ഒരു ചടങ്ങിനെന്ന പോലെ റഫറിയുടെ അവസാന വിസിലിന് കാതുകൊടുത്ത്, വിജയഭേരിയുടെ വലിയമുഴക്കങ്ങള്‍ക്ക് നാസികള്‍ ചുക്കാന്‍ പിടിക്കവേ, ‘എനിക്കു കളിക്കണം’ എന്നു പറയാന്‍ വേണ്ടിമാത്രം കാല്പന്തുകളിയുടെ കണ്‍കണ്ട ദൈവം വായ് തുറന്നനിമിഷം
മരണം ആ ജീവിതത്തിന് ഫൈനല്‍ വിസില്‍ ഊതിയെങ്കിലും ലോകത്ത് ഫുട്‌ബോള്‍ ആരവങ്ങള്‍ അവസാനിക്കാത്തിടത്തോളം ആ മാന്ത്രികന്‍ പുനര്‍ജനിച്ചുകൊണ്ടേയിരിക്കും. ഫുട്‌ബോള്‍ മൈതാനങ്ങള്‍ മാത്രമാകില്ല പെലെയുടെ ഓര്‍മകള്‍ സമ്മാനിക്കുക. വെള്ളിത്തിരകളും ടെലിവിഷന്‍ സ്‌ക്രീനുകളും ആ ബ്രസീലുകാരന്‍ കളിത്തട്ടുകളാക്കിയിരുന്നു. പെലെയുടെ കളികളെന്നപോലെ തന്നെ ലോകം മറക്കാത്ത പെലെയുടെ ഒരു സിനിമയുമുണ്ട്; എസ്‌കേപ് റ്റു വിക്ടറി’. ആ മഹാനായ കളിക്കാരന്‍ ഭൂമിയിലെ കളം വിട്ടിറങ്ങിയിരിക്കുന്ന ഈ സമയത്ത്, എസ്‌കേപ്പ് റ്റു വിക്ടറി’ യെ കുറിച്ച് അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച മഹേഷ് കുമാര്‍ ജെ യുടെ കുറിപ്പ് ഇവിടെ പുനഃപ്രസിദ്ധീകരിക്കുകയാണ്…
ഫുട്ബോള്‍ ഇതിഹാസം പെലെ മൈതാനത്തിലെന്ന പോലെ സെല്ലുലോയ്ഡിന് സമ്മാനിച്ച വികാരോജ്ജ്വല നിമിഷങ്ങളുടെ അപൂര്‍വതകൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ‘എസ്‌കേപ് റ്റു വിക്ടറി’. രണ്ടാം ലോകമഹായുദ്ധത്തിനിടെ ജര്‍മനിയുടെ പിടിയിലായ യുദ്ധത്തടവുകാരെ ഫുട്ബാള്‍ കളിപ്പിക്കുകയായിരുന്നു സംവിധായകന്‍ ജോണ്‍ ഹഡ്സന്‍ ഈ ചിത്രത്തില്‍.
യുദ്ധം കാരണം ഫുട്ബാള്‍ മാമാങ്കം മുടങ്ങിയതിനാല്‍ ജര്‍മന്‍ പാളയത്തില്‍ ഉരുണ്ടുകൂടിയ അസ്വസ്ഥതകളില്‍നിന്നുമാണ് ചിത്രം തുടങ്ങുന്നത്. ഒരു വശത്ത് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍, സ്വന്തം സേനയുടെ ആത്മവിശ്വാസം വളര്‍ത്താന്‍ ഫുട്ബോളിനാകുമെന്ന നാസി കമാന്‍ഡറുടെ നിരീക്ഷണത്തില്‍നിന്നും ഒരു പ്രദര്‍ശന മത്സരത്തിന് ക്യാമ്പ് ഒന്നടങ്കം തയ്യാറെടുക്കുന്നു. കളിയില്‍പോലും, ഒരു സമനില വഴങ്ങാന്‍ തക്ക മന:സ്ഥിതി പാടേ നഷ്ടമായിരുന്ന നാസികള്‍ മരണവും കാത്തു കിടക്കുന്ന തങ്ങളുടെ തന്നെ തടവുകാരെ മത്സരത്തിലെ എതിരാളികളായി നിശ്ചയിച്ചു.
കളിക്കിടയില്‍ നാസികളുടെ ബാര്‍ബേറിയന്‍ ടാക്ലിങ്ങില്‍ ഒരു നിമിഷം പകച്ചു പോയതിന് ഫലമായി കിട്ടിയ നെഞ്ചിലെ ക്ഷതം, ഒടിഞ്ഞു തൂങ്ങിയ ഇടതു കൈകൊണ്ട് അമര്‍ത്തി കളത്തിനു പുറത്ത് സ്വയം നഷ്ടപ്പെടുകയായിരുന്നു സാക്ഷാല്‍ പെലെ. അപ്പോഴും പരുക്കന്‍ രീതികളിലൂടെ എതിര്‍കളിക്കാരെ മാരകമായി മുറിവേല്‍പ്പിച്ചും അവര്‍ക്കു വേണ്ടിയല്ലാതെ ശബ്ദിച്ച കാണികളെ തോക്കു ചൂണ്ടി നിശബ്ദരാക്കിയും റഫറിയെ മുഷ്ടികാണിച്ചു ഭീഷണിപ്പെടുത്തിയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെന്നപോലെ മൈതാനത്തില്‍ വിഹരിക്കുകയായിരുന്നു ഹിറ്റ്ലറുടെ പതിനൊന്നംഗ കാട്ടാളസംഘം.
