UPDATES

വിപണി/സാമ്പത്തികം

എടിഎമ്മുകളില്‍ എന്തുകൊണ്ട് പണമില്ല? അറിയണമെങ്കില്‍ നോട്ട് നിരോധനം ഇന്ത്യയോട് ചെയ്തത് എന്താണെന്നറിയണം

ഈ നിശബ്ദതയെ പാവങ്ങളുടെ ഗതികെട്ട നിശബ്ദതയായി മോദി കരുതുന്നെങ്കില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ ദുരിതം വിതയ്ക്കുന്ന തീരുമാനങ്ങളുമായി അയാള്‍ ഇനിയുമെത്തും എന്ന് ഉറപ്പായും പ്രതീക്ഷിക്കാം.

                       

രാജ്യത്ത്, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കറന്‍സി നോട്ടുകള്‍ക്ക് പൊടുന്നനെ ക്ഷാമം അനുഭവപ്പെടുന്നു. അഴിമതി വിരുദ്ധ ഏജന്‍സികളില്‍, പ്രത്യേകിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ രേഖപ്പെടുത്തുന്ന പരാതികളുടെ എണ്ണത്തില്‍ നാടകീയമായ രീതിയില്‍ കുറവ് രേഖപ്പെടുത്തുന്നു. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ന്യായാധിപന്‍മാരും തമ്മില്‍ അസാധാരണമായ സംഘര്‍ഷവും പ്രതിസന്ധിയും നിലനില്‍ക്കുന്നു. രാജ്യത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന നിയമവിദഗ്ധരില്‍ ഒരാളായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി നരിമാന്‍ പറയുന്നത് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ ഇതുപോലൊരു അവസ്ഥ സുപ്രീം കോടതിയില്‍ താന്‍ കണ്ടിട്ടില്ല എന്നതാണ്.

എന്താണ് സംഭവിക്കുന്നത്?

ഇതിലൊരോ സംഭവത്തിനും അതിന്റേതായ കാരണങ്ങളും വിശദീകരണങ്ങളുമുണ്ടാകും. പക്ഷേ പൊതുവായി സംഭവിക്കുന്നത് ഈ സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം ഇടിയുന്നു എന്നാണ്. നരേന്ദ്ര മോദി സര്‍ക്കാരിന് ഇതിന്റെ പഴി ന്യായമായും കേള്‍ക്കേണ്ടി വരും. കാരണം പല നിരുത്തരവാദപരമായ നടപടികളിലൂടെയും അല്ലെങ്കില്‍ പരാജയങ്ങളിലൂടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കോടതികളിലുമുള്ള പൊതുജന വിശ്വാസത്തെ അത് ഇല്ലാതാക്കി. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതിയില്‍ നിയമിക്കുന്നതിനുള്ള കൊളീജിയം ശുപാര്‍ശ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതടക്കമുള്ള മോദി സര്‍ക്കാരിന്‍റെ പല നടപടികളും പ്രത്യക്ഷത്തില്‍ തന്നെ ദുരുദ്ദേശമുള്ളതാണ്. ഇപ്പോള്‍ നേരിടുന്ന നോട്ട് ക്ഷാമത്തെ, സ്ഥാപനങ്ങളില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതുമായി കൂട്ടിവായിക്കാം. നോട്ട് നിരോധനമടക്കമുള്ള മണ്ടന്‍ സാമ്പത്തിക നടപടികളും ഇതിനൊപ്പം ചേര്‍ത്തുവെക്കണം.

