UPDATES

ട്രെന്‍ഡിങ്ങ്

നോട്ടു നിരോധനം അയാളെ മോദി ഭക്തനാക്കി; പക്ഷേ കുറച്ചു കാലത്തേക്ക് മാത്രം

കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഒഴിച്ചുള്ള എല്ലാ വ്യവസായികളോടും പ്രധാനമന്ത്രിക്ക് കടുത്ത വെറുപ്പാണെന്ന് തോന്നുന്നു

                       

ഒരു ചെറുകിട വ്യവസായ സംരംഭകനെ നോട്ടു നിരോധനം എങ്ങനെയാണ് ബാധിച്ചത്? പ്രമുഖ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ അജാസ് അഷറഫ് സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനം രാജ്യത്തെ ഒരു ചെറുകിട-ഇടത്തരം സംരംഭകന്റെ നേരനുഭവങ്ങളുടെ ചൂട് അറിയുന്നതാണ്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ ആ സംരംഭകന്‍ തന്റെ കുടുംബ ബിസിനസ് ഏറ്റെടുത്തു. ഫാന്‍ നിര്‍മ്മാണ ഫാക്ടറിയായിരുന്നു അവരുടേത്. അദ്ദേഹം അതിനെ നവീകരിക്കുകയും സ്വന്തം കമ്പനിയുടെ പേരില്‍ ഫാനുകള്‍ നിര്‍മ്മിച്ചിറക്കാനും തുടങ്ങി. രണ്ട് രീതിയിലുള്ള നിര്‍മ്മാണമാണ് അവര്‍ നടത്തിയിരുന്നത്. വിവിധ ഭാഗങ്ങള്‍ ചെറുകിടക്കാരില്‍ നിന്നും വാങ്ങി തങ്ങളുടെ കമ്പനിയില്‍ വച്ച് കൂട്ടിയോജിപ്പിച്ച് വിപണിയിലെത്തിക്കുന്നതായിരുന്നു ഒരു രീതി. കുടില്‍ വ്യവസായികള്‍ നിര്‍മ്മിക്കുന്ന ഫാനുകള്‍ ഗുണപരിശോധന ഉറപ്പാക്കിയ ശേഷം കമ്പനിയുടെ പേര് നല്‍കി വില്‍ക്കുന്ന രീതിയായിരുന്നു രണ്ടാമത്തേത്. കച്ചവടം വികസിക്കുകയും കമ്പനിയില്‍ 45 സ്ഥിരം ജീവനക്കാര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു. എല്ലാവര്‍ക്കും പിഎഫ്, ഗ്രാറ്റുവിറ്റി, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഉണ്ടായിരുന്നു. പണമിടപാടുകള്‍ അധികവും ചെക്കുകള്‍ വഴിയായിരുന്നതിനാല്‍ കമ്പനിയുടെ കണക്കുകള്‍ കൃത്യമായിരുന്നു. കൂടാതെ നികുതികള്‍ കൃത്യമായി അടച്ചിരുന്നു. അങ്ങനെയിരിക്കെ നോട്ടു നിരോധനം വരുന്നു. ഈ അമ്പത് ദിവസത്തിനിടയില്‍ ഈ സംരംഭകന്റെ ജീവിതത്തിലുണ്ടായ ഗതിവിഗതികള്‍ അദ്ദേഹത്തിന്റെ തന്റെ വാക്കുകളിലൂടെ വിവരിക്കുകയാണ് അജാസ് അഷറഫ്:

നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വന്നപ്പോള്‍ ഞാന്‍ ശരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. 1000, 500 രൂപ നോട്ടുകള്‍ അദ്ദേഹം ഒറ്റയടിക്ക് പിന്‍വലിച്ചിരിക്കുന്നു. 2014 ല്‍ ഞാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കല്ല വോട്ട് ചെയ്തത്. എന്നിട്ടും ഞാന്‍ പെട്ടെന്ന് മോദി ഭക്തനായി. തീരുമാനം എന്നെ ബാധിക്കില്ല എന്നുറപ്പായിരുന്നു. എന്റെ വ്യാപാരത്തില്‍ പണം വരുന്നതും പോകുന്നതും ചെക്കു വഴിയാണ്. ഞാന്‍ നികുതി കൃത്യമായി അടയ്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ നോട്ടുകെട്ടുകള്‍ പൊളിഞ്ഞ സൂട്ട്‌കേസില്‍ നിറച്ച് അട്ടത്ത് സൂക്ഷിക്കേണ്ട അവസ്ഥയും എനിക്കില്ല. കുറെ പേര്‍ കുടുങ്ങുമല്ലോ എന്ന ചിന്തയായിരുന്നില്ല എനിക്ക്. മറിച്ച് രാജ്യത്തെ കള്ളപ്പണം മുഴുവന്‍ വെളിയില്‍ വരുമല്ലോ എന്ന പ്രതീക്ഷയായിരുന്നു. നികുതി വെട്ടിപ്പും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതും മൂലം എന്റെ വ്യാപാര എതിരാളികളില്‍ പലര്‍ക്കും ഞങ്ങളുടെ കമ്പനി നല്‍കുന്നതിനേക്കാള്‍ 28-30 ശതമാനം കുറച്ച് ഫാന്‍ വില്‍ക്കാന്‍ സാധിക്കുമായിരുന്നു. ഇനി അത് ഒഴിവാകുമെന്നും ഗുണമേന്മയെ അടിസ്ഥാനമാക്കിയുള്ള മത്സരം നടക്കുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. എല്ലാവരും നോട്ടുമാറാനുള്ള തിരക്കിലായിരുന്നതിനാല്‍ നവംബര്‍ 9നും തൊട്ടടുത്ത ദിവസങ്ങളിലും ഞാന്‍ ഓഫീസില്‍ പോയില്ല. അത്യാവശ്യം വീട്ട് ചിലവിനുള്ള കാശ് കൈവശം ഉണ്ടായിരുന്നതിനാല്‍ ബാങ്കില്‍ പോകുന്നത് പിന്നീടാകാം എന്ന് തീരുമാനിച്ചു.

ഒരാഴ്ച കഴിഞ്ഞ് ഓഫീസില്‍ എത്തിയപ്പോള്‍ ചില തിരിച്ചടികള്‍ മണത്തു തുടങ്ങി. ശമ്പള ദിവസം കഴിഞ്ഞിരുന്നു. സാധാരണഗതിയില്‍ എട്ട്, ഒമ്പത് തീയതികളിലാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. 20,000 രൂപ മാത്രമേ ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ സാധിക്കൂ എന്നതിനാലും കമ്പനിയുടെ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കാത്തതിനാലും ശമ്പളം തവണകളായി നല്‍കാം എന്ന് ഞാന്‍ പറഞ്ഞു. അവര്‍ സമ്മതിച്ചു.
അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ അടുത്ത ദിവസങ്ങളില്‍ തലപൊക്കാന്‍ തുടങ്ങി. ഞങ്ങളുടെ വിതരണക്കാരും ഉപോല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരും അസംഘടിത മേഖലയില്‍ ഉള്ളവരാണ്. നോട്ടുവഴിയാണ് അവര്‍ ഇടപാടുകളെല്ലാം നടത്തുന്നത്. കൂടുതലും കുടില്‍ വ്യവസായങ്ങളാണ്. അതുകൊണ്ട് തന്നെ ഉത്പാദന പ്രവര്‍ത്തനങ്ങളൊന്നും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഒരുറപ്പും ഇല്ലാത്തതിനാല്‍ ആരും സാഹസങ്ങള്‍ക്ക് മുതിരുന്നില്ല. കാത്തിരുന്ന് കാണാം എന്നാണ് പൊതുമട്ട്.

ഞങ്ങളുടെ കമ്പനിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ വിതരണക്കാരിലേക്കാണ് പോകുന്നത്. അവര്‍ അത് ഡീലര്‍മാര്‍ക്ക് നല്‍കും. ഡീലര്‍മാരാണ് ചില്ലറ വ്യാപാരികള്‍ക്ക് വിതരണം ചെയ്യുന്നത്. ഫാനിന്റെ വില്‍പനയ്ക്ക് ഒരു കാലാവസ്ഥ ചാക്രികതയുണ്ട്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാവുന്നത്. ഇതിനുള്ള ഓര്‍ഡറുകള്‍ വിതരണക്കാര്‍ സാധാരണഗതിയില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ തന്നെ നല്‍കും. ഇവരെല്ലാം പണം കൈകാര്യം ചെയ്യുന്നവരാണ്. കണക്കില്‍ പെടാത്ത പണം എപ്പോഴും കൈവശം വെക്കുന്നതിനാല്‍ പലര്‍ക്കും ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയുന്നില്ല. അവരെല്ലാം 30 ശതമാനം കമ്മീഷന് പണം മാറ്റിയെടുക്കാനുള്ള തിരക്കിലായിരുന്നു. അതിനാല്‍ തന്നെ ഓര്‍ഡറുകള്‍ ഒന്നും വരുന്നില്ല. നോട്ടു നിരോധനം പതുക്കെ സമ്പദ്ഘടനയുടെ ചോരയൂറ്റാന്‍ തുടങ്ങിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

നവംബര്‍ അവസാനവാരത്തോടെ പരിഭ്രാന്തിയുടെ വൈറസ് പരക്കാന്‍ തുടങ്ങി. കൃത്യമായി നികുതി അടയ്ക്കുന്ന സംരംഭകരാണ് കൂടുതല്‍ പരിഭ്രാന്തരാവുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. മറിച്ച് തുടക്കത്തില്‍ പരിഭ്രാന്തരായിരുന്ന സംരംഭകര്‍ ഇപ്പോള്‍ സാധാരണ ഗതിയിലേക്ക് മടങ്ങിയിരിക്കുന്നു. അവര്‍ക്ക് ആവശ്യത്തിന് ഓര്‍ഡറുകളുമുണ്ട്. കാര്യമെന്ത്? തങ്ങളുടെ കൈയിലുള്ള കണക്കില്‍ പെടാത്ത പണം സംരംഭകര്‍ക്ക് കൈമാറുകയാണ് വിതരണക്കാര്‍ ചെയ്തത്. ഉദാഹരണത്തിന്‍ എ എന്ന വിതരണക്കാരന്‍ ബി എന്ന സംരംഭകന് ഒരു ലക്ഷം രൂപ നല്‍കുന്നു. ഇതില്‍ 70,000 അടുത്ത വര്‍ഷത്തേക്കുള്ള ഫാനിന്റെ ഓര്‍ഡറിന്റെ തുകയാണ്. ബാക്കി മുപ്പതിനായിരം ബി തന്റെ കമ്മീഷനായി ഈടാക്കുന്നു. സത്യസന്ധര്‍ വിഡ്ഢികളാക്കപ്പെടുകയും കള്ളത്തരമറിയാവുന്നവര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.

വെറുതെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനേ എന്നെപോലെയുള്ളവര്‍ക്ക് സാധിക്കുന്നുള്ളു. കാരണം ജീവനക്കാരെ പിരിച്ചുവിടാന്‍ തൊഴില്‍ നിയമങ്ങള്‍ അനുസരിക്കുന്ന കമ്പനികള്‍ക്ക് സാധിക്കില്ല. അവരുടെ ഗ്രാറ്റുവിറ്റിയും പിരിച്ചു വിടല്‍ ആനുകൂല്യങ്ങള്‍ക്കുമായി വലിയൊരു തുക ചിലവിടേണ്ടി വരും. ഇതിനിടയില്‍ പുതിയ ഒരു പ്രവണത കൂടി വളര്‍ന്നു വരുന്നത് ശ്രദ്ധിച്ചു. ആരും പുതിയ നോട്ടുകള്‍ ചിലവഴിക്കാന്‍ തയ്യാറാവുന്നില്ല. എല്ലാവരും അത് സൂക്ഷിച്ചുവെക്കുകയാണ്. ഹോട്ടലില്‍ നിന്നും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഭക്ഷണം കഴിച്ചിരുന്നവര്‍ വീട്ടിലെ റൊട്ടിയും ദാലും കൊണ്ട് സംതൃപ്തരാവുന്നു. ചൂടുകാലത്ത് ഫാന്‍ ഇല്ല എന്ന് വിചാരിച്ച് ആരും ചത്തുപോകാന്‍ പോകുന്നില്ല. ഇത് വിതരണക്കാര്‍ക്കും ഡീലര്‍മാര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. ചുരുക്കത്തില്‍, കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ലഭിച്ചതിന്റെ വെറും 15 ശതമാനം മാത്രമാണ് എനിക്ക് ഇക്കൊല്ലം ലഭിച്ചിരിക്കുന്ന ഓര്‍ഡറുകള്‍. ഇന്ത്യയിലെ വാണീജ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വര്‍ഷം 2016 ആയിരുന്നുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തും.

