UPDATES

‘ഇന്ത്യന്‍ ചാള്‍സ് ശോഭരാജ്’ ധനി റാം മിത്തല്‍ അന്തരിച്ചു

കാറും കോടതിയും ലഹരിയായിരുന്ന ഇന്ത്യ കണ്ട ‘ പെരുങ്കള്ളന്‍’

                       

ജഡ്ജിയായി ആള്‍മാറാട്ടം നടത്തുകയും, നിരവധി ക്രിമിനലുകളെ വിട്ടയക്കുകയും ചെയ്ത. തട്ടിപ്പില്‍ അഗ്രഗണ്യനായിരുന്ന ധനി റാം മിത്തല്‍ അന്തരിച്ചു. ഏറ്റവും കൂടുതല്‍ അറസ്റ്റിന് വിധേയനായ കള്ളന്‍ എന്ന റെക്കോര്‍ഡും മിത്തലിനുണ്ടായിരുന്നു. 85 കാരനായ മിത്തല്‍ ഹൃദായാഘാതത്തെ തുടര്‍ന്ന് ഏപ്രില്‍ 18 വ്യാഴാഴ്ച്ചയാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച്ച അദ്ദേഹത്തിന്റെ സംസ്‌കാരം കഴിഞ്ഞതായും ദേശീയ മാധ്യമങ്ങള്‍ പറയുന്നു. മിത്തലിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം രോഗബാധിതനായിരുന്നുവെന്നുമാണ് മിത്തലിന്റെ മകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

കഴിഞ്ഞ മാസം ഒരു കാര്‍ മോഷണവുമായി ബന്ധപ്പെട്ട് മിത്തല്‍ അറസ്റ്റിലായിരുന്നു. ഫെബ്രുവരിയില്‍ ഷാലിമാര്‍ ബാഗില്‍ നിന്നും മോഷ്ടിച്ച ഒരു മാരുതി എസ്റ്റീം പശ്ചിം വിഹാറിലെ ഒരു സ്‌ക്രാപ്പ് ഡീലര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു പിടിയിലായത്. മോഷണകാര്യത്തില്‍ പ്രായം മിത്തലിനെ തളര്‍ത്തിയിരുന്നില്ല. 2016 ല്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ നിന്നും ഒരു കാര്‍ മോഷ്ടിക്കുമ്പോള്‍ പ്രായം 77 ആയിരുന്നു. 95 മത്തെ അറസ്റ്റായിരുന്നു റാണി ബാഗിലെ മോഷണത്തെ തുടര്‍ന്ന് നേരിട്ടത്. നീണ്ട കാലത്തെ ജയില്‍വാസങ്ങളായിരുന്നില്ല മിത്തലിന് നേരിടേണ്ടി വന്നിരുന്നത്.

‘ പെരുങ്കള്ളന്‍’ എന്നൊരാളെ വിശേഷിപ്പിക്കുകയാണെങ്കില്‍ മിത്തല്‍ അതിന് തീര്‍ത്തും യോഗ്യനായിരുന്നു. ഇന്ത്യന്‍ ചാള്‍സ് ശോഭരാജ് എന്നൊരു വിളിപ്പേരും മിത്തലിനുണ്ടായിരുന്നു. വിദ്യാസമ്പന്നനായ തട്ടിപ്പുകാരനായിരുന്നു അയാള്‍. റോഹ്തക്കില്‍ നിന്നും ബിഎസ്‌സി ഫസ്റ്റ് ക്ലാസില്‍ പാസായി. രാജസ്ഥാനില്‍ നിന്നും എല്‍എല്‍ബിയും നേടി. ഹാന്‍ഡ് റൈറ്റിംഗിലും ഗ്രാഫോളജിയിലും ഡിപ്ലോമ. നല്ലൊരു ഉദ്യോഗം നേടാനുള്ള വിദ്യാഭ്യാസം ഉണ്ടായിട്ടും 25 ആം വയസ് മുതല്‍ മോഷ്ടിച്ചു ജീവിക്കാനായിരുന്നു മിത്തല്‍ തീരുമാനിച്ചത്.

വിവിധ അഭിഭാഷകര്‍ക്കൊപ്പം ഗുമസ്ഥനായി ജോലി നോക്കി. വ്യാജമാര്‍ഗത്തിലൂടെ സ്‌റ്റേഷന്‍ മാസ്റ്ററായി. ആറു വര്‍ഷം അതേ ജോലിയില്‍ തുടര്‍ന്നു. ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലും ജോലി നോക്കി. ആ കാലത്ത് വ്യാജ ലൈസന്‍സുകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തി. കുറച്ചു കാലം അഭിഭാഷകനായും പ്രാക്ടീസ് ചെയ്തു.