നോട്ട് നിരോധനത്തെക്കുറിച്ച് തനിക്കുള്ള അഭിപ്രായവ്യത്യാസം മുന്‍ RBI ഗവര്‍ണര്‍ രഘുറാം രാജന്‍ വീണ്ടും പറഞ്ഞിട്ടുണ്ട്. ഹാര്‍വാര്‍ഡ് കേണ്‍ദൈ സ്‌കൂളില്‍ സംസാരിക്കവേ രഘുറാം രാജന്‍ പറഞ്ഞു – ‘നോട്ടുനിരോധനം വേണ്ട രീതിയില്‍ ആസൂത്രണം ചെയ്ത ഒരു പരിപാടിയായിരുന്നില്ല. ഈ ആശ്യം ആദ്യം വന്നപ്പോള്‍ തന്നെ ഞാനത് സര്‍ക്കാരിനോട് പറഞ്ഞിരുന്നു.” അദ്ദേഹം നയതന്ത്ര ഭാഷയില്‍ പറഞ്ഞതാണ്. വാസ്തവം എന്താണെന്നുവെച്ചാല്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ തള്ളിക്കളഞ്ഞ ഈ മണ്ടന്‍ ആശയത്തെ അംഗീകരിക്കുന്നത്, മഹാഭാരതത്തിന്‍റെ കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു എന്നു കരുതുന്ന, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി നടന്നുവെന്ന് വിശ്വസിക്കുന്ന, തങ്ങള്‍ ഏതോ അജ്ഞാത ശക്തികളുടെയും ന്യൂനപക്ഷങ്ങളുടെയും ഭീഷണിയിലാണെന്ന് കരുതുന്ന ഒരു സംഘം ആളുകള്‍ മാത്രമാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ പണം ഇപ്പോള്‍ വിപണിയിലുണ്ട് എന്നതാണ് വസ്തുത- ഏപ്രില്‍ ആദ്യം 18.17 ലക്ഷം കോടി രൂപ. 2016 നവംബര്‍ 8-നു ഇത് 17.9 ലക്ഷം കോടി രൂപയായിരുന്നു. അപ്പോള്‍ എങ്ങനെയാണ് Any Time Money എന്ന വാഗ്ദാനമുള്ള യന്ത്രങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് പണം കിട്ടാത്തത്?

നോട്ട് നിരോധനം നല്ല ആശയമല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് രഘുറാം രാജന്‍

ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ നമുക്ക് നോട്ടുനിരോധന കാലത്തേക്ക് മടങ്ങിപ്പോയി നോക്കാം. നോട്ട് നിരോധനം പണത്തെ പേടിപ്പെടുത്തുന്ന വസ്തുവാക്കുകയും ബാങ്കില്‍ നോട്ടുകള്‍ പൂഴ്ത്തി വയ്ക്കുന്നവരെ ലക്ഷ്യമിടുന്നു എന്ന് അവകാശപ്പെടുന്നതുമായിരുന്നു. എന്നാല്‍ വാസ്തവത്തില്‍ വളരെ ചെറിയ ശതമാനം കള്ളപ്പണം മാത്രമേ കടലാസ് പണത്തിന്റെ (കറന്‍സി നോട്ട്) രൂപത്തില്‍ സൂക്ഷിക്കുന്നുള്ളൂ.

എങ്കിലും ആളുകള്‍ക്ക് മണിക്കൂറുകളോളം വരിയില്‍ നില്‍ക്കേണ്ടി വന്നു. ചിലര്‍ വരിയില്‍ നിന്ന് മരിച്ചുവീണു. സ്വന്തം അധ്വാനത്തിന്‍റെ സമ്പാദ്യം കൈകാര്യം ചെയ്യാന്‍ ഈ ദുരിതങ്ങളിലൂടെ കടന്നുപോയതോടെ ജനങ്ങള്‍ക്ക് ബാങ്കുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ബാങ്കില്‍ ഉള്ളതിനെക്കാള്‍ വീട്ടിലാണ് നിങ്ങളുടെ പണം സുരക്ഷിതമെന്ന് ജനങ്ങളോട് പറഞ്ഞ പോലെയായിരുന്നു അത്. Financial Resolution and Deposit Insurance Billനെക്കുറിച്ചുള്ള ആശങ്കകള്‍ ബാങ്കുകളെക്കുറിച്ചുള്ള സംശയത്തിന് ആഴം കൂട്ടി. വലിയ വായ്പകളുടെ NPA (Non Performing Assets) അഥവാ നിഷ്‌ക്രിയ ആസ്തി പെരുകുന്നത് കുഴപ്പം പിന്നേയും വലുതാക്കി.

