ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായി അമേരിക്കന്‍ ചാര സംഘടന സിഐഎയുടെ മേധാവി മൈക്ക് പോംപിയോ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ കാലയളവിലാണ് ഇരുവരുടെ കൂടിക്കാഴ്ച ഉണ്ടായതെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര കൊറിയ – യുഎസ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന കിമ്മിന്റെയും ട്രംപിന്റെയും പ്രസ്താവനകള്‍ക്ക് പിറകെയാണ് സിഐഎ മേധാവിയുമായുള്ള കൂടിക്കാഴ്ച.
കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയാണ് പ്രധാനമായും മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തില്‍ വിഷയമായതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. സന്ദര്‍ശനം സംബന്ധിച്ച റിപ്പോര്‍ട്ട് യുഎസ് അധികൃതര്‍ സ്ഥിരീകരിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സി അസോസിയേറ്റ് പ്രസും വ്യക്തമാക്കുന്നു. മൈക്ക് പോംപിയോയെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നാമനിര്‍ദ്ദേശം ചെയ്തതിന് തൊട്ടുപിറകെയായിരുന്നു സന്ദര്‍ശനമെന്നും ഇക്കാര്യം ഇരു രാഷ്ടനേതാക്കളുടെയും അറിവോടെയായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തയോട് സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല. സിഐഎ ഉദ്യോഗസ്ഥരുടെ യാത്രകളെക്കുറിച്ച് തങ്ങള്‍ക്ക് പ്രതികരിക്കാനില്ലെന്നായിരുന്നു വാര്‍ത്തയോടുള്ള വൈറ്റ് ഹൗസ് അധികൃതരുടെ പ്രതികരണം.
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ആധികാരികമാണെങ്കില്‍ 18 വര്‍ഷത്തിനിടെ യുഎസിനും ഉത്തരകൊറിയയ്ക്കും ഇടയില്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും ഒരു പടിഞ്ഞാറന്‍ ഉന്നതോദ്യോഗസ്ഥനുമായി കിം നടത്തുന്ന ആദ്യത്തെയും കൂടിക്കാഴ്ചയുമാണിത്. 2000ത്തില്‍ അന്നത്തെ ഉത്തരകൊറിയന്‍ പ്രസിഡന്റും കിം ജോങ് ഉന്നിന്‍റെ പിതാവുമായ കിംജോങ് ഇല്ലുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാന്റലീന ആര്‍ബ്രറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.