UPDATES

സിനിമാ വാര്‍ത്തകള്‍

കണ്ണൂരില്‍ നിന്ന് നേരത്തെ കടന്നു കളഞ്ഞതുകൊണ്ട് ജീവന്‍ ബാക്കിയായി-ശ്രീനിവാസന്‍

“അക്രമ രാഷ്ട്രീയത്തില്‍ പോലും ആത്മാര്‍ഥത എന്നൊന്ന് ഈ നേതാക്കന്‍മാര്‍ക്ക് ഇല്ല; അണികള്‍ മരിക്കും അണികള്‍ കൊല്ലും”

                       

“അതിരൂക്ഷമായ രാഷ്ട്രീയ സംഘട്ടനം ഉണ്ടായിരുന്ന സമയത്ത് ഒരു പക്ഷേ ഞാനൊക്കെ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഞാനും ചിലപ്പോള്‍ അതിന്‍റെ ഇരയായിരുന്നേനെ. അവിടെനിന്നു നേരത്തെ കടന്നു കളഞ്ഞത് കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്.” കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ വീണ്ടും രംഗത്ത്. “ഞാന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്ന ആളെല്ലെങ്കിലും അത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനോടു രൂക്ഷമായി പ്രതികരിച്ചെന്നു വരും. അത് ചിലപ്പോള്‍ എന്‍റെ തന്നെ അവസാനത്തിന് കാരണമാവുകയും ചെയ്യുമായിരുന്നു.” കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ ആസ്പദമാക്കി ഇന്ദിര സംവിധാനം ചെയ്ത കഥാര്‍സിസിന്റെ പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു ശ്രീനിവാസന്‍.

“കണ്ണൂരിലെ അക്രമ രാഷ്ട്രീയം എത്രയോ വര്‍ഷങ്ങളായിട്ട് നമ്മള്‍ അറിയുന്നതാണ്. അനുഭവിക്കുന്നതാണ്. ആ ചുറ്റുപാടില്‍ ജീവിച്ച ഒരാളാണ് ഞാന്‍. കണ്ണൂര്‍ ജില്ല എന്നുപറയുന്നത് എന്റെ വീടും പരിസരവും മാത്രമല്ല. പാട്യം എന്നു പറയുന്ന എന്റെ സ്ഥലവും അതിനടുത്തുള്ള പാനൂര് എന്നു പറയുന്ന സ്ഥലവും ആദ്യ കാലം മുതല്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുള്ള സ്ഥലമാണ്. ഞാനൊക്കെ അവിടുന്നു മദ്രാസിലേക്ക് പോകുന്ന സമയത്ത് അതിന്റെ തുടക്കമായിരുന്നു. പിന്നീട് ഞാന്‍ അവിടെ ഇല്ലാതിരുന്ന സമയത്താണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അതിരൂക്ഷമായ രാഷ്ട്രീയ സംഘട്ടനം ഉണ്ടായിരുന്ന സമയത്ത് ഒരു പക്ഷേ ഞാനൊക്കെ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഞാനും ചിലപ്പോള്‍ അതിന്‍റെ ഇരയായിരുന്നേനെ. അവിടെനിന്നു നേരത്തെ കടന്നു കളഞ്ഞത് കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത്.” ശ്രീനിവാസന്‍ പറഞ്ഞു.

