UPDATES

വിദേശം

ക്ഷമയ്ക്ക് അതിരുണ്ട്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

ഇറാന്‍ ജനതയോട് സര്‍ക്കാരിനെ മറിച്ചിടാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ നിരുത്തരവാദപരവും അസംബന്ധവുമായ ട്വീറ്റുകളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഇടുന്നതെന്ന് ഇറാന്‍ പ്രതിനിധി കുറ്റപ്പെടുത്തി.

                       

തങ്ങളുടെ ഗവണ്‍മെന്റിനെതിരായ നടന്നുവരുന്ന പ്രക്ഷോഭത്തിന് പിന്നില്‍ അമേരിക്കയാണെന്ന് ഇറാന്‍. തങ്ങളുടെ ക്ഷമയ്ക്ക് അതിരുണ്ടെന്നും ഇറാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിനെ അട്ടിമറിയ്ക്കാനുള്ള പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ട്രംപ് ഗവണ്‍മെന്റ് അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ ചാര്‍ട്ടര്‍ തത്വങ്ങളും ലംഘിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ ഇറാന്‍ അംബാസഡര്‍ ഗോലാമാലി കൊഷ്‌റൂ കുറ്റപ്പെടുത്തി. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസിന് നല്‍കിയ കത്തിലാണ് ഇറാന്‍ അംബാസഡര്‍ ഇക്കാര്യം പറയുന്നത്.

ഇറാന്‍ സര്‍ക്കാരിനെതിരായ അക്രമത്തിന് പ്രേരിപ്പിക്കുന്ന അമേരിക്ക എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും കൊഷ്‌റൂ പറയുന്നു. ഇറാന്‍ ജനതയോട് സര്‍ക്കാരിനെ മറിച്ചിടാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ നിരുത്തരവാദപരവും അസംബന്ധവുമായ ട്വീറ്റുകളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഇടുന്നതെന്ന് ഇറാന്‍ പ്രതിനിധി കുറ്റപ്പെടുത്തി. ഫേസ്ബുക്കും ട്വിറ്ററും വഴി ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് കുഴപ്പമുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുകയാണ്.

ഡിസംബര്‍ 28ന് തുടങ്ങിയ പ്രക്ഷോഭമുണ്ടാക്കിയ സംഘര്‍ഷത്തില്‍ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ 22 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 450ലധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരതയും അഴിമതിയും കൈമുതലായ ഇറാന്‍ ഭരണകൂടത്തിനെതിരെ അവസാനം ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു എന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് ട്രംപ് ട്വീറ്റ് ചെയ്തത്. വിഡ്ഢിത്തരം മൂലം ഒബാമ കൊടുത്ത കാശ് മുഴുവന്‍ ഇറാന്‍ പോക്കറ്റിലാക്കുകയും ഭീകര പ്രവര്‍ത്തനത്തെ സഹായിക്കുകയുമാണ് ഉണ്ടായതെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. യുഎന്‍ രക്ഷാസമിതിയുടേയും മനുഷ്യാവകാശ കൗണ്‍സിലിന്റേയും അടിയന്തര യോഗം വിളിക്കാന്‍ ആവശ്യപ്പെടുമെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