ഡിസംബറില്‍ ആദായനികുതി വകുപ്പിന്റെയും മറ്റും റെയ്ഡുകള്‍ കൂടി. മാധ്യമങ്ങളിലെല്ലാം കള്ളപ്പണം പിടിച്ചതിന്റെ വാര്‍ത്തകളാണ്. കുട്ടിക്കാലത്ത് സ്റ്റാച്യു പറഞ്ഞ് കളിച്ചത് പോലെയാണിത്. പ്രധാനമന്ത്രി ഓരോ തവണ സ്റ്റാച്യു പറയുമ്പോഴും സംരംഭകര്‍ ഉല്‍പാദനം നിറുത്തിവെക്കും. ജനലക്ഷങ്ങള്‍ക്ക് തൊഴിലില്ലാതാവും. കള്ളപ്പണം ഇല്ലാതാക്കിയതിന്റെ പേരില്‍ ശമ്പളവര്‍ഗ്ഗങ്ങള്‍ മോദിയെ കാര്യമറിയാതെ പ്രകീര്‍ത്തിക്കുന്നു. നാളെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തങ്ങളെയാണെന്നറിയാതെ. ഞാന്‍ കള്ളപ്പണ വേട്ടയ്‌ക്കോ അഴിമതി തടയുന്നതിനോ എതിരല്ല. പക്ഷെ ഇപ്പോഴത്തെ നടപടികള്‍ അഴിമതിക്ക് വളംവെച്ചു കൊടുക്കുകയാണ്. കൈക്കൂലി കൊടുക്കാത്തവരെ നികുതി വെട്ടിച്ചുവെന്നൊക്കെ പറഞ്ഞ് കള്ളക്കേസില്‍ കുടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എളുപ്പം സാധിക്കും. ഉദാഹരണത്തിന് ഞാന്‍ ഈ ഒക്ടോബറില്‍ വാറ്റ് നികുതി ഫയല്‍ ചെയ്യേണ്ടതായിരുന്നു. പക്ഷെ നോട്ടു നിരോധനം മൂലം ഇതുവരെ സാധിച്ചിട്ടില്ല. അവര്‍ ഇനി അതിനുവേണ്ടി എന്റെ മേല്‍ സമ്മര്‍ദം ചെലുത്തും. ഒരു വ്യാപാര പ്രവര്‍ത്തനം നടക്കാത്ത സ്ഥിതിക്ക് ലക്ഷങ്ങള്‍ വാറ്റ് നികുതിയായി നല്‍കാന്‍ ഞാന്‍ മിനക്കെടില്ല. പകരം ഉദ്യോഗസ്ഥരെ കുറച്ച് കാശുകൊടുത്ത് സന്തോഷിപ്പിച്ച് വിടും.

പ്രധാനമന്ത്രിയുടെ ഉദ്ദേശം എനിക്കറിയില്ല. അത് നല്ലതാണോ ചീത്തയാണോ എന്നെനിക്കറിയില്ല. പക്ഷെ അഴിമതി പിഴുതെറിയുമെന്ന വലിയ വായിലുള്ള ഈ വര്‍ത്തമാനവും കൂടുതല്‍ റെയ്ഡുകളുടെ ഭീഷണിയും വര്‍ദ്ധിച്ചുവരുന്ന നിരീക്ഷണഭീതിയും ഇന്ത്യന്‍ സാമ്പത്തികരംഗത്തെ ഒരരുക്കാക്കും. അംബാനിയെയും അദാനിയെയുമൊന്നും ഇത് ബാധിക്കില്ല. ഞങ്ങളെ പോലെയുള്ള ചെറുകിട-ഇടത്തരം വ്യവസായികളെയാണ് തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. കോര്‍പ്പറേറ്റ് ഭീമന്മാര്‍ ഒഴിച്ചുള്ള എല്ലാ വ്യവസായികളോടും പ്രധാനമന്ത്രിക്ക് കടുത്ത വെറുപ്പാണെന്ന് തോന്നുന്നു. മോദിക്ക് കുറച്ചു നിയമസഭ തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ വേണ്ടി ജനകോടികളെ ശ്വാസം മുട്ടിക്കുകയാണെന്നും.

Share on

മറ്റുവാര്‍ത്തകള്‍