറ്റൊന്നാണ്. ഒരിക്കല്‍ താന്‍ ബംഗളൂരുവില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ പോലീസ് കാത്തുനില്‍ക്കുകയായിരുന്നെന്നും അയിത്തം മൂലം ദലിതര്‍ക്ക് മുടിവെട്ടി നല്‍കിയില്ലെന്ന കേസുണ്ടെന്നും അറിയിച്ചതായി ഗ്രാമത്തിലെ വെങ്കടേഷ് എന്ന ബാര്‍ബര്‍ പറയുന്നു. അറസ്റ്റിലാകാതിരിക്കാന്‍ താന്‍ ഒളിവില്‍ പോയെന്നും പിന്നീട് കട തുറന്നിട്ടില്ലെന്നും ഇദ്ദേഹം അറിയിച്ചു.

കൂടുതല്‍ വായിക്കാന്‍

https://goo.gl/dbwz00

Share on

മറ്റുവാര്‍ത്തകള്‍