UPDATES

ട്രെന്‍ഡിങ്ങ്

2017- മോദിയുടെ നാടകീയ സന്ദേശങ്ങളുടെ പരീക്ഷണവര്‍ഷം

ഇടക്കിടെ ലക്ഷ്യം മാറ്റുന്നത് നവംബര്‍ 8-ലെ മോദിയുടെ പ്രഖ്യാപനം ഒരിയ്ക്കലും കള്ളപ്പണത്തെ ലക്ഷ്യം വെച്ചായിരുന്നില്ല എന്നതിന്റെ തെളിവാണെന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്നു

                       

ജാനെറ്റ് റോഡ്രിഗസ്, അര്‍ച്ചന ചൌധരി

പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ലേക്ക് കീഴടങ്ങാതെ അതേസമയം ജാഗ്രതയോടെയാണ് കടക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരക്കുപിടിച്ച വര്‍ഷത്തില്‍ മോദിയുടെ അസാധാരണമായ നോട്ട് പിന്‍വലിക്കല്‍ വിപണിയെ പിറകോട്ടടിപ്പിച്ചതിനാല്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇടിവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പരീക്ഷണം അതിന്റെ ആദ്യ വിജയവിശകലനങ്ങളില്‍ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളെ ആകെ അസ്വസ്ഥരാക്കിക്കൊണ്ട് ദിനംപ്രതി വ്യവസ്ഥകളിലും നിയന്ത്രണങ്ങളിലും മാറ്റം വരുത്തുകയാണ്.

എന്നിട്ടും മോദിക്ക് പിന്നാലേ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ നിരോധനം നടപ്പാക്കിയ വെനെസ്വേലയില്‍ കണ്ടപോലെ വലിയ കലാപം ഇന്ത്യയില്‍ ഉണ്ടായില്ല എന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോകത്തിലെത്തന്നെഏറ്റവും ആഘാതമുണ്ടാക്കുന്ന പണനയം സൃഷ്ടിച്ച ജനങ്ങളുടെ ദുരിതത്തിനെ മുതലെടുക്കാന്‍ ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷത്തിനായില്ല എന്നതാണു പ്രധാന കാര്യം.

“ഇതുവരെയും വിമുദ്രീകരണത്തിനെതിരായി പൊതുജനാഭിപ്രായത്തെ വിജയകരമായി സംഘടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല,” മുന്‍ പ്രധാനമന്ത്രിയെ മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാറു പറഞ്ഞു. “ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെങ്കിലും, ഇന്നത്തെ നിലയില്‍ മോദിയാണ് മുകളില്‍ എന്നു കരുതാം.”

സന്ദേശങ്ങള്‍ നല്‍കുന്നതിലെ മോദിയുടെ കഴിവാണ് ഈ നീക്കത്തിലൂടെ പരീക്ഷിക്കപ്പെടുന്നത്. നികുതി വെട്ടിപ്പിനും അഴിമതിക്കുമെതിരായ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ നീക്കമായാണ് മോദി ഇതിനെ അവതരിപ്പിക്കുന്നത്. രാജ്യത്തു രൂക്ഷമായ അസമത്വത്തിനെതിരായ വികാരമാണ് 30 കൊല്ലക്കാലത്തിനിടയിലെ ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ അയാളെ അധികാരത്തിലെത്തിച്ചത്.

നവംബര്‍ 8-നു 500, 1000 നോട്ടുകള്‍ നിരോധിച്ചപ്പോള്‍ വിതരണത്തിലിരുന്ന 86% നോട്ടുകളാണ് മോദി റദ്ദാക്കിയത്. ബാങ്കുകള്‍ക്ക് പുറത്തു പാമ്പു പോലെ നീണ്ട വരികളുടെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ തുടരെ വന്നുകൊണ്ടിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ദുരിതങ്ങള്‍ പത്രവാര്‍ത്തയായി. ഡിസംബര്‍ 30-വരെ സമയം നല്കാന്‍ മോദി ഇന്ത്യക്കാരോടാവശ്യപ്പെട്ടു.

അതിന്റെ ആഘാതം ഇതൊക്കെയാണ്: നേരത്തെ പ്രവചിച്ച സാമ്പത്തിക വളര്‍ച്ചയായ 7.8%-ത്തില്‍ നിന്നും വളര്‍ച്ചാ നിരക്ക് പ്രവചനം ഒക്ടോബര്‍-ഡിസംബറില്‍ 6.5 ശതമാനമാക്കി കുറച്ചിരിക്കുന്നു. Moody’s Investor Service പറയുന്നതു കിട്ടാക്കടങ്ങളില്‍ വലയുന്ന ബാങ്കുകളുടെ ആസ്തിഗുണം കുറയും.തൊഴിലവസരങ്ങള്‍ ഏറ്റവും കൂടുതല്‍ സൃഷ്ടിക്കുന്ന ചെറുകിട വ്യാപാരങ്ങള്‍ക്ക് ഏതാണ്ട് 9 ബില്ല്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നഷ്ടപ്പെടുമെന്ന് കണക്കാക്കുന്നു.

