UPDATES

ബ്ലോഗ്

അറിവില്ലായ്മകൊണ്ട് സംഘിയായ ഒരു നിഷ്കളങ്കനല്ല യോഗി ആദിത്യനാഥ്

അയാളോട് ചരിത്രം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല

                       

ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന് മുസ്ലീം ലീഗ് ഒരു വൈറസാണ്. ബാധിച്ചുകഴിഞ്ഞാൽ പിന്നെ രക്ഷയില്ലാത്ത തരം ഒരു വൈറസ്. അത് പണ്ട് ഇന്ത്യയെ ബാധിച്ചപ്പോൾ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടു. ഇപ്പോൾ അത് വീണ്ടും ബാധിച്ചിരിക്കുന്നു. ഇക്കുറി രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയെ!

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വയനാട്ടിൽ നടന്ന റോഡ്ഷോയിലെ ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ സാന്നിധ്യമാണ് യോഗി ഉദ്ദേശിക്കുന്ന പുതിയ വൈറസ് ബാധ. ഇത് കേട്ടപാതി ജിന്നയുടെ ഓൾ ഇന്ത്യാ മുസ്ളിം ലീഗല്ല ഇത്, ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗാണെന്നൊക്കെ പറഞ്ഞ് അയാളെ മുസ്ലീം ലീഗിന്റെ ചരിത്രം പഠിപ്പിക്കാനിറങ്ങുന്നു മാധ്യമങ്ങൾ. ഒരുപക്ഷേ ആദിത്യനാഥിന് ഇവർ ധ്വനിപ്പിക്കുമ്പോലെ ആ വ്യത്യാസവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ചരിത്രവും ഒന്നുമറിയില്ലായിരിക്കാം. എന്തായാലും ഇപ്പോൾ അത് മനസിലായിക്കാണുമല്ലോ. അപ്പോൾ ഇനി യോഗി ആദിത്യനാഥിന്റെ വായിൽ നിന്നും അത്തരം വിഷലിപ്തമായ വാക്കുകളൊന്നും ഉണ്ടാവുകയേ ഇല്ലായിരിക്കും, അല്ലേ…!

അറിവില്ലാത്തതുകൊണ്ട് വർഗ്ഗീയവാദികളായവരല്ല ബ്രോ സംഘികൾ. അവരത് ഒരു പ്രത്യയശാസ്ത്രമായി സ്വീകരിച്ചവരാണ്. ജിന്നയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഓൾ ഇന്ത്യ മുസ്ളിം ലീഗിന്റെ ‘കടുംപിടിത്തം’ കാരണം രാജ്യം വിഭജിക്കപ്പെട്ടതിനുശേഷം അതിർത്തിയിൽ നടന്ന രക്തരൂക്ഷിതമായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ മാത്രം രൂപം കൊണ്ട ഒരാശയമല്ല ഹിന്ദുത്വവാദം. മുസ്ളിമിന്റെ അപരവത്ക്കരണം എന്ന അജണ്ട അവർ മുന്നോട്ട് വയ്ക്കാൻ തുടങ്ങുന്നത് വിഭജനത്തിനുശേഷം മാത്രവുമല്ല.

ഹിന്ദുത്വവാദത്തിന്റെ ആത്മീയ, രാഷ്ട്രീയ ആചാര്യന്മാരിൽ ഒരാളായ വീർ സവർക്കറിന് ‘വീര’പട്ടം കിട്ടുന്നത് പന്ത്രണ്ടാം വയസ്സിൽ മുസ്ളിങ്ങളെ കല്ലെറിഞ്ഞോടിക്കാൻ കൂട്ടുകാരോട് ആഹ്വാനം ചെയ്ത, അവരെ ഓടിച്ച സംഭവത്തെ തുടർന്നാണ്. 1883-ൽ ജനിച്ച സവർക്കർക്ക് 12 വയസുള്ളപ്പോൾ എന്നുവച്ചാൽ 1895ൽ. അതായത് അതിനും മുമ്പേ ഹിന്ദു – മുസ്ളിം വൈരമെന്ന പ്രമേയം ഇന്ത്യയിലെ ഹിന്ദുക്കളുടെ ഇടയിൽ വിതയ്ക്കപ്പെട്ടിരുന്നു എന്ന്.

1919-ലാണ് ഒരു പാനിസ്ളാമിക മുന്നേറ്റം എന്നും വ്യഖ്യാനിക്കപ്പെടുന്ന (അതാണെന്നല്ല, അങ്ങനെയും വ്യാഖ്യാനിക്കപ്പെടുന്ന) ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാകുന്നത്. എന്നാൽ അതിനും രണ്ട് പതിറ്റാണ്ട് മുമ്പേ മുസ്ലീങ്ങളെ ഓടിക്കുന്ന ‘വീര ഹിന്ദു’ ഉണ്ടായിരുന്നു. പിന്നെയും എത്ര പതിറ്റാണ്ട് കഴിഞ്ഞാണ് വിഭജനവും അതിർത്തിയിലെ കലാപവുമൊക്കെ.

ദൗർഭാഗ്യകരമായ ആ കലാപവും അതിൽ കൊല്ലപ്പെട്ടതും, പരിക്കേറ്റതും എല്ലാം നഷ്ടപ്പെട്ടതുമായ ഹിന്ദുവും മുസല്‍മാനുമൊക്കെയായ മനുഷ്യർ അനുഭവിച്ച ദുരന്തവും നിലനിൽക്കെ തന്നെ അന്ന് ഇന്ത്യ വിഭജിക്കപ്പെട്ടത് ഒരുതരത്തിൽ നന്നായി എന്നും പറയേണ്ടിവരും. ഇല്ലായിരുന്നുവെങ്കിൽ നാനാത്വത്തിൽ ഏകത്വം തുടങ്ങിയ മുദ്രാവാക്യങ്ങൾ കൊണ്ടൊന്നും ഇന്ത്യയിൽ ഒരു ദേശീയതാ ബോധം ഉണ്ടാവുകയില്ലായിരുന്നു. അതിന് ഹിന്ദുത്വ വാദമെന്ന ആശയവും അതിന്റെ സംഘടനാ രൂപങ്ങളും അനുവദിക്കില്ലായിരുന്നു.

അങ്ങനെയിരിക്കെയാണ് ഈ രണ്ടായിരത്തി പത്തൊമ്പതിൽ ഹിന്ദുത്വവാദത്തിന്റെ ഇന്നത്തെ സവർക്കറിനെ മുസ്ളിം ലീഗിന്റെ മതേതര ചരിത്രം പഠിപ്പിക്കാൻ മാധ്യമങ്ങൾ ഇറങ്ങുന്നത്. അതുകൊണ്ട് ആവർത്തിക്കട്ടെ, അറിവില്ലായ്മകൊണ്ട് സംഘിയായ ഒരു നിഷ്കളങ്കനല്ല യോഗി ആദിത്യനാഥ്. അതുകൊണ്ട് അയാളോട് ചരിത്രം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല.

ഇവിടത്തെ ബിജെപിക്കാരോടും. ഹിന്ദുത്വം (ഹിന്ദുവല്ല, ഹിന്ദുത്വം) ഒരു വൈറസാണ്. അത് ബാധിച്ച് കഴിഞ്ഞാൽ പിന്നെ ഒരു മതേതര ശരീരത്തിനായുസ്സില്ല. അത് നിങ്ങൾ പണ്ടേ മനസിലാക്കണമായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