UPDATES

ഇന്ത്യ

ജുലെനയിലെ നേഴ്സുമാര്‍; അതിജീവനത്തിന്റെ ഡല്‍ഹി പാഠങ്ങള്‍

സൗത്ത് ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയുടെയും ന്യൂ ഫ്രണ്ട്സ് കോളനിയുടെയും ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപത്രിയുടെയും അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് ജുലെന

                       

സൗത്ത് ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയുടെയും ന്യൂ ഫ്രണ്ട്സ് കോളനിയുടെയും ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപത്രിയുടെയും അടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് ജുലെന. ഡല്‍ഹിയുടെ നഗരപ്രദേശത്ത് ആയിരുന്നിട്ടു കൂടിയും ഈ പ്രദേശം ഇപ്പോഴും ‘ജുലെന ഗാവ്’ എന്ന്‍ തന്നെയാണ് അറിയപ്പെടുന്നത്. ഒരുപക്ഷെ ഡല്‍ഹിയുടെ വളര്‍ച്ച വിഴുങ്ങിയ പല ഗ്രാമങ്ങളില്‍ ഒന്നുതന്നെയാവണം ജുലെനയും. അതുകൊണ്ടുതന്നെ പഴയ ജാതി വ്യവസ്ഥയും ഫ്യൂഡല്‍ ബന്ധങ്ങളും ഇനിയും മാറ്റത്തിന്‍റെ പുതിയ വര്‍ണങ്ങള്‍ അണിഞ്ഞിട്ടില്ല. ജുലെന ഗ്രാമത്തെ നഗരം വിഴുങ്ങിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന മനുഷ്യര്‍ കെട്ടിടങ്ങള്‍ പണിത് ഇന്ത്യയുടെയും ലോകത്തിന്‍റെയും പല ഭാഗത്ത്‌ നിന്ന്‍ ഡല്‍ഹിയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യാനായി വാടക മുറികള്‍ ഒരുക്കി സമ്പന്നരായി. വാടക ഇനത്തില്‍ ആ സമ്പന്നതയുടെ വലിയ ഒരു ഭാഗം മലയാളി നേഴ്സുമാരുടെ സംഭാവനയാണ്.

ആശുപത്രികളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലമാണ് ജുലെന. ജുലെനെക്ക് അടുത്ത് തന്നെ ഡല്‍ഹിയിലെ വലിയ ഹോസ്പിറ്റലുകളില്‍ ഒന്നായ ഫോര്‍ട്ടിസ് എസ്കോര്‍ട്ട്, കുറച്ചുമാറി ഹോളിഫാമിലി ആശുപത്രി, മൂന്ന്‍ കിലോമീറ്റര്‍ മാറി പ്രസിദ്ധമായ അപ്പോളോ, മാക്സ്, അല്‍-ഷിഫ, ബന്‍സാല്‍ അങ്ങനെ തുടങ്ങി കുറെയേറെ ആശുപത്രികളും. ഈ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം വരുന്ന മലയാളി നേഴ്സുമാര്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് ജുലെന. മലയാളി നേഴ്സുമാരുടെ സാന്നിധ്യം തന്നെയാണ് ജുലെനയെ വ്യത്യസ്തമാക്കുന്നതും. ഡല്‍ഹി മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു സ്ഥലമാണ് ജുലെന. ജാമിയ സര്‍വകലാശാലയില്‍ പഠിക്കുന്ന വലിയ ഒരു ശതമാനം മലയാളി വിദ്യാര്‍ത്ഥികളും താമസിക്കാന്‍ ഇഷ്ടപെടുന്നതും ഇവിടെയാണ്.

ജാമിയ സര്‍വകാലശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ എനിക്ക് ഇപ്പോള്‍ മൂന്ന്‍ വര്‍ഷത്തോളമായി ജുലെനയെ അടുത്തറിയാം. ഒരു വര്‍ഷത്തോളം ജുലെനയില്‍ താമസിക്കുകയും ചെയിതിട്ടുണ്ട്. അതിന്‍റെ വെളിച്ചത്തില്‍ ജുലെനയെകുറിച്ചും അവിടെ താമസിക്കുന്ന നേഴ്സ്മാരെപ്പറ്റിയും കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞതുമായ കുറച്ചുകാര്യങ്ങള്‍ ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

