UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

പഞ്ചവർണ തത്ത; ഒരു സത്യസന്ധമായ ശ്രമം

തികച്ചും കേരളീയമായ ഭൂമികയിൽ ആണ് കഥ നടക്കുന്നത്. ലാൻഡ്‌സ്‌കേപ്പിങ്ങിൽ പൂർണത കണ്ട ഒരു സിനിമ എന്നും പറയാം. നഗരവത്കരണത്തിന്റെ കാഴ്ചകൾ റിയലിസ്റ്റിക്ക് ആണ്

                       

രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന സംരംഭം ആണെന്നതായിരുന്നു പഞ്ചവർണ തത്തയുടെ വലിയ ആകർഷണം. സിനിമയിലൂടെയും ടെലിവിഷൻ സ്‌ക്രീനിലൂടെയും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ആളാണ് രമേഷ് പിഷാരടി. ജയറാമിന്റെ വ്യത്യസ്ത ഗെറ്റപ്പും തത്തയുടെ സാന്നിധ്യവുമൊക്കെ ആയിരുന്നു സിനിമയെ ആദ്യത്തെ പ്രേക്ഷകർ ശ്രദ്ധിക്കാൻ ഉണ്ടായ കാരണങ്ങൾ. രമേഷ് പിഷാരടി സ്വാഭാവിക ഹാസ്യത്തിന്റെ സാധ്യതകൾ ഉണ്ടാക്കും തന്റെ സിനിമയിൽ എന്ന പ്രതീക്ഷയും ഒരു പറ്റം പ്രേക്ഷകർക്കുണ്ടായി. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബൻ, അനുശ്രീ, ധർമജൻ, സലിം കുമാർ, മണിയൻപിള്ള രാജു, ടിനി ടോം തുടങ്ങി ഹാസ്യത്തിന്റെ സാധ്യതകൾ നന്നായി ഉപയോഗിക്കാൻ അറിയാവുന്ന ഒരു പറ്റം താരങ്ങളും പഞ്ചവർണ തത്തയിലുണ്ട്. ഒരു പറ്റം ജീവികളും സിനിമയിലെ സജീവ സാന്നിധ്യമാണ്.

ഊരും പേരും അറിയാത്ത ഒരാൾ (ജയറാം) നഗരമായി കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിൽ ആനയും ഒട്ടകവും കുതിരയും നായ്ക്കളും പൂച്ചകളും പക്ഷികളും പിന്നെ കുറെ പേരരറിയാത്ത ജീവികളും ഒക്കെയായി താമസിക്കുന്നു. മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് വളർത്താൻ കൊടുത്തും ചിലപ്പോൾ വാടകക്ക് കൊടുത്തും ഒക്കെയാണ് അയാൾ ജീവിക്കുന്നത്. നാട്ടുകാർക്ക് ആർക്കും അയാൾ ആരാന്നോ എവിടെ നിന്ന് വന്നു എന്നോ അറിയില്ല. അയാളുടെ ലോകം ഈ ജീവികളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ആ നാട്ടിലെ റെസിഡൻസ് അസോസിയേഷൻ അയാൾക്കെതിരെ എം എൽ എ കലേഷിന് (കുഞ്ചാക്കോ ബോബൻ) അടക്കം പരാതി കൊടുക്കുന്നു. അയാൾ വളർത്തുന്ന ജീവികളുടെ മണവും ശബ്ദവും ഒക്കെയാണ് കാരണം. കലേഷ് വളർന്നു വരുന്ന രാഷ്ട്രീയ നേതാവും ആ നാട്ടിലെ പ്രിയപ്പെട്ടവനായിരുന്ന എം എൽ എയുടെ മകനും ആണ്. ഭാര്യ ചിത്രയും (അനുശ്രീ) അമ്മയും ആണ് അയാളുടെ ലോകം. ഇങ്ങനെ മൃഗങ്ങളെ പോറ്റി ജീവിക്കുന്ന മനുഷ്യനും എം എൽ എയും തമ്മിൽ യാദൃശ്ചികമായി കണ്ടു മുട്ടുന്നു. തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന ബന്ധവും സംഭവ വികാസങ്ങളും ഒക്കെയാണ് പഞ്ചവർണ തത്ത പറയുന്നത്.

