UPDATES

വിപണി/സാമ്പത്തികം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുള്ള എല്‍ഒയുകള്‍ വഴി ഹോങ്കോങ് കമ്പനികള്‍ക്ക് 8270 കോടി; ഡയറക്ടര്‍മാര്‍ നിരവ് മോദിയുടെ ജീവനക്കാര്‍

ഡയറക്ടര്‍മാര്‍ പ്രതിമാസം 8000 മുതല്‍ 30,000 രൂപ വരെ ശമ്പളമുള്ള ജീവനക്കാരാണ് എന്നതാണ് ശ്രദ്ധേയം. നിരവ് മോദി വിദേശത്ത് 15 ഡമ്മി കമ്പനികളുണ്ടാക്കിയതായും കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

                       

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നുള്ള എല്‍ഒയുകള്‍ (ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംഗ്) വഴി വായ്പാ തട്ടിപ്പുകാരനായ വിവാദ വ്യവസായി നിരവ് മോദിയില്‍ നിന്ന് ഹോങ്കോങിലെ അഞ്ച് കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്നത് 8270 കോടി രൂപ. കമ്പനികളുടെ ഉടമകളും ഡയറക്ടര്‍മാരും ആയിരുന്നവര്‍ക്കാണ് ഈ തുക എല്‍ഒയു വഴി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഡയറക്ടര്‍മാര്‍ പ്രതിമാസം 8000 മുതല്‍ 30,000 രൂപ വരെ ശമ്പളമുള്ള ജീവനക്കാരാണ് എന്നതാണ് ശ്രദ്ധേയം. നിരവ് മോദി വിദേശത്ത് 15 ഡമ്മി കമ്പനികളുണ്ടാക്കിയതായും കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു.

കയറ്റുമതി – ഇറക്കുമതി ഇടപാടുകള്‍ക്കെന്ന വ്യാജേനയാണ് ഈ എല്‍ഒയു ഫണ്ട് ദുര്‍വിനിയോഗം ചെയ്തത്. ബ്രില്യന്റ് ഡയമണ്ട്‌സ് ലിമിറ്റഡ്, എറ്റേണല്‍ ഡയമണ്ട് കോര്‍പ്പ് ലിമിറ്റഡ്, ഫാന്‍സി ക്രിയേഷന്‍ കമ്പനി ലിമിറ്റഡ്, സിനോ ട്രേഡേഴ്‌സ് ലിമിറ്റഡ്. ഓറജെം കമ്പനി ലിമിറ്റഡ് എന്നീ ഹോങ്കോങ് കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്കാണ് പണം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവര്‍ നിരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ ഗ്രൂപ്പ് കമ്പനിയിലെ ജൂനിയര്‍ ജീവനക്കാരോ മുന്‍ ജീവനക്കാരോ ആണ് എന്നതാണ് വസ്തുത.

ഇതില്‍ ചിലരെ പറ്റി എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരിക്കുന്നുണ്ട്:

ഭവിക് ഷാ – ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണലിലെ മുന്‍ ഡയമണ്ട് അസോര്‍ട്ടര്‍. നിലവില്‍ ബ്രില്യന്റ് ഡയമണ്ട്‌സ് ലിമിറ്റഡിന്റെ ഡയറക്ടര്‍. ഭവിക് ഷായുടെ മാസ ശമ്പളം 10,478. 2015-16ല്‍ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണലുമായി 959 കോടി രൂപയുടെ ഇടപാടാണ് ബ്രില്യന്റ് ഡയമണ്ട്‌സിനുണ്ടായിരുന്നത്.

ആശിഷ് ബഗാരിയ – ഫയര്‍സ്റ്റാര്‍ ഇന്ത്യയിലെ മുന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍. എറ്റേണല്‍ ഡയമണ്ട് കോര്‍പ്പില്‍ ഡയറക്ടര്‍. മാസ ശമ്പളം 8133 രൂപ. 2015-16ല്‍ ഫയര്‍സ്റ്റാറുമായി എറ്റേണലിന്റെ ഇടപാട് 929 കോടി രൂപയുടേത്.