ജുലെനയുടെ ചരിത്രത്തിലേക്ക്
ഡോ. ജോനാഥന്‍ ഗില്‍ ഹാരിസ് എഴുതിയ, 2015-ല്‍ പ്രസിദ്ധികരിച്ച ‘The First Firangis” എന്ന പുസ്തകത്തില്‍ ജുലെനയുടെ പേരിന് കാരണഭൂതയായ ‘ജൂലിയാന ഡയസ് ഡ കോസ്റ്റ’ എന്ന പോര്‍ച്ചുഗീസ് വനിതയെപറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇവരുമായി ബന്ധപെട്ട നിരവധി കഥകള്‍ വാമൊഴിയായി ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നുണ്ട്. അവര്‍ ഒരു നേഴ്സ് ആയിരുന്നു, ഒരു മിഷനറി ആയിരുന്നു അങ്ങനെ പലതും. ജോനാഥന്‍റെ പുസ്തകത്തില്‍ പറയുന്ന പ്രകാരം, ‘ജൂലിയാന’,  മുഗള്‍ ഭരണാധികാരി ആയിരുന്ന ബഹദൂര്‍ ഷായുടെ ഉപദേഷ്ടാവായും പരിചാരകയായും കൊട്ടാരത്തില്‍ വര്‍ത്തിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നു. ‘ജൂലിയാന’യ്ക്ക് വൈദ്യശാസ്ത്രത്തില്‍ ഉള്ള അറിവിനെകുറിച്ച് ജോനാഥന്‍ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ബഹദൂര്‍ ഷായുടെ ഇഷ്ടം പിടിച്ചുപറ്റിയ അവര്‍ക്ക്, അദ്ദേഹം ഡല്‍ഹിയില്‍ 170 ഏക്കറോളം ഭൂമി സ്വന്തമായി നല്‍കുകയും ഭരണകാര്യങ്ങളില്‍ അവരുടെ ഉപദേശം സ്വികരിക്കുകയും ചെയ്തിരുന്നു. ‘ജൂലിയാന’യ്ക്ക് ഇഷ്ടദാനമായി ലഭിച്ച ഭൂമി ഇന്ന്‍ ഡല്‍ഹിയുടെ തിരക്കേറിയ നഗര പ്രദേശങ്ങളുടെ ഭാഗമാണ്. സരയ് ജുലെന എന്ന്‍ അറിയപെടുന്ന ഡല്‍ഹിയിലെ ഗ്രാമത്തിന്‍റെ പേര്, ‘ജൂലിയാന’ എന്ന പോര്‍ച്ചുഗീസ് വനിതയുടെ പേരിന്‍റെ പേര്‍ഷ്യന്‍ ഉച്ചാരണമാണ്. ജുലെന ഗാവിന്റെ അടുത്തുള്ള മസിഹ് ഗര്‍ – (Masihgarh, യേശുവിന്‍റെ രാജധാനി എന്നൊക്കെ മലയാളത്തില്‍ അര്‍ഥം വരുന്ന വാക്ക്) – എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്രിസ്ത്യന്‍ പള്ളി, ‘ജൂലിയാന’ യുടെ നേതൃത്വത്തില്‍ അക്കാലത്ത് തറക്കല്ലിട്ടതാണെന്നും ജോനാഥാന്‍ തന്‍റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.

 

 

ചരിത്രത്തില്‍ നിന്ന്‍ വര്‍ത്തമാന കാലത്തിലേക്ക്
ജുലെനയിലെ പ്രധാന തെരുവിലുടെ നടക്കുമ്പോള്‍ കേരളത്തിലെ ഒരു ചെറിയ നഗരത്തിലെ ഇടുങ്ങിയ വഴിയില്‍ കൂടി നടക്കുന്നതായി അനുഭവപ്പെടും. ജുലെന തെരുവിലെ മലയാളി സാന്നിധ്യം ശ്രദ്ധേയമാണ്. മലയാളികള്‍ അവരുടെ ജീവിതരീതികളും സംസ്കാരവും ഭക്ഷണ രീതികളും എല്ലാം ഡല്‍ഹിയിലെ ജുലെനയിലും പുന:സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജുലെനയുടെ പ്രധാന തെരുവില്‍ തന്നെ അപ്പുസ് ഹോട്ടല്‍, പ്രകാശ് സ്വര്‍ണക്കട, റോസ് സ്റ്റുഡിയോ, മലബാര്‍ ഹോട്ടല്‍ & സ്വര്‍ണക്കട, നൈറ്റ്‌ന്‍ഗേള്‍ ഷോപ്പ്, ഡ്രീംസ്‌ ഷോപ്പ്, സിയോണ്‍ ഷോപ്പ് തുടങ്ങി കുറച്ചധികം മലയാളി കടകളും പിന്നെ കുറെയേറെ ട്രാവല്‍ ഏജന്‍സികളുമുണ്ട്. എല്ലാം മലയാളികള്‍ തന്നെ നടത്തുന്നവയാണ്. മലയാളി കടകളില്‍ പലതും വനിതാ നേഴ്സുമാരുടെ ഭര്‍ത്താക്കന്മാര്‍ തന്നെയാണ് നടത്തുന്നത്. ഡല്‍ഹിയുടെ പലഭാഗത്തും നിന്നും മലയാളികള്‍ ജുലെന അന്വഷിച്ച് എത്താറുണ്ട്. തേങ്ങയും കപ്പയും വെളിച്ചെണ്ണയും മീനും പോത്തിറച്ചിയും ഏത്തക്കായും എന്ന്‍ വേണ്ട നല്ല ശുദ്ധമായ ഹാള്‍മാര്‍ക്ക്‌ ഉള്ള സ്വര്‍ണവും കിട്ടും ജുലെനയില്‍. മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡുകള്‍ നിരന്ന്‍ കാണാം. കുറെയേറെ വര്‍ഷങ്ങളായി ജുലെനയില്‍ തന്നെ താമസിക്കുന്ന മലയാളികള്‍ ഉണ്ട്.  ജുലെനയിലെ അന്തരീക്ഷവും സംവിധാനക്രമം മുഴുവനും, അവിടെ ഇന്ത്യയുടെ പല ഭാഗത്ത് നിന്നും എത്തുന്നവരെ, പ്രത്യേകിച്ച് മലയാളികളെ സ്വികരിക്കാനായി സജ്ജികരിച്ചിരിക്കുന്നത് പോലെ തോന്നും. ചുരുക്കിപ്പറഞ്ഞാല്‍ ഇങ്ങ് ദൂരെ ഡല്‍ഹിയില്‍ മലയാളികള്‍ സൃഷ്ടിച്ചെടുത്ത ഒരു കൊച്ചു കേരളമാണ് ജുലെന.