ഹാസ്യം എന്ന ഒറ്റ അടരില്‍ കെട്ടിപ്പൊക്കിയ ഒരു സിനിമ അല്ല പഞ്ചവർണ തത്ത. മനുഷ്യത്വത്തെയും സ്നേഹത്തെയും പറ്റിയൊക്കെ പറയുന്ന ഒരു കഥ ആണത്. ഹാസ്യം സിനിമയുടെ ഒരു അടർ മാത്രമാണ്. ആക്ഷേപ ഹാസ്യത്തിന്റെ സാധ്യതകൾ ഉപയോഗിച്ചാണ് സിനിമയുടെ കഥ മുന്നോട്ട് നീങ്ങുന്നത്. പക്ഷെ ആഴത്തിൽ ഉള്ള ഇഴയടുപ്പങ്ങളാണ് സിനിമയുടെ ആത്മാവ്. കടൽത്തീരത്തു കടല വിറ്റു നടക്കുന്നവരെ കുറിച്ചുള്ള സംഭാഷണം പോലെ മനസ്സിൽ നിൽക്കുന്ന ചില രംഗങ്ങൾ ഉണ്ട്. ഒരു കുട്ടികളുടെ സിനിമ ആവാനും പഞ്ചവർണ തത്ത ശ്രമിക്കുന്നുണ്ട്. സർക്കസ് കൂടാരം തുടങ്ങി നായകന്റെ ഭൂതകാലത്തെ കുറിച്ച് അവ്യക്തമായ സൂചനകൾ തരുമ്പോളും അയാളെ അതിമാനുഷികൻ ആക്കാൻ ഒന്നും സംവിധായകൻ ശ്രമിച്ചിട്ടില്ല. ഒരു പറ്റം ജീവികൾക്കിടയിൽ നിലനിൽക്കുന്നതിന്റെ കളങ്കമില്ലായ്മ അയാൾക്കുണ്ട്. അയാളുടെ ചിന്തകൾ മനുഷ്യത്വത്തിൽ നിന്നും ഉണ്ടായതാണ്. കാട്ടം കോരാനും മറ്റും ബംഗാളികളെ വിളിക്കണം എന്ന് മധ്യവർഗ മലയാളികൾ പറയുമ്പോൾ ബംഗാളികളും മനുഷ്യരാ ട്ടോ സാറേ എന്നയാൾ പറയുന്നു. കടൽത്തീരത്ത് കുതിരയെ കൊണ്ട് നടക്കുന്ന പാവം മനുഷ്യനോട് മത്സരിച്ചു കുതിരയെ വാങ്ങാൻ വന്ന ബീച്ച് റിസോർട്ട് ഉടമയെ അയാൾ തിരിച്ചയക്കുന്നു. അങ്ങനെ ഒരു നാടിനു മൊത്തം കോമാളി ആകുമ്പോഴും അയാൾ നിറഞ്ഞു ജീവിക്കുന്നു. അയാളുടെ കടപ്പാടിനെ വിധേയത്വം ആയി കണ്ടവരോട് അയാൾ എന്റെ കാര്യങ്ങൾ എന്നോട് കൂടി ചോദിച്ചു തീരുമാനിക്കണം എന്ന് പറഞ്ഞു അയാൾ നിശ്ശബ്ദനായി തിരിഞ്ഞു നടക്കുന്നു. ഇത്തരം കഥാപാത്രങ്ങളെ മലയാള സിനിമയിൽ അധികം കാണാറില്ല.

തികച്ചും കേരളീയമായ ഭൂമികയിൽ ആണ് കഥ നടക്കുന്നത്. ലാൻഡ്‌സ്‌കേപ്പിങ്ങിൽ പൂർണത കണ്ട ഒരു സിനിമ എന്നും പറയാം. നഗരവത്കരണത്തിന്റെ കാഴ്ചകൾ റിയലിസ്റ്റിക്ക് ആണ്. റെസിഡൻസ് അസോസിയേഷൻ, പ്രദർശനപരത നിറഞ്ഞ കല്യാണങ്ങൾ തുടങ്ങി നമ്മൾ ഇപ്പോൾ കാണാറുള്ള കാഴ്ചകൾ സിനിമയിൽ ഉണ്ട്. ജയറാം എന്ന നടന്റെ സാധ്യതകൾ ഒരുപാട് കാലത്തിനു ശേഷം ഉപയോഗിച്ച പോപ്പുലർ സിനിമ കൂടി ആണ് പഞ്ചവർണ തത്ത. വിന്‍റേജ് ജയറാം ഒടുവിൽ സ്‌ക്രീനിൽ എത്തി എന്ന് പറയാം. വളരെ അനായാസമായി അമിതാഭിനയം ഒട്ടുമില്ലാതെ അയാൾ പഞ്ചവർണ തത്തയുടെ മുതലാളി ആകുന്നു. ജയറാം ചെയ്ത വളരെ വ്യത്യസ്തമായ തികച്ചും സ്വാഭാവികമായ ഒരു വേഷമായി പഞ്ചവർണ തത്തയിലെ കഥാപാത്രം അറിയപ്പെടും എന്നുറപ്പാണ്. ആ നടന്റെ കരിയറിന് ഇത്തരം ഒരു മാറ്റം അനിവാര്യമായിരുന്നു. ഇതിനൊരു തുടർച്ച ഉണ്ടാക്കാൻ അയാൾക്കാവട്ടെ. വളരെ അലസവും നിഷ്കളങ്കവും ആയ ശരീര ഭാഷയും കലർപ്പില്ലാത്ത പെരുമ്പാവൂർ ഭാഷയും എവിടെയും അമിതമാകാത്ത അഭിനയവും ഈ സിനിമയുടെ ഹൈലൈറ്റ് ആണ്.

രമേഷ് പിഷാരടി/അഭിമുഖം: കൊച്ചുമോളെയും അച്ഛനെയും ഒക്കെ പരിഗണിച്ച് കൊണ്ടുള്ള ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത

തിരക്കഥക്ക് എവിടെയോ ഒരു അപൂർണത സംഭവിച്ച പോലെ തോന്നും സിനിമ കണ്ടിറങ്ങിയാൽ. രണ്ടാം പകുതി എങ്ങനെ കൊണ്ടുപോകണം എന്നറിയാത്ത പോലുണ്ട്. ഒരു എം എൽ എ ഏത് ഇലക്ഷൻ കാലമായാലും ഇത്ര അനായാസമായി വീട്ടിൽ നിൽക്കുമോ എന്ന സംശയം ബാക്കിയാവും സിനിമ കഴിയുമ്പോൾ. ക്ലൈമാക്സ് അടുപ്പിച്ചു ഭാഗങ്ങൾ പെട്ടന്ന് പറഞ്ഞു തീർത്തത് പോലെ തോന്നി. എം എൽ എ യുടെ വീട്ടിലെ ചില രംഗങ്ങൾ അതിശയോക്തിപരമായി സിനിമയുടെ മൂഡിനോട് ചേരാതെ മുഴച്ചു നിന്നു. സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനോട് ചേരാതെ നിൽക്കുന്ന രംഗങ്ങളായി പലതും. ഹാസ്യത്തിൽ പലയിടത്തും പഴയത്=നല്ലത് എന്ന പൊതുബോധം മുഴച്ചു നിന്നു. സലിം കുമാർ അടക്കമുള്ള വലിയ താര നിര ഒന്നും ചെയ്യാനില്ലാതെ വെറുതെ നിൽക്കും പോലെ തോന്നി ഈ രംഗങ്ങളിൽ പലതും കണ്ടാൽ. ഇത്രയും താരങ്ങൾ അനാവശ്യമായി തോന്നി. പാട്ടുകളുടെ അതിപ്രസരവും മുഷിപ്പിക്കുന്നുണ്ട്.

ഇപ്പോൾ മലയാള സിനിമയിൽ അധികം കാണാത്ത ഒരു തരം മേക്കിങ് ആണ് പഞ്ചവർണ തത്തയുടേത്. 90 കളിലെ മലയാള ജനപ്രിയ ഫീൽ ഗുഡ് സിനിമാ ആസ്വാദകർക്ക് രസിക്കുന്ന സിനിമാ രീതിയാണിത്. പരിമിതികളും രാഷ്ട്രീയ ശരികളുടെ അഭാവവും എല്ലാം ചൂണ്ടിക്കാട്ടാൻ ഉണ്ടെങ്കിലും സത്യസന്ധമായ ഒരു ശ്രമം തന്നെ ആണ് പഞ്ചവർണ തത്ത.

ധര്‍മജന്‍/അഭിമുഖം: ഞാന്‍ നിര്‍മിക്കുന്ന സിനിമയുടെ പ്രത്യേകത, അതില്‍ പിഷാരടി ഇല്ല എന്നതാണ്

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

Share on

മറ്റുവാര്‍ത്തകള്‍