UPDATES

വിദേശം

ഒബാമ കെയര്‍: സ്വന്തം പാര്‍ട്ടിക്കാര്‍ എതിര്‍ത്തു; ട്രംപിന്റെ ആദ്യ ദൗത്യം പരാജയം

ഇനി അമേരിക്കന്‍ നികുതി ഘടന പരിഷ്‌കരിക്കാനുള്ള ദൗത്യമാണ് ട്രംപിന് മുന്നിലുള്ളത്.

                       

പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ കൊണ്ടുവന്ന ആദ്യ ഭരണ ദൗത്യത്തില്‍ തന്നെ ഡൊണാള്‍ഡ് ട്രംപിന് പരാജയം. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നടപ്പാക്കിയ ഒബാമ കെയര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ഉടച്ചു വാര്‍ക്കാനുള്ള ബില്ലാണ് ഇന്നലെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെ എതിര്‍ത്തതോടെ യു.എസ് കോണ്‍ഗ്രസില്‍ പരാജയപ്പെട്ടത്. ഇതോടെ അമേരിക്കന്‍ നികുതി ഘടന പരിഷ്‌കരിക്കാനുള്ള അടുത്ത ദൗത്യവും ട്രംപിന് വെല്ലുവിളിയായിരിക്കുകയാണ്.

കോണ്‍ഗ്രസിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ഇന്നലെ ഇതൊന്നും വിലപ്പോയില്ല. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ ട്രംപിന്റെ ഏറ്റവും വലിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഒബാമ കെയര്‍ അവസാനിപ്പിക്കുമെന്നത്. അതുകൊണ്ടു തന്നെ അധികാരമേറ്റ ശേഷമുള്ള ആദ്യ നൂറുദിന കര്‍മ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു.

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ബില്ലിനെതിരെ രംഗത്തു വന്നതാണ് ട്രംപിന് തിരിച്ചടിയായത്. ബില്‍ പാസാക്കണമെങ്കില്‍ 216 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. ബില്‍ പാസാക്കാനുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താരതമ്യേനെ കടുത്ത നിലപാടുകാരല്ലാത്ത റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 15-20-ഓളം പേര്‍ എതിര്‍പ്പുമായി വന്നതോടെ ബില്‍ പാസാകില്ലെന്ന് വ്യക്തമാവുകയായിരുന്നു. സാധാരണക്കാരായ അംഗങ്ങളെ പുതിയ ബില്ലിലെ വ്യവസ്ഥകള്‍ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഡെമോക്രാറ്റ് അംഗങ്ങള്‍ ബില്ലിനെ അനുകൂലിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഡെമോക്രാറ്റ് അംഗങ്ങളെയാണ് ബില്‍ പാസാകാത്തതിന് ട്രംപ് കുറ്റപ്പെടുത്തിയതെങ്കിലും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തിയത് ട്രംപിന്റെ മുന്നോട്ടുള്ള പോക്കില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇതോടെ ഒബാമ കെയര്‍ നിലനില്‍ക്കാനുള്ള സാധ്യതയും ഏറി.

ഇനി അമേരിക്കന്‍ നികുതി ഘടന പരിഷ്‌കരിക്കാനുള്ള ദൗത്യമാണ് ട്രംപിന് മുന്നിലുള്ളത്. എന്നാല്‍ രാജ്യത്തെ ബിസിനസ് സമൂഹം ഇതിനെതിരെ രംഗത്തു വന്നു കഴിഞ്ഞു. ഇതിനു മുമ്പ് റൊണാള്‍ഡ് റീഗന്റെ സമയത്താണ് യു.എസില്‍ നികുതി പരിഷ്‌കരണം ഉണ്ടായത്. അതിനു ശേഷം ഇക്കാര്യത്തില്‍ എല്ലാ പ്രസിഡന്റുമാരും വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതാണ് ഇപ്പോള്‍ ട്രംപിന്റെ മുമ്പാകെ വന്നു നില്‍ക്കുന്നത്.

കോര്‍പറേറ്റ് നികുതി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കുക, അമേരിക്ക കേന്ദ്രമായുള്ള കമ്പനികള്‍ക്കുള്ള വിദേശലാഭത്തില്‍ നികുതി അവസാനിപ്പിക്കുക തുടങ്ങിയ പരിഷ്‌കാരങ്ങളാണ് മുന്നോട്ടു വച്ചിട്ടുള്ളത്. എന്നാല്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ ഇത് അമേരിക്കയില്‍ അവശ്യസാധനങ്ങളുടെ വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്നാണ് ബിസിനസ് സമൂഹം പറയുന്നത്. അതുകൊണ്ടു തന്നെ അടുത്ത ദൗത്യവും ട്രംപിന് കടുപ്പമേറിയതായിരിക്കും.

Share on

മറ്റുവാര്‍ത്തകള്‍