ഒരു ചടങ്ങിനെന്ന പോലെ റഫറിയുടെ അവസാന വിസിലിന് കാതുകൊടുത്ത്, വിജയഭേരിയുടെ വലിയമുഴക്കങ്ങള്‍ക്ക് നാസികള്‍ ചുക്കാന്‍ പിടിക്കവേ, ‘എനിക്കു കളിക്കണം’ എന്നു പറയാന്‍ വേണ്ടിമാത്രം കാല്പന്തുകളിയുടെ കണ്‍കണ്ട ദൈവം വായ് തുറന്നനിമിഷം.
ഇരയുടെ വൈകല്യത്തിനെ വീണ്ടും പരിഹസിച്ച് നിര്‍വൃതിയടയുന്ന നാസികളുടെ വാസനാബലത്തില്‍ ജര്‍മന്‍ ടീം ഒന്നടങ്കം പെലെയ്ക്ക് ചുറ്റും വട്ടമിട്ടുനിന്നു. വിറച്ചു നീങ്ങിയ വേദനയുടെ ഉടലിലേക്കവര്‍ കനത്തപ്രഹരം നല്‍കി ആനന്ദിച്ചു. ഒരു അതികായന് പോകാവുന്ന വഴികളൊക്കെയും അടച്ചിട്ട് ആ പാതി ശരീരത്തെ നോക്കി അവര്‍ പരിഹസിച്ചു. എന്നാല്‍ പെലെയുടെ വഴികള്‍ അപ്പോഴും തുറന്നുതന്നെ കിടന്നു. എല്ലാ കാലത്തിലേക്കും സ്വസ്ഥമായ ഇരിപ്പിടമായി മാറിയ ആ കാലുകളില്‍ നിന്നും വേര്‍പെടാന്‍ കാല്പന്തിനും ആകുമായിരുന്നില്ല!
ഇടംവലം തളച്ചിടപ്പെട്ട നിലയില്‍ തന്റെ സഹകളിക്കാരന് പന്ത് കൈകൈമാറി, മൈതാനത്തിലെ മുഴുവന്‍ ആരവങ്ങളെയും വലിച്ചെടുത്ത്, ഉള്ളിലേക്ക് വലിഞ്ഞു പോയ മഹാസമുദ്രം കണക്കെ ആ മനുഷ്യന്‍ ഒരു നിമിഷം മൗനം പൂണ്ടു നിന്നു. അടുത്ത നിമിഷം , ചരിത്രദൗത്യത്തിനു ഭാഗമാകാന്‍ പന്ത് പെലെയുടെ കാലുകളിലേക്ക് നിമിത്തം പോലെ താഴ്ന്നിറങ്ങിയ ആ നിമിഷം. അപാരമായ വേദനസഹിച്ച്, ഫുട്ബാള്‍ എന്ന കലയുടെ സകലസൗന്ദര്യവും നിറഞ്ഞ മഹത്തരമായ സൃഷ്ടി പെലെ ജനലക്ഷങ്ങള്‍ക്ക് മുന്നില്‍ സാക്ഷാത്കരിച്ചു. ആര്യമഹിമകൊണ്ട് ഊതിവീര്‍പ്പിച്ച നാസികളുടെ ഗോള്‍ വല കരിച്ചു കളയാന്‍ പാകത്തില്‍ പെലെ ‘സിസര്‍കട്ടി’ലൂടെ തൊടുത്തുവിട്ട ആ മിന്നല്‍പ്പിണറിന്റെ ദ്യുതിയേറ്റു സാക്ഷാല്‍ ജര്‍മന്‍ ചാന്‍സര്‍ പോലും എഴുന്നേറ്റു കൈകൂപ്പിനിന്നു.
ചുറ്റും തെളിച്ചംകെട്ട കണ്ണുകള്‍ ഇരുട്ടുകൊണ്ട് പേടിപ്പിക്കവേ, പ്രതീക്ഷയുടെ മിനുങ്ങുവെട്ടവുമായി സഹിച്ചുതന്നെ കഴിയുന്ന ജീവിതങ്ങളെ പുണരാന്‍ വെളിച്ചത്തിന്റെ നാഥന്‍ ഒരുനാള്‍ സ്വയം വരുമെന്ന ഉറപ്പിലാണ് ‘വിജയത്തിലേക്കുള്ള രക്ഷപ്പെടല്‍’ പര്യവസാനിക്കുന്നത്.
(മഹേഷ് കുമാര്‍ ജെ. തിരുവനന്തപുരം പാലോട് സ്വദേശി. ആകാശവാണി, ദൂരദര്‍ശന്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചതിനു ശേഷം ഇപ്പോള്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു)