UPDATES

വായന/സംസ്കാരം

ഡിസി കേരള സാഹിത്യോത്സവം ഫെബ്രുവരി 2നു കോഴിക്കോട്ട്; എം ടി ഉദ്ഘാടകന്‍

ഇന്ത്യയില്‍ നിന്നും വിവിധ രാഷ്ട്രങ്ങളില്‍ നിന്നുമായി 300 ല്‍ പരം എഴുത്തുകാരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും

                       

എഴുത്തുകാരനും പ്രമുഖ പ്രസാധകനുമായിരുന്ന ഡി സി കിഴക്കെമുറിയുടെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബ്രുവരി 2 ന് കോഴിക്കോട് ആരംഭിക്കും. 2 മുതല്‍ 4 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നും വിവിധ രാഷ്ട്രങ്ങളില്‍ നിന്നുമായി 300 ല്‍ പരം എഴുത്തുകാരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും. എം ടി വാസുദേവന്‍ നായരാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുക. ഉദ്ഘാന ദിവസമായ ഫെബ്രുവരി 2 ന് ഈ വര്‍ഷത്ത പദ്മവിഭുഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായ യോഗാചാര്യന്‍ സദ്ഗുരു, കേരളത്തില്‍ സാറ്റ്‌ലൈറ്റ് ചാനല്‍ തരംഗത്തിന് തുടക്കം കുറിച്ച ഏഷ്യാനെറ്റിന്റെ സ്ഥാപകനും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാനുമായ ശശികുമാര്‍, അഭിനേത്രിയും നര്‍ത്തകിയുമായ മഞ്ജുവാര്യര്‍ എന്നിവര്‍പങ്കെടുക്കുന്ന മുഖാമുഖം പരിപാടി നടക്കും.

കോഴിക്കോട് ബീച്ചില്‍ പ്രശസ്തശില്പി റിയാസ് കോമു രൂപകല്‍നചെയ്ത എഴുത്തോല, അക്ഷരം, തൂലിക, വെള്ളിത്തിര തുടങ്ങിയ നാലു വേദികളില്‍ നാല് ദിനരാത്രങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലില്‍ ദേശഭാവനകള്‍ സാഹിത്യത്തില്‍, വിശ്വസാഹിത്യം, മിത്തും നോവലും, വായന, സംഭാഷണം, ആദിവാസികളുടെ അതിജീവനം, ജനാധിപത്യവും ലൈംഗിക ന്യൂനപക്ഷും, കേരള ചരിത്രം വീണ്ടും വായിക്കുമ്പോള്‍, ശ്രേഷ്ഠ മലയാളം, പ്രവാസം, ആവിഷ്ക്കാര സ്വാതന്ത്ര്യം, കവിത, കഥ തുടങ്ങി നൂറുകണക്കിന് വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള ചര്‍ച്ചകളും സംവാദങ്ങളും നടക്കും.

ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കേരളത്തിലെ രണ്ട് വ്യത്യസ്തമേഖലകളിലെ അതികായരായ മുഖ്യമന്ത്രി പിണറായി വിജയനും എഴുത്തുകാരന്‍ എം മുകന്ദനും തമ്മില്‍ സംവദിക്കും. എഴുത്തുകാരനും എം പിയുമായ ശശിതരൂരും മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മകന്‍ കനിഷ്ക് തരൂരും ഒരു വേദിയില്‍ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ഫെസ്റ്റിവലിന് ഉണ്ട് . പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ചിരാഗ്പൂര്‍ എന്ന കുഗ്രാമത്തിന്‍റെ പാശ്ചാത്തലത്തില്‍ ഒരു കൂട്ടം സ്ത്രീകളുടെ കഥ പറഞ്ഞ ടൈഫൂന്‍ എന്ന നോവല്‍ രചിച്ച പ്രശസ്ത പാക്കിസ്ഥാനി എഴുത്തുകാരി ഖ്വൈസറ ഷഹരാസ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആരി സീയാസ് എന്നിവരും കേരളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ഫെസ്റ്റിവലിനുണ്ട്.

പ്രഭാത് പട്‌നായിക്, റൊമില ഥാപ്പര്‍, അടൂര്‍ ഗോപലകൃഷ്ണന്‍, സച്ചിദാനന്ദന്‍, ടി പത്മനാഭന്‍, എം എ ബേബി, വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്, സക്കറിയ, അനിത നായര്‍, വി ആര്‍ സുധീഷ്, കെ ജയകുമാര്‍, കെ പി രാമനുണ്ണി, ഉര്‍വ്വശി ബൂട്ടാലിയ, ആനന്ദ്, ഡോ. ടി വി മധു, കെ അജിത, യു എ ഖാദര്‍, ബി ആര്‍ പി ഭാസ്കര്‍, ഡോ. ബി ഇക്ബാല്‍, കെ കെ കൊച്ച് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമാകും.

കൂടാതെ ഷഹനായി വിദ്വാന്‍ ഉസ്താദ് ബിസ്മില്ലാഖാന്റെ പൗത്രന്‍ അവതരിപ്പിക്കുന്ന ഷെഹനായി സന്ധ്യ, ഞരളത്ത് രാമപ്പൊതുവാളിന്റെ മകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന ഹരിഗോവിന്ദഗീതം, എഴുത്തച്ഛന്‍ മുതല്‍ ഒ എന്‍ വി വരെയുള്ള കവികളുടെ കവിതകളുടെ ആലാപനം, കിര്‍ത്താഡ്‌സ് അവതരിപ്പിക്കുന്ന ഗോത്രകലോത്സവം, വിശ്വസാഹിത്യകാരന്‍ ഒ വി വിജയന്റെ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം, ചലച്ചിത്ര നിരൂപകന്‍ സി എസ് വെങ്കിടേശ്വരന്റെ നേതൃത്വത്തിലുള്ള ഫിലിം ഫെസ്റ്റിവല്‍, പാചകോത്സവം എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

Share on

മറ്റുവാര്‍ത്തകള്‍