കേരളത്തില്‍ ആഹാരസാധനങ്ങള്‍ക്ക് കറിവേപ്പില ഒഴിച്ച് കൂടാനാവാത്ത ഒരു ചേരുവയാണ്. എന്നാല്‍ പൊതുവേ വടക്കെ ഇന്ത്യക്കാര്‍ അത് കറികളില്‍ ഉപയോഗിക്കാറില്ല. എന്നാല്‍ എല്ലാ പച്ചകറി കടകളിലും മലയാളികള്‍ക്കായി പ്രതേകം കറിവേപ്പില സൂക്ഷിച്ചിട്ടുണ്ടാവും. മലയാളികളെ ആകര്‍ഷിക്കാന്‍ വേണ്ടി കറിവേപ്പില പ്രത്യേകം കാണാവുന്ന രീതിയില്‍ വച്ചിട്ടുണ്ടാവും. മലയാളികള്‍ പച്ചക്കറി വാങ്ങിയതിന് ശേഷം ചോദിക്കും, “ഭായ് ധോടാ കറിപ്പത്ത ബി ഡാലോ”, കുറച്ച് കറിവേപ്പില കുടി തരാന്‍. അപ്പോള്‍ ഭായ്/ബഹന്‍, കറിവേപ്പിലയും പച്ചമുളകും സൌജന്യമായി കവറില്‍ ഇട്ട് തരും. ജുലെനയിലെ മലയാളികള്‍ അല്ലാത്തവര്‍ നടത്തുന്ന കടകളില്‍ ചെന്ന്‍ മലയാളത്തില്‍ വല്ലതും വേണം എന്ന്‍ പറഞ്ഞാല്‍, അവര്‍ ഏകദേശം ഒക്കെ  ധാരണയോടെ സാധനങ്ങള്‍ എടുത്ത് തരും.

നമ്മുടെ നാട്ടില്‍ കിട്ടുന്ന മിക്കവാറും എല്ലാ മീനുകളും ജുലെനയിലും കിട്ടും. പ്രധാന ഉപഭോക്താക്കള്‍ മലയാളികള്‍ ആയതുകൊണ്ടുതന്നെ മീന്‍കാരന്‍ നമ്മളോട് മലയാളത്തില്‍ ചോദിക്കും; മത്തി, കിളിമീന്‍, ചൂര, മോദ അങ്ങനെ ഏത് മീനാണ് വേണ്ടതെന്ന്‍.

 

 

ജുലെനയിലെ നേഴ്സുമാര്‍
ജുലെനയെ വ്യത്യസ്തമാക്കുന്നതും അതിനെ ജീവനുള്ളതാക്കി മാറ്റുന്നതും നേഴ്സുമാരാണ്. അവരെ ചുറ്റിപ്പറ്റിയാണ് ജുലെനയിലെ ദൈനംദിന കാര്യങ്ങള്‍ നടന്നുപോകുന്നത്. ഉടമസ്ഥമാരുടെ വാടക  റൂമുകള്‍, പച്ചകറിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍, ട്രാവല്‍ ഏജന്‍സിസ്, മൊബൈല്‍ രീച്ചാര്‍ജ് ഷോപ്പുകള്‍, ജുലെനയുടെ തെരുവില്‍ നിരന്നു കാണുന്ന തയ്യല്‍ കടകള്‍, മലയാളി പലചരക്ക് കടകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മീന്‍കാരന്‍, പഴക്കച്ചവടക്കാരന്‍ അങ്ങനെ മലയാളി നേഴ്സുമാരും ജുലെനയും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു.

