യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട ആദ്യ ഉത്തരവ് വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമാകുമ്പോള്‍ തിരുത്തലുകളുമായി ട്രംപ് ഭരണകൂടം രംഗത്തെത്തുന്നു. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ താല്‍ക്കാലികമായി നിഷേധിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. തീരുമാനം മുസ്ലീങ്ങള്‍ക്കുള്ള നിരോധനമല്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നും ചൂണ്ടിക്കാട്ടി പ്രസിഡന്റ് ട്രംപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. യാത്ര നിരോധനം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കാന്‍ കഴിഞ്ഞ ദിവസം ഫെഡറല്‍ കോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാന്‍ ട്രംപ് ഭരണകൂടം തയ്യാറാവുമോ എന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.
തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് അമേരിക്കയില്‍ എമ്പോടും ഉയരുന്നത്. വൈറ്റ് ഹൗസിന് പുറത്ത് പതിനായിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധവുമായി എത്തിയത്. ബോസ്റ്റണിലെ കോപ്ലി സ്‌ക്വയറിലും ന്യൂയോര്‍ക്കിലെ ബാറ്ററി പാര്‍ക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം അരങ്ങേറി. എന്നാല്‍ ഉത്തരവ് സൃഷ്ടിച്ച ആശയകുഴപ്പങ്ങള്‍ അതേപടി നിലനില്‍ക്കുകയാണ്. ഡള്ളാസിലെ ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞുവെക്കപ്പെട്ട 70 കാരിയായ ഇറാനിയന്‍ വനിതയെ ഒരു രാത്രി മുഴുവന്‍ തടവില്‍ പാര്‍പ്പിച്ച ശേഷം മോചിപ്പിച്ചു. സമീപകാലത്ത് ഗ്രീന്‍ കാര്‍ഡ് ലഭിച്ച വ്യക്തിയായിരുന്നു അവര്‍. ഇറാനിലുള്ള ഭാര്യയ്ക്ക് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറേറ്റ് പഠനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങണമോ എന്ന ചോദ്യം ഉയര്‍ത്തുകയാണ് ന്യൂയോര്‍ക്ക് നഗരത്തിലുള്ള ഒരു വിദ്യാര്‍ത്ഥി. യുഎസ് സര്‍ക്കാരിന് വേണ്ടി ഇറാഖില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ തന്റെ ഭാര്യയുടെയും മൂന്ന് കുട്ടികളുടെയും ഭാവിയോര്‍ത്ത് ആശങ്കാകുലനാണ്.
സാഹചര്യത്തിലാണ് തിരുത്തല്‍ തീരുമാനങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തെത്തുന്നത്. അടുത്ത 90 ദിവസങ്ങള്‍ കൊണ്ട് കൂടുതല്‍ സുരക്ഷിതമായ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പാക്കിയാല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിസകള്‍ അനുവദിച്ചു നല്‍കുമെന്നാണ് പ്രസിഡന്റിന്റെ വിശദീകരണം. എന്നാല്‍ ഉത്തരവിറങ്ങി നാല്‍പ്പത്തിയെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്. ട്രംപും അദ്ദേഹത്തിന്റെ കടുത്ത അനുകൂലികളും നിരോധനത്തെ ന്യായീകരിക്കുമ്പോള്‍, ഉത്തരവിലെ ഏറ്റവും വിവാദപരമായ വശത്തെ കുറിച്ച് ചില ഉദ്യോഗസ്ഥര്‍ക്ക് തന്നെ വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ല. യുഎസില്‍ നിയമപരമായി താമസിക്കാന്‍ അധികാരമുള്ള ഗ്രീന്‍ കാര്‍ഡ് രേഖകള്‍ കൈവശമുള്ളവരെ സംബന്ധിച്ചാണ് ഈ ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പുതിയ ഉത്തരവ് ബാധകമാവില്ലെന്നാണ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് റെയ്ന്‍സ് പ്രിബസ് പറയുന്നത്. എന്നാല്‍ നേരത്തെ പുറത്തുവന്ന ഔദ്ധ്യോഗിക വിശദീകരണത്തിന് കടകവിരുദ്ധമാണിത്. ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്ക് രാജ്യത്തേക്ക് കടക്കുന്നതിന് വിഷമമുണ്ടാവില്ലെങ്കിലും ഓരോരുത്തരും വ്യക്തിപരമായ പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരുമെന്നാണ് ആഭ്യന്തര സുരക്ഷ സെക്രട്ടറി ജോണ്‍ എഫ് കെല്ലി നേരത്തെ വിശദീകരിച്ചത്. കോടതി ഉത്തരവുകള്‍ അനുസരിക്കപ്പെടുമെന്നാണ് കെല്ലിയുടെ ഓഫീസ് വിശദീകരിക്കുന്നതെങ്കിലും, നിരോധിക്കപ്പെട്ട യാത്രകള്‍ നിരോധിക്കപ്പെട്ടതായി തുടരുമെന്നും പൊതുജന സംരക്ഷണത്തിന്റെയും ദേശീയ സുരക്ഷയുടെയും ഭാഗമായി ഏത് വിസകളും പുനഃപരിശോധിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ആഭ്യന്തര സുരക്ഷ വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നു.
ഇറാഖ്, ഇറാന്‍, സുഡാന്‍, സോമാലിയ, സിറിയ, ലിബിയ, യമന്‍ എന്നീ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള വിസകള്‍ക്കാണ് മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള ഒരു ഉത്തരവിലൂടെ ട്രംപ് നിരോധനം ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ ജനിക്കുകയും അമേരിക്കന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരുമായ ഇരട്ട പൗരന്മാരെയാണ് ഉത്തരവ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. ഇത് സംബന്ധിച്ച് ഉയര്‍ന്നു വരാവുന്ന നിയമപ്രശ്‌നങ്ങള്‍ക്ക് വിശദീകരണം നല്‍കാനും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഏതായാലും ശക്തമായ പ്രതിഷേധങ്ങള്‍ക്കാണ് അമേരിക്ക മുഴുവന്‍ സാക്ഷ്യം വഹിക്കുന്നത്. ‘വിദ്വേഷവും ഭീതിയുമില്ല, അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം,’ എന്ന മുദ്രാവാക്യം എല്ലാ വിമാനത്താവളങ്ങളിലും ഉയര്‍ന്നു കേള്‍ക്കുകയാണ്.