മുന്‍ യു.എസ് ട്രേഷറി സെക്രട്ടറി ലോറന്‍സ് സമ്മേഴ്സ്, ലോക ബാങ്ക് മുഖ്യ സാമ്പത്തിക വിദഗ്ധന്‍ കൌശിക് ബസു തുടങ്ങിയ അന്താരാഷ്ട്ര നിരീക്ഷകര്‍ മോദിയുടെ നീക്കത്തെ വിമര്‍ശിച്ചു.

“ കാശ് വീണ്ടും വിതരണത്തിലെത്തി ഉപഭോഗം ശക്തമായാലും നിക്ഷേപങ്ങള്‍ നീണ്ട നാള്‍ മന്ദഗതിയിലാകും,” HSBC Holdings Plc യിലെ സാമ്പത്തിക വിദഗ്ധന്‍ പ്രഞ്ചുല്‍ ഭണ്ഡാരി പറഞ്ഞു. ‘നേരത്തെ കണക്കാക്കിയതിനെക്കാള്‍ രണ്ടു പാദങ്ങളിലേക്ക് പൂജ്യത്തിന് താഴോട്ടായിരിക്കും സമ്പദ് രംഗത്തെ മാന്ദ്യം, ഇത് നിക്ഷേപകര്‍ക്ക് അനാകര്‍ഷകമാണ്.”

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിട്ടുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ ആഘാതം വ്യക്തമല്ലെങ്കിലും മന്ദഗതിയിലായ സമ്പദ് രംഗം കഴിഞ്ഞ മാസം നടന്ന നഗരസഭ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് ദോഷം ചെയ്തിട്ടില്ല.

അതിനൊരു കാരണം യു.എസ് നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ പോലെ മാധ്യങ്ങളുടെ അരിപ്പയില്‍ക്കൂടിയല്ലാതെ നേരിട്ടു നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ സന്ദേശം എത്തിക്കാനുള്ള മോദിയുടെ ശേഷിയാണ്.

“മികച്ച ഭരണനിര്‍വ്വഹണത്തിന് ജനങ്ങള്‍ നല്‍കുന്ന പ്രാധാന്യത്തെയാണ് ഇത് കാണിക്കുന്നത്,” ഡിസംബര്‍ 20-നു തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മോദി ട്വീറ്റ് ചെയ്തു.

അധികാരമേറ്റെടുത്തു ഇന്നുവരെ ഒരൊറ്റ ദേശീയ വാര്‍ത്താസമ്മേളനം പോലും മോദി നടത്തിയിട്ടില്ല. അഭിമുഖങ്ങളെല്ലാം മുന്‍കൂട്ടി പരിശോധിച്ച് തിരുത്തല്‍ വരുത്തിയവ. പകരം പൊതു പ്രസംഗങ്ങളാണ് മോദി ആശ്രയിക്കുന്ന മാധ്യമം. നവംബര്‍ 8-നു ശേഷം വിമുദ്രീകരണത്തെ പ്രതിരോധിക്കാന്‍ പത്തിലേറെത്തവണ അത് നടത്തി. വാചകക്കസര്‍ത്താണ് മോദിയുടെ പ്രസംഗങ്ങള്‍. അതിലെ പ്രധാന ഭാഗം ഈ കാശ് പിന്‍വലിക്കല്‍ നടപടിയാണ്.

“ഈ രാജ്യത്തെ സംഗതികള്‍ മാറ്റാന്‍ ശേഷിയുള്ള ഒരാളായാണ് മോദി തന്നെ അവതരിപ്പിച്ചത്,” ‘War Room: The People, Tactics and Technology Behind Narendra Modi’s 2014 Win’ എന്ന പുസ്തകം എഴുതിയ ഉല്ലേഖ് എന്‍.പി പറയുന്നു. “ചുരുങ്ങിയത് ഇപ്പോഴത്തേക്കെങ്കിലും ആളുകള്‍ അയാളുടെ വാക്കുകള്‍ വിശ്വസിക്കുന്നു; അയാള്‍ അഴിമതിക്കതീതനാണ്, കുടുംബമില്ല, രാജ്യകാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധ. പക്ഷേ വാഗ്ദാനങ്ങള്‍ മാത്രം മതിയാകുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ആളുകള്‍ക്ക് നീണ്ടുനില്‍ക്കുന്ന കഷ്ടപ്പാടുകളുണ്ട്.” പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍ ഉത്തര്‍പ്രദേശില്‍ മോടിക്കുള്ള പിന്തുണ കുറയാം എന്നും ഉല്ലേഖ് പറഞ്ഞു.

അസാധുവാക്കിയ കാശില്‍ ഏറിയ പങ്കും ബാങ്കുകളില്‍ തിരികെയെത്തി എന്നത് വിമുദ്രീകരണത്തിനുള്ള പ്രധാന കാരണത്തെ സംശയത്തിലാക്കി എങ്കിലും മോദി വഴക്കത്തോടെ വിഷയത്തെ മാറ്റി പ്രതിഷ്ഠിച്ചു. പിന്‍വലിച്ച 15.4 ലക്ഷം കോടി നോട്ടുകളില്‍ 13 ലക്ഷം കോടിയും തീരെ ബാങ്കുകളില്‍ എത്തിയിരിക്കുന്നു. 5 ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന സര്‍ക്കാര്‍ വാദം പൊളിഞ്ഞു.