മലയാളി നേഴ്സുമാര്‍ മോര്‍ണിംഗ്, ഈവനിംഗ്, നൈറ്റ്‌ ഡ്യൂട്ടിക്കായി സമയത്ത് ആശുപത്രികളില്‍ എത്തുവാനായി ജുലെനയുടെ തെരുവിലുടെ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാം. നമ്മുടെ നാട്ടിലെ കവലകളില്‍ എന്നപോലെ ‘വായിനോക്കാന്‍’ മലയാളികളും തദ്ദേശീയരും ഉള്‍പെടുന്ന ഒരു സംഘത്തെയും ജുലെനയുടെ പ്രധാന തെരുവില്‍ കാണാം. ഒരു റൂമില്‍ മൂന്നും നാലും നേഴ്സ്മാര്‍ ഒക്കെയാണ് താമസിക്കുന്നത്. പലപ്പോഴും റൂമില്‍ താമസിക്കുന്ന നേഴ്സ്മാര്‍ പരസ്പരും തമ്മില്‍ കണ്ടിട്ട്, ഒന്ന്‍ സംസാരിച്ചിട്ട് തന്നെ ഒരു പക്ഷേ ദിവസങ്ങള്‍ ആയിരിക്കാം. നാലും അഞ്ചും ദിവസത്തെ തുടര്‍ച്ചയായ ജോലിക്ക് ശേഷം അവര്‍ക്ക് ഒരു ദിവസം ഓഫ്‌ കിട്ടും. അന്നും ചിലപ്പോള്‍ ആശുപത്രിയിലേക്ക് വിളിപ്പിക്കാം. ഒരാള്‍ക്ക് നൈറ്റ്‌ ഡ്യൂട്ടി ആണെങ്കില്‍, മറ്റെയാള്‍ക്ക് മോര്‍ണിംഗ് ഡ്യൂട്ടി, അടുത്തയാള്‍ക്ക് ഓഫ്‌. പലപ്പോഴും ഒരുമിച്ച് അവര്‍ക്ക് എവിടെയെങ്കിലും പോകുവാനോ കറങ്ങുവാനോ സാധിക്കാറില്ല. ഓഫ്‌ കിട്ടുമ്പോള്‍, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ അവധി ഒപ്പിച്ച് കൂട്ടുകാരുമൊത്ത് സരോജിനി മാര്‍ക്കറ്റിലോ, ലാജ്പത്ത് മാര്‍ക്കറ്റിലോ ഒക്കെ ഷോപ്പിങ്ങിന് പോകും. അല്ലെങ്കില്‍ മലയാളം സിനിമ കാണാന്‍ പോകും. ഡ്യൂട്ടി കഴിഞ്ഞ് വരുന്ന നേഴ്സുമാര്‍, ഭക്ഷണം കഴിച്ച്, കിടന്നുറങ്ങി, വിശ്രമിച്ച് എഴുന്നേല്‍ക്കുമ്പോഴേക്കും അടുത്ത ഡ്യൂട്ടിക്കുള്ള സമയം ആയിട്ടുണ്ടാവും. നൈറ്റ്‌ ഡ്യൂട്ടി ആണെകില്‍ പറയുകയും വേണ്ട. ഭക്ഷണം കഴിച്ചില്ലെങ്കിലും എങ്ങനെ എങ്കിലും ഒന്ന്‍ ഉറങ്ങിയാല്‍ മതി അവര്‍ക്ക്. രാത്രിയത്തെ ജോലി ഭാരവും ക്ഷീണവും അവരുടെ കണ്ണുകളില്‍ നിഴലിക്കുന്നുണ്ടാവും. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വരുന്ന നേഴ്സുമാര്‍ക്കു വേണ്ടി അവരുടെ റൂമിലെ മറ്റ് നേഴ്സുമാര്‍ ഭക്ഷണം തയ്യാറാക്കിവെക്കും. രാത്രി മുഴുവന്‍ ജോലി, പകല്‍ മുഴുവന്‍ ഉറക്കം. നാല് ദിവസത്തെ തുടര്‍ച്ചയായ നൈറ്റ്‌ ഡ്യൂട്ടിക്ക്ശേഷം അവര്‍ക്ക് ഒരു ദിവസം ഓഫ്‌ കിട്ടും.

ജോലിയുടെ ഭാരം ശാരീരികമായും മാനസികമായും അവരെ ബാധിക്കുന്നതോടൊപ്പം, അവര്‍ക്ക് അകലെയുള്ള മാതാപിതാക്കളുമായി, ബന്ധുക്കളുമായി, ഭര്‍ത്താക്കന്‍മാരുമായി, കാമുകന്‍മാരുമായി, സുഹൃത്തുക്കളുമായി നന്നായി സംസാരിക്കുവാന്‍ പോലും സമയം കിട്ടാറില്ല. പല ആശുപത്രികളിലും നേഴ്സ്/രോഗി അനുപാതം വളരെ പരിതാപകരമാണ്. കുറഞ്ഞ ശമ്പളത്തിനൊപ്പം ആശുപത്രിയിലെ രോഗികളുമായി ബന്ധപ്പെട്ട കണക്കുകള്‍ എഴുതുന്നതും മരുന്നിന്‍റെ ബില്ല് അടിക്കുന്നതും ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതും എല്ലാം നേഴ്സുമാര്‍ തന്നെ. ഡല്‍ഹിയിലെ പല ആശുപത്രികളും വാഗ്ദാനം ചെയ്ത ശമ്പളം നേഴ്സുമാര്‍ക്ക് കൊടുക്കാറില്ല. ഡല്‍ഹിയുടെ പ്രതികൂല കാലാവസ്ഥയില്‍ അവരെ അതിജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ഭാവി ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷകളാണ്.

അതിജീവനത്തിന്റെ മലയാളി പാഠങ്ങള്‍
നേഴ്സിംഗ് ജോലിയും ആശുപത്രിയിലെ സാഹചര്യങ്ങളും അവരെ മാനസികമായി ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ICU-വിലും എമര്‍ജന്‍സി വാര്‍ഡിലും ഒക്കെ നില്ക്കുന്ന നേഴ്സുമാരെ സംബന്ധിച്ചിടത്തോളം; അവര്‍ എന്നും കാണുന്നതും ശുശ്രൂഷിക്കുന്നതും റോഡ്‌ അപകടങ്ങളില്‍പ്പെട്ട് വരുന്നവരെയും പൊള്ളല്‍ ഏറ്റവരെയും ഒക്കെയാണ്. ദിവസേന കാണുന്ന രക്തവും കരച്ചിലുകളും നിലവിളികളും ഒക്കെ പലപ്പോഴും അവരെയും ബാധിക്കാറുണ്ട്. ഇതൊക്കെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഒന്നും തോന്നില്ലേ എന്ന ചോദ്യത്തിന്, നേഴ്സ്മാരുടെ മറുപടി, ഞങ്ങളും മനുഷ്യരല്ലേ എന്നാണ്. ഭൂരിഭാഗം വരുന്ന നേഴ്സ്മാരും അവരുടെ ജോലിയില്‍ സംതൃപ്തരല്ല. പിന്നെ എന്തിന് ഈ ജോലിയില്‍ തുടരുന്നു എന്ന ചോദ്യത്തിന് അവര്‍ക്കുള്ള മറുപടി പലപ്പോഴും നേഴ്സിംഗ് മേഖല നല്കുന്ന അവസരങ്ങളും, തൊഴില്‍ കിട്ടുമെന്ന ഉറപ്പും തന്നെയാണ് അവരെ ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത് എന്നതാണ്.

