UPDATES

വിദേശം

റോഹിംഗ്യകള്‍ക്കെതിരായ അതിക്രമങ്ങള്‍: ഓങ് സാന്‍ സൂ ചിയുടെ ബഹുമതി ആംനസ്റ്റി റദ്ദാക്കി

‘അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ്’ പുരസ്‌കാരമാണ് പിന്‍വലിച്ചത്. സൂ ചിയെ പ്രത്യാശയുടേയും ധീരതയുടേയും മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ പോരാട്ടത്തിന്റേയും പ്രതീകമായി ഇനി കാണാനാവില്ലെന്ന് ആംനസ്റ്റി ചീഫ് കുമി നായ്ഡു, സൂ ചിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

                       

വംശീയ ന്യൂനപക്ഷമായ റോഹിംഗ്യ മുസ്ലീങ്ങള്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മ്യാന്‍മര്‍ പരമോന്നത നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂ ചിക്ക് നല്‍കിയ പരമോന്നത ബഹുമതി മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പിന്‍വലിച്ചു. അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ് പുരസ്‌കാരമാണ് പിന്‍വലിച്ചത്. സൈനിക ഭരണകൂടം ഏര്‍പ്പെടുത്തിയ വീട്ടുതടങ്കലില്‍ കഴിയവേ 2009ലാണ് സൂ ചിയെ തേടി ആംനസ്റ്റിയുടെ പുരസ്‌കാരമെത്തിയത്. സൂ ചിയെ പ്രത്യാശയുടേയും ധീരതയുടേയും മനുഷ്യാവകാശം സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ പോരാട്ടത്തിന്റേയും പ്രതീകമായി ഇനി കാണാനാവില്ലെന്ന് ആംനസ്റ്റി ചീഫ് കുമി നായ്ഡു, സൂ ചിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

സൈന്യത്തിന്റേയും ബുദ്ധിസ്റ്റ് തീവ്രവാദികളുടേയും ആക്രമണങ്ങളെ തുടര്‍ന്ന് 7,20,000 റോഹിംഗ്യകളാണ് മ്യാന്‍മറിലെ റാഖിന്‍ പ്രവിശ്യയില്‍ നിന്നടക്കം അയല്‍രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത് എന്നാണ് യുഎന്നിന്റെ കണക്ക്. നിരവധി കൂട്ടക്കൊല ചെയ്യപ്പെടുകയും സ്ത്രീകള്‍ വ്യാപകമായി ബലാത്സംഗത്തിന് ഇരകളാക്കപ്പെടുകയും ചെയ്തു. റോംഹിഗ്യകളുടെ കൂട്ടക്കൊലയെ വംശഹത്യയായി തന്നെയാണ് യുഎന്‍ പരിഗണിച്ചിട്ടുള്ളത്.

15 വര്‍ഷം സൈനിക ഭരണകൂടത്തിന്റെ വീട്ടുതടങ്ങലില്‍ കഴിഞ്ഞ ഓങ് സാന്‍ സൂ ചി 90കള്‍ മുതല്‍ ആഗോളതലത്തില്‍ മനുഷ്യാവകാശ പോരാട്ടത്തിന്റെ ഏറ്റവും ഊര്‍ജ്ജസ്വലമായ പ്രതീകങ്ങളിലൊന്നായിരുന്നു. 2015ല്‍ സൂ ചിയുടെ എന്‍എല്‍ഡി (നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി) മ്യാന്‍മര്‍ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് നേടിയത്. സൂ ചി പ്രസിഡന്റ് ആകുന്നത് സൈനിക ഭരണകൂടം നിയമം മൂലം തടഞ്ഞിരുന്നെങ്കിലും ഭരണ നിയന്ത്രണം അവര്‍ക്ക് തന്നെയാണ്.

റോഹിംഗ്യകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനത്തില്‍ എന്‍എല്‍ഡി ഗവണ്‍മെന്റും സൂ ചിയും പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ട് റോഹിംഗ്യകള്‍ക്കെതിരെ മുന്‍വിധികളോടെയും വിവാചനപരമായതുമായ പരാമര്‍ശങ്ങളാണ് സൂ ചിയുടെ ഭാഗത്ത് നിന്ന് പിന്നീടുണ്ടായത്. സൈന്യത്തിന്റെ അതിക്രമങ്ങളെ ഭീകരതയ്‌ക്കെതിരായ നടപടികളെന്ന് പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു അവര്‍. 2017 ഓഗസ്റ്റ് മുതല്‍ ആയിരക്കണക്കിന് റോഹിംഗ്യകള്‍ റാഖിന്‍ പ്രവിശ്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ആംനസ്റ്റി പറയുന്നത്. സൈന്യത്തെ നിയന്ത്രിക്കുന്നതില്‍ ഇപ്പോളും സൂചിയുടെ സ്വാധീനമുള്ള ഗവണ്‍മെന്റിന് പരിമിതികളുണ്ട് എന്ന് ആംനസ്റ്റി സമ്മതിക്കുന്നു. എന്നാല്‍ സൈന്യത്തെ ന്യായീകരിക്കുന്ന വിധത്തിലുള്ള അവരുടെ പ്രതികരണങ്ങളാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. റോഹിംഗ്യകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സൂ ചിക്ക് ആദരസൂചകമായി നല്‍കിയിരുന്ന പൗരത്വം കാനഡ കഴിഞ്ഞ മാസം പിന്‍വലിച്ചിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങളില്‍ അന്താരാഷട്ര അന്വേഷണം നടത്തുന്നതിനെ സൂ ചി ശക്തിയായി എതിര്‍ക്കുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരേയും മാധ്യമപ്രവര്‍ത്തകരേയും തടവിലാക്കുകയാണ് ഗവണ്‍മെന്റ്. ഔദ്യോഗികരഹസ്യം ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചിരിക്കുന്ന രണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാരുടെ ഭാര്യമാര്‍ സൂ ചിക്കെതിരെ പ്രതിഷേധവും രൂക്ഷ വിമര്‍ശനവുമായി നടത്തിയ വാര്‍ത്താസമ്മേളനം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

സൂ ചി ഞങ്ങളെ തകര്‍ത്തു: മ്യാന്‍മറില്‍ തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാര്‍

മ്യാൻമർ പട്ടാളം ഒരു റോഹിംഗ്യൻ ഗ്രാമത്തെ കൊന്നും ബലാൽസംഗം ചെയ്തും കൊള്ളയടിച്ചും ഇല്ലാതാക്കിയ വിധം

തലശേരിയില്‍ നിന്നും റോഹിംഗ്യകളെ തേടിപ്പോയ പര്‍വേശ് ഇലാഹിയ്ക്ക് സംഘപരിവാര്‍ ഭീഷണി

റോഹിന്‍ഗ്യ വിരുദ്ധ അക്രമം: ഓങ് സാന്‍ സൂ ചിക്കെതിരെ കുറ്റം ചുമത്താന്‍ ഓസ്ട്രേലിയന്‍ അഭിഭാഷകര്‍ കോടതിയില്‍

കീടങ്ങളെ പോലെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍; റോഹിംഗ്യന്‍ ക്യാമ്പിലെത്തിയ ഒരു വനിതഫോട്ടോഗ്രാഫറുടെ അനുഭവം

Share on

മറ്റുവാര്‍ത്തകള്‍