നിങ്ങളാരുമാകാം, 40 വര്‍ഷം മുമ്പ് എന്തു നടന്നു എന്നതിനെക്കുറിച്ച് ഓര്‍മയുള്ള ഒരാള്‍, അടിയന്തരാവസ്ഥ എന്നാല്‍ എന്താണ് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ഒരു യുവാവോ യുവതിയോ ആകാം, അല്ലെങ്കില്‍ ജനാധിപത്യം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നതിനെക്കുറിച്ച് ബോധ്യമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാകാം. അതെന്തുമാകട്ടെ, എന്നാല്‍ ഈ ആഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച്, അതെത്ര നിര്‍ണായകമാണ് എന്നതിനെക്കുറിച്ച് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്.
എന്തിന്റെയെങ്കിലും വാര്‍ഷികം ഈയാഴ്ച നമ്മള്‍ ഓര്‍ക്കേണ്ടതുണ്ടെങ്കില്‍ അത് 40 വര്‍ഷം മുമ്പ് നടന്ന ആഭ്യന്തര അടിയന്തരാവസ്ഥ പിന്‍വലിച്ചതിനെക്കുറിച്ചാണ്. ജനാധിപത്യം എന്താണ് എന്ന് ശരിയായ അര്‍ത്ഥത്തില്‍ ഇന്ത്യക്കാരെ ‘മനസിലാക്കിപ്പി’ച്ചും എന്താകാം സ്വേച്ഛാധിപത്യം എന്നതിനെ അനുഭവിപ്പിച്ചുമുള്ള ഇന്ദിരാ ഗാന്ധിയുടെ രണ്ടു വര്‍ഷം നീണ്ട നിഷ്ഠൂരമായ ആഭ്യന്തര അടിയന്തരാവസ്ഥ അവസാനിച്ചത് 1977 മാര്‍ച്ച് 21-നാണ്.
നാല് ദശാബ്ദം മുമ്പ് ഗാന്ധി-നെഹ്‌റു കുടുംബം നയിച്ച ജനാധിപത്യ അടിച്ചമര്‍ത്തലിനു ശേഷം ഇന്ത്യ മറ്റൊരു ഭൂരിപക്ഷ ഭരണത്തിന്റെ പടിവാതില്‍ക്കലാണ്. അവിടെ ഭരണഘടന സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരു പുസ്തകം മാത്രമാണ്, നടപ്പാക്കാനുള്ളതല്ല.
ഗുജറാത്ത് മുതല്‍ ഉത്തര്‍ പ്രദേശ് വരെ, ദാദ്രിയിലെ ഒരുള്‍നാടന്‍ ഗ്രാമം മുതല്‍ ദളിതരുടെ വീടുകള്‍ വരെ, ജയിലുകളില്‍ അടയ്ക്കപ്പെട്ട നിരപരാധികളായ നിരവധി മുസ്ലീങ്ങള്‍ മുതല്‍ ലക്‌നൗവിലെ നിരത്തുകളില്‍ പീഡിപ്പിക്കപ്പെട്ട ഹിന്ദു യുവതീ യുവാക്കള്‍ വരെ, അവര്‍ക്കിതൊരു പുതിയ ഇന്ത്യയാണ്. ഇവിടെയൊക്കെ, ജനാധിപത്യത്തിന്റെ പേരില്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ അടിയന്തരാവസ്ഥ എന്നു പേരിട്ടു വിളിക്കേണ്ടതില്ല എന്നു മാത്രമേയുള്ളൂ.