ജുലെനയിലെ നഗര/ഗ്രാമവാസികള്‍ക്ക് നേഴ്സുമാരെപ്പറ്റി ഉള്ള വ്യത്യസ്ത അഭിപ്രായങ്ങള്‍ തികച്ചും രസകരമാണ്. കേരള എക്സ്പ്രസ്സ്‌ ഡല്‍ഹിയില്‍ എന്നും വരുന്നിടത്തോളം കാലം ജുലെനയിലും ഡല്‍ഹിയിലും നേഴ്സുമാര്‍ക്ക്  ക്ഷാമം ഉണ്ടാകില്ല എന്നാണ് ഒരു പൊതു അഭിപ്രായം. ജുലെനയില്‍ നാലും അഞ്ചും സെന്‍റ് സ്ഥലം ഉള്ളവരൊക്കെ മൂന്നും നാലും നിലകള്‍ ഉയര്‍ത്തി കെട്ടിടങ്ങള്‍ പണിത്, റൂമുകള്‍ വാടകയ്ക്ക് കൊടുത്ത് കാശുകാരായി. സ്ഥല പരിമിതി കാരണം പല റൂമുകളിലും സൂര്യപ്രകാശം പോലും കടന്നുവരാത്ത വണ്ണമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ചുമരുകള്‍ തന്നെ അതിര്‍ത്തിയായുള്ള ഈ കെട്ടിടങ്ങളുടെ താഴത്തെ നിലയില്‍ ഉടമസ്ഥര്‍ താമസിക്കുന്നുണ്ടാവും. വാടക ഇനത്തില്‍ ലാവിഷ് ആയി ജീവിക്കാന്‍ ഉള്ള വക കിട്ടുന്നതിനാല്‍ ഉടമസ്ഥന്‍/മക്കള്‍ക്ക് നേരം പോക്കിന് താഴത്തെ നിലയില്‍ ഒരു കട ഇട്ടിട്ടുണ്ടാവും. മലയാളികള്‍ മീനും ഇറച്ചിയും ഒക്കെ കഴിക്കുന്നത് കുഴപ്പം ഇല്ലെങ്കിലും ഉണക്കമീന്‍ വറക്കുന്നതും അതിന്‍റെ മണവും അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്. ജുലെനയില്‍ റൂം എടുക്കാന്‍ വരുമ്പോഴേ ഉണക്കമീന്‍ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല എന്ന്‍ പറയുന്ന ഉടമസ്ഥന്‍മാരുണ്ട്. നേഴ്സുമാരെപ്പറ്റി വേറൊരു പ്രധാന പരാതി അവര്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കുന്നു എന്നുള്ളതാണ്. പൊതുവേ ഡല്‍ഹിയില്‍ വെള്ളത്തിന് ക്ഷാമമുള്ളതുകൊണ്ടും മലയാളികള്‍ രണ്ട് നേരവും കുളിക്കുന്നതും ആയിരിക്കാം കാരണം.

നേഴ്സുമാരെ/പൊതുവേ മലയാളികളെ വടക്കേ ഇന്ത്യക്കാര്‍ ‘സൗത്ത് ഇന്ത്യന്‍സ്‌’ അല്ലെങ്കില്‍ ‘മദ്രാസീസ്’ എന്ന്‍ അഭിസംബോധന ചെയ്യും. മലയാള ഭാഷ മനസിലാക്കാന്‍ പറ്റാത്തതുകൊണ്ട് തെറ്റിദ്ധാരണകളും കൂടുതലാണ്. മലയാളി നേഴ്സുമാരുടെ ക്ഷമയും ധൈര്യവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും ഒക്കെ ഇവിടുത്തെ ആള്‍ക്കാര്‍ പ്രശംസിക്കുകയും ചെയ്യാറുണ്ട്. രാത്രിയും പകലും ഒക്കെ മാറിമാറി ജോലിചെയ്യുന്ന ഇവര്‍ കേരളത്തിലെ സ്ത്രീകളുടെ കഠിനാധ്വാനത്തിന്‍റെയും, സ്വയംപര്യാപ്തതയുടെയും അംബാസിഡര്‍മാര്‍ തന്നെയാണ്. നേഴ്സിംഗ് ജോലി കേരളത്തിലെ സ്ത്രീകളെ, അവരുടെ കുടുംബാംഗങ്ങളെയും സാമ്പത്തിക ഭദ്രതയിലേക്ക് നയിച്ചിട്ടുണ്ട്. ഈ ജുലെന തെരുവില്‍ക്കൂടി നടക്കുന്ന ഓരോ നേഴ്സുമാരും പല കുടുംബങ്ങളുടെയും അത്താണിയാണ്. ഈ കഷ്ടപ്പാടുകളുടെ ഇടയില്‍ നിന്നും മിച്ചം പിടിച്ചു കിട്ടുന്നതാണ് അവര്‍ വീട്ടിലേക്ക് അയക്കുന്നത്.