“കള്ളപ്പണക്കാരെ വെളിച്ചത്തുണ്ടുവരിക എന്ന കാശ് അസാധുവാക്കലിന്റെ പ്രധാന ലക്ഷ്യം ഇപ്പോള്‍ത്തന്നെ ഏതാണ്ട് പരാജയപ്പെട്ടതായി കണക്കാക്കാം,” NatWest Markets വിശകലന വിദഗ്ധന്‍ വനീന്ദര്‍ സിങ് പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ കാശ് രഹിത സമ്പദ് വ്യവസ്ഥയിലേക്ക് ചുവടു മാറ്റിയിരിക്കുന്നത്. “സാമ്പത്തിക വേദനയുടെ ഏത് തലത്തിലാണ് മോദിയുടെ ജനപ്രിയസൂചികയില്‍ അത് പ്രതിഫലിക്കുക? ഉത്തരം ‘ദേശസ്നേഹ ബലിദാനം’ സാമ്പത്തിക വേദനയുമായി ഇടപെടുന്നതു എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും.”

ഇടക്കിടെ ലക്ഷ്യം മാറ്റുന്നത് നവംബര്‍ 8-ലെ മോദിയുടെ പ്രഖ്യാപനം ഒരിയ്ക്കലും കള്ളപ്പണത്തെ ലക്ഷ്യം വെച്ചായിരുന്നില്ല എന്നതിന്റെ തെളിവാണെന്ന് രാഷ്ട്രീയ എതിരാളികള്‍ പറയുന്നു. കാശ് ഞെരുക്കം മൂലം ഉത്തര്‍പ്രദേശില്‍ തങ്ങള്‍ക്ക് ജാഥകള്‍ ചെറുതാക്കേണ്ടിവന്നു എന്നു കോണ്‍ഗ്രസ് പാര്‍ട്ടി പറയുന്നു. കാശിനായി വരിനില്‍ക്കുന്നവരുടെ വികാരം തെരഞ്ഞെടുപ്പില്‍ തനിക്കനുകൂലമായി പ്രതിഫലിക്കുമെന്ന് യു.പി മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ടി നേതാവുമായ അഖിലേഷ് യാദവ് പറയുന്നു.

കാര്‍ഷിക സംസ്ഥാനമായ പഞ്ചാബിലും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുകയാണ്. “കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്,” കര്‍ഷക വേദിയുടെ അദ്ധ്യക്ഷന്‍ അജയ് വീര്‍ ഝാഖര്‍ പറഞ്ഞു. “വിമുദ്രീകരണത്തിന് ചെറിയ സ്വാധീനമേ ഉണ്ടാക്കാനാകൂ, കാരണം പ്രതിപക്ഷത്തിന് ഈ ബുദ്ധിമുട്ടുകളെ ഉപയോഗിക്കാനുള്ള ശേഷിയില്ല.”

നിക്ഷേപകര്‍ സര്‍ക്കാരിന്റെ മാര്‍ച്ച് വരെയുള്ള വളര്‍ച്ച പ്രവചനത്തെയാണ് സാമ്പത്തിക ആഘാതം അളക്കാനായി ഉറ്റുനോക്കുന്നത്. അതേ സമയം രാജ്യത്തു നികുതി വകുപ്പ് ചൈനീസ് രീതിയിലുള്ള വീടുകള്‍ കേറിയുള്ള പരിശോധന നടത്തി അനധികൃത കാശും സ്വര്‍ണവും പിടികൂടുന്നുമുണ്ട്.

ഫെബ്രുവരി 1-നു അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതി നിരക്കും ആദായ നികുതിയും മോദി നോട്ട് നിരോധനത്തിന് പിന്നാലേ കുറയ്ക്കുമെന്നാണ് Kotak Institutional Equities Ltd-ലെ വിശകലന വിദഗ്ധര്‍ പറയുന്നു. വിമര്‍ശകര്‍ ഈ പ്രഖ്യാപനത്തിന്റെ “മനശാസ്ത്രപരമായ’ സ്വാധീനം കുറച്ചുകാണുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഈ നീക്കം, “വ്യവസ്ഥ ശുദ്ധീകരിക്കാനും ഇതുവരെ നിയമത്തോട് വില കല്‍പ്പിക്കാതിരുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിനിടയില്‍ ഭയം വളര്‍ത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ പൊതുജനത്തിനുള്ള വിശ്വാസം വളര്‍ത്തുമെന്ന്,” ഡിസംബര്‍ 19-ലെ റിപ്പോര്‍ട്ടില്‍ അവര്‍ എഴുതി. റിപ്പോര്‍ട്ടിന്റെ പേര്: “വിശ്വാസവും ഭയവും.”

Share on

മറ്റുവാര്‍ത്തകള്‍