നീലേഷ് ഖേത്താനി – നിരവ് മോദിയുടെ കമ്പനിയായ ജ്വല്ലറി സൊലൂഷന്‍സിലെ മുന്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍. ഫാന്‍സി ക്രിയേഷന്‍ ഉടമ. മാസ ശമ്പളം 15,657 രൂപ. ഫയര്‍സ്റ്റാറുമായുള്ള ഫാന്‍സി ക്രിയേഷന്‍സിന്റെ ഇടപാട് 596 കോടി രൂപയുടേത്.

കാര്‍ത്തിക് ദോഷി – സിനോ ട്രേഡേഴ്‌സ് ഡയറക്ടര്‍. മാസ ശമ്പളം 29,899 രൂപ. 2015-16ല്‍ ഫയര്‍സ്റ്റാറുമായുള്ള ഇടപാട് 573 കോടി രൂപയുടേത്. ഫയര്‍സ്റ്റാറിലെ മുന്‍ ജീവനക്കാരന്‍. സിനോ ട്രേഡേഴ്‌സിന്റെ ഇടപാടിനെ പറ്റി ഒന്നുമറിയില്ലെന്നും ബാങ്ക് അക്കൗണ്ടുകളൊന്നും താന്‍ കൈകാര്യം ചെയ്തിട്ടില്ലെന്നുമാണ് കാര്‍ത്തിക് ദോഷി എന്‍ഫോഴ്‌സ്‌മെന്റിനോട് പറഞ്ഞത്. അതേസമയം ഫയര്‍സ്റ്റാര്‍ തന്നെ രണ്ട് തവണ ഹോങ്കോംഗിലേയ്ക്ക് അയച്ചതായും സിനോ ട്രേഡേഴ്‌സുമായി ബന്ധപ്പെട്ട രേഖകള്‍ ഒപ്പ് വയ്ക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും ദോഷി പറഞ്ഞിരുന്നു. 2014ല്‍ ദോഷി രാജി വച്ചത് പേടിച്ചിട്ടാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

സിനോ ട്രേഡേഴ്‌സിന് പിഎന്‍ബിയുടെ എല്‍ഒയു വഴി 2324 കോടി രൂപ കിട്ടിയതായാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓറജെമ്മിന് 3795 കോടി, ഫാന്‍സി ക്രിയേഷന് 1616 കോടി, ബ്രില്യന്റ് ഡയമണ്ട്‌സിന് 425 കോടി, എറ്റേണല്‍ ഡയമണ്ടിന് 108 കോടി എന്നിങ്ങനെയാണ് കിട്ടിയിരിക്കുന്നത്. ഡമ്മി കമ്പനികളുമായി ഇടപാട് നടത്തിയിരുന്ന പല അക്കൗണ്ടുകളും നീക്കം ചെയ്തു.

അഞ്ച് ഹോങ്കോങ് കമ്പനികള്‍ ചേര്‍ന്ന് 840 കോടിയുടെ എല്‍ഒയു ഫണ്ടാണ് നിരവ് മോദിയുടെ യുഎസിലെ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. ബെല്‍ജിയം കമ്പനികള്‍ക്ക് 271 കോടി രൂപ, ഹോങ്കോങിലെ നിരവ് മോദി പ്രൈവറ്റ് ലിമിറ്റഡിന് 238 കോടി, ദുബായിലെ കമ്പനികള്‍ക്ക് 535 കോടി, ഇന്ത്യന്‍ കമ്പനികള്‍ക്ക് 163 കോടി – എന്നിങ്ങനെയാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നത്. യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫയര്‍സ്റ്റാര്‍ ഡയമണ്ട്, എ ജാഫി എന്നീ കമ്പനികള്‍ക്കെതിരെ പാപ്പരായി പ്രഖ്യാപിക്കുന്നതിന് അപേക്ഷ നല്‍കിയവയാണ്. എട്ട് ബയേഴ്‌സും എട്ട് സപ്ലയേഴ്‌സും നിരവ് മോദി ഗ്രൂപ്പിന്റെ മുന്‍ ജീവനക്കാരാണ്. ഇപ്പോളും നിരവ് മോദിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. 2011നും 2018നുമിടെ ഇത്തരത്തില്‍ ഏതാണ്ട് 24,000 കോടി ഇന്ത്യന്‍ രൂപയുടെ തട്ടിപ്പ് ഇടപാടാണ് നടന്നിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