ഇത് ജീവിതമാണ്
പൊതുവേ ‘താഴ്ന്ന’ ജോലി ചെയ്യുന്നവരായാണ് ജുലെനയിലെ ആള്‍ക്കാര്‍ തങ്ങളെ കണക്കാക്കുന്നത് എന്നാണ് മലയാളി നേഴ്സ്മാരുടെ അഭിപ്രായം. ഞങ്ങള്‍ ഏതോ ദരിദ്ര രാജ്യത്ത് നിന്നും വരുന്നവരായാണ് ഇവര്‍ വിചാരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വെള്ളവും വൈദ്യുതിയും നല്ല റൂമും ഒന്നും ഇല്ലെങ്കിലും ഞങ്ങള്‍ എങ്ങനെ എങ്കിലും അഡ്ജസ്റ്റ് ചെയ്തോളും എന്നാണ് അവരുടെ ധാരണ. ഡ്യൂട്ടി കഴിഞ്ഞ് ഓടി റൂമില്‍ എത്തുമ്പോള്‍ ആയിരിക്കും ചിലപ്പോള്‍ കറന്റ്റ് കാണില്ല, അല്ലെങ്കില്‍ വെള്ളം കാണില്ല. നേഴ്സിംഗ് ജോലിയില്‍ പൊതുവേ വടക്കേ ഇന്ത്യക്കാര്‍ ഇല്ലാത്തതിന് കാരണം ഒരു പക്ഷെ ആ ജോലിയുമായി ബന്ധപ്പെട്ട് ഇവിടെ പ്രചാരത്തിലുള്ള ഈ ‘താഴ്ന്ന’ ജോലി എന്നുള്ള ധാരണ ആയിരിക്കും.

ഡല്‍ഹിയിലെ പ്രസിദ്ധമായ അപ്പോളോ ഹോസ്പിറ്റലില്‍ ജോലിച്ചെയുന്ന നേഴ്സുമാര്‍ പങ്കുവച്ചത് മെഡിക്കല്‍ മേഖലയില്‍ അവര്‍ അനുഭവിക്കുന്ന കുറെ പ്രശ്നങ്ങളാണ്. ഒരു ദിവസം അപ്പോളോ ആശുപത്രിയുടെ ICU ഉപയോഗിക്കുന്നതിന് ഏകദേശം ഒരു ലക്ഷത്തോളം ചിലവുണ്ട്. അതുകൊണ്ട് തന്നെ അവിടെ വരുന്നവരില്‍ ഭൂരിഭാഗം രോഗികളും സമൂഹത്തിലെ ഏറ്റവും സമ്പന്ന വിഭാഗത്തില്‍പ്പെട്ടവരാണ്. എങ്ങനെയാണ് നേഴ്സുമാരുടെ ‘നിറം’ ജോലിയെ ബാധിക്കുന്നത്? വി.ഐ.പി വാര്‍ഡില്‍ രോഗികളെ നോക്കാന്‍ എക്സ്പീരിയന്‍സ് കുറഞ്ഞാലും കാണാന്‍ ‘നല്ല വെളുത്ത’ നേഴ്സുമാരെ ആയിരിക്കും ഡ്യൂട്ടിക്ക് ഇടുക. കറുത്ത നിറം ഉള്ളവര്‍ പൊതുവേ താഴ്ന്ന ജാതിക്കാര്‍ ആണെന്നുള്ള ചിന്താഗതി ആയിരിക്കും ഇതിനു പിന്നില്‍. അപ്പോളോ ആശുപത്രിയില്‍ നേഴ്സ്മാര്‍ നന്നായി ഒരുങ്ങി ചെല്ലണമെന്ന്‍ അധികൃതര്‍ക്ക് നിര്‍ബന്ധമാണ്. ഏറ്റവും നന്നായി ഒരുങ്ങി വരുന്നവര്‍ക്ക് സമ്മാനവുമുണ്ട്. പക്ഷെ പലപ്പോഴും എത്ര ഒരുങ്ങി വന്നാലും നേഴ്സിറെ നിറം നോക്കിയേ സമ്മാനം കൊടുക്കാറുള്ളു എന്നതാണ് വാസ്തവം.

വര്‍ഷങ്ങളായി ജുലെനയില്‍ താമസിക്കുകയും, നേഴ്സുമാര്‍ക്കായി IELTS ക്ലാസ്സ്‌ എടുക്കുകയും ചെയ്യുന്ന അധ്യാപകന്‍ പറയുന്ന ഒരു കാര്യം പ്രധാനമാണ്. പൊതുവേ ഇവിടെ നേഴ്സുമാരെ വടക്കേ ഇന്ത്യക്കാരുടെ വീട്ടുജോലിക്കായി നില്‍ക്കുന്ന മേഡിന്‍റെ (Housemaid) രീതിയിലാണ് ഇവര്‍ കണക്കാക്കുന്നത്. ആ മനോഭാവം തന്നെ ആയിരിക്കും നേഴ്സുമാരോട് അവിടെ ഉഴിഞ്ഞു കൊടുക്ക്, ഇവിടെ തിരുമ്മി താ എന്നൊക്കെ പറയുന്നതിന്‍റെ പിന്നിലുള്ള യുക്തി. രോഗികള്‍ തിരുമ്മി തരാന്‍ പറയുമ്പോള്‍ നേഴ്സ്മാര്‍ ഇങ്ങനെ മറുപടി പറയും “അത് ഞങ്ങളുടെ ജോലി അല്ല” എന്ന്‍. ഇവിടെ എത്തുന്ന മലയാളി നേഴ്സ്മാര്‍ പ്രൊഫഷണല്‍ നഴ്സിംഗ് ഡിഗ്രി എടുത്ത് വരുന്നവരാണ് എന്ന്‍ അറിയാവുന്നവര്‍ തന്നെ ചുരുക്കമാണ്. ജാമിയ സര്‍വകലാശാലയില്‍ അഞ്ച്‌ വര്‍ഷമായി ഗവേഷണം നടത്തുന്ന വ്യക്തിയുടെ അഭിപ്രായത്തില്‍, പലപ്പോഴും മലയാളി നേഴ്സ്മാരെപറ്റി മോശമായ അഭിപ്രായങ്ങളും കാഴ്ചപാടുകളും പറയുന്നത് മലയാളികള്‍ തന്നെ ആണെന്നാണ്. മലയാളി നേഴ്സ്മാര്‍ സ്വന്തമായി ജോലി ചെയ്യുന്നതും അവരുടെ സാമ്പത്തിക സ്വതന്ത്ര്യവും ഒക്കെത്തന്നെ കേരളത്തിലെ മലയാളി ആണ്‍കോയ്മക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