വിഖ്യാത നിയമജ്ഞനും അടിയന്തരാവസ്ഥക്കാലത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളിലൊന്നുമായ ഫാലി. എസ് നരിമാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെയാണ്: “ഇക്കഴിഞ്ഞ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പോടു കൂടി നൂറ്റാണ്ട് പഴക്കമുള്ള കോണ്‍ഗ്രസിനു പകരം ഇന്ത്യയിലെ ദേശീയ പാര്‍ട്ടി എന്ന പദവിയിലേക്ക് ബി.ജെ.പി വന്നു കഴിഞ്ഞിരിക്കുന്നു. ഒപ്പം, ആ സമയവും വന്നിരിക്കുന്നു, നമ്മള്‍ ഒരു ഹിന്ദു രാഷ്ട്രത്തിന്റെ പടിവാതില്‍ക്കലാണെന്ന് എനിക്ക് കാണാന്‍ പറ്റുന്നുണ്ട് (അത് ഭരണഘടനാ വിരുദ്ധമാകുമെങ്കില്‍ കൂടി). ജസ്റ്റിസ് ജെ.എസ് വര്‍മ, മനോഹര്‍ ജോഷി Vs എന്‍.ബി പാട്ടീല്‍ കേസില്‍ (199) പറഞ്ഞ ‘ഒരു മതമല്ല, മറിച്ച് ജീവിതരീതിയാണ്’ എന്ന മൃദുഹിന്ദുത്വയല്ല, മറിച്ച് ഹിന്ദു രാഷ്ട്രം, ഹിന്ദു വംശം, ഹിന്ദു സംസ്‌കാരം എന്ന വി.ഡി സവര്‍ക്കറിന്റെ തീവ്ര ഹിന്ദുത്വയിലേക്കാണ് നമ്മള്‍ പോകുന്നത്.” (Lest we crawl: At this time of (justified) political triumph of India’s majority party, let’s recall a few Emergency stories)
അടിയന്തരാവസ്ഥ
1975 മുതല്‍ 1977 വരെയുള്ള 21 മാസങ്ങളില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഏകപക്ഷീയമായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ‘ആഭ്യന്തരമായ അസ്വസ്ഥതകള്‍’ ചൂണ്ടിക്കാട്ടി ഭരണഘടനയിലെ 352 (1) വകുപ്പനുസരിച്ച് 1975 ജൂണ്‍ 25-ന് ആരംഭിച്ച് 1977 മാര്‍ച്ച് 21 പിന്‍വലിച്ച അടിയന്തരാവസ്ഥയില്‍ ഔദ്യോഗികമായി ഒപ്പുവച്ചത് അന്നു രാഷ്ട്രപതിയായിരുന്ന ഫക്രുദീന്‍ അലി അഹമ്മദാണ്.
കാലഘട്ടം ആവര്‍ത്തിക്കുന്നോ?
അടിയന്തരാവസ്ഥാ പ്രഖ്യാപനം പ്രധാനമന്ത്രിക്ക് തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാജ്യം ഭരിക്കാനുള്ള അധികാരാവകാശങ്ങള്‍ നല്‍കി. തെരഞ്ഞെടുപ്പുകള്‍ റദ്ദക്കുകയും പൗരാവകാശങ്ങള്‍ നിരോധിക്കുകയും ചെയ്ത ആ ഭരണത്തില്‍ ഇന്ദിരാ ഗാന്ധിയുടെ ഒട്ടുമിക്ക രാഷ്ട്രീയ എതിരാളികളും ജയിലില്‍ അടയ്ക്കപ്പെടുകയും മാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുകയും ചെയ്തു. ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണ പരിപാടി ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങളും അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
പല നിരീക്ഷകരും കരുതുന്നത് 1975-77 കാലഘട്ടത്തില്‍ നടന്നതിന് സമാനമായ ഒരന്തരീഷമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നതെന്നാണ്.
ഇനി എന്താണ് അടിയന്തരാവസ്ഥയെന്ന് ഒരിക്കല്‍ കൂടി പറയാം. സുരക്ഷാ സ്ഥാപനങ്ങള്‍ അനിയന്ത്രിതമായ അധികാരം കൈയാളുകയും രാഷ്ട്രീയ അധികാരം ഏതാനും വ്യക്തികളിലേക്ക് മാത്രമായി ചുരുങ്ങുകയും നിയമങ്ങളുടെ പേരില്‍ രാജ്യത്തിന്റെ വൈവിധ്യവും നാനാത്വവും അടിച്ചമര്‍ത്തപ്പെടുകയും ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഏര്‍പ്പെടുത്തുകയും ഒരു ഭിന്നസ്വരവും വച്ചുപൊറുപ്പിക്കാതിരിക്കുകയും ജുഡീഷ്യല്‍ വിധിന്യായങ്ങള്‍ക്ക് ആവശ്യമായ കരുത്തും വിശ്വാസ്യതയും ഇല്ലാതിരിക്കുകയും നിങ്ങളെന്ത് കഴിക്കണം, എവിടെ സഞ്ചരിക്കണം, എന്ത് ധരിക്കണം എന്ന് രാഷ്ട്രീയാധികാരം നിര്‍ദേശിക്കുകയും ചെയ്യുമ്പോള്‍, അത് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നത് പോകട്ടെ, അങ്ങനെയുള്ള അവസ്ഥയാണ് അടിയന്തരാവസ്ഥ.
ഇനി ആരൊക്കെയാണ് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ പോകുന്നത്: ആണത്ത ഹുങ്കിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച നിങ്ങള്‍ ആഘോഷിക്കുന്നില്ലെങ്കില്‍, മതഭ്രാന്തനും ക്രിമിനലുമെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അവരോധിച്ചതിനെ നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍, ഈ കാലഘട്ടം നിങ്ങള്‍ക്ക് ദുരിതമയമായിരിക്കും.