ഈ മാസം (ജൂലൈ) മെഡിറ്ററേനിയന്‍ കടലില്‍ 200-ലധികം കുടിയേറ്റക്കാരാണ് മുങ്ങിമരിച്ചത്. 2018-ല്‍ മാത്രം മരണപ്പെട്ടത് ആയിരത്തിലേറെ കുടിയേറ്റക്കാരെന്ന് ഐക്യരാഷ്ട്രസഭ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാറിന്റെയും ലിബിയന്‍ തീരദേശസേനയുടെയും കര്‍ശന നിരീക്ഷണങ്ങളും നിയന്ത്രണങ്ങളുമാണ് മരണസംഖ്യ ഉയരാന്‍ കാരണമാകുന്നതെന്ന ആരോപണം ശക്തമാണ്. തിങ്കളാഴ്ച 276 അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ലിബിയന്‍ തലസ്ഥാനത്തെത്തിയതായി ട്രിപ്പോളിയിലെ യു.എന്‍ അഭയാര്‍ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ബോട്ടപകടത്തില്‍ നിന്നും രക്ഷപ്പെട്ട 16 പേരും ഉണ്ടായിരുന്നു. 130 പേരുമായി യൂറോപ്പിലേക്ക് യാത്ര തിരിച്ചവരില്‍, 114 പേരെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പില്‍ എത്താന്‍ ശ്രമിക്കുന്ന അഭയാര്‍ഥികളുടെ അപകട മരണ നിരക്ക് ഈ വര്‍ഷം ജൂലൈ ഒന്നോടെ ആയിരം കവിഞ്ഞു. കടലില്‍വെച്ച് അപകടമരണം സംഭവിക്കുന്നത് അസാധാരണമാംവിധം വര്‍ധിച്ചതായി ലിബിയന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ചീഫ് ഉസ്മാന്‍ ബെല്‍ബെസി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറ്റലിയിലേക്ക് കടല്‍മാര്‍ഗം കുടിയേറിയവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. പക്ഷെ, ഇറ്റലിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവതിനിടെ മുങ്ങിമരിച്ചവരുടെ അനുപാതം വലിയതോതില്‍ വര്‍ദ്ധിച്ചു. ഇത് ഇറ്റലിയുടെ കര്‍ശനമായ കുടിയേറ്റ നയത്തിന്റെ പ്രതിഫലനമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലിബിയയില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ പകുതിയോളം മാത്രമാണ് യൂറോപ്പിലേക്ക് കുടിയേറിയതെന്നും, കഴിഞ്ഞ വര്‍ഷം ഇതില്‍ 86 ശതമാനത്തിന്റെ കുറവുണ്ടായെന്നും ഇറ്റാലിയന്‍ ഗവേഷകനായ ‘മാറ്റൊ വില്ല’ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ 44 ശതമാനം പേരെയാണ് കഴിഞ്ഞ വര്‍ഷം മാത്രം ലിബിയന്‍ തീരരക്ഷാസേന പിടികൂടിയത്. ഈ വര്‍ഷം ലിബിയന്‍ തീരത്തുനിന്ന് പുറപ്പെട്ടവരില്‍ 4.5 ശതമാനം പേര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ജൂണ്‍ മാസത്തില്‍ ഇത് പത്തില്‍ ഒരാള്‍ എന്ന എക്കാലത്തെയും വലിയ നിരക്കിലേക്ക് ഉയര്‍ന്നു. 10000 പേരെയെങ്കിലും ഈ വര്‍ഷം ലിബിയന്‍ തീരരക്ഷാസേന തിരിച്ച് തീരത്തെത്തിച്ചിട്ടുണ്ട്.
പുതിയ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ മൂന്ന് നയങ്ങളാണ് അഭയാര്‍ത്ഥി ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നത്. എന്‍.ജി.ഒകളുടെ നേതൃത്വത്തിലുള്ള രക്ഷാ കപ്പലുകള്‍ക്ക് മുന്‍പില്‍ രാജ്യത്തിന്റെ തുറമുഖങ്ങള്‍ അടച്ചു, ലിബിയന്‍ തീരദേശസേനയെ സഹായിക്കാനായി കപ്പലുകളും റബ്ബര്‍ ബോട്ടുകളുമടക്കമുള്ളവ നല്‍കി, കൂടാതെ ലിബിയന്‍ കോസ്റ്റ്ഗാര്‍ഡ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ള സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏരിയയുടെ വ്യാപ്തി കുറച്ചു.
‘ലിബിയന്‍ പൗരന്മാരെ രക്ഷിക്കാന്‍ ഏറ്റവും നന്നായി സാധിക്കുക ലിബിയക്ക് തന്നെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ലിബിയക്ക് സൈനിക കപ്പലുകള്‍ നല്‍കിയത്. ഏറ്റവും ആരോഗ്യകരമായ തീരുമാനമാണത്. അതിനാല്‍ മരണനിരക്ക് മാത്രം വച്ച് സര്‍ക്കാരിന്റെ പുതിയ കുടിയേറ്റ നയത്തെ വിമര്‍ശിക്കരുത്’ എന്ന് ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി ല്യൂജി ഡി മയോ പറഞ്ഞു. മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎന്‍ ഏജന്‍സികളും പരക്കെ വിമര്‍ശിക്കുന്ന ലിബിയന്‍ ക്യാമ്പുകളില്‍ ആളുകളുടെ എണ്ണം പെരുകുന്നതില്‍ ഇറ്റലിയുടെ അഭയാര്‍ത്ഥി നയത്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.