 

 

സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകള്‍
ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും നേഴ്സുമാര്‍ക്ക് ഡല്‍ഹയില്‍ താമസിക്കാന്‍ ഇഷ്ടമാണ്. ഇവിടെ അവര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാധ്യത, ജീവിത ചുറ്റുപാടുകള്‍, വ്യക്തി സ്വാതന്ത്ര്യം എന്നിവ ലഭിക്കുന്നു എന്ന്‍ അവര്‍ പറയുന്നു. രാത്രിയില്‍ അവര്‍ക്ക് മാര്‍ക്കറ്റില്‍ പോവാം, കൂട്ടുകാരും ഒത്ത് സമയം കിട്ടുമ്പോള്‍ കറങ്ങാന്‍ പോകാം. അവരോടാരും ചോദിക്കില്ല നിങ്ങള്‍ എന്താ ഇവിടെ കറങ്ങി നടക്കുന്നത്? അത് ചെയ്യുന്നത്? നിങ്ങളുടെ റൂമില്‍ വന്ന ‘അവന്‍’ ആരാണ്? ഈ വക ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നില്ല എന്ന്‍ നേഴ്സ്മാര്‍ പറയുന്നു. നാട്ടിലേക്ക് പോയാല്‍ ഞങ്ങള്‍ ഇരുട്ടുന്നതിനു മുന്‍പ് വീട്ടില്‍ കയറണം, രാത്രി പുരുഷന്മാര്‍ക്ക് മാത്രം ഉള്ളതാണ്, സ്വതന്ത്രമായി നടക്കാനോ, സദാചാര പോലീസിംഗ് അനുഭവിക്കാതെ ജീവിക്കാനോ പറ്റില്ല. നമ്മുടെ സാക്ഷര കേരളത്തിലെ പൊതുമണ്ഡലം, വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും പ്രത്യേകിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെയും കാര്യത്തില്‍ എത്രയോ പിന്നോക്കം നില്‍ക്കുന്നു എന്ന്‍ നേഴ്സ്മാരുടെ ഈ വാക്കുകളില്‍ വ്യക്തമാണ്. നേഴ്സ്മാരെകുറിച്ചും അവരുടെ പ്രശ്നങ്ങളെയും പറ്റി പഠിക്കുകയും എഴുതുകയും ചെയ്യുന്ന ഗവേഷകയായ ശ്രീലേഖ നായര്‍ പറയുന്നത്, നല്ല ജോലിയും ജീവിത സാഹചര്യങ്ങളും അന്വഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറാന്‍, ഡല്‍ഹിയിലെ ജീവിതം അവരെ മാനസികമായി ഒരുക്കുന്നു എന്നാണ്.

 

ഭൂരിഭാഗം വരുന്ന മലയാളി നേഴ്സ്മാരും ലോവര്‍ മിഡില്‍ ക്ലാസ് (Lower Middle class) സാഹചര്യങ്ങളില്‍ നിന്നു വരുന്നവരാണ്. മാതാപിതാക്കള്‍ ലക്ഷങ്ങള്‍ മുടക്കിയാണ് അവരെ പഠിപ്പിക്കുന്നത്. പഠിച്ചിറങ്ങുമ്പോള്‍ തന്നെ വലിയ ഒരു തുക ബാങ്ക് ലോണ്‍ വീട്ടാന്‍ ഉണ്ടാവും. ഇത്രയും വലിയ ഭാരം ചുമന്നാണ് ഓരോ നേഴ്സ്മാരും ഡല്‍ഹിക്ക് വണ്ടി കയറുന്നത്. പഠനശേഷം രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിക്കായി അപേക്ഷിക്കുന്നതിന് നിര്‍ബന്ധവുമാണ്. അതുകൊണ്ട് നേഴ്സ്മാര്‍ക്ക് ഡല്‍ഹി ഒരു താത്കാലിക അഭയ കേന്ദ്രമാണ്. ഒരേ സമയത്ത് നാട്ടിലേക്കാള്‍ കൂടുതല്‍ ശമ്പളവും അതോടൊപ്പം വിദേശജോലി സാധ്യതകളും. സാധാരണ നഴ്സിംഗ് പഠനത്തിന്ശേഷം ഡല്‍ഹിയില്‍ എത്തുന്ന നേഴ്സ്മാര്‍ രണ്ടോ അതില്‍ കൂടുതലോ വര്‍ഷം ഇവിടെ ജോലി ചെയ്തിട്ട് പിന്നെ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുകയാണ് പതിവ്. അതിനു ശേഷം അവിടുന്ന്‍ യൂറോപ്പിലേക്കും അമേരിക്കയിലേക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി പോകും. എന്നാല്‍ ചില നേഴ്സ്മാര്‍ ഡല്‍ഹിയില്‍ തന്നെ തുടരാറുമുണ്ട്.