കാറുകളോട് വല്ലാത്ത ഭ്രമമായിരുന്നു മിത്തലിന്. ഭ്രമം മൂത്ത് നിരവധി കാറുകള്‍ മോഷ്ടിച്ചു. സ്‌റ്റേഷന്‍ മാസ്റ്റര്‍ ജോലി നോക്കിയിരുന്ന കാലത്ത് സമീപത്തെ കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ മോഷ്ടിച്ചായിരുന്നു നേരം പോക്ക് നടത്തിയിരുന്നത്. ഹരിയാന കോടതി വളപ്പില്‍ നിന്നും നിരവധി കാറുകള്‍ മിത്തല്‍ കടത്തിക്കൊണ്ടു പോയി. 1964 മുതല്‍ നിരവധി കാര്‍ മോഷണ കേസുകള്‍ മിത്തലിനെതിരേ ഉണ്ടായി. ആയിരം കാറുകളോളം മോഷ്ടിച്ചെന്നാണ് വിവരം. മോഷണം എല്ലാം പകല്‍വെട്ടത്തിലായിരുന്നു, അത് മിത്തലിന്റെ നിര്‍ബന്ധമായിരുന്നു.

മിത്തലിന്റെ ഏറ്റവും വലിയ തട്ടിപ്പ് ജഡ്ജിയായി ആള്‍മാറാട്ടം നടത്തിയതായിരുന്നു. ജജ്ജാര്‍ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയെ വ്യാജ ഉത്തരവുണ്ടാക്കി രണ്ടു മാസത്തെ നിര്‍ബന്ധിത അവധിക്ക് അയച്ചശേഷം മിത്തല്‍ അവിടെ മജിസ്‌ട്രേറ്റായി കയറിക്കൂടുകയായിരുന്നു. ന്യായാധിപനായതിനു പിന്നാലെ 2000 ത്തോളം തടവുകാരെ മോചിപ്പിച്ചു. നീണ്ടകാലത്തെ തടവ് ശിക്ഷ അനുഭവിച്ചു വന്നിരുന്ന തടവുകാരെയായിരുന്നു വെറുതെ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്. വിചാരണ നടക്കാതെ ജയറിലറകളില്‍ കുടുങ്ങി കിടന്നവരെയായിരുന്നു മിത്തല്‍ മോചിപ്പിച്ചത്. എല്‍എല്‍ബി ബിരുദം ഉണ്ടായിരുന്നതുകൊണ്ട് ജഡ്ജിയായുള്ള അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. മാത്രമല്ല, നീതിമാനായ ന്യായാധിപനായി അദ്ദേഹത്തെ പലരും വാഴ്ത്തുകയും ചെയ്തു. ജഡ്ജിയായുള്ള പ്രകടനത്തിലെ ഏറ്റവും രസകരമായ ഭാഗം, സ്വന്തം കേസ് തന്നെ അദ്ദേഹം വാദം കേട്ടുവെന്നതാണ്. കേസില്‍ നിന്നും ധനി റാം മിത്തലിനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധിയും പറഞ്ഞു.

കാറുകളും കോടതിയുമായിരുന്നു മിത്തലിന്റെ ലഹരി. ഇടയ്ക്ക് മടുപ്പ് അനുഭവപ്പെട്ടപ്പോഴാണ് കൊല്‍ക്കത്തയ്ക്കു പോയി ഗ്രാഫോളജി പഠിക്കുന്നത്. തിരിച്ച റോഹ്തക്കില്‍ വന്നശേഷം അഭിഭാഷവൃത്തിയില്‍ ഏര്‍പ്പെട്ടു. വക്കീല്‍ ജോലിക്കിടയില്‍ തന്റെ വിനോദമായ കാര്‍ മോഷണവും തുടര്‍ന്നു. 1960 നും 2000 നും ഇടയില്‍ നേരിട്ട് പ്രതിയായ 150 കേസുകളാണ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലായ കാര്‍ മോഷണവുമായി ബന്ധപ്പെട്ട് മിത്തലിനെതിരേ ഉണ്ടായത്. മോഷണം. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ആയിരത്തിന് മുകളില്‍ കേസുകളില്‍ മിത്തല്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മിത്തലിനെതിരേ പല കേസുകളും ബാക്കിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും അതിനൊന്നും കാത്തു നില്‍ക്കാതെ ധനി റാം മിത്തല്‍ യാത്രയായി.

English Summary: Dhani Ram Mittal, india’s super thief who posed as judge gave bail to many criminals dies

Share on

മറ്റുവാര്‍ത്തകള്‍