എന്നാല്‍ ഈ പ്രശ്‌നത്തിന്‍റെ വേര് കിടക്കുന്നത് ഇടപാടുകാരും ബാങ്കുകളും തമ്മിലുള്ള വിശ്വാസം തകര്‍ന്നതും ആശയക്കുഴപ്പത്തിലായ ഒരു സര്‍ക്കാരിലുമാണ്. ഇന്ത്യയെ കടലാസ് നോട്ട് മുക്തമാക്കാന്‍ വലിയ വായില്‍ പ്രഖ്യാപനം നടത്തിയ സര്‍ക്കാരിപ്പോള്‍ കൂടുതല്‍ നോട്ടടിക്കുകയാണ്. സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ജനം അതൊക്കെ കിട്ടാവുന്നത്ര കൂട്ടിവെക്കുകയും.

മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്

ഗോമൂത്രം മരുന്നാണെന്ന വര്‍ത്തമാനം പോലെ, കള്ളപ്പണത്തിന് നോട്ടുനിരോധനം പരിഹാരമാണെന്ന് സര്‍ക്കാര്‍ ധരിച്ചു.

പ്രസക്തമായ ഓരോ സന്ദര്‍ഭത്തിലും നാമിത് ആവര്‍ത്തിക്കേണ്ടതുണ്ട്. കാരണം ഈ പ്രക്രിയയുടെ വക്താക്കള്‍ വാദിച്ചത്, ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഭാവിയില്‍ നേട്ടമുണ്ടാകും എന്നാണ്. സംശയത്തിന്റെ ആനുകൂല്യം നല്‍കി നോക്കിയാലും നേട്ടങ്ങള്‍ വളരെകുറവാണ്. ദുരിതം കുറച്ചുകാലത്തേക്ക് മാത്രമല്ല, പല മാസങ്ങളിലായി തുടര്‍ന്നു എന്നാണ് കാണാവുന്നത്.

നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതം എന്ത്? കണക്കുണ്ട്: 9.4 ലക്ഷം കോടി രൂപ

കാശിന്‍റെ ക്ഷാമം മൂലം രോഗികള്‍ മരിച്ചു, മാതാപിതാക്കള്‍ മക്കളുടെ കല്യാണത്തിന് പണം എടുക്കാനാകാതെ വിഷമിച്ചു, വിനോദസഞ്ചാരികള്‍ വഴിയരികില്‍ പണം മാറാനാകാതെ വളഞ്ഞു, രാജ്യത്തെ അസംഘടിത മേഖലയില്‍ പതിനായിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിറകോട്ടടിച്ചു. ഈ നാല് വര്‍ഷക്കാലം മോദി സര്‍ക്കാരിനെതിരായ ഏറ്റവും രൂക്ഷമായ വിമര്‍ശനം വന്നത്, മതാടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന അതിന്റെ അജണ്ടയെ എതിര്‍ക്കുന്നവരില്‍ നിന്നുമാണ്. എന്നാലിപ്പോള്‍ കൂടുതല്‍ ശക്തമായ ശബ്ദങ്ങളും ഉയരുന്നു. യഥാര്‍ത്ഥത്തില്‍ അതത്ര ഉറക്കെയുള്ള ശബ്ദമല്ല, പക്ഷേ മുഴക്കമുള്ള നിശബ്ദതയാണ്.

ബാങ്കിംഗ് സംവിധാനത്തില്‍ തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട, വിഭാഗീയ അജണ്ടകള്‍ക്ക് നേരെ സംശയം ഉയര്‍ത്തിത്തുടങ്ങിയ, നീതിപീഠത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് അമ്പരക്കുന്ന സാധാരണക്കാരുടെ നിശബ്ദതയാണത്.

ഈ നിശബ്ദതയെ പാവങ്ങളുടെ ഗതികെട്ട നിശബ്ദതയായി മോദി കരുതുന്നെങ്കില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ ദുരിതം വിതയ്ക്കുന്ന തീരുമാനങ്ങളുമായി അയാള്‍ ഇനിയുമെത്തും എന്ന് ഉറപ്പായും പ്രതീക്ഷിക്കാം.

ഇതുതന്നെയാണ് മോദിജി പറഞ്ഞ പണരഹിത സമ്പദ് വ്യവസ്ഥ

7.63 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു; കണക്ക് തെറ്റുന്ന അച്ഛേ ദിന്‍

Share on

മറ്റുവാര്‍ത്തകള്‍