 

ആറു വര്‍ഷമായി ജുലെനയില്‍ താമസിക്കുകയും അപ്പോളോയില്‍ ജോലിചെയ്യുകയും ചെയ്യുന്ന ഒരു നേഴ്സിന്‍റെ അഭിപ്രായത്തില്‍, നേഴ്സ്മാരെ വിവാഹം കഴിക്കുന്നതില്‍ ഭൂരിഭാഗം പേരും അവരിലും വിദ്യാഭ്യാസയോഗ്യത കുറഞ്ഞവര്‍ ആയിരിക്കും. അവരുടെ സ്വന്തം വാക്യത്തില്‍ പറഞ്ഞാല്‍, “പത്താം ക്ലാസും ഗുസ്തിയും”. മാട്രിമോണിയല്‍ സൈറ്റില്‍ പരസ്യം കണ്ട് വിളിച്ചിട്ട് ചോദിക്കുന്നതും ഇതു തന്നെ; പുറത്ത് പോകാന്‍ താത്പര്യം ഇല്ലേ? IELTS എഴുതിയില്ലെ? അതിന്‍റെ സ്കോര്‍ എത്രയാ? ചിലര്‍ക്ക് നേഴ്സ്മാരെ വിവാഹം കഴിക്കുന്നത് വിദേശത്തേക്കുള്ള വിസക്ക് തുല്യമാണ്. മൂന്നും നാലും വര്‍ഷത്തെ നേഴ്സിംഗ് പഠനത്തിന് ശേഷം അവര്‍ പലരും ഡല്‍ഹിയിലേക്ക് ജോലി അന്വഷിച്ച് വരുന്നതും ഇവിടെ താമസിക്കുന്നതും എല്ലാം അവരുടെ തന്നെ പഠനകാലത്തെയും മറ്റും ബന്ധങ്ങള്‍ ഉപയോഗിച്ചാണ്. പലരും ഡല്‍ഹിയില്‍ വന്ന്‍ കൂട്ടുകാരികളുടെ കൂടെ താമസിച്ചാണ് ജോലിക്ക് ശ്രമിക്കാറുള്ളത്. അപ്പൊളോ, മാക്സ്, ഫോര്‍ട്ടിസ് പോലുള്ള വലിയ ആശുപത്രികളില്‍ എല്ലാ ആഴ്ചയും പുതിയ നേഴ്സ്മാരുടെ സെലക്ഷന്‍ നടക്കാറുണ്ട്. അതുകൊണ്ടുതന്നെ നേഴ്സ്മാരുടെ ഡല്‍ഹിയിലുള്ള ജോലിസാധ്യത ഒരിക്കലും കുറയുകയില്ല. മലയാളി നേഴ്സ്മാരുടെ ചലനക്ഷമതയും ജോലിയോടുള്ള ആത്മാര്‍ത്ഥയും എത്തിപ്പെടുന്ന സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ ഉള്ള ധൈര്യവും തന്നെയാണ് അവരെ ലോകും മുഴുവനും എത്തിച്ചത്. കേരളത്തിലെ ഏറ്റവും കൂടുതല്‍ ചലനക്ഷമതയുള്ള തൊഴിലാളിവര്‍ഗ്ഗം നേഴ്സ്മാര്‍ തന്നെയാണ് എന്നു പറയാം. നല്ല ജോലിയും ജീവിത സാഹചര്യങ്ങളും അന്വേഷിച്ചുള്ള അവരുടെ യാത്രകളാണ് ലോകും മുഴുവനും അവരെ എത്തിച്ചത്. ഡല്‍ഹിയിലെ ഈ കൊച്ചു ജുലെനയിലുടെ പാറിനടക്കുന്ന നേഴ്സ്മാര്‍ ലോകത്തിന്‍റെ പല ഭാഗത്തേക്കും എത്തിപ്പെടാന്‍ തയ്യാറെടുക്കുന്നവരാണ്.

ചിത്രങ്ങള്‍: ആദിത്യന്‍ പി.സി

[ഈ ലേഖനം എഴുതാന്‍ എന്നെ സഹായിച്ച സാരായ് ജുലെനയിലെ നേഴ്സ്മാരോടുള്ള നന്ദി രേഖപെടുത്തുന്നു. ഇതുമായി ബന്ധപെട്ട് പലപ്പോഴായും നടത്തിയ ചര്‍ച്ചകള്‍ക്കും ആശയങ്ങള്‍ക്കും ഇതര സുഹൃത്തുക്കളോടും ഉള്ള നന്ദി അറിയിക്കുന്നുജോര്‍ജ്കുട്ടി എം.വി].

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജോര്‍ജ്കുട്ടി എം.വി

ജോര്‍ജ്കുട്ടി എം.വി

ജെ.എന്‍.യുവില്‍ ഗവേഷക വിദ്യാര്‍ഥിയും എ.ഐ.എസ്.എഫ് പ്രവര്‍ത്തകനുമാണ്

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