സംവിധായിക ഇന്ദിര ശ്രീനിവാസനോടൊപ്പം

“രാഷ്ട്രീയം എന്നു പറയുന്നതു നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറത്തുള്ള ഒരു വലിയ ബിസിനസാണ്. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടിയെക്കാള്‍ ഭേദമാണെന്ന് എനിക്കു ഒരിക്കലും തോന്നിയിട്ടില്ല. ടോപ് ലെവലില്‍ വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഒരാള്‍ മറ്റൊരാളെ എതിര്‍ക്കുന്നു. പക്ഷേ ഇരുളില്‍ അവര്‍ എല്ലാം ഒന്നാണ്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വലിയ വിമര്‍ശനം നടത്തും. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ഒന്നാണ്. എല്ലാം പണവുമായി ബന്ധപ്പെട്ടിട്ടുള്ള സൌഹൃദമാണ്. എല്ലാവരുടെയും നോട്ടം എന്നു പറയുന്നതു നമ്മുടെ നികുതിപ്പണം തട്ടിക്കൊണ്ട് പോകാനാണ്. രാഷ്ട്രീയം പണമിടപാട് മാത്രമാണ്. ഈ അക്രമ രാഷ്ട്രീയവും അതില്‍ പെടും. അതില്‍ പോലും ആത്മാര്‍ഥത എന്നൊന്ന് ഈ നേതാക്കന്‍മാര്‍ക്ക് ഇല്ല. അണികള്‍ മരിക്കും അണികള്‍ കൊല്ലും. ഞാന്‍ നേരത്തെ പറഞ്ഞിരുന്ന കാര്യവും ഇതാണ്. പാവപ്പെട്ട ആളുകളാണ് എന്നും അനുഭവിക്കുന്നത്. നേതാക്കന്‍മാര്‍ക്ക് വെട്ട് കിട്ടിയിട്ടില്ലെ എന്നൊക്കെ കുറച്ചു പേര്‍ ചോദിക്കുന്നുണ്ട്. അവരാരും മരിച്ചില്ലല്ലോ. അവരെല്ലാം ഇപ്പൊഴും നല്ല പൊസിഷനില്‍ ജീവിക്കുകയല്ലെ. ഇതെല്ലാം കണ്ടിട്ടും ഒന്നും ചെയ്യാനാവാതെ പ്രതികരിക്കാനാവാതെ ജീവിക്കാനാണ് നമ്മുടെയൊക്കെ വിധി.” ശ്രീനിവാസന്‍ പറഞ്ഞു.

കണ്ണൂര്‍ എന്നുള്ളതല്ല, ഇത് എവിടെയുമാകാം എന്നതാണ് ഇന്ദിരയുടെ ചിത്രം അനുഭവിപ്പിക്കുന്നതെന്ന് പ്രമുഖ പത്രപവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുരുഷന്മാര്‍ ആക്രമത്തിന്റെ പാതയിലേക്ക് തിരിയുമ്പോള്‍ വീടുകളിലെ സ്ത്രീകള്‍ എങ്ങിനെയാണ് അതിനെ നേരിടുന്നത് എന്നതിന്റെ ശകതമായ ആഖ്യാനമായി കഥാര്‍സിസ് മാറി എന്ന് ഫിലിം എഡിറ്ററും ഐഎഫ്എഫ്കെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോള്‍ പറഞ്ഞു.

കഥാര്‍സിസ് എന്ന ഹൃസ്വ ചിത്രത്തിലൂടെ ഇന്ദിര പറയാന്‍ ശ്രമിക്കുന്നത് മനുഷ്യത്വ ഹീനമായ കൊലപാതകങ്ങള്‍ എങ്ങിനെയാണ് നിരവധി കുടുംബങ്ങളെ അനാഥമാക്കിയത് എന്നാണ്. ഓരോ കൊലപാതകങ്ങള്‍ക്കും ശേഷം കൊലപാതകികള്‍ക്ക് എന്താണ് സംഭവിക്കുന്നത്? അതിജീവിക്കുന്നവരുടെ അനന്തര ജീവിതം എങ്ങനെയാണ്? അവരുടെ കുടുംബം എങ്ങനെയാണ് മുന്നോട്ട് പോകുന്നത്? സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം എങ്ങനെയാണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരം തേടലാണ് ഈ ചിത്രം.

“രാഷ്ട്രീയ ആക്രമങ്ങളുടെ ഇരകളുടെ ജീവിതത്തിന്റെ യാഥാതഥ ആവിഷ്കാരമാണ് കഥാര്‍സിസ്. നഷ്ടം സംഭവിക്കുന്നത് കുടുംബത്തിന് മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കല്ലെന്നും പ്രേക്ഷകരെ ഓര്‍മ്മിക്കുകയാണ് ഈ ചിത്രത്തിലൂടെ” ഇന്ദിര പറഞ്ഞു.

ലെനിന്‍ രാജേന്ദ്രന്റെ അസിസ്റ്റന്റായും ബീനാ പോളിന്റെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുള്ള ഇന്ദിര കഴിഞ്ഞ 20 വര്‍ഷമായി ഡോക്യുമെന്ററി മേഖലയില്‍ സജീവമാണ്.

അഭിജ, സേതുലക്ഷ്മി, പ്രേംജിത്ത്, രാജേഷ് എന്നിവരാണ് അഭിനേതാക്കള്‍. പ്രതാപനാണ് ക്യാമറ.

Related news


Share on

മറ്റുവാര്‍ത്